Kalamandalam Book 
Thrissur

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

ഹൈസ്കൂൾ ക്ലാസുകളിലെ 15 വിഷയങ്ങൾക്കായി 42 പുസ്തകങ്ങൾ പുറത്തിറക്കി

Author : ഗോപിക വാര്യര്‍

ഗുരുമനസ്സിലെ അനുഭവപ്പീലിയിൽ നിന്നും വാമൊഴിയായി പകർന്നുപോന്ന ശാസ്ത്രീയ കലകളുടെ വായ്ത്താരികൾക്ക് ഇനി അക്ഷരരൂപം; കളിയരങ്ങിലെ നാദവിസ്മയങ്ങൾക്ക് ഇനി പാഠപുസ്തകങ്ങളുടെ വ്യവസ്ഥിതി. തൊണ്ണൂറ്റഞ്ചാണ്ടിന്റെ വിസ്മയ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതിച്ചേർക്കേണ്ട വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സാംസ്‌കാരിക പൈതൃകത്തിന്റെ ആസ്ഥാനമായ കേരള കലാമണ്ഡലം. സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായി വിവിധ ശാസ്ത്രീയ കലാരൂപങ്ങൾക്കായി ഹൈസ്‌കൂൾ തലത്തിൽ പാഠപുസ്തകങ്ങൾ കലാമണ്ഡലം ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി. വശ്യമായ മുദ്രകൾ കൊണ്ടും സാത്വിക ഭാവങ്ങൾ കൊണ്ടും കഥകളി ആസ്വാദകരുടെ ഹൃദയം കവർന്ന പ്രശസ്ത ആചാര്യൻ പത്മഭൂഷൺ കലാമണ്ഡലം ഗോപി വ്യാഴാഴ്ച ചെറുതുരുത്തിയിലെ പ്രൗഢഗംഭീരമായ വേദിയിൽ വെച്ച് ഈ അക്ഷരമുദ്രകൾ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

1930-ൽ സ്ഥാപിതമായതു മുതൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലാസിക്കൽ കലാലയങ്ങളിലൊന്നായ കലാമണ്ഡലം, അധ്യാപകരുടെ അനുഭവസമ്പത്തും ബോധ്യങ്ങളും അനുസരിച്ചുള്ള വാമൊഴി രീതികളാണ് പഠനത്തിനായി പിന്തുടർന്നിരുന്നത്. എന്നാൽ, ഇപ്പോൾ പാഠപുസ്തകങ്ങൾ കൂടി വരുന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പ്രകടനപരവും വാമൊഴിയാലുള്ളതുമായ പരമ്പരാഗത പഠന പ്രക്രിയ കൂടുതൽ വ്യവസ്ഥാപിതവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുള്ളതുമായി മാറും.

15 വിഷയങ്ങളിലായി 42 പുസ്തകങ്ങൾ

കഥകളി തെക്കൻ - വടക്കൻ ചിട്ടകൾ ഉൾപ്പെടെയുള്ള 15 വ്യത്യസ്ത വിഷയങ്ങൾക്കായാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് കലാമണ്ഡലം രജിസ്ട്രാർ പി. രാജേഷ് കുമാർ വ്യക്തമാക്കി. ആകെ 42 പുസ്തകങ്ങളാണ് വ്യാഴാഴ്ചത്തെ ചടങ്ങിൽ പ്രകാശനം ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങളോടെ കലാമണ്ഡലത്തിലെ അധ്യാപകരാണ് സിലബസും പാഠപുസ്തകങ്ങളും രൂപപ്പെടുത്തിയത്.

ഇതുവരെ കലാമണ്ഡലത്തിലെ അധ്യാപകർ തങ്ങൾ വർഷങ്ങളായി അരങ്ങിൽ നിന്നും അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇതിന് ഒരു രേഖാമൂലമുള്ള ഘടന ഇല്ലായിരുന്നു. കലാമണ്ഡലത്തിലെ കോഴ്സുകളെക്കുറിച്ച് അറിയാൻ പുറത്തുനിന്നുള്ളവരോ പ്രത്യേകിച്ച് ഹ്രസ്വകാല കോഴ്സുകൾക്കായി വിദേശത്തുനിന്നും എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളോ ആവശ്യപ്പെട്ടാൽ കാണിച്ചുകൊടുക്കാൻ ഔദ്യോഗികമായ ഒരു രേഖയും സ്ഥാപനത്തിന് പക്കൽ ഇല്ലായിരുന്നു. പുസ്തകങ്ങൾ യാഥാർത്ഥ്യമായതോടെ ഈ കുറവ് പരിഹരിക്കപ്പെടും. ഇത് എല്ലാ കോഴ്സുകൾക്കും കൃത്യമായ ഒരു ഡോക്യുമെന്റേഷൻ അടിത്തറ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വർഷങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായി

1998-ൽ എല്ലാ കലാരൂപങ്ങൾക്കുമായി ഒരു ഏകീകൃത സിലബസ് കൊണ്ടുവരാൻ കലാമണ്ഡലം പ്രാഥമികമായി ശ്രമിച്ചിരുന്നെങ്കിലും അന്നത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണൻ പറഞ്ഞു. വർഷങ്ങളായി തങ്ങൾ ചിന്തിച്ചിരുന്ന വലിയൊരു കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കുള്ള സമാനമായ അത്യാധുനിക പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാനുള്ള വിപുലമായ നടപടികൾ ആരംഭിക്കുമെന്നും കലാമണ്ഡലം അധികൃതർ അറിയിച്ചു.

In a historic first, Kerala Kalamandalam has formally introduced standardized textbooks and a structured curriculum framework for various classical artforms taught in high school classes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ

ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം