Sanghachethana Library 
Wayanad

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

ജോലി കിട്ടിയവർ തന്നെ അടുത്ത തലമുറയുടെ അധ്യാപകരായി

Author : ലക്ഷ്മി ആതിര

ഒരു കാലത്ത് തെറ്റമലയുടെ ജീവിതത്തിന്റെ അതിരുകൾ ചായത്തോട്ടങ്ങളായിരുന്നു. തോട്ടത്തിലെ ജോലി, അവിടത്തെ താമസം, അതിനപ്പുറമുള്ള ലോകത്തെക്കുറിച്ച് പരിമിതമായ അറിവ്. ഉയർന്ന പഠനവും സർക്കാർ ജോലിയും പ്രൊഫഷണൽ ജീവിതവുമൊക്കെ പലർക്കും അകലെയുള്ള സ്വപ്നങ്ങൾ.

ഇന്ന് അതേ നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചിത്രം മറ്റൊന്നാണ്. സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും സ്കൂളുകളിലും എഞ്ചിനീയറിങ് സ്ഥാപനങ്ങളിലുമെല്ലാം തെറ്റമലയുടെ സാന്നിധ്യമുണ്ട്. ആ മാറ്റത്തിന് പിന്നിൽ വലിയ കെട്ടിടമോ സമ്പന്നമായ സ്ഥാപനമോ അല്ല. ഒരു ചെറിയ മുറിയിൽ ആരംഭിച്ച ഒരു ലൈബ്രറിയാണ്.

Thettamala Sanghachethana Library

2006ൽ പ്രവർത്തനം തുടങ്ങിയ സംഘചേതന ലൈബ്രറി നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയിലൂടെയാണ് വളർന്നത്. പുസ്തകങ്ങൾ വായിക്കാനുള്ള ഇടം എന്നതിലുപരി, പുതിയ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനുള്ള വേദിയായി അത് മാറി. പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനവും മാർഗനിർദേശവും ആരംഭിച്ചതോടെ ആ ചെറിയ മുറിയിൽ മറ്റൊരു സ്വപ്നം കൂടി പിറന്നു.

ആദ്യകാലത്ത് അവിടെ ഒരുമിച്ചിരുന്ന യുവാക്കൾ പരീക്ഷയെഴുതി. പലരും സർക്കാർ സർവീസിൽ പ്രവേശിച്ചു. എന്നാൽ അവരുടെ വിജയം അവരിൽ അവസാനിച്ചില്ല. ജോലി ലഭിച്ചവർ തന്നെ വൈകുന്നേരങ്ങളിൽ ലൈബ്രറിയിലെത്തി അടുത്ത തലമുറയ്ക്ക് ക്ലാസെടുത്തു. അങ്ങനെ ഒരു ബാച്ചിന്റെ വിജയം മറ്റൊരു ബാച്ചിന്റെ പ്രതീക്ഷയായി.

Thettamala Sanghachethana Library

“മുന്നോട്ടുപോകണമെന്ന ആഗ്രഹം നാട്ടുകാർക്കുണ്ടായിരുന്നു. പക്ഷേ എങ്ങനെ മുന്നോട്ടുപോകണമെന്ന കൃത്യമായ മാർഗനിർദേശം ഇല്ലായിരുന്നു. ഏറെക്കാലം ഞങ്ങളുടെ ജീവിതം ചായത്തോട്ടങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ആ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് ലൈബ്രറി തുടങ്ങിയത്. കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും പഠനസഹായവും നൽകുക എന്നതായിരുന്നു ലക്ഷ്യം,” ലൈബ്രറി സെക്രട്ടറി സുരേഷ് പറയുന്നു.

ആദ്യകാല പിഎസ്‌സി പഠനസംഘത്തിന്റെ അനുഭവമാണ് പിന്നീട് ലൈബ്രറിയുടെ ഏറ്റവും വലിയ ശക്തിയായത്. ജോലി നേടിയവർ തന്നെ അടുത്ത തലമുറയുടെ വഴികാട്ടികളായി.

“2006ൽ ലൈബ്രറി തുടങ്ങിയപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ ഇരുന്ന് പിഎസ്‌സിക്ക് പഠിച്ചു. അവരിൽ ഭൂരിഭാഗവും പല സർക്കാർ വകുപ്പുകളിലായി ജോലി നേടി. അതോടെ നാട്ടിലെ കുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യം കിട്ടി. ജോലി ലഭിച്ചവർ തന്നെ വൈകുന്നേരങ്ങളിൽ അടുത്ത ബാച്ചിന് ക്ലാസെടുക്കാൻ തുടങ്ങി. വലിയ വിദ്യാഭ്യാസ യോഗ്യതകളൊന്നും ഇല്ലാത്തവരായിരുന്നു പലരും. പക്ഷേ ശ്രമിച്ചാൽ ഉയരങ്ങളിലെത്താമെന്ന വിശ്വാസം അവർക്കുണ്ടായിരുന്നു,” സുരേഷ് പറയുന്നു.

ആ വിശ്വാസത്തിന്റെ ഫലമാണ് ഇന്ന് നാട്ടിൽ കാണുന്നത്. ഏകദേശം 75 പേർ സർക്കാർ സർവീസിലെത്തി. ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരുമടക്കമുള്ള പ്രൊഫഷണലുകൾ വേറെയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തെറ്റമലയിൽ നിന്നുണ്ട്.

Thettamala Sanghachethana Library

മാറ്റം തൊഴിൽമേഖലയിൽ മാത്രം ഒതുങ്ങിയില്ല. നാട്ടിലെ സാമൂഹിക ബന്ധങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടായി. സർക്കാർ ജോലിയും പ്രൊഫഷണൽ ജീവിതവും സാധാരണമായി മാറിയതോടെ, ഒരുകാലത്ത് വിവാഹബന്ധങ്ങളിലൂടെ നാട്ടിലെത്തിയ യുവാക്കൾ പോലും ഈ പുതിയ സാമൂഹിക സാഹചര്യത്തിന്റെ ഭാഗമായി.

ഇതിനിടെ സംഘചേതന ഒരു വായനശാലയുടെ പരിധിയും കടന്നു. സ്വയംസഹായ സംഘങ്ങൾ, പാലിയേറ്റീവ് പരിചരണം, വയോജനങ്ങൾക്കും സ്ത്രീകൾക്കുമായുള്ള കൂട്ടായ്മകൾ, ഫുട്ബോൾ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളിലേക്കും ലൈബ്രറി ഇടപെട്ടു. വായനയുടെ ഇടം പതിയെ നാട്ടിന്റെ സാമൂഹിക ഇടമായി മാറുകയായിരുന്നു.

Thettamala Sanghachethana Library

എന്നാൽ ഈ വിജയകഥയ്ക്ക് ഇപ്പോഴും ഒരു അപൂർണതയുണ്ട്. ഇത്രയേറെ ജീവിതങ്ങൾക്ക് വഴിതുറന്ന ലൈബ്രറിക്ക് സ്വന്തമായി ഒരു കെട്ടിടമില്ല. വർഷങ്ങളായി വാടകമുറിയിലാണ് പ്രവർത്തനം.

ഇപ്പോൾ അതിനും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നില ലൈബ്രറിക്കായി ലഭിച്ചിട്ടുണ്ട്. എന്നാൽ അത് ലൈബ്രറിയായി ഒരുക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുകയാണ് അടുത്ത വെല്ലുവിളി.

“സ്വന്തമായി സ്ഥലമില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്നില്ല. ഇപ്പോൾ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നില ലൈബ്രറിക്കായി ലഭിച്ചിട്ടുണ്ട്. അത് സജ്ജമാക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ആ പ്രതിസന്ധി മറികടന്ന് ലൈബ്രറി സ്ഥാപിക്കുകയാണ് ലക്ഷ്യം. കൂടുതൽ കുട്ടികൾക്ക് അറിവിന്റെ ലോകത്തേക്ക് കടക്കാൻ അവസരം നൽകണം,” സുരേഷ് പറയുന്നു.

Once constrained by the secluded borders of tea estates, the village of Thettamala has scripted a remarkable transformation by producing over 75 government employees and numerous professionals, driven solely by a community study circle initiated inside the rented room of Sanghachethana Library in 2006.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

​Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്