

മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഗായിക റിമി ടോമിയുടേത്. മുംബൈ മലയാളിയായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിതപങ്കാളി. വിവാഹത്തിന് ശേഷമിപ്പോൾ ആദ്യമായി കേരളത്തിലെ വീട്ടിലെത്തിയിരിക്കുകയാണ് റിമിയും ലിബിനും. റിമിയുടെ അമ്മ റാണിയാണ് ഇരുവരും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
ഇരുവർക്കുമൊപ്പമുള്ള ചിത്രവും വിഡിയോയും റാണി ടോമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മകൾക്കും മരുമകനും വേണ്ടി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി നൽകിയ വിഡിയോ ആണ് റാണി പങ്കുവച്ചത്. കൊഞ്ച് റോസ്റ്റ് അടക്കമുള്ള വിഭവങ്ങളോടെയാണ് റാണി ഭക്ഷണമൊരുക്കിയത്. എല്ലാം തന്റെ സ്വന്തം റെസിപ്പിയാണെന്ന് റാണി ടോമി പറയുന്നതും വിഡിയോയിൽ കേൾക്കാം.
ഭക്ഷണം അടിപൊളിയായെന്ന് റിമിയും ലിബിനും പറയുന്നുണ്ട്. ‘മമ്മിയുടെ വലിയ ഫാൻ ആണ് ഞാൻ’ എന്നും ലിബിൻ പറഞ്ഞു. താൻ ലിബിന്റെ ഫാൻ ആണെന്ന് റാണി ടോമിയും തിരിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. നവംബർ 14ന് ആണ് റിമി ടോമിയും ലിബിനും വിവാഹിതരായത്. മുംബൈയിലെ ഡോംബിവല്ലിയിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
വിവാഹ ശേഷം കസഖ്സ്ഥാനിൽ മധുവിധു ആഘോഷിക്കുന്നതിന്റെ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ ശേഷം ഇരുവർക്കും താമസിക്കാൻ മുംബൈയിൽ ഫ്ലാറ്റ് സ്വന്തമാക്കിയ വിവരവും റിമി ആരാധകരുമായി പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates