തൃശൂർ: ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കൊരട്ടിയിലെ മേൽപ്പാല നിർമ്മാണ പ്രവൃത്തികൾ ഒച്ചിന്റെ വേഗതയിൽ ഇഴയുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. കൃത്യമായ മേൽനോട്ടമില്ലാതെ നിർമ്മാണം തുടരുന്നത് തുടർച്ചയായ അപാകതകൾക്കും അപകടങ്ങൾക്കും വഴിവെക്കുകയാണ്. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയാണ് പദ്ധതി വൈകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൃത്യമായ മേൽനോട്ടമില്ലാതെ നടത്തുന്ന പ്രവൃത്തികൾ നിർമ്മാണ നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്പാനുകളിൽ കമ്പി കെട്ടിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവ പൊളിച്ചുമാറ്റി വീണ്ടും കെട്ടേണ്ടിവന്നു. മാസങ്ങൾക്ക് മുമ്പ് സ്പാനുകൾക്കായി കെട്ടിയുയർത്തിയ വലിയ ഇരുമ്പുകൂട് നിലംപതിച്ചിരുന്നു. തുടർന്ന് കോൺക്രീറ്റിംഗ് നടക്കുന്നതിനിടെ നിർമ്മിതി ഇടിഞ്ഞുവീഴുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കപ്പെടുമ്പോഴും എൻഎച്ച്എഐ ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലം സന്ദർശിക്കാനോ തിരിഞ്ഞുനോക്കാനോ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
മൂന്ന് സ്പാനുകളിലായി 65 മീറ്റർ നീളത്തിലും അഞ്ചര മീറ്റർ ഉയരത്തിലുമാണ് മേൽപ്പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ ഇരുഭാഗങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡുകൾക്കായുള്ള കോൺക്രീറ്റ് ഭിത്തികളുടെ നിർമ്മാണവും നിലവിൽ അനിശ്ചിതത്വത്തിലാണ്. പ്രവൃത്തികൾക്കായി ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതാണ് പദ്ധതി മന്ദഗതിയിലാകാൻ മറ്റൊരു കാരണം. അപ്രോച്ച് റോഡിനായുള്ള മണ്ണടിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രധാന പാത അടച്ച് സർവ്വീസ് റോഡുകൾ വഴിയാണ് ഇപ്പോൾ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ഇതോടെ കൊരട്ടി ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് യു-ടേൺ എടുക്കണമെങ്കിൽ കൊരട്ടി പ്രസ്സ് ഭാഗത്തേക്കോ അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ഭാഗത്തേക്കോ ദീർഘദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ഓവർലോഡ് കയറ്റിയ ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നത് മൂലം സർവ്വീസ് റോഡുകൾ പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായി മാറി. ഡ്രെയിനേജുകളുടെയും സ്ലാബുകളുടെയും നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമോ വ്യക്തമായ അപകട സൂചനാ ബോർഡുകളോ സ്ഥാപിച്ചിട്ടില്ലാത്തത് രാത്രിയാത്ര ദുരിതപൂർണമാക്കുന്നു. ഒക്ടോബർ മാസത്തിൽ നടക്കുന്ന പ്രശസ്തമായ കൊരട്ടിമുത്തിയുടെ തിരുനാളിന് മുമ്പായി മേൽപ്പാല നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും ആവശ്യം. നിർമ്മാണ വേഗത കൂട്ടി യാത്രക്കാരുടെ ദുരിതത്തിന് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates