കല്ലൂർ മന 
Thrissur

പരശുരാമൻ നിയോഗിച്ച ആറ് മാന്ത്രിക കുടുംബങ്ങളിലൊന്ന്; മന്ത്രവാദ പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി തൃശൂരിലെ 'കല്ലൂർ മന'

മനസ്സിന്റെ രോഗങ്ങൾക്ക് മന്ത്രവാദവും ശാരീരിക രോഗങ്ങൾക്ക് ആയുർവേദവുമെന്ന പ്രാചീന സമ്പ്രദായം; വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പുരാതന ഗ്രന്ഥമാണ് കല്ലൂർ മനയുടെ ഐതിഹ്യപ്പെരുമ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമൻ അഷ്ടവൈദ്യന്മാരെ നിയമിച്ചതുപോലെ, നാടിന്റെ സുരക്ഷയ്ക്കായി ആറ് മാന്ത്രിക കുടുംബങ്ങളെയും ചുമതലപ്പെടുത്തിയെന്നാണ് ഐതിഹ്യം. ഇവരിൽ മൂന്ന് കുടുംബങ്ങൾ സന്മന്ത്രവാദികളും (സത്കർമ്മങ്ങൾ ചെയ്യുന്നവർ) ബാക്കി മൂന്ന് കുടുംബങ്ങൾ ദുർമ്മന്ത്രവാദികളുമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സന്മന്ത്രവാദ കുടുംബങ്ങളിൽ അതിപ്രശസ്തരാണ് തൃശൂർ ഒല്ലൂരിനടുത്തുള്ള അവിണിശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കല്ലൂർ മനയിലെ കല്ലൂർ നമ്പൂതിരിപ്പാടന്മാർ. വേദവേദാംഗങ്ങളിലും മന്ത്രവാദത്തിലും ഒരുപോലെ അതിനിപുണന്മാരായിരുന്നു ഈ ഇല്ലത്തെ കാരണവർമാർ.

സാമൂതിരിയുടെ ഇഷ്ടക്കേടും കൊച്ചി രാജാവിന്റെ സംരക്ഷണവും; കല്ലൂർ മനയുടെ നാടുമാറ്റ ചരിത്രം

കല്ലൂർ നമ്പൂതിരിപ്പാടന്മാരുടെ ഇല്ലം ആദ്യം ബ്രിട്ടീഷ് മലബാറിൽ കോട്ടയ്ക്കലിന് സമീപമായിരുന്നു. എന്നാൽ അന്നത്തെ കോഴിക്കോട് സാമൂതിരി രാജാവിന് ഈ കുടുംബത്തോട് ചില ഇഷ്ടക്കേടുകൾ തോന്നി. കൊച്ചി രാജാക്കന്മാർക്ക് തിരുമൂപ്പ് (അധികാരമേൽക്കൽ) കിട്ടിയാൽ നടത്തുന്ന 'അരിയിട്ടുവാഴ്ച' എന്ന ചടങ്ങിന് വേണ്ടുന്ന സകല സാധനങ്ങളും ശേഖരിച്ചു കൊടുത്തിരുന്നത് അക്കാലത്ത് കൊച്ചി രാജാവിന്റെ അടുത്ത സുഹൃത്തായിരുന്ന കല്ലൂർ നമ്പൂതിരിപ്പാടായിരുന്നു. ഇതോടെ സാമൂതിരിക്ക് ഇവരോടുള്ള വിരോധം വർദ്ധിച്ചു.

തുടർന്ന് അവർ അവിടെനിന്ന് മാറി വള്ളുവനാട് താലൂക്കിൽ പട്ടാമ്പിക്കു കിഴക്കുള്ള പള്ളിപ്പുറം ചെങ്ങണംകുന്നത്ത് ഭഗവതീ ക്ഷേത്രത്തിന് സമീപം താമസമാക്കി. എങ്കിലും അവിടെയും അവർക്ക് സ്ഥിരമായി വാസം ഉറപ്പിക്കാനായില്ല. ഒടുവിൽ സാമൂതിരിയുടെ ഭീഷണി ഭയന്ന് കൊച്ചി രാജാവ് ഈ കുടുംബത്തെ മുഴുവനായി തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുവരികയും, അവിടെ നിന്നാണ് പിന്നീട് ഇവർ തൃശൂരിലെ അവിണിശ്ശേരിയിൽ എത്തി സ്ഥിരതാമസമാക്കുകയും ചെയ്തത്.

കല്ലൂർ നമ്പൂതിരിപ്പാടൻമാരുടെ ഭരദേവത ക്ഷേത്രം

വടക്കുന്നാഥൻ നൽകിയ മാന്ത്രിക ഗ്രന്ഥവും 'വലിയ ഭഗവതിസേവ'യും

കല്ലൂർ മനയിലെ ഒരു കാരണവർ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭജനമിരിക്കുന്ന കാലത്ത് ലഭിച്ച ഒരു അപൂർവ്വ മന്ത്രവാദ ഗ്രന്ഥമാണ് കല്ലൂർ മനയ്ക്ക് ഈ മഹാമാന്ത്രിക പൈതൃകം സമ്മാനിച്ചതെന്നാണ് ഐതിഹ്യം. ശ്രീ പരമേശ്വരനും ഭഗവതിയും നേരിട്ട് അനുഗ്രഹിച്ച് നൽകിയതാണ് ഈ ഗ്രന്ഥമെന്ന് വിശ്വസിക്കപ്പെടുന്നു.

ദേവീപ്രീതിക്കായുള്ള ഭഗവതിസേവ പ്രത്യേക രീതിയിൽ എങ്ങനെ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നു. ഈ പ്രത്യേക കമ്മട്ടമാണ് 'വലിയ ഭഗവതിസേവ' എന്നറിയപ്പെടുന്നത്.

കല്ലൂർ മനക്കാരുടെ പ്രധാന ഭരദേവത ഇന്നും ചെങ്ങണംകുന്നത്തു ഭഗവതിയാണ്. ഈ ഭഗവതിക്ക് നിവേദ്യം സമർപ്പിച്ച ശേഷമാണ്, മന്ത്രവാദ കർമ്മങ്ങൾക്കായി ഉഗ്രമൂർത്തിയായ 'പ്രത്യംഗിരാ ദേവി'യെ നമ്പൂതിരിപ്പാടന്മാർ ഉണർത്തുന്നത്.

തിരുവിതാംകൂർ-കൊച്ചി രാജവംശങ്ങളിലെ ശാപമോക്ഷം

തിരുവിതാംകൂർ രാജകുടുംബത്തെ വർഷങ്ങളോളം അലട്ടിയിരുന്ന, എട്ടുവീട്ടിൽ പിള്ളമാരുടെ ആരാധനാമൂർത്തികളുടെ ഉപദ്രവങ്ങളെയും ദോഷങ്ങളെയും ആവാഹിച്ച് ഒതുക്കിത്തീർത്തത് കല്ലൂർ മനയിലെ മാന്ത്രികരായിരുന്നു. അതുപോലെ കൊച്ചി രാജകുടുംബത്തിലുണ്ടായ ദോഷങ്ങൾ തീർത്ത് ശാന്തി വരുത്തിയതിനും കല്ലൂർ നമ്പൂതിരിപ്പാടന്മാർക്ക് വലിയ രീതിയിലുള്ള ആദരവുകൾ ലഭിച്ചിട്ടുണ്ട്. മന്ത്രവാദത്തിന് പുറമെ കഥകളിപ്പദങ്ങൾ, കവിതാ രചന തുടങ്ങിയ കലാരംഗങ്ങളിലും ഈ കുടുംബത്തിലെ പലരും തങ്ങളുടെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ആധുനിക കാലത്തെ കല്ലൂർ മന; രാഷ്ട്രീയക്കാരുടെ കാര്യസാധ്യം

മന്ത്രവാദത്തെക്കുറിച്ച് ഇക്കാലത്ത് നിരവധി ചോദ്യങ്ങളും അന്ധവിശ്വാസ ആരോപണങ്ങളും ഉയരാമെങ്കിലും, ഇപ്പോഴത്തെ താവഴിയിലെ കല്ലൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഈ സമ്പ്രദായത്തെ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് - മനസ്സിന്റെ രോഗങ്ങൾക്കുള്ള ചികിത്സാവിധിയാണ് മന്ത്രവാദം, ശാരീരിക രോഗങ്ങൾക്ക് ആയുർവേദവും. ഇതായിരുന്നു നമ്മുടെ പരമ്പരാഗത രീതി.

ഇന്നും കാര്യസാധ്യത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ വരെ ഈ മനയിൽ എത്താറുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലങ്ങളിൽ എതിരാളികൾക്ക് പത്ത് വോട്ട് തികച്ചു കിട്ടരുതെന്ന വിചിത്രമായ ആവശ്യവുമായി വരുന്നവരുടെ കഥകളും ഈ മനയുടെ ചുവരുകൾക്ക് പറയാനുണ്ട്.

കേരളത്തിലെ മന്ത്രവാദ പാരമ്പര്യം ചുരുക്കത്തിൽ

പരശുരാമൻ കേരളം സൃഷ്ടിച്ച ശേഷം അതിനെ 64 ഗ്രാമങ്ങളും 4 തളികളുമായി തിരിച്ച്, ക്ഷേത്രങ്ങൾ സ്ഥാപിച്ച ശേഷമാണ് ആറ് നമ്പൂതിരി കുടുംബങ്ങളെ ഈ മാന്ത്രിക ചുമതല ഏൽപ്പിക്കുന്നത്. ഇവരിൽ കാട്ടുമാടം, കല്ലൂർ, സൂര്യകാലടി, കാവനാട് തുടങ്ങിയ മനകളാണ് ഏറ്റവും പ്രസിദ്ധം. 'മനനാൽ ത്രായതേ ഇതി മന്ത്രഃ' (മനനം ചെയ്യുന്നവനെ രക്ഷിക്കുന്നത്) എന്നാണ് മന്ത്രം എന്ന വാക്കിന്റെ അർത്ഥം.

ബ്രാഹ്മണരിൽ നമ്പൂതിരിമാർ മാത്രമാണ് മന്ത്രവാദം ഒരു തൊഴിലായി സ്വീകരിച്ചത്. ഭദ്രകാളിയെയാണ് ഇവർ അധിദേവതയായി ആരാധിക്കുന്നത് (അബ്രാഹ്മണർ മന്ത്രവാദത്തിനായി ചാത്തൻ, അറുകൊല, കരങ്കുട്ടി തുടങ്ങിയ ശാക്തേയ മൂർത്തികളെയാണ് സേവിക്കാറുള്ളത്). എന്നാൽ നമ്പൂതിരി കുടുംബങ്ങൾ മന്ത്രവാദത്തെ ഒരു ഉത്തമ കർമ്മമായി കാണുന്നില്ല. കാരണം, ഒഴിപ്പിച്ചു കളയുന്ന ദുർദ്ദേവതകളുടെയും ബാധകളുടെയും കടുത്ത ശാപം ഒടുവിൽ ഈ കർമ്മം ചെയ്യുന്ന വ്യക്തിക്ക് (കർമ്മിക്ക്) തന്നെ ദോഷമായി ഭവിക്കുമെന്നാണ് ഇവരുടെ പരമ്പരാഗത വിശ്വാസം.

Kalloor Mana, located near Ollur in Thrissur, holds a legendary status as one of the six traditional magical families appointed by Lord Parasurama for the protection of Kerala. Known as benign sorcerers (Sanmanthravadis),

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിർമ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

എണ്ണവില വര്‍ധനയില്‍ കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് നഷ്ടം; രൂപയ്ക്കും ഇടിവ്, പിടിച്ചുനിന്ന് ഫാര്‍മ കമ്പനികള്‍

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

ഇ-കെവൈസി വില്ലനായി; ചികിത്സയ്ക്ക് പണമില്ലാതെ വൃദ്ധൻ മരിച്ചു, ബാങ്കിന് മുന്നിൽ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

മോട്ടോ എഐ കീ, വയര്‍ലെസ് ചാര്‍ജിങ്; മോട്ടോറോള എഡ്ജ് 70 മാക്‌സ് ഉടന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍