Scream Edvard Munch, 1893
Malayalam Vaarika

ആന്റിനേറ്റലിസം- മനുഷ്യവംശത്തിന് ഒരു മരണമണി

കെ സെന്തില്‍ കുമാര്‍

They give birth astride of a grave, the light gleams an instant, then it’s night once more.

-Samuel Beckett, Waiting for Godot.

ലോകാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും ചരിത്രവും മനുഷ്യസംസ്കാരവും മുന്‍പുണ്ടായതിൽനിന്നും പാടെ വ്യത്യസ്തമായ പരിവർത്തനത്തിന്റെ വഴിയിലാണ് എന്ന് സംശയമേതുമില്ലാതെ അറിയാൻ കഴിയും. ആ പരിവർത്തനം നല്ലതിലേക്കോ നാശത്തിലേക്കോ എന്നതിലുറപ്പില്ല. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിനാശവും ആഗോളരാഷ്ട്രീയ അസ്ഥിരതയും യന്ത്രബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യസമൂഹവും ഭാവിയെ എങ്ങനെ നിർണയിക്കും എന്ന ആശങ്ക വർദ്ധിച്ചുവരുന്ന കാലമാണിത്. മനുഷ്യവംശം കൊവിഡിന്റെ പിടിയിലമർന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. മനുഷ്യവംശത്തിന്റെ തന്നെ അന്ത്യത്തെക്കുറിച്ചുള്ള ചിന്ത ഗൗരവമുള്ള മനുഷ്യരുടെയെല്ലാം മനസ്സിൽ, ചരിത്രത്തിൽ ആദ്യമായി, കൊവിഡ് കാലത്ത് പതിഞ്ഞിട്ടുണ്ടാകും എന്ന് ചാൾസ് ഐസെൻസ്‌റ്റൈൻ കൊവിഡിന്റെ ഉഗ്രദശയിൽ എഴുതിയ ഒരു കുറിപ്പിൽ (The Coronation) പരാമർശിക്കുന്നുണ്ട്. 2018-ലെ വെള്ളപ്പൊക്കവും രണ്ടുവർഷം കഴിഞ്ഞു ലോകമാകെ പടർന്ന കൊവിഡും പിന്നീട് വയനാട്ടിലെ മഡ്സ്ലൈഡും അതെടുത്തുകൊണ്ടുപോയ ജീവിതങ്ങളും മനുഷ്യജീവിതം എത്ര നിസ്സാരവും ക്ഷണികവുമാണ് എന്ന് ഓരോ കേരളീയനേയും ഓർമിപ്പിച്ചിട്ടുണ്ടാകും. പല കാരണങ്ങൾകൊണ്ടും ലോകത്തിന്റെ അവസ്ഥ കൂടുതൽ സങ്കീർണവും വിഷമകരവുമാകുന്നു എന്നു വേണം കരുതാൻ. ഈ സാഹചര്യത്തിൽ ലോകമെമ്പാടും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചപ്പാടാണ് ‘ആന്റിനേറ്റലിസം.’ സന്തോഷത്തേക്കാൾ ദുഃഖവും ദുരിതവും നിറഞ്ഞതാണ് മനുഷ്യജീവിതമെന്നും മനുഷ്യനായി ജനിക്കാതിരിക്കുന്നതാണ് ജനിക്കുന്നതിനേക്കാൾ ഭേദമെന്നുമുള്ള വീക്ഷണമാണ്, ലളിതമായി പറഞ്ഞാൽ ആന്റിനേറ്റലിസം. മനുഷ്യജന്മത്തോടും ജീവിതാനുഭവത്തോടും ശക്തമായ വിയോജിപ്പുള്ളവരാണ് ആന്റിനേറ്റലിസ്റ്റുകൾ.

ദാർശനിക പെസിമിസത്തിന്റെ (philosophic pessimism) ഒരു വകഭേദമാണ് ആന്റിനേറ്റലിസം. ഒരു തരത്തിൽ നോക്കിയാൽ സഹസ്രാബ്ദങ്ങളിലൂടെ ചരിത്രം ആന്റിനേറ്റലിസ്റ്റ് വീക്ഷണത്തിലേക്ക് പതിയെ കടന്നുവരികയായിരുന്നു എന്നു പറയാം. പാശ്ചാസ്ത ദാർശനിക ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന പെസിമിസ്റ്റ് ഷോപ്പൻഹോവറാണ്. പിന്നീട് ജർമൻ ചിന്തകരായ ജൂലിയസ് ബാൻസെനും ഫിലിപ്പ് മെയിൻലാൻഡറും റൊമേനിയൻ എഴുത്തുകാരൻ എമിൽ സൊറാങ്ങും (Emil Cioran), നോർവീജിയൻ ചിന്തകൻ സാപ്പ്ഫെയും (Peter Zapffe) ഇപ്പോൾ ജീവിച്ചിരിക്കുന്ന ആഫ്രിക്കൻ എഴുത്തുകാരൻ ഡേവിഡ് ബെനറ്റാറും (David Benatar) പെസിമിസ്റ്റ് ദർശനത്തെ അതിന്റെ പൂർണതയിലേക്ക് എത്തിച്ചു. 20-ാം നൂറ്റാണ്ടിൽ അസ്തിത്വചിന്തകരും എഴുത്തുകാരും ജീവിതത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ചും ശൂന്യതാബോധത്തെക്കുറിച്ചും അതിശക്തമായ ഭാഷയിൽ എഴുതി. ഷോപ്പൻഹോവറും കീർക്കെഗാർഡും നീച്ചെയും തുടങ്ങിവെച്ച വിഷാദചിന്തകളെ എക്‌സിസ്റ്റെൻഷ്യൽ എഴുത്തുകാർ അവരുടെ രചനകളിൽ ഭയത്തോടേയും ആധിയോടേയും ആവിഷ്‌കരിച്ചു. മനുഷ്യന്റേയും ഒരു നൂറ്റാണ്ടിന്റേയും ദുരവസ്ഥ കണ്ട് സാമുവൽ ബെക്കറ്റ് ‘വെയ്റ്റിങ്ങ് ഫോർ ഗോദോ’യിൽ ‘the air is full of our cries’ എന്ന് എഴുതിയിട്ടു. സന്ധ്യാനേരത്ത് ആണും പെണ്ണുമല്ലാത്ത ഒരു രൂപം ആധിയുടെ പാരമ്യത്തിൽ കാതടച്ച് നിലവിളിക്കുന്ന എഡ്വേർഡ് മഞ്ചിന്റെ ‘ദ് സ്‌ക്രീം’ എന്ന പെയിന്റിങ്ങ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ബീഭത്സതയെ മാത്രമല്ല, എക്കാലത്തേയും മനുഷ്യാവസ്ഥയെ ഏറ്റവും ശക്തമായി ചിത്രീകരിച്ചു. യൂറോപ്പിൽ പ്രചരിച്ച പെസിമിസത്തിനു ചരിത്രപരവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ പശ്ചാത്തലമുണ്ടായിരുന്നു. ആധുനിക ഭൗതികശാസ്ത്രം പ്രപഞ്ചത്തിന് അന്തർലീനമായി യാതൊരു ലക്ഷ്യവുമില്ലെന്നു വിലയിരുത്തി. ഡാർവിന്റെ പരിണാമസിദ്ധാന്തം മനുഷ്യൻ മറ്റൊരു മൃഗം മാത്രമാണെന്നും തെളിയിച്ചു. വ്യാവസായിക വിപ്ലവത്തിനു ശേഷം ലോകം കൂടുതൽ സങ്കീർണമായി. ജനിമൃതികളോടുള്ള നമ്മുടെ കാഴ്ചപ്പാട് എന്തുമാകട്ടെ, എത്രതന്നെ പ്രസാദാത്മകമാകട്ടെ, ഈ പെസിമിസ്റ്റുകളെ തള്ളിക്കളയുന്നത്, തുറന്ന മനസ്സോടെ ജീവിതാനുഭവത്തെ അന്വേഷിക്കുന്നവർക്ക് യോജിച്ചതല്ല. ഹരവും പ്രഹരവും ആവർത്തിച്ച് വരുന്ന വലിയ പ്രഹേളികയാണ് മനുഷ്യജീവിതം. സന്തോഷിക്കുമ്പോൾ ജീവേച്ഛ കൂടുകയും കൊടിയ ദുഃഖത്തിൽ അതില്ലാതെയാകുകയും ചെയ്യുന്നു. വെറുമൊരു ചെറു റ്റീസ്‌പൂണിൽ കോരിയെടുത്ത കാലമാണ് മനുഷ്യജീവിതം. വിസ്മൃതിയുടെ അന്തമില്ലാക്കയങ്ങളിലേക്ക് ഓരോ മനുഷ്യജന്മവും എക്കാലത്തേക്കുമായി പോയി മറയുന്നു.

മനുഷ്യജീവിതത്തെക്കുറിച്ച് വിഷാദാത്മകമായ ഒരു ദർശനം പ്രധാനപ്പെട്ട എല്ലാ മതങ്ങളിലുമുണ്ട്. ജനിമൃതികളെ മറികടന്ന് നിത്യതയെ പുൽകാനുള്ള ഒരു വെമ്പൽ അവയിൽ കാണാം. 12-14 നൂറ്റാണ്ടുകളിൽ ഇറ്റലിയിലും തെക്കൻ ഫ്രാൻസിലും ജീവിച്ചിരുന്ന കാതർമാർ (cathars) എന്നറിയപ്പെട്ട ക്രിസ്തീയ വിശ്വാസികൾ മനുഷ്യ പ്രത്യുല്പാദനത്തിന് എതിരായിരുന്നു. The Last Messiah എന്ന നീണ്ട ലേഖനത്തിൽ സാപ്‌ഫേ നിരീക്ഷിക്കുന്നപോലെ മനുഷ്യനിൽ ബോധത്തിന്റെ ആധിക്യമാണ് (surplus) ഭീതിദമായ എല്ലാറ്റിന്റേയും മാതാവ്. മനുഷ്യപ്രവൃത്തികൾ മൂലം ഭൂമിക്കും മറ്റു ജീവിവർഗങ്ങൾക്കും ഉണ്ടായിട്ടുള്ള വിപത്തുകളെ കണക്കിലെടുത്ത് നാം ജീവിക്കുന്ന ഈ കാലയളവിനെ ആന്ത്രോപോസീൻ (anthropocene) എന്നു വിളിക്കാറുണ്ട്. പ്രകൃതിയുടെ സൃഷ്ടി-സംഹാര വഴികളെക്കുറിച്ചും മനുഷ്യലോകത്തെക്കുറിച്ചും മനുഷ്യേതര ജീവികളുടെ ലോകത്തെക്കുറിച്ചും ഇത്രമേൽ അറിവ് ലഭിച്ച ഒരുകാലം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. സാങ്കേതികവിദ്യയിലൂടെ സാദ്ധ്യമായ ഇൻഫർമേഷൻ റെവല്യൂഷൻ മനുഷ്യമനസ്സിന് താങ്ങാനാകുന്നതിലും കൂടുതൽ വിവരം നൽകി. എലിയറ്റ് കണ്ടതുപോലെ, ‘humankind can not bear very much reality.’

ഡേവിഡ് ബെനറ്റാർ, തോമസ് ലിഗോട്ടി, പട്രീഷ്യ മക്കൊർമോക്ക്, ഹെർമൻ വെറ്റാർ, തിയോഫിൽ ജിറൗ (Theophile Giraud), ജൂലിയോ കാബ്‌റെറ (Julio Cabrera) അങ്ങനെ ജീവിച്ചിരിക്കുന്നവരിൽ അറിയപ്പെടുന്ന ആന്റിനേറ്റലിസ്റ്റുകളുടെ പട്ടിക നീളുന്നു. ഇവരിൽ പലരും അക്കാദമിക്കുകളാണ്. കുട്ടികൾക്ക് ജന്മം കൊടുക്കുന്നതിനേക്കാൾ ദത്തെടുക്കലാണ് ഭേദം എന്ന് അഭിപ്രായപ്പെടുന്ന ആന്റിനേറ്റലിസ്റ്റുകളുമുണ്ട്. ‘പരമാവധി മനുഷ്യർക്ക് പരമാവധി സന്തോഷം’ എന്നത് യൂറ്റിലിറ്റേറിയൻ തത്ത്വമെങ്കിൽ പരമാവധി മനുഷ്യരിൽ ദുഃഖാനുഭവത്തെ പരമാവധി കുറച്ചെടുക്കുക എന്നതാണ് ‘നെഗറ്റിവ് യൂറ്റിലിറ്റേറിയനിസം.’ ഇതിന്റെ വക്താവാണ് ബ്രസീലിയൻ ചിന്തകനായ ജൂലിയോ കാബറേറ. കുട്ടികളെ ജനിപ്പിക്കുന്നത് കുട്ടികളുടെ ജീവിതത്തിന് മഹനീയമായ മൂല്യമുള്ളതുകൊണ്ടല്ലെന്നും അച്ഛനമ്മമാരുടെ സ്വാർത്ഥത മൂലമാണെന്നും കാബ്‌റെറാ കരുതുന്നു. മനുഷ്യപ്രത്യുല്പാദനത്തെ ഒരു മാനിപുലേഷനായാണ് അയാൾ കാണുന്നത്. പട്രീഷ്യ മക്കൊർമോക്കും ഇതേ അഭിപ്രായക്കാരിയാണ്. ഭൂമിയിൽ മനുഷ്യവംശം ഇല്ലാതെയാകുന്നത് ഭൂമിക്കും മനുഷ്യേതര ജീവിവർഗങ്ങൾക്കും ആവശ്യമാണെന്നും ആ വഴിക്ക് പ്രവർത്തിക്കുന്നത് ധാർമികവും കരുണയുള്ള പ്രവൃത്തിയാണെന്നും പട്രീഷ്യ എഴുതുന്നുണ്ട്. 1991-ൽ അമേരിക്കക്കാരനായ ലെസ് നൈറ്റ് തുടങ്ങിവെച്ച സ്വമേധയായുള്ള മനുഷ്യവംശനാശ പ്രസ്ഥാനവും (Voluntary Human Extinction Movement) മനുഷ്യ പ്രത്യുല്പാദനത്തെ എതിർക്കുന്നുണ്ട്.

2006-ൽ ഡേവിഡ് ബെനാറ്റാർ ‘Better Never To Have Been’ എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ ആന്റിനേറ്റലിസ്റ്റ് വീക്ഷണം ലോകശ്രദ്ധ നേടി. തിയോഫിൽ ജിറൗയും ബെനറ്റാറും ചേർന്നാണ് പ്രോനേറ്റലിസം എന്ന വാക്കിന്റെ വിപരീതമായി ആന്റിനേറ്റലിസം എന്ന പ്രയോഗം പ്രചരിപ്പിച്ചത്. പട്രീഷ്യ മക്കൊർമോക്കിന്റെ Ahuman Manifesto, തോമസ് ലിഗോട്ടിയുടെ The Conspiracy Against The Human Race എടുത്തു പറയേണ്ട ആന്റിനേറ്റലിസ്റ്റ് കൃതികളാണ്. മനുഷ്യന് ഗ്രഹിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഏതൊക്കെയോ ശക്തികൾ ജീവിതത്തെ നയിക്കുന്നതുകൊണ്ട് മനുഷ്യജീവിതം ഒരു പാവക്കൂത്താണ് എന്ന് ഹൊറർ ഫിക്ഷൻ എഴുതുന്ന അമേരിക്കക്കാരനായ തോമസ് ലിഗോട്ടി എഴുതുന്നു. അർത്ഥശൂന്യമായ ഈ പാവക്കൂത്ത് ലിഗോട്ടിയുടെ വാക്കുകളിൽ ‘malignantly useless’ ആണ്. മനുഷ്യജീവിതം അസംബന്ധപൂർണമാകുമ്പോഴാണ് അവൻ സ്വയം അർത്ഥം കണ്ടത്തേണ്ടതും ജീവിതത്തെ സന്തോഷകരമാക്കേണ്ടതും എന്ന ആൽബേർ കീമുവിന്റെ വീക്ഷണത്തോട് ലിഗോട്ടി യോജിക്കുന്നില്ല. ഇത്തരം വീക്ഷണം വിഷാദമനഃസ്ഥിതിയുടേയോ മൂകമായ മനോഭാവത്തിന്റേയോ സന്തതിയാകാം എന്നും ലിഗോട്ടി കുറിക്കുന്നുണ്ട്. ജർമൻ ചിന്തകൻ ഫിലിപ്പ് മെയിൻലാൻഡർ 34-ാമത്തെ വയസ്സിൽ തൂങ്ങിമരിച്ചു. അയാളുടെ മുത്തച്ഛനും ഇളയ സഹോദരിയും ജീവനൊടുക്കുകയാണ് ഉണ്ടായത്. ലിഗോട്ടി ബൈപോളാർ രോഗിയാണ്. എല്ലാ പെസിമിസ്റ്റുകളും ആന്റിനേറ്റലിസ്റ്റുകളും വിഷാദാവസ്ഥയ്ക്ക് അടിപ്പെട്ടവരോ മാനസികരോഗികളോ ആണ് എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തെക്കൻ ആഫ്രിക്കയിലെ കേപ്പ് ടൗൺ സർവകലാശാലയിൽ ഫിലോസഫി പ്രൊഫസറാണ് ബെനറ്റാർ. കൂട്ടുകാരിയോടൊപ്പം ജീവിക്കുന്ന നിരീശ്വരവാദിയായ ബെനറ്റാർ സാമാന്യം സന്തോഷത്തോടെ ജീവിക്കുന്നയാളാണ് എന്ന് അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്.

ഡേവിഡ് ബെനറ്റാർ

ബെനറ്റാറിന്റെ രണ്ടു പുസ്തകങ്ങൾ (Better Never To Have Been, The Human Predicament) ജന്മവിരുദ്ധതയുടെ കാഴ്ചപ്പാട് യുക്തിഭദ്രമായും അതിശക്തമായും അവതരിപ്പിക്കുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ആന്റിനേറ്റലിസ്റ്റ് ഗ്രൂപ്പുകൾ ഇന്ന് സജീവമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ പ്രതിമ നായിക്ക് തുടങ്ങിവെച്ച ‘ചൈൽഡ് ഫ്രീ മൂവ്‌മെന്റ്’ ഏറെ അറിയപ്പെട്ടുകഴിഞ്ഞു. കൂടാതെ പല ഇന്ത്യൻ നഗരങ്ങളിലും (മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്) ആന്റിനേറ്റലിസ്റ്റ് ആക്ടിവിസ്റ്റുകളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ (ഫേസ്ബുക്ക്, യൂട്യൂബ്) ഇവർ അവരുടെ സാന്നിധ്യം അറിയിക്കുന്നുമുണ്ട്. റെഡിറ്റ് ഫോറത്തിൽ മാത്രം (r/Reditt) ഏതാണ്ട് 2,30,000 ആന്റിനേറ്റലിസ്റ്റ് അനുയായികളുണ്ട്. കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിവരുന്നു. കേരളത്തിൽപോലും അത്തരക്കാരുണ്ട്.

മനുഷ്യജീവിയിൽ അടിസ്ഥാനപരമായി ഒരു ദോഷമുണ്ടെന്നും (defect) മറ്റു മനുഷ്യർക്കും മനുഷ്യേതര ജീവികൾക്കും ദുരിതവും മരണവും കൊടുക്കുന്ന ഒരു ജീവിയാണ് മനുഷ്യനെന്നും മറ്റൊരു ജീവിവർഗം ഇതുപോലെയായിരുന്നുവെങ്കിൽ അതിന്റെ വംശനാശം മനുഷ്യൻ ആഗ്രഹിക്കുമായിരുന്നുവെന്നും ബെനറ്റാർ എഴുതുന്നുണ്ട്. മനുഷ്യജീവിതത്തിൽ ദുഃഖത്തിന്റേയും സന്തോഷത്തിന്റേയും അസമമിതിയുണ്ട് (asymmetry). സന്തോഷത്തേക്കാൾ ദുഃഖമാണ് വർദ്ധിച്ചു നിൽക്കുന്നത് എന്ന് ബെനറ്റാർ ചൂണ്ടിക്കാണിക്കുന്നു. ‘ജീവിതം നല്ലതാണ്’ എന്ന് വരുത്തിത്തീർക്കാനുള്ള ഒരു ചായ്‌വ് (optimism bias) മനുഷ്യനിൽ ഉള്ളതുകൊണ്ട് ‘ജനിക്കാതിരിക്കുന്നതാണ് ജനിക്കുന്നതിനേക്കാൾ ഭേദം’ എന്ന് എത്ര കൃത്യമായും വ്യക്തമായും തെളിയിച്ചാലും മനുഷ്യർ ആ വീക്ഷണത്തെ തള്ളിക്കളയും എന്നും ബെനറ്റാർ നിരീക്ഷിക്കുന്നു.

ബെനറ്റാറിന്റെ വീക്ഷണത്തിനു പല തലങ്ങളുണ്ട്. വൈയക്തികം, സാമൂഹ്യം, പ്രാപഞ്ചികം. തന്റെ ജീവിതത്തിന് അർത്ഥമുണ്ടെന്ന് ഒരു മനുഷ്യന് വൈയക്തികതലത്തിൽ (perosnal/subjective) തോന്നിയെന്നിരിക്കാം. അല്ലെങ്കിൽ കുടുംബത്തിന്റേയോ താൻ ജീവിക്കുന്ന സമൂഹത്തിന്റേയോ പശ്ചാത്തലത്തിൽ അർത്ഥമുണ്ടെന്ന് തോന്നാം. മറിച്ചുനോക്കിയാൽ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിനോ പ്രവൃത്തികൾക്കോ അർത്ഥമോ പ്രാധാന്യമോ ഇല്ലെന്നു തോന്നാം. എങ്കിലും മറ്റൊരാൾക്ക് അതിൽ അർത്ഥം കണ്ടെത്താൻ കഴിയും. അർത്ഥം എന്നത് ലളിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. തന്റെ ജീവിതത്തിനും എഴുതിയ കൃതികൾക്കും കാഫ്ക ജീവിച്ചിരിക്കുമ്പോൾ യാതൊരു പ്രാധാന്യവും നൽകിയില്ല. താൻ മരിച്ചുപോകുമ്പോൾ പ്രസിദ്ധീകരിക്കാതെ വെച്ചിരിക്കുന്ന മാനുസ്‌ക്രിപ്റ്റുകൾ കത്തിച്ചുകളയണം എന്ന് കാഫ്ക സുഹൃത്തായ മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടു. കാഫ്കയുടെ മാനുസ്‌ക്രിപ്റ്റുകൾ പരിശോധിച്ച ബ്രോഡ് അവയിൽ വലിയ മൂല്യം കണ്ടെത്തുകയും പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കാഫ്കയ്ക്ക് സബ്‌ജക്ടീവായി തോന്നിയ പ്രാധാന്യക്കുറവ് ബ്രോഡിന്റെ കാഴ്ചയിൽ പ്രാധാന്യമുള്ളതായി മാറി. ബ്രോഡിന് അങ്ങനെ ബോധ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ കാഫ്ക എന്ന വലിയ എഴുത്തുകാരനെ ലോകം അറിയില്ലായിരുന്നു. യാഥാർത്ഥ്യത്തേയും അർത്ഥത്തേയും മൂല്യങ്ങളേയും അപ്പാടെ തിരസ്കരിക്കുന്ന ഒരു ശൂന്യതാവാദിയല്ല (nihilist) ബെനറ്റാർ. അർത്ഥമുള്ളതുകൊണ്ട് ജീവിതത്തിനു പ്രസക്തിയുണ്ടാകണമെന്നില്ല. ബെനറ്റാർ ചോദ്യം ചെയ്യുന്നത് അർത്ഥത്തെയല്ല, മനുഷ്യജീവിതത്തിന്റെ പ്രസക്തിയെയാണ് (significance). പ്രാപഞ്ചികതലത്തിൽനിന്നു നോക്കുമ്പോൾ മനുഷ്യജീവിതത്തിന് യാതൊരു അർത്ഥവുമില്ല, ഒരു പ്രസക്തിയുമില്ല. മനുഷ്യന് അവന്റെ ബന്ധങ്ങളിലൂടെ അർത്ഥം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പക്ഷേ, ഈ അർത്ഥം അവന്റെ മരണത്തോടെ ഇല്ലാതെയാകുന്നു. Civilization and Its Discontents എന്ന പ്രധാനപ്പെട്ട കൃതിയിൽ ഫ്രോയ്ഡ് ഏതാണ്ട് ഇതേ ആശയം വിശദീകരിക്കുന്നുണ്ട്. സംസ്കാരത്തിന്റെ അടിച്ചമർത്തൽ മൂലം മനുഷ്യർ മൂന്നു രീതിയിൽ അതൃപ്തരാകുന്നു. അവനവനിൽ നിന്നുള്ള അതൃപ്തിയും മനുഷ്യബന്ധങ്ങളുടെ ലോകത്തിൽനിന്നുള്ള അതൃപ്തിയും ഒപ്പം പ്രകൃതിയുടെ ഭാഗമായി നിലനിൽക്കുന്നത് മൂലമുള്ള അതൃപ്തിയും മനുഷ്യർക്ക് അനുഭവിക്കേണ്ടിവരുന്നു. ഹൈന്ദവദർശനത്തിലെ താപത്രയത്തിൽ സൂചിപ്പിക്കുന്ന ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന ദുഃഖവഴികളെ ഫ്രോയ്ഡ് തന്റേതായ രീതിയിൽ സമർത്ഥിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.

പെസിമിസ്റ്റിന് ജീവിതം ഭയജനകമാണ്. സാദ്ധ്യമായ ലോകങ്ങളിൽവെച്ച് ഏറ്റവും നല്ല ലോകത്തിൽ മനുഷ്യർ ജീവിക്കുന്നു എന്ന് ഓപ്റ്റിമിസ്റ്റ് കരുതുമ്പോൾ അത് ശരിയാണ് എന്നതിൽ പെസിമിസ്റ്റ് ഭയക്കുന്നു. പെസിമിസ്റ്റിന്റെ കാഴ്ചപ്പാടാണ് യാഥാർത്ഥ്യവുമായി കൂടുതൽ പൊരുത്തപ്പെട്ടു നിൽക്കുന്നത് എന്ന അഭിപ്രായക്കാരനാണ് ബെനറ്റാർ. മഹത്തായ യാതൊരു നിഗൂഢതയുമില്ലെന്നും ഉള്ളത് ഭീകരതയുടെ ആധിക്യമാണെന്നും ബെനറ്റാർ പറയുന്നുണ്ട് (The Human Predicament, page 7). ഈ ഭീകരത മനുഷ്യവർഗത്തോടൊപ്പം മറ്റെല്ലാ ജീവിവർഗങ്ങളും പങ്കിടുന്നു.

ബെനറ്റാർ മുന്നോട്ടുവെക്കുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 1000 വർഷത്തിൽ ഏതാണ്ട് ഒന്നരക്കോടി മനുഷ്യർ പ്രകൃതിദുരന്തങ്ങളിലൂടെ മരണപ്പെട്ടിട്ടുണ്ട്. എല്ലാ വർഷവും 20,000 മനുഷ്യർ പട്ടിണി മൂലം മരിക്കുന്നു. 84 കോടി മനുഷ്യർ വിശപ്പിലും പോഷകാഹാര കുറവിലും ജീവിക്കുന്നു. ഓരോ വർഷവും ഏതാണ്ട് എട്ടു ലക്ഷം മനുഷ്യർ ആത്മഹത്യ ചെയ്യുന്നു (ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ). ഓരോ കുട്ടി ജനിക്കുമ്പോഴും അതിനു മരണം കൂടി കൊടുക്കപ്പെടുന്നു. മാത്രമല്ല, മരണമുണ്ട് എന്ന ആധിയും പേറി ഒരു ജീവിതകാലം മുഴുവൻ ജീവിക്കേണ്ടിവരുന്ന ഏകജീവി മനുഷ്യനാണ്. മരണവും ആത്മഹത്യയും അഭിലഷണീയമാണെന്ന് ബെനറ്റാർ കരുതുന്നില്ല. മരണം, ഭാവി അനുഭവങ്ങളെ, അവ നല്ലതായാലും അല്ലെങ്കിലും ഇല്ലാതെയാക്കുന്നു. ഒട്ടു മിക്കവർക്കും മരണം വേദനാജനകവുമാണ്. അതുകൊണ്ട് ബെനറ്റാർ ‘പ്രോമോർട്ടലിസ്റ്റ്’ അല്ല. വേദനയും ദുഃഖവും തരുന്ന അവസ്ഥകളിലും മനുഷ്യർ ജീവിതം നിലനിർത്താൻ ആഗ്രഹിക്കുന്നു. അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലർ ജീവനൊടുക്കിയില്ല. ഹിറ്റ്‌ലറിന്റെ കോൺസെൻട്രേഷൻ കാമ്പുകളിൽ വിവരിക്കാൻ കഴിയാത്ത പീഡനങ്ങൾ അനുഭവിച്ചവർ, അച്ഛനേയും അമ്മയേയും കൂടപ്പിറപ്പുകളേയും നഷ്ടപ്പെട്ടവർ (ഈലീ വൈസലിനേയും വിക്ടർ ഫ്രാങ്കലിനേയും ഇവിടെയോർക്കാം) ആത്മഹത്യയ്ക്ക് മുതിർന്നില്ല. ബെനറ്റാറിന് ഇതറിയാം. ഏതു പ്രതികൂല അവസ്ഥയോടും സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവ് പരിണാമവഴിയിൽ മനുഷ്യനു ലഭിച്ചിട്ടുണ്ടെന്നും ‘അഡാപ്‌റ്റേഷ’നുള്ള ഈ കഴിവാണ് മനുഷ്യവംശത്തെ നിലനിർത്തിക്കൊണ്ട് പോകുന്നത് എന്നും ബെനറ്റാർ കാണുന്നുണ്ട്. ഇത്തരം ഡിഫെൻസുകൾ മനുഷ്യർക്കുള്ളതുകൊണ്ടും ഒരിക്കലും ജനസമ്മതി കിട്ടാത്ത ഒരു കാഴ്ചപ്പാടായി ആന്റിനേറ്റലിസം തുടരുമെന്നുള്ളതുകൊണ്ടും ഈ വിഷാദവീക്ഷണം സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ തെറ്റില്ല എന്നാണ് ബെനറ്റാറിന്റെ നിഗമനം.

നോർവീജിയൻ എഴുത്തുകാരനായ പീറ്റർ സാപ്‌ഫെയുടെ ‘അവസാനത്തെ മിശിഹാ’ (The Last Messiah) എന്ന ഏതാണ്ട് പത്തു പേജുകളിൽ എഴുതപ്പെട്ട ഒരു ലേഖനം ഈ നൂറ്റാണ്ടിലെ എല്ലാ ആന്റിനേറ്റലിസ്റ്റുകൾക്കും പ്രചോദനമായിട്ടുണ്ട്. കോടി വർഷങ്ങളോളം ഭൂമി തരിശിടമായി കിടന്നു. പിന്നീട് ജീവന്റെ ആദ്യ സ്പന്ദനമുണ്ടായി. കോടി വർഷങ്ങളോളം ജീവിവർഗങ്ങൾ പരിണമിച്ചു. പിന്നീട് ബോധമുള്ള മനുഷ്യനുണ്ടായി. ബോധവും സ്വബോധവും (self-consciousness) ഉണ്ടായതോടെ മനുഷ്യൻ തീരാദുഃഖത്തിലേക്കും മരണത്തിന്റെ ഭീതിദമായ തിരിച്ചറിവിലേക്കും നീങ്ങി. ബോധത്തിന്റെ ആധിക്യമാണ് മനുഷ്യജീവിയെ ആധിയിലേക്കും അന്തമില്ലാഭയത്തിലേക്കും തള്ളിയിടുന്നത്. ഈ അമിതബോധം പ്രകൃത്യായുള്ള ജീവന്റെ ഐക്യത്തിൽനിന്നുള്ള ഒരു വ്യതിചലനമാണ്, ബയോളജിക്കലായുള്ള ഒരു പാരഡോക്സാണ്, അസംബന്ധമാണ്, കഠോരതയാണ്, വിനാശകരമായ സ്വഭാവമുള്ള ഒരു ആധിക്യമാണ് എന്ന് സാപ്‌ഫെ നിരീക്ഷിക്കുന്നു. “Life had overshot its target, blowing itself apart. A species had been armed too heavily by spirit made almighty without, but equally a menace to its own well-being” എന്നും സാപ്‌ഫെ കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ബോധഭാരത്തെ ലഘൂകരിക്കാനുള്ള അടവുകളും തന്ത്രങ്ങളും മനുഷ്യർ മെനഞ്ഞെടുക്കുന്നു. ‘ജീവിതം കൊള്ളാം’ അല്ലെങ്കിൽ ‘ജീവിതം നല്ലതാണ്’ എന്ന് മനുഷ്യർക്ക് സ്വയം ബോധിപ്പിച്ചേ മതിയാകൂ. ‘ദ് ഡിനയൽ ഓഫ് ഡെത്തി’ൽ ഇത്തരം നിരാകരണ വഴികളെ ഏണസ്റ്റ് ബെക്കർ ആഴത്തിൽ പരിശോധിക്കുന്നുണ്ട്. ഓപ്റ്റിമിസം ബയസും അഡാപ്‌റ്റേഷനുള്ള കഴിവും യാഥാർത്ഥ്യത്തെ നിരാകരിക്കാനുള്ള തന്ത്രങ്ങളും അസ്തിത്വപരമായ വേദനസംഹാരികളാണ് (existential analgesic).

കലയും സാഹിത്യവും മനുഷ്യനെ ആവേശം കൊള്ളിക്കുകയും സമൂഹത്തിന് കെട്ടുറപ്പുണ്ടാക്കുകയും ചെയ്യുമ്പോഴാണ് സംസ്കാരത്തിന് പ്രസക്തിയുണ്ടാകുന്നത്. ആന്റിനേറ്റലിസ്റ്റ് ആശയങ്ങൾക്കു ലഭിക്കുന്ന പ്രചാരം സൂചിപ്പിക്കുന്നത് നിലവിലുള്ള സംസ്കാരത്തിന്റെ പരാജയത്തെയാണ്. ഉപഭോഗം മാത്രമാണ് അർത്ഥമെന്നും പ്രസക്തമായിട്ടുള്ളത് സ്ഥാനം (status) മാത്രമാണെന്നും ജീവിതത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത് കമ്പോള ഘടകങ്ങളാണ് എന്നും കാണുന്ന ഒരു സംസ്കാരം അപകടകരവും നിരാകരിക്കപ്പെടേണ്ടതുമാണ്. നമ്മളെ വിലമതിക്കാതെ ജീവിക്കുമ്പോൾ, മറ്റുള്ളവർ നമ്മെ വിലമതിക്കുന്നില്ല എന്നു തോന്നുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് വിഷാദം. ഇത്തരം വിഷാദവും ഒറ്റപ്പെടലിന്റെ അനുഭവവും ലോകത്തിൽ പകർച്ചവ്യാധിയായിക്കഴിഞ്ഞു. ബെക്കെറ്റിനെ വീണ്ടും ഓർത്തു പോകുന്നു. മനുഷ്യന്റെ നിസ്സഹായതയേയും ദുഃഖാവസ്ഥയേയും വെറും രണ്ട് വാക്യങ്ങളിൽ, ദീർഘദൃഷ്ടിയോടെ, അയാൾ കുറിച്ചിട്ടു: “You’re on earth. There’s no cure for it.”

അറിവിന്റെ അവസ്ഥ അർത്ഥത്തിന്റേയും അവസ്ഥ കൂടിയായി മാറേണ്ടിയിരിക്കുന്നു.

ചില ആന്റിനേറ്റലിസ്റ്റുകളിൽ വികാരവിക്ഷോഭവും കാട് കയറുന്ന ചിന്തയും കാണാം. മനുഷ്യജീവിതത്തെ ഗൗരവമായി കാണാതെ അതിനെ നിസ്സാരവൽക്കരിച്ചും തുച്ഛവൽക്കരിച്ചും മാനസിക ഉദാസീനതയിലും പാതി ഉറക്കത്തിലും ജീവിക്കുന്നതിന് എതിരെയുള്ള ശക്തമായ ഒരു ഷോക്ക് തെറാപ്പിയായി ആന്റിനേറ്റലിസ്റ്റ് വീക്ഷണത്തെ അടയാളപ്പെടുത്താം. പ്രത്യുല്പാദനത്വര അതിശക്തമായതുകൊണ്ട് ജന്മ/പ്രത്യുല്പാദന വിരുദ്ധത ഒരിക്കലും ഭൂരിപക്ഷ കാഴ്ചപ്പാടാകും എന്ന് ആന്റിനേറ്റലിസ്റ്റുകൾ കരുതുന്നില്ല. എങ്കിലും മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യത്തെ ആന്റിനേറ്റലിസം കൃത്യമായി ഒപ്പിയെടുക്കുന്നു എന്ന് അവർ സമർത്ഥിക്കുന്നു.

പ്രത്യുല്പാദനത്തിലൂടെ ജീവിവർഗങ്ങളെ നിലനിർത്തുന്നത് പ്രകൃതിയുടെ വഴിയായിരിക്കെ പ്രത്യുല്പാദന വിരുദ്ധത പ്രകൃതിവിരുദ്ധമാണെന്നു പറയാം. പ്രകൃതിതന്നെ മനുഷ്യനെ പ്രകൃതിവിരുദ്ധതയിലേക്ക് കൊണ്ടെത്തിക്കുന്നു എന്നത് ഒരു പ്രഹേളികയാണ്. മാനസികമായി മാറ്റം വരുത്തിക്കൊണ്ട് സുഖദുഃഖങ്ങളെ സമീപിക്കാൻ മനുഷ്യനു സാധിക്കുന്നുണ്ട്. ബോധത്തെ വിസ്തൃതമാക്കാനും അതിന്റെ വിദൂരസ്ഥലികളിലേക്ക് യാത്ര ചെയ്യുവാനും മനുഷ്യനു കഴിയുന്നുണ്ട്. സ്നേഹവും നന്മയും സൗന്ദര്യാനുഭവവും മനുഷ്യനിലുണ്ട്. ഒപ്പം ആനന്ദാതിരേകവും. ഒരു താഴ്വാരത്തിന്റെ ആഴങ്ങളിലേക്ക് പൊടുന്നനെ വീഴുന്ന പക്ഷിയെപ്പോലെ മനുഷ്യമനസ്സും പ്രശാന്തതയുടെ ആഴങ്ങളിലേക്ക് വീഴാറുണ്ട്. ഇവയെയൊക്കെ ഒഴിവാക്കി ചിന്തിക്കുമ്പോൾ മാത്രമേ പെസിമിസത്തിന്റെ തീക്ഷ്ണത കൂടുന്നുള്ളു. ആന്റിനേറ്റലിസം പലപ്പോഴും ഏകമാനവും അമിത സാമാന്യവൽക്കരണവുമാണ്. അതിൽ എവിടെയൊക്കെയോ ഭാഗികമായെങ്കിലും ചില പാകപിഴകളുണ്ട്. ആന്റിനേറ്റലിസംപോലെയൊരു ദുരന്തവീക്ഷണം ലോകത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യവംശം എത്തിനിൽക്കുന്ന ദാരുണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

------

ജൈനദർശനത്തിലെ അനേകാന്തവാദം ചൂണ്ടിക്കാണിക്കുന്നപോലെ മനുഷ്യന്റെ എല്ലാ കാഴ്ചപ്പാടുകളും ഭാഗികമായി ശരിയാണ്, ഭാഗികമായി തെറ്റും. ആനയെ തൊട്ടുനോക്കുന്ന അഞ്ച് അന്ധന്മാർക്കും അതിനെക്കുറിച്ച് പറയാനുള്ളത് ഭാഗികമായി മാത്രം ശരിയാകുന്നു. യാഥാർത്ഥ്യത്തെ അതിന്റെ നിജാവസ്ഥയിൽ സമഗ്രമായി, പരിമിതനായ മനുഷ്യന് അറിയാനാകില്ല. ഈ പരിമിതിയെ വേണ്ടവിധം ആന്റിനേറ്റലിസ്റ്റുകൾ പരിഗണിക്കുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

കോഹ്‌ലിയുടെ 'കിക്ലി' ഡാന്‍സ് വൈറല്‍! കിരീട നേട്ടം ആഘോഷിച്ച് മതിവരാതെ സൂപ്പര്‍ താരം (വിഡിയോ)

'കാറില്‍ നിന്ന് കീ എടുക്കാന്‍ മറക്കല്ലേ..', യുഎഇയില്‍ വാഹനമോഷണം കൂടി, പൊലീസ് മുന്നറിയിപ്പ്

'എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ വരട്ടെ'; അമ്മ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മാല പാര്‍വതി

'അന്ന് നികുതി ഭീകരത, ഇന്ന് മണ്ടത്തരം!'; ഇന്ധനനികുതിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുമാറ്റം സൈബർ ലോകത്ത് ചർച്ചയാകുന്നു

SCROLL FOR NEXT