

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി മിയ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'കോസ്മിക് സാംസൺ'. സന്ദീപ് പ്രദീപ് നായകനായെത്തുന്ന ചിത്രം നവംബർ 27 നാണ് റിലീസിനെത്തുന്നത്. 'കോസ്മിക് സാംസൺ' ലൊക്കേഷനിലാണ് താനേറ്റവുമധികം സന്തോഷിച്ച് ഹാപ്പിയായി വർക്ക് ചെയ്തത് എന്ന് പറയുകയാണ് മിയ ഇപ്പോൾ.
എങ്ങനെയെങ്കിലും ഷൂട്ട് ഒന്ന് തീർന്നാൽ മതിയായിരുന്നു എന്നോർത്ത ലൊക്കേഷനെക്കുറിച്ചും മിയ ഓർത്തെടുത്തു. കോസ്മിക് സാംസൺ പ്രൊമോഷന്റെ ഭാഗമായി വൺ ടു ടോക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിയ. "ഈ ലൊക്കേഷനിൽ പഠിച്ചെടുത്തതിനേക്കാളും കൂടുതൽ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു.
എല്ലാവരും നല്ല കമ്പനിയായിരുന്നു. ചില സിനിമകൾ ചെയ്യുമ്പോൾ നമുക്കവിടെ ആരും കമ്പനി കാണത്തില്ല. അല്ലെങ്കിൽ ഭയങ്കര സീരിയസ് മൂഡായിരിക്കും. സിനിമയുടെ പേര് ഞാൻ പറയുന്നില്ല, എനിക്ക് കഴിഞ്ഞിട്ട് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് പോയാൽ മതി എന്നായിരുന്നു ആ സെറ്റിൽ. പണ്ടായിരുന്നു ആ സംഭവം. എനിക്ക് ബോറടിച്ചു ആ സെറ്റിൽ. ഒരു ദിവസം അവരെന്നോട് പറഞ്ഞു, വെള്ളിയാഴ്ച എന്റെ ഷൂട്ട് കഴിയുമെന്ന്.
അപ്പോൾ ഞാനിങ്ങനെ വെള്ളിയാഴ്ചയാകാനായി ചൊവ്വാഴ്ച മുതൽ കാത്തിരിക്കുകയാണ്. എനിക്ക് സത്യം പറഞ്ഞാൽ ആ സിനിമയുടെ വർഷമൊന്നും അറിയില്ല. അതിലെ നടൻ കാരണമൊന്നുമല്ല ബോറടിച്ചത്. വെള്ളിയാഴ്ച രാവിലെ അവർ വന്നിട്ട് പറഞ്ഞു, വെള്ളിയാഴ്ച കൊണ്ടിത് തീരില്ല, തിങ്കളാഴ്ചയേ എനിക്ക് പോകാൻ പറ്റുള്ളൂവെന്ന്. എനിക്ക് അങ്ങ് വിഷമമായി, ഞാൻ കരഞ്ഞു.
എനിക്ക് വീട്ടിൽ പോണമെന്ന് പറഞ്ഞ് കരഞ്ഞു. അത്രയും ഞാൻ മടുത്തു. എനിക്കത് കഴിഞ്ഞ് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്ന പോലെ ആയിപ്പോയി. അങ്ങനെയുള്ള ലൊക്കേഷനും ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിൽ (കോസ്മിക് സാംസൺ) എത്രനേരം വേണമെങ്കിലും നിൽക്കാൻ നമ്മൾ ഓക്കെയായിരുന്നു.
ഈ ലൊക്കേഷനിലായിരുന്നു എനിക്കേറ്റവും കൂടുതൽ ടൈം പാസ് ഉണ്ടായിരുന്നത്. ഞാനേറ്റവും സന്തോഷിച്ച് ചിരിച്ച് ഹാപ്പിയായി വർക്ക് ചെയ്ത ഒരു സിനിമയാണ് 'കോസ്മിക് സാംസൺ'. അതിന് ഫുൾ ടീമിനോട് ഞാൻ നന്ദി പറയുകയാണ്. കാരണം ഇവരെല്ലാവരും കാരണമാണ് അത്രയും നല്ലൊരു വൈബ് എനിക്ക് കിട്ടിയത്". - മിയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates