തൃശൂർ: മൃഗങ്ങൾക്കായി തൃശൂർ കോർപ്പറേഷൻ ആരംഭിച്ച വൈദ്യുത ക്രിമിറ്റോറിയത്തിൽ ആദ്യമായി സംസ്കരിച്ചത് 'നന്ദിനി' എന്ന പശുവിനെ. തൃശൂർ ചേലക്കോട്ടുകര കുളിമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലെ എല്ലാവരുടെയും ഓമനയായിരുന്ന നന്ദിനി വിടവാങ്ങിയത് തൃക്കാർത്തിക ദിവസമായ ചൊവ്വാഴ്ചയാണ്. പ്രസവത്തെത്തുടർന്നാണ് നന്ദിനിക്ക് ജീവൻ നഷ്ടമായത്.
ക്ഷേത്രത്തിലും നാട്ടുകാർക്കും പ്രിയങ്കരിയായിരുന്ന നന്ദിനിക്ക് ഉചിതമായ രീതിയിൽ സംസ്കാരം ഒരുക്കണമെന്ന് ക്ഷേത്രം ഭാരവാഹികളും ഭക്തരും തീരുമാനിക്കുകയായിരുന്നു. തൃശൂർ കോർപ്പറേഷൻ കുരിയച്ചിറയിൽ ആരംഭിച്ച മൃഗങ്ങൾക്കായുള്ള വൈദ്യുത ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്താമെന്ന് കൗൺസിലർ ബൈജു വർഗീസാണ് നിർദ്ദേശിച്ചത്. തുടർന്ന് നടപടികൾ വേഗത്തിലാവുകയും, മനുഷ്യർക്ക് നൽകുന്നതുപോലുള്ള ഉചിതമായ അന്തിമോപചാരങ്ങളോടെ നന്ദിനിയെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുകയുമായിരുന്നു.
2022-ൽ ഒരു ഭക്തൻ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ പശു ചുരുങ്ങിയ കാലം കൊണ്ടുതന്നെ എല്ലാവരുടെയും പ്രിയപ്പെട്ട 'നന്ദിനി'യായി മാറിയിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് നന്ദിനി ജീവൻ വെടിഞ്ഞത്. അമ്മയെ നഷ്ടപ്പെട്ട പശുക്കുട്ടിയെ അടുത്തിടെ പ്രസവിച്ച മറ്റൊരു പശുവിനരികിലാക്കി പരിപാലിക്കുകയാണ് ഭക്തരും ക്ഷേത്രം ഭാരവാഹികളും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates