മണ്ണാർക്കാട്: ചങ്ങലീരിയിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മൃഗാശുപത്രിയിൽ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. പ്രവർത്തകർ. പട്ടികളെയും പൂച്ചകളെയും ചികിത്സയ്ക്കായി എത്തിക്കുന്ന സ്ഥലത്ത് കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ പ്രദേശത്തെ പോളിയോ വിതരണം തടസ്സപ്പെട്ടു.
ഈ മാസം 20-ന് നടന്ന യോഗങ്ങളിൽ ചങ്ങലീരി ഹെൽത്ത് സെന്ററിൽ വെച്ച് പോളിയോ വിതരണം നടത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് യുഡിഎഫ്. പ്രവർത്തകരുടെ വാദം. എന്നാൽ രാവിലെ എത്തിയപ്പോഴാണ് മൃഗാശുപത്രിയിലാണ് വിതരണം നടത്തുന്നതെന്ന് അറിയാൻ കഴിഞ്ഞതെന്നും, പഞ്ചായത്ത് പ്രസിഡന്റിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്തധികൃതർ നാട്ടിലെ ജനങ്ങളെ മൃഗങ്ങൾക്ക് തുല്യമായാണ് കാണുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
അതേസമയം, 20-ന് ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും കാലങ്ങളായി മൃഗാശുപത്രിയിൽ വെച്ചാണ് പോളിയോ വിതരണം നടത്തുന്നതെന്നുമാണ് എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തധികൃതരുടെ വിശദീകരണം. നിലവിലുള്ള ഹെൽത്ത് സെന്റർ കോടതി വ്യവഹാരങ്ങളിൽപ്പെട്ട് കിടക്കുന്നതിനാൽ അവിടെ വെച്ച് പോളിയോ വിതരണം നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും, ഇതേത്തുടർന്നാണ് മൃഗാശുപത്രിയിലേക്ക് മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടു. തുടർന്ന് ചർച്ചകൾക്കൊടുവിൽ പോളിയോ തുള്ളിമരുന്ന് വിതരണം സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റുകയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates