

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയേണ്ടെന്നും മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു. കെ സുധാകരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
'തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുമരെഴുത്ത് തുടങ്ങട്ടെ എന്ന് വിളിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞതാണ്. പാര്‍ടി തീരുമാനിക്കാതെ ചുമരഴുത്ത് നടത്താന്‍ കഴിയുമോ?. തെറ്റായ ഒരു നടപടിയും അനുവദിക്കില്ല. ഒരാളും സ്ഥാനാര്‍ഥിയെയും ഘടക കക്ഷികള്‍ക്കുള്ള സീറ്റും തീരുമാനിക്കേണ്ട. അതിന് പാര്‍ടി നേതൃത്വവും യുഡിഎഫ് നേതൃത്വവുമുണ്ട്. ഹൈക്കമാന്‍ഡുമായി ആലോചിച്ച് സീറ്റ് വിഭജനം നടത്തും. താഴേ തട്ടിലല്ല സീറ്റ് വിഭജനം നടത്തേണ്ടത്. നേതാക്കളുടെ അറിവോടെ ഇത്തരം നടപടികള്‍ ഉണ്ടായാല്‍ നേതാക്കള്‍ ശാസിക്കപ്പെടും'- വി ഡി സതീശന്‍ പറഞ്ഞു.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും വിമര്‍ശിച്ചു. ആരോപണങ്ങളിലെ ചില വരികള്‍ അപകടകരമായ ഒഫന്‍സിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അത് പൊലീസ് അന്വേഷണത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന കപ്പ് വീണുടഞ്ഞു. ഇനിയാ കപ്പുമായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വരരുത്. കപ്പും പിടിച്ചുകൊണ്ട് നില്‍ക്കുന്ന പടമായിരിക്കും ഞങ്ങളുടെ പ്രചാരണത്തില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്നത്. ഞങ്ങളുടെ നിലപാട് എന്താണെന്ന് ഓര്‍ക്കണം. ഞങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണ്. ഇവരൊക്കെ വര്‍ത്തമാനം മാത്രമേയുള്ളു. കാര്യത്തോടടുക്കുമ്പോള്‍ ഇവരുടെയൊക്കെ നിലപാട് കണ്ടോ. ഇത് ആളെപ്പറ്റിക്കലാത്. ഈ സംഭവത്തിലൂടെ എക്സോസ്ഡ് ആയത് ഗതാഗതമന്ത്രിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎമ്മുമൊക്കെയാണ്. മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ എന്ത് ആവേശമായിരുന്നു- അദ്ദേഹം പറഞ്ഞു.
കേസുകൊടുക്കില്ല എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ഇങ്ങനെയൊരു കുറ്റം ചെയ്തു എന്നറിഞ്ഞിട്ട് ഒളിച്ചുവയ്ക്കുന്നത് കുറ്റകൃത്യമാണ്. കുടുംബപ്രശ്‌നം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഗണേഷ് കുമാറിന്റേത്. ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ്. മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ മകളുടെ പേര് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates