തൃശൂർ: ആരോഗ്യ മന്ത്രി കെ. മുരളീധരൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗം കെട്ടിടം മണിക്കൂറുകൾക്കകം അടച്ചുപൂട്ടിയതായി റിപ്പോർട്ട്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇരുനില കെട്ടിടമാണ് ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ പ്രവർത്തനരഹിതമായത്. 20,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഈ ഇരുനില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളോ ഫർണിച്ചറുകൾ, കിടക്കകൾ, മറ്റ് അത്യാവശ്യ ഉപകരണങ്ങൾ എന്നിവയോ പൂർണ്ണമായി സ്ഥാപിക്കാത്തതാണ് കെട്ടിടം പ്രവർത്തിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, മുകളിലത്തെ നിലയിലേക്ക് രോഗികളെ വീൽചെയറിൽ കൊണ്ടുപോകാൻ റാമ്പുകളോ ലിഫ്റ്റ് സൗകര്യമോ ഒരുക്കിയിട്ടില്ല. അത്യാഹിത വിഭാഗത്തിൻറെ പ്രവർത്തനത്തിന് ആവശ്യമായ സ്റ്റാഫുകളെയും ഇതുവരെ നിയമിച്ചിട്ടില്ലെന്ന് സൂചനയുണ്ട്.
കെ-ഫോൺകണക്ഷൻ ലഭിക്കുന്നതിലുണ്ടായ താമസമാണ് പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. എന്നാൽ ഒരു ആഴ്ചക്കകം അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ ഷാജികുമാർ വ്യക്തമാക്കി. കെട്ടിടം പ്രവർത്തനക്ഷമമാകുന്നതിലുണ്ടായ താമരസത്തെക്കുറിച്ചും രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായി ഒപിയിൽ നിന്നും ഒരു ഡോക്ടറെ ഇവിടെ നിയോഗിച്ചെങ്കിലും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം കാരണം ഇത് ഫലം കണ്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates