Wayanad India First E-Waste Free District 
Wayanad

ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്; മൂന്ന് മാസത്തിനിടെ ശേഖരിച്ചത് 102.85 ടൺ ഇ-മാലിന്യം

പ്രഖ്യാപനം നാളെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൽപ്പറ്റ: ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്. ജില്ലയിലുടനീളം മൂന്ന് മാസമായി നടത്തിയ തീവ്ര ക്യാമ്പയിനിലൂടെ 102.85 ടൺ ഇലക്ട്രോണിക് മാലിന്യമാണ് ശേഖരിച്ചത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും.

ഭൂമി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ക്യാമ്പയിൻ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് സംഘടിപ്പിച്ചത്. ശേഖരിച്ച മാലിന്യം ശാസ്ത്രീയ സംസ്കരണത്തിനും നിർമ്മാർജ്ജനത്തിനുമായി അംഗീകൃത ഏജൻസികൾക്ക് കൈമാറും.

കൂട്ടായ പ്രവർത്തനത്തിന്റെ വിജയമെന്ന് കൃഷിമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ വകുപ്പുകൾ, വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ക്യാമ്പയിന് നേതൃത്വം നൽകിയ കൃഷിമന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖ് പറഞ്ഞു. ഘട്ടംഘട്ടമായാണ് ജില്ലയിൽ മാലിന്യശേഖരണം നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ഇ-മാലിന്യം ശേഖരിച്ചു. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിൽ ശേഖരണ കേന്ദ്രങ്ങൾ ഒരുക്കുകയും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിലെത്തി മാലിന്യം ശേഖരിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഉൾപ്പെടാതെ പോയ വീടുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പ്രത്യേക ശേഖരണ യജ്ഞങ്ങളും സംഘടിപ്പിച്ചു. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് മാത്രം 32 ടണ്ണോളം ഇ-മാലിന്യം ശേഖരിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 5,423 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ച നൂൽപ്പുഴയാണ് ജില്ലയിൽ ആദ്യമായി ഇ-മാലിന്യമുക്ത പഞ്ചായത്തായി മാറിയത്.

പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന് മാതൃക

മാലിന്യസംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വയനാട് എന്നും രാജ്യത്തിന് മാതൃകയാണെന്നും, വരുംതലമുറയ്ക്കായി വയനാടിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇ-മാലിന്യമുക്ത പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയമല്ലാത്ത രീതിയിൽ ഇലക്ട്രോണിക് മാലിന്യം സംസ്കരിക്കുന്നത് ഈയം, മെർക്കുറി, കാഡ്മിയം തുടങ്ങിയ വിഷാംശങ്ങൾ പരിസ്ഥിതിയിലേക്ക് പുറന്തള്ളാൻ ഇടയാക്കും. ഇവ മണ്ണും വെള്ളവും മലിനമാക്കുകയും പൊതുജനാരോഗ്യം, കൃഷി, ആവാസവ്യവസ്ഥ എന്നിവയ്ക്ക് ഗുരുതര ഭീഷണിയാകുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാലിന്യമുക്ത കേരളത്തിനായുള്ള നിർമ്മലം'പദ്ധതിയുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ നടപ്പാക്കിയത്. ഇതിനുപുറമെ കാർബൺ ന്യൂട്രൽ ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളും വയനാട് ആലോചിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനും വെള്ളിയാഴ്ച ആരംഭിക്കും.

Wayanad is poised to become India’s first e-waste-free district after collecting 102.85 tonnes of electronic waste over a three-month campaign under the 'BHOOMI' project, with Chief Minister V.D. Satheesan scheduled to make the official declaration in Kalpetta on Friday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മണിക്കൂറിൽ പെയ്തത് 9 സെന്റീമീറ്റർ മഴ; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി|VIDEO

അതിവേഗം പണം വളരും; മുതിര്‍ന്നവര്‍ക്കായി പോസ്റ്റ് ഓഫീസ് സ്‌കീം- കെഎസ്എഫ്ഇ ചിട്ടി സ്ട്രാറ്റജി, എസ്‌ഐപിയും പരീക്ഷിക്കാം

ക്ലീനിങ് ബ്രഷുകൾ വൃത്തിയാക്കുന്നത് എങ്ങനെ? അഴുക്കും ബാക്ടീരിയയും നീക്കാൻ 7 വഴികൾ

'ആ സിനിമയുടെ ഷൂട്ട് തീർത്ത് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്നായി; വിഷമം കൊണ്ട് ഞാൻ കരഞ്ഞു'

'ചോരയ്ക്ക് പകരം ചോദിക്കും'; വി ഡി സതീശന്റെ പ്രസം​ഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ