തൃശൂർ: നഗരഹൃദയത്തിൽനിന്ന് പടിഞ്ഞാറോട്ട് മാറി വിസ്തൃതമായിക്കിടക്കുന്ന പുല്ലഴി കോൾപ്പാടങ്ങൾക്ക് നടുവിലൂടെ രണ്ടുകിലോമീറ്ററോളം നീളത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു നെടുങ്കൻ ചെമ്മൺപാതയുണ്ട്. വലിയ ലോറികൾക്ക് പോലും സുഗമമായി സഞ്ചരിക്കാൻ തക്ക വീതിയുള്ള ഈ മൺവരമ്പ് തൊള്ളായിരം ഏക്കറോളം വരുന്ന പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയാണ്. പാടത്തിറങ്ങി കൃഷിപ്പണി ചെയ്യാനും കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കാനും വിളവെടുത്ത നെല്ല് കരപറ്റിക്കാനും നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന ഈ വരമ്പിന് പിന്നിൽ അധികമാർക്കും അറിയാത്ത വിസ്മയകരമായ ഒരു ചരിത്രമുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് ചരിത്രം രേഖപ്പെടുത്തിയ 'ചെങ്ങല്ലൂർ രംഗനാഥൻ' എന്ന കൊമ്പനാനയെക്കൊണ്ട് മണ്ണ് ചവിട്ടി ഉറപ്പിച്ചുണ്ടാക്കിയതാണ് ഈ മഹാ വരമ്പ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ചേലൂർ-ചെങ്ങല്ലൂർ മനക്കാരുടെ ഉടമസ്ഥതയിലായിരുന്നു ഈ വിശാലമായ കോൾനിലങ്ങൾ. അക്കാലത്ത് കോൾപ്പാടത്ത് മണ്ണുനിറച്ച് ആനകളെക്കൊണ്ട് ചവിട്ടിച്ച് ബലപ്പെടുത്തിയാണ് ഇത്രയും വീതിയുള്ള സുദൃഢമായ വരമ്പ് നിർമ്മിച്ചത്. ഇതിനായി ചെങ്ങല്ലൂർ മനക്കാർ നിയോഗിച്ചതാവട്ടെ സാക്ഷാൽ രംഗനാഥനെയും. കഠിനാധ്വാനം ചെയ്ത് പാടത്തിന് നടുവിലൂടെ ഇങ്ങനെയൊരു പാതയൊരുക്കിയ ആനയോടുള്ള ആദരവും സ്നേഹവും നിലനിർത്താൻ കോൾകർഷകർ ഈ ബണ്ടിന് നൽകിയ പേരും 'ചെങ്ങല്ലൂർ രംഗനാഥൻ' എന്നാണ്. ഈ ബണ്ട് കോൾനിലങ്ങളെ രണ്ട് തുല്യമായ ഭാഗങ്ങളാക്കി തിരിക്കുകയും കൃഷിയിറക്കാനും വെള്ളം നിയന്ത്രിക്കാനും കർഷകർക്ക് വലിയ തുണയാവുകയും ചെയ്യുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വലിയ പ്രളയങ്ങളോ പേമാരിയോ തകർക്കാനാവാതെ ഈ മൺവരമ്പ് തലയുയർത്തി നിൽക്കുന്നത് കർഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ആനക്കമ്പക്കാരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഇതിഹാസ തുല്യമായ ഓർമ്മയാണ് ചെങ്ങല്ലൂർ രംഗനാഥൻ എന്ന ഗജവീരന്റേത്. പതിനൊന്നരയടി ഉയരമുണ്ടായിരുന്ന രംഗനാഥൻ തമിഴ്‌നാട്ടിലെ വിഖ്യാതമായ ശ്രീരംഗം ക്ഷേത്രത്തിൽ പൂജകൾക്ക് വെള്ളം എത്തിക്കുന്ന ജോലിയായിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാൽ അസാധാരണമായ ഉയരക്കൂടുതൽ കാരണം ക്ഷേത്രഗോപുരം കടന്നുപോകാൻ ബുദ്ധിമുട്ടായതോടെയാണ് ശ്രീരംഗം സ്വാമിയാർ ആനയെ വിൽക്കാൻ തീരുമാനിക്കുന്നത്. 1906-ൽ തൃശൂരിലെ ഒരു നമ്പ്യാർ കുടുംബം 1500 രൂപ നൽകി ആനയെ സ്വന്തമാക്കുകയും പിന്നീട് ചെങ്ങല്ലൂർ മനക്കാർ വാങ്ങുകയുമായിരുന്നു. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റി നഗരത്തെ പുളകംകൊള്ളിച്ച രംഗനാഥൻ 1917-ലെ ആറാട്ടുപുഴ പൂരത്തിനിടെ കൂട്ടാനയായ അകവൂർ ഗോവിന്ദന്റെ കുത്തേറ്റാണ് ചരിഞ്ഞത്. ഗാംഭീര്യത്തിന്റെ പ്രതീകമായിരുന്ന ഈ അസാധാരണ കൊമ്പന്റെ പൂർണ്ണകായ അസ്ഥിക്കൂടം ഇന്നും തൃശൂർ ആർട്ട് മ്യൂസിയത്തിന്റെ പ്രധാന ഹാളിൽ തലയെടുപ്പോടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates