തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദർശനവും പ്രമാണിച്ച് തലസ്ഥാന നഗരത്തിൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി പൊലീസ്. ഓഗസ്റ്റ് 30 ഞായറാഴ്ചയാണ് വർണ്ണാഭമായ ഓണം ഘോഷയാത്ര നടക്കുന്നത്. സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാനായി ഞായറാഴ്ച തലസ്ഥാനത്ത് എത്തുന്ന ഉപരാഷ്ട്രപതി തിങ്കളാഴ്ച മടങ്ങും. കവടിയാറിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, പാളയം, എം.ജി റോഡ് വഴി കിഴക്കേകോട്ടയിലാണ് സമാപിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കവടിയാർ - കിഴക്കേകോട്ട - വെട്ടിമുറിച്ചകോട്ട - പടിഞ്ഞാറേനട - വാഴപ്പള്ളി - മിത്രാനന്ദപുരം - ഈഞ്ചക്കൽ റൂട്ടിലും നഗരത്തിലെ പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടാകും.
കൂടാതെ ഉപരാഷ്ട്രപതിയുടെ വരവും പോക്കുമുമായി ബന്ധപ്പെട്ട് ഡൊമസ്റ്റിക് എയർപോർട്ട് - ശംഖുമുഖം - ചാക്ക - ആശാൻ സ്ക്വയർ - ലോക് ഭവൻ റോഡിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എം.സി റോഡ് വഴി വരുന്ന ഹെവി വാഹനങ്ങൾ: തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ മണ്ണന്തലയിൽ നിന്ന് തിരിഞ്ഞ് കുടപ്പനക്കുന്ന് - പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴഞ്ഞി - എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴി പോകണം.
എം.സി റോഡ് വഴിയുള്ള ലൈറ്റ് വാഹനങ്ങൾ: പരുത്തിപ്പാറ - മുട്ടട - അമ്പലമുക്ക് - ഊളമ്പാറ - ശാസ്തമംഗലം - ഇടപ്പഴഞ്ഞി - വഴുതക്കാട് വഴി തിരിഞ്ഞുപോകണം.
ദേശീയപാത (NH) വഴി വരുന്ന വാഹനങ്ങൾ: കഴക്കൂട്ടം ഫ്ലൈഓവർ - മുക്കോലയ്ക്കൽ - കുഴിവിള - ചാക്ക ഫ്ലൈഓവർ - ഈഞ്ചക്കൽ - സുഭാഷ് നഗർ - അട്ടക്കുളങ്ങര വഴി സഞ്ചരിക്കണം.
പട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടവ പട്ടം - മരപ്പാലം - കവടിയാർ - ഗോൾഫ് ലിങ്ക്സ് റോഡ് - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴഞ്ഞി - എസ്.എം.സി - തൈക്കാട് വഴി പോകണം.
പേരൂർക്കട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴഞ്ഞി - ജഗതി - മെട്ടുകട വഴി പോകണം.
പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: പാറ്റൂർ - വഞ്ചിയൂർ - ഉപ്പിടാംമൂട് - തകരപ്പറമ്പ് ഫ്ലൈഓവർ - കിള്ളിപ്പാലം വഴി സഞ്ചരിക്കണം.
തിരുവല്ലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: തമ്പാനൂരിലേക്ക് പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴി തിരിഞ്ഞുപോകണം.
കിഴക്കേകോട്ടയിൽ നിന്നുള്ള വാഹനങ്ങൾ: ചാക്ക ഭാഗത്തേക്ക് പോകേണ്ടവ അട്ടക്കുളങ്ങര - ഈഞ്ചക്കൽ - ചാക്ക റൂട്ടിലും, തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ടവ അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴിയും പോകേണ്ടതാണ്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുജനങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates