Anayuttu Tsr 
Thrissur

കർക്കടകപ്പുലരിയിൽ വടക്കുന്നാഥനിൽ ഗജരാജസംഗമം; 55 കരിവീരന്മാർക്ക് ആനയൂട്ട്; തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള

അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം; പതിനായിരങ്ങൾക്ക് പ്രസാദഊട്ട്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന മന്ത്രിമാരും പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: പെയ്തൊഴിയാത്ത കർക്കടകമഴയുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു. കർക്കടകപ്പുലരിയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ചോറുരുള നൽകിയതോടെയാണ് ആനയൂട്ടിന് ഔദ്യോഗിക തുടക്കമായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആനപ്രേമികളും ഭക്തജനങ്ങളും വടക്കുന്നാഥന്റെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തി.

55 കരിവീരന്മാർ; ആനക്കമ്പക്കാർക്ക് ആവേശമായി പ്രമുഖ ഗജരാജാക്കന്മാർ

ഇത്തവണ 7 പിടിയാനകൾ ഉൾപ്പെടെ 55 ആനകളാണ് വടക്കുന്നാഥന്റെ വടക്കേ നടയിൽ അണിനിരന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ, പെരുമ്പറപ്പ് കാവേരി, പുതുപ്പള്ളി കേശവൻ, കുട്ടൻകുളങ്ങര അർജുൻ, ഊക്കൻസ് കുഞ്ചു, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, പാറമേക്കാവ് കാശിനാഥൻ, പുതൃക്കോവിൽ പാർത്ഥസാരഥി തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ കരിവീരന്മാർ ഒന്നിച്ച് അണിനിരന്നത് ആനപ്രേമികൾക്ക് ആവേശക്കാഴ്ചയായി. വിവിഐപി ആനകൾക്കൊപ്പം ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്കും ആനകൾക്ക് നേരിട്ട് ഊട്ട് നൽകാനുള്ള പ്രത്യേക സൗകര്യങ്ങൾ ദേവസ്വം ഉപദേശക സമിതി ഒരുക്കിയിരുന്നു.

12,008 നാളികേരവും ദഹനചൂർണ്ണവും; വിഭവസമൃദ്ധമായ ഗജയൂട്ട്

ആനകളുടെ ആരോഗ്യസംരക്ഷണവും ആയുർവേദ വിധികളും മുൻനിർത്തി വിഭവസമൃദ്ധമായ ഊട്ടാണ് ഒരുക്കിയിരുന്നത്. 12,008 നാളികേരത്തിന് പുറമെ പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, നേന്ത്രപ്പഴം, ചോളം, ആപ്പിൾ, മുന്തിരി, കരിമ്പ്, പനമ്പട്ട തുടങ്ങിയവയാണ് ആനകൾക്ക് പ്രധാനമായും നൽകിയത്. ഇതിനൊപ്പം പ്രത്യേകം തയ്യാറാക്കിയ മരുന്നും നെയ്യും ചേർത്ത ചോറുരുളകളും സുഗമമായ ദഹനത്തിനായി ദഹനചൂർണ്ണവും നൽകി.

ആനയൂട്ടിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ അന്നദാന ഹാളിൽ പതിനായിരത്തിലധികം ഭക്തർക്കായി പ്രസാദഊട്ടും ഒരുക്കിയിരുന്നു. പുലർച്ചെ ക്ഷേത്രത്തിൽ നടന്ന തന്ത്രിമുഖ്യന്മാരുടെ നേതൃത്വത്തിലുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെയാണ് കർക്കടക മാസത്തിലെ ചടങ്ങുകൾക്ക് തുടക്കമായത്.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ഉപദേശക സമിതി സെക്രട്ടറി കെ.എ. മനോജ് കുമാർ, പ്രസിഡന്റ് സുരേഷ് കുന്നത്ത്, വൈസ് പ്രസിഡന്റ് നവനീത് കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഉഷ നന്ദിനി, ട്രഷറർ ലക്ഷ്മി കെ. പ്രകാശ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Marking the auspicious dawn of the Karkidakam month, the historic Vadakkumnathan Temple in Thrissur hosted its renowned annual 'Anayoottu' (elephant feeding ceremony) amid high religious fervor.

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

"3 ഇഡിയറ്റ്സ്' സോനം വാങ്ചുകിന്റെ ജീവിത കഥയല്ല, അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്'; തെറ്റിദ്ധാരണയ്ക്ക് വിരാമമിട്ട് ആമിർ ഖാൻ

ബഹ്‌റൈനില്‍ അപായ സൈറണുകള്‍; വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്, ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; 'ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍' വരുന്നു

ജെൻ സി വെളിച്ചെണ്ണ ഒഴിവാക്കി ഒലീവ് ഓയിൽ തിരഞ്ഞെടുക്കുന്നു, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ