Vadakkechira 
Thrissur

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

ശക്തൻ തമ്പുരാന്റെ നെഞ്ഞൂക്കിന്റെ പ്രതീകമായ ജലാശയം. വടക്കുന്നാഥ ക്ഷേത്ര ദർശനവും കാരാട്ട് നമ്പൂതിരിയുടെ സർപ്പകഥയും ഉണർത്തുന്ന സ്മരണകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: കൊടുംവേനലിലും വറ്റാത്ത ജലസമൃദ്ധിയോടെ തൃശ്ശൂർ നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന വടക്കേച്ചിറ, കേവലം ഒരു ജലാശയമല്ല, മറിച്ച് തൃശ്ശിവപേരൂരിന്റെ ഐതിഹ്യപ്പെരുമയും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന വിസ്മയക്കാഴ്ചയാണ്. ശക്തൻ തമ്പുരാൻ കോവിലകത്തോട് ചേർന്ന് നിർമ്മിച്ച ഈ വിശാലമായ ചിറയുടെ വടക്കേക്കരയിലാണ് പ്രശസ്തമായ അശോകേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് തൊട്ടടുത്ത് തമ്പുരാൻ തീർപ്പിച്ച ഡച്ച് (മാതൃകയിലുള്ള മനോഹരമായ കോവിലകം കാണാം. കോവിലകത്തിനടുത്തുണ്ടായിരുന്ന നമ്പൂതിരി ഇല്ലം തമ്പുരാൻ ഒറ്റരാത്രികൊണ്ട് കുളംകോരി മാറ്റിയതാണ് ഈ വടക്കേച്ചിറയെന്നാണ് ജനങ്ങളുടെ ഇടയിലുള്ള വാമൊഴി. തമ്പുരാന്റെ അചഞ്ചലമായ നെഞ്ഞൂക്കും ശത്രുസംഹാരബുദ്ധിയും ചരിത്രം പലവട്ടം അടയാളപ്പെടുത്തിയിട്ടുള്ളതുകൊണ്ട് തന്നെ ഈ കഥയ്ക്ക് വലിയ സാധുതയുണ്ടെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് യോഗിയാതിരിപ്പാടുമാർ നടത്തിവന്ന സമാന്തരഭരണം ശക്തൻ തമ്പുരാൻ അവസാനിപ്പിച്ചതും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്.

രണ്ടറ്റത്തും നീന്തിപ്പിടിക്കാൻ പറ്റാത്തത്ര വിശാലമായ വടക്കേച്ചിറ, ഒരുകാലത്ത് ക്ഷേത്രത്തിലെ പൂജാരിമാർക്കും കോവിലകത്തുള്ളവർക്കും ഒപ്പം പൊതുജനങ്ങൾക്കും കുളിക്കാനുള്ള വലിയൊരു സംവിധാനമായിരുന്നു. ചിറയുടെ വടക്കേഭാഗത്ത് ക്ഷേത്ര ശാന്തിമാർക്കുള്ള കുളപ്പടവും, കോവിലകത്തിന്റെ ഉൾഭാഗത്തുനിന്ന് തമ്പുരാന്മാർക്കും തമ്പുരാട്ടികൾക്കുമായി ചിറയിലേക്ക് ഇറങ്ങാൻ പ്രത്യേകമൊരു കുളപ്പുരയും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്കുള്ള കുളിപ്പടവ് തെക്കുവശത്തായിരുന്നു. ഇതിനെല്ലാം പുറമെ ആനകളെ കുളിപ്പിക്കാനായി പ്രത്യേകമൊരു കടവും ഇവിടെ വേറെയുണ്ടായിരുന്നു. തൃശ്ശൂർക്കാരുടെ നിത്യജീവിതചര്യയുമായി വടക്കേച്ചിറയ്ക്ക് അത്രമേൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. രാവിലെ ചിറയിൽ നിന്ന് കുളിച്ച് വടക്കുന്നാഥ ക്ഷേത്രദർശനം ശീലമാക്കിയവരായിരുന്നു അക്കാലത്തുണ്ടായിരുന്ന ജനങ്ങൾ.

പായൽമൂടിയ കാലവും നഗരപിതാവിന്റെ ഇടപെടലും

കാലം മാറിയതോടെ തൃശ്ശൂർക്കാരുടെ ഈ പരമ്പരാഗത ജീവിതശൈലി അവസാനിക്കുകയും ചിറ പൂർണ്ണമായി പായൽ നിറഞ്ഞ് ഉപയോഗശൂന്യമായി മാറുകയും ചെയ്തു. എന്നാൽ എൺപതുകളിൽ ചിറ വൃത്തിയാക്കാനുള്ള തീവ്രശ്രമങ്ങൾ ജനകീയമായി നടന്നു. അന്ന് വാർഡ് കൗൺസിലറും പിന്നീട് തൃശ്ശൂരിന്റെ നഗരപിതാവുമായി മാറിയ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ചിറ പൂർണ്ണമായി വറ്റിച്ച് വൃത്തിയാക്കിയത്. ഇതോടെ തെളിനീർ നിറഞ്ഞ ചിറ വീണ്ടുമൊരു വിസ്മയക്കാഴ്ചയായി മാറി. പിന്നീട് ശക്തൻ കോവിലകം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടെ, ചിറയുടെ സൗന്ദര്യവത്ക്കരണ ചുമതല ടൂറിസം വകുപ്പിന് കൈമാറുകയായിരുന്നു. ചിറയുടെ ഓരങ്ങളിലൂടെ മനോഹരമായ നടപ്പാതയും ഒരു കൊച്ചുപാർക്കും തീർത്ത് പ്രദേശം അതീവ ആകർഷകമാക്കി മാറ്റി. രാത്രികാലങ്ങളിൽ വെളിച്ചം പകരാൻ പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചു. ഇതോടെ സായാഹ്നസവാരിക്ക് നഗരമധ്യത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി വടക്കേച്ചിറ മാറി.

Vadakkechira

ഇന്ന് പക്ഷികളുടെ വലിയൊരു വിഹാരകേന്ദ്രം കൂടിയാണ് ഈ ചിറ. കുളക്കോഴി, താമരക്കോഴി, കുളക്കൊക്ക്, വലിയ വാൽകുലുക്കി, ചെറിയ മീൻകൊത്തി, മുങ്ങങ്കോഴി, വലിയ മീൻകൊത്തി, പുള്ളി മീൻകൊത്തി, ചെറിയ നീർക്കാക്ക തുടങ്ങിയ അപൂർവ്വയിനം പക്ഷികളും സാധാരണ പക്ഷികളും ചിറയിലെ തെളിനീരിലും കരയിലെ മരക്കൂട്ടങ്ങളിലുമായി ഇവിടെ സ്വസ്ഥമായി കഴിയുന്നു. ഈ പക്ഷികളെ സംരക്ഷിക്കണമെന്ന ശക്തമായ ആഹ്വാനവുമായി നിരവധി ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

വാസുകിയും കാരാട്ട് നമ്പൂതിരിയും; വടക്കേച്ചിറയുടെ ഐതിഹ്യം

തൃശ്ശൂരിന്റെ ഐതിഹ്യപ്പെരുമയും ഈ ചിറയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. പ്രസിദ്ധനായ വിഷവൈദ്യൻ കാരാട്ട് നമ്പൂതിരിപ്പാടിന്റെ കഥയാണ് അതിലൊന്ന്. ഒരിക്കൽ വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് എത്തിയ ഭക്തർ ശ്രീകോവിൽ നടയ്ക്ക് മുന്നിലുള്ള വലിയ മണിയിൽ ഒരു കൂറ്റൻ പാമ്പിനെ കണ്ട് ഭയന്ന് നിലവിളിച്ചു. ആ സമയത്ത് കാരാട്ട് നമ്പൂതിരി ക്ഷേത്രത്തിൽ ഭജനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ നിലവിളി കേട്ടെത്തിയ നമ്പൂതിരി യാതൊരുവിധ ശങ്കയും കൂടാതെ പാമ്പിന്റെ വാലിൽ പിടിച്ച് വലിച്ചു. എന്നാൽ വലിക്കും തോറും അതിന്റെ നീളം കൂടിവരുന്നതു കണ്ട് നമ്പൂതിരി ആകെ പരിഭ്രാന്തനായി. ക്ഷേത്രത്തിന് ചുറ്റും വലം വെച്ചിട്ടും പാമ്പിന് നീളം ഏറി വന്നതോടെ സംഗതി അപകടമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, തന്റെ ഇഷ്ടമൂർത്തിയായ ഗരുഡനെ പ്രാർത്ഥിക്കാനായി വടക്കേച്ചിറയിലേക്ക് ഓടുകയായിരുന്നു.

അവിടെ വെള്ളത്തിൽ മുങ്ങി ആണ്ടു കിടന്ന് അദ്ദേഹം തീക്ഷ്ണമായി ഗരുഡമന്ത്രം ജപിച്ചു. ഇതിനിടെ ക്ഷേത്രത്തിനകത്തുനിന്ന് ഒരശരീരി കേട്ടുവത്രെ: "കാരാട്ടിനോട് കളിക്കേണ്ട വാസുകീ, ഇങ്ങോട്ട് പോന്നോളൂ" എന്ന്. അതോടെ ആ സർപ്പം ക്ഷണനേരത്തിൽ അപ്രത്യക്ഷമായി. കുളത്തിൽ നിന്നുയർന്ന കാരാട്ടിന് മുന്നിൽ പക്ഷിശ്രേഷ്ഠനായ ഗരുഡൻ പ്രത്യക്ഷനാവുകയും, സർപ്പം പോയ വിവരം അറിഞ്ഞ നമ്പൂതിരി ഭഗവാനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പുരാണങ്ങളും ചരിത്രങ്ങളും ഇങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്ന വടക്കേച്ചിറയ്ക്ക് ഒടുവിൽ ഒരു വലിയ കുറവു കൂടിയുണ്ട്. ശക്തൻ തമ്പുരാന്റെ കാലത്തിന് ശേഷം ഇന്നുവരെ തൃശ്ശൂർ നഗരം ഈ ചിറയിലെ സമൃദ്ധമായ കുടിവെള്ളം ജനങ്ങൾക്കായി പ്രയോജനപ്പെടുത്തിയിട്ടില്ല. നഗരസഭകളോ മറ്റ് ഭരണാധികാരികളോ ഇതിനുള്ള വലിയ സാധ്യതകളെക്കുറിച്ച് ഇന്നുവരെ ഗൗരവമായി ആരാഞ്ഞിട്ടില്ലെന്നത് ഒരു വലിയ പോരായ്മയായി അവശേഷിക്കുന്നു.

Standing as a testament to the water abundance of Thrissur, the historic Vadakkechira pond encapsulates a rich matrix of folklore, royal history, and urban transition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

SCROLL FOR NEXT