തൃശൂർ: മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ കാണാതായ വയോധികന്റെ മൃതദേഹം മൂന്നാം ദിവസം ശുചിമുറിക്കുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം വി ഗീതയാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.
ആരോഗ്യ-വിദ്യാഭ്യാസ ഡയറക്ടർ , തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ , മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവർ 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുടി റാവുത്തറുടെ (77) മൃതദേഹമാണ് ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ കണ്ടെത്തിയത്. ഈ മാസം 16-നാണ് ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലെ 11-ാം വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വാർഡിൽ നിന്ന് കാണാതാവുകയായിരുന്നു. ശുചിമുറിയിൽ കയറിയ സമയത്ത് ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ദിവസങ്ങളോളം ശുചിമുറിക്കുള്ളിൽ മൃതദേഹം കിടന്നിട്ടും ആശുപത്രി അധികൃതർ അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates