ബിനോയ് വിശ്വത്തിനൊപ്പം മന്ത്രിമാരായ ജിആര്‍ അനിലും വി ശിവന്‍കുട്ടിയും 
Malayalam Vaarika

കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം

സെബാസ്റ്റ്യന്‍ പോള്‍

പ്രതീക്ഷാനിർഭരമായി തെളിഞ്ഞുനിൽക്കുന്ന മാനം പൊടുന്നനെ മേഘാവൃതമാകുമ്പോൾ പ്രതികരണം സമ്മിശ്രമാകും. ഒരുവശത്ത് ആശങ്കയും മറുവശത്ത് പ്രതീക്ഷയും നിറയും.

മൂടിക്കെട്ടി പെയ്യാനിരുന്നതിനെ കാറ്റ് അകറ്റിക്കൊണ്ടു പൊയ്‌ക്കൂടെന്നില്ല. ഒരിക്കൽക്കൂടി എൽ.ഡി.എഫ് എന്ന സാധ്യത കാതോടുകാതോരം പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അന്തകവേഷത്തിലെത്തിയത്.

തുടർഭരണത്തിന് വഴിയൊരുക്കുന്ന ജനപ്രിയ മന്ത്രിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോഴാണ് കുട്ടികളുടെ പ്രിയംകരനായ മന്ത്രി കുട്ടികളുടെ പേരിൽ കുഴപ്പത്തിലായത്. അതിനുമുന്‍പ് ശിവൻകുട്ടിയുമായി ദീർഘസംഭാഷണം നടത്തിയ സമകാലിക മലയാളം കുട്ടികൾക്കും ഒരു മന്ത്രിയുണ്ട് എന്നാണ് ശീർഷകം നൽകിയത്. സമവർത്തി പട്ടികയിൽപ്പെട്ട വിദ്യാഭ്യാസം എന്ന വിഷയത്തിൽ കേന്ദ്രം ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വർഗീയ അജണ്ടകൾക്കെതിരെ യോജിച്ച് സമരം ചെയ്തവർ ഒരു ദിവസം കൂടെയില്ലെന്നു കാണുമ്പോൾ സി.പി.ഐക്ക് ഉണ്ടാകുന്ന അങ്കലാപ്പ് മനസ്സിലാക്കാം. മുന്നണി മര്യാദയുടെ ലംഘനമെന്ന് സി.പി.ഐ വലിയ വായിൽ വിമർശനം ഉന്നയിക്കുമ്പോൾ വിലക്കപ്പെട്ട കനി ഭക്ഷിച്ച പുരുഷന്റെ അവസ്ഥയിലാണ് ശിവൻകുട്ടി. ആരെ പഴിച്ചാലും നഷ്ടപ്പെടുന്നത് അധികാരത്തിന്റെ പറുദീസയാണ്. സ്രഷ്ടാവ് ആദ്യ സൃഷ്ടികളോട് കാണിക്കാതിരുന്ന കാരുണ്യം തോളത്ത് കയ്യിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും ശിവൻകുട്ടിയോട് ബിനോയ് വിശ്വം കാണിക്കുമെന്ന് തോന്നുന്നില്ല.

കള്ളൻ കപ്പലിൽത്തന്നെ, ചെമ്പ് പുറത്താകുക തുടങ്ങിയ വാക്കുകൾ ശബരിമലയുടെ പശ്ചാത്തലത്തിൽ വാക്യത്തിലാക്കാൻ പഠിപ്പിക്കുന്നതുപോലെ മർക്കടമുഷ്ടി, ഊരാക്കുടുക്ക് തുടങ്ങിയ വാക്കുകൾ ‘പി.എം. ശ്രീ’ കരാറിന്റെ പശ്ചാത്തലത്തിൽ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ‘കിംവദന്തി’ എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞപ്പോൾ രാവിലെ അങ്ങാടിയിൽ ഒരു കിംവദന്തിയെ കെട്ടിത്തൂക്കിയിരിക്കുന്നതു കണ്ടു എന്ന് അർത്ഥമറിയാതെ എഴുതിയ കുട്ടിപോലും ഇപ്പോൾ കിംവദന്തി എന്തെന്ന് തിരിച്ചറിയുന്നുണ്ട്. വിദ്യാഭ്യാസമന്ത്രിപോലും അറിഞ്ഞുവോ എന്നു സംശയം ഉണ്ടാകത്തക്കവിധം മിഷൻ ഇംപോസിബിൾ വിജയകരമായും രഹസ്യത്തിലും പൂർത്തിയാക്കിയ വാസുകിയുടെ സേവനം വിദേശകാര്യ വകുപ്പിന് പ്രയോജനപ്പെടുത്താവുന്നതാണ്. സംഭവിച്ചുപോയി എന്നു പറഞ്ഞാൽ മകളുടെ അവിവേകം പൊറുക്കുന്ന പിതാക്കന്മാർ അധികമുണ്ടാവില്ല. പക്ഷേ, ശിവൻകുട്ടിയോട് പിണറായി പൊറുക്കാനാണ് സാധ്യത. കരാറിൽ ഒപ്പിടരുതെന്ന് നാല് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ നിശ്ശബ്ദത പാലിച്ച മുഖ്യമന്ത്രിപോലും വാസുകിയുടെ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നുവോ എന്നു സംശയം തോന്നുന്നു. തർക്കമന്ദിരം തകർത്താൽ തർക്കം അവസാനിക്കുകയും താല്‍ക്കാലികമായ ആക്ഷേപം മാത്രം അവശേഷിക്കുകയും ചെയ്യുമെന്ന് നരസിംഹ റാവു പഠിപ്പിച്ച പാഠം പിണറായി വിജയൻ അനുവർത്തിക്കുകയായിരുന്നുവോ? അതിർത്തിയിലെ പ്രശ്നം ചർച്ച ചെയ്യാൻ അർദ്ധരാത്രി ചേർന്ന മന്ത്രിസഭായോഗത്തിൽ ഉറങ്ങിക്കൊണ്ടിരുന്ന പട്ടേലിനെ നെഹ്‌റു ശാസിച്ചു. ഉറക്കമുണർന്ന പട്ടേൽ സമയം നോക്കിയതിനുശേഷം ഇന്ത്യൻ സേന തർക്കഭൂമിയുടെ പാതി പിന്നിട്ടിട്ടുണ്ടാവുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രിസഭയുടെ തീരുമാനമില്ലാതെ നടപ്പാക്കിയ ഓപ്പറേഷൻ നിർത്തിവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പട്ടേലിനെ ഉറങ്ങാൻ വിട്ടിരുന്നുവെങ്കിൽ കശ്മീർ പ്രശ്നം ആ രാത്രി തീരുമായിരുന്നു. തീരുമാനങ്ങൾ ചിലപ്പോൾ അങ്ങനെയും വേണ്ടിവരും.

ഉദ്യോഗസ്ഥയുടെ ഒപ്പിന്റെ ഉത്തരവാദിത്വം മന്ത്രിക്കാണ്. മന്ത്രിയുടെ തീരുമാനത്തിന്റെ ഉത്തരവാദിത്വം മന്തിസഭയ്ക്കാണ്. അതിനെയാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമെന്നു പറയുന്നത്. മന്ത്രിസഭയുടെ തീരുമാനമില്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള ശിപാർശ രാഷ്ട്രപതിക്കു നൽകിയെന്നതായിരുന്നു അന്ന് ഇന്ദിര ഗാന്ധി ചെയ്ത മുഖ്യമായ തെറ്റ്. കേരളത്തിൽ ഏകകക്ഷി ഭരണമല്ല. മുന്നണി ഭരണമാകുമ്പോൾ പാലിക്കേണ്ടതായ ചില മുന്നണി മര്യാദകളുണ്ട്. കുടുംബത്തിലായാലും കൂട്ടുസംരംഭങ്ങളിലായാലും പാലിക്കേണ്ടതായ മര്യാദകൾ മാത്രമാണവ. താനറിയാതെ അപ്പൻ കെട്ട് നിശ്ചയിച്ചാൽ തലകുനിച്ചു കൊടുക്കുന്നവരല്ല ഇന്നത്തെ പെൺകുട്ടികൾ.

പിഎം ശ്രീ പദ്ധതി

സി.പി.ഐയ്ക്ക് ഇവ്വിധം അവസ്ഥകളുണ്ടാകുന്നത് ഇതാദ്യമല്ല. നടാടെ ലഭിച്ച അധികാരം 1959-ൽ നഷ്ടപ്പെടുത്തിയത് വിദ്യാഭ്യാസ നയത്തിന്റെ പേരിലായിരുന്നു. പത്തു കൊല്ലത്തിനുശേഷം പ്രമുഖരായ രണ്ട് സി.പി.ഐ മന്ത്രിമാർക്കെതിരെ സി.പി.ഐ-എം മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ പാർട്ടിക്ക് മന്ത്രിസഭയിൽനിന്ന് ഒഴിയേണ്ടിവന്നു. അന്ന് കോൺഗ്രസ്സുമായിച്ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ സി.പി.ഐയ്ക്ക് കഴിഞ്ഞു. ഇന്ന് മുന്നണി വിട്ടാൽ കോൺഗ്രസ്സിലേക്ക് സ്വാഗതം എന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും അതത്ര സുഗമമായ ഒന്നല്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പി.എം. ശ്രീ സ്വീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നതാണ് കാരണം. അടിയന്തരാവസ്ഥയിൽ അധികാരത്തിന്റെ അപ്പവും ഇറച്ചിയും ആസ്വദിച്ച സി.പി.ഐ അപകടകരമായ ത്യാഗങ്ങൾക്ക് മുതിരാറില്ല. ചാടിയാലും ചട്ടിയിൽത്തന്നെ കിടക്കും. ഒരു പാർട്ടിയായാൽ സ്വന്തമായ സ്വത്വവും അസ്തിത്വവും ഇടയ്ക്കിടെ പ്രദർശിപ്പിക്കേണ്ടിവരും. വിജയൻ എന്ന് പേരെടുത്തു വിളിച്ചായിരുന്നു ചന്ദ്രപ്പൻ അത്തരം എക്സർസൈസുകൾ നടത്തിയിരുന്നത്. പ്രത്യക്ഷത്തിൽ കാണുന്ന വീറ് കാര്യത്തോടടുക്കുമ്പോൾ കാനം കാണിച്ചിരുന്നില്ല. കുടയാൻ സടയും കടിക്കാൻ പല്ലും പാർട്ടിക്കുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ചരിത്രപരമായ ബാധ്യത സൗമ്യനും എടുത്തുചാട്ടം ലവലേശം ഇല്ലാത്തയാളുമായ ബിനോയ് വിശ്വത്തിന്റെ ചുമലിലാണ് പതിച്ചിരിക്കുന്നത്.

കേന്ദ്രം ഭരിക്കുന്നവർക്കെതിരെ ദേശീയതലത്തിൽ യോജിച്ച പോർമുഖം തുറന്നിരിക്കുന്ന പാർട്ടികൾക്ക് പരിഗണിക്കാനുള്ളത് പരിമിതമായ ഓപ്ഷനുകൾ മാത്രമാണ്. തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കിനിൽക്കെ തല്ലിപ്പിരിയുന്നത് ചരിത്രത്തോടും ഭാവിയോടും കാണിക്കുന്ന വഞ്ചനയായിരിക്കും. മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കുകയെന്ന സമ്മർദതന്ത്രം ദീർഘകാലാടിസ്ഥാനത്തിൽ പ്രയോഗിക്കാനാവില്ല. സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ തെരഞ്ഞെടുപ്പിനു മുന്‍പ് ഷട്ട്ഡൗണിലാകുന്നു എന്നതാണ് അതിന്റെ ഫലം. അത് സർക്കാരിനെ മൊത്തത്തിൽ ബാധിക്കും. തലവേദന നിമിത്തമാണ് നാല് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കാത്തത് എന്നു കരുതി മറ്റു മന്ത്രിമാർ കാര്യനിർവഹണവുമായി മുന്നോട്ടു പോയാലോ? അസാന്നിധ്യത്തിൽ എടുക്കപ്പെടുന്ന തീരുമാനങ്ങൾ നാൽവർക്കുകൂടി ബാധകമാകും. എടുക്കാത്ത തീരുമാനത്തെപ്രതിയാണ് സി.പി.ഐ ഇപ്പോൾ പ്രതിഷേധിക്കുന്നതെങ്കിൽ എടുക്കുന്ന തീരുമാനങ്ങളെ അവർക്ക് തള്ളിക്കളയാനാവില്ല. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചുകൊണ്ട് മന്ത്രിമാർക്ക് ആ പദവിയിൽ തുടരാനാവില്ല.

കെട്ട് കടുംകെട്ടാകരുതെന്ന് താലികെട്ടുന്ന നേരത്ത് വരന് സഹോദരിമാർ നിർദേശം നൽകാറുണ്ട്. അഴിക്കാൻ പാടില്ലാത്ത കെട്ട് എങ്ങനെയായാലെന്ത്? ഇവിടെ സി.പി.ഐ ഇടാൻ ശ്രമിച്ച കുടുക്ക് ഊരാക്കുടുക്കായി. കാര്യം നിസ്സാരമല്ല. അതുകൊണ്ട് പ്രശ്നം ഗുരുതരമായി. പരിഹാരമില്ലാത്ത പ്രശ്നമില്ലെന്ന് പറയുമെങ്കിലും ചിലപ്പോൾ പരിഹാരം കീഴടങ്ങൽ മാത്രമായിരിക്കും. കീഴടങ്ങുന്നതും പിന്നാക്കം പോകുന്നതും ചിലപ്പോൾ തന്ത്രങ്ങളുടെ ഭാഗമാകും. മന്ത്രിസഭയിൽ ഉൾപ്പെട്ടാലും ഉൾപ്പെടാതെ പിന്തുണച്ചാലും കാതലായ ചില കാര്യങ്ങളിൽ കാതൽ അവസാനിക്കും. ഡി.എം.കെയെ പുറത്താക്കണമെന്ന ആവശ്യം നിരാകരിച്ചപ്പോഴാണ് ഗുജ്‌റാളിനുള്ള പിന്തുണ സീതാറാം കേസരി പിൻവലിച്ചത്. പിന്നീട് മൻമോഹൻ സിങ് നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ പത്തു വർഷം തുടർച്ചയായി ഇരിക്കാൻ ഡി.എം.കെയ്ക്ക് ഒരു പ്രയാസവുമുണ്ടായില്ല. താൻ നിരീക്ഷണത്തിലാണെന്ന അപമാനചിന്തയിലാണ് ചന്ദ്രശേഖറിനുള്ള പിന്തുണ രാജീവ് ഗാന്ധി പിൻവലിച്ചത്. ഊരാൻ മാർഗമില്ലാതെ കുടുക്ക് മുറുക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT