

ദുബൈ: റിസര്‍വ് ബാങ്ക് അനുവദിച്ച പ്രത്യേക ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കൂടുതല്‍ പണം അയച്ച് പ്രവാസികള്‍. ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) അഥവാ എഫ്‌സിഎന്‍ആര്‍ (ബി) വഴി ഉള്‍പ്പെടെ വെറും 39 ദിവസംകൊണ്ട് 20.72 ബില്യന്‍ ഡോളര്‍ (ഏകദേശം 2 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 5ന് ആണ് റിസര്‍വ് ബാങ്ക് എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപച്ചട്ടത്തില്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. പ്രവാസികള്‍ക്ക് വിദേശ കറന്‍സിയില്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന സൗകര്യമാണ് എഫ്‌സിഎന്‍ആര്‍ (ബി) അക്കൗണ്ട്. ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ബാങ്കുകള്‍ നേരിടുന്ന 'ബാധ്യത' സെപ്റ്റംബര്‍ 30വരെ റിസര്‍വ് ബാങ്ക് വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഫലത്തില്‍, ബാങ്കുകള്‍ക്ക് കിട്ടുന്ന ഈ ആശ്വാസം പ്രവാസി നിക്ഷേപകരിലേക്ക് എത്തും.
എഫ്‌സിഎന്‍ആര്‍ (ബി) പലിശനിരക്ക് നിലവിലെ 3-4.5 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തോളമായാണ് ഉയര്‍ന്നത്. ജൂണ്‍ 8നാണ് ഇളവ് പ്രാബല്യത്തിലായത്. എഫ്‌സിഎന്‍ആര്‍ (ബി) വഴി ജൂണ്‍ 8 മുതല്‍ ജൂലൈ 17 വരെയായി മാത്രം 17.41 ബില്യന്‍ ഡോളര്‍ (1.65 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തിയെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.
സെപ്റ്റംബര്‍ 30നകം എഫ്‌സിഎന്‍ആര്‍ (ബി), എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിങ് (ഇസിബി), ഓവര്‍സീസ് ഫോറിന്‍ കറന്‍സി ബോറോവിഹ് (ഒഎഫ്‌സിബി) എന്നിവവഴി 80 ബില്യന്‍ (7.6 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. എഫ്‌സിഎന്‍ആര്‍ (ബി) വഴിമാത്രം 50-60 ബില്യന്‍ ഡോളര്‍ (ഏതാണ്ട് 5.7 ലക്ഷം കോടി രൂപവരെ) പ്രതീക്ഷിക്കുന്നു.
എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ നേട്ടം
വിദേശ കറന്‍സിയിലാണ് തുക നിക്ഷേപിക്കുന്നതുകൊണ്ട് തന്നെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശയടക്കം വിദേശ കറന്‍സിയില്‍ തന്നെ തുക തിരികെ ലഭിക്കും. അതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച നിങ്ങളുടെ നേട്ടത്തെ ബാധിക്കില്ല.
മാത്രമല്ല എഫ്‌സിഎന്‍ആര്‍ നിക്ഷേപത്തിലെ പലിശ വരുമാനം ഇന്ത്യയില്‍ നികുതി വിധേയമല്ല. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപിച്ച തുകയും പലിശയും മുഴുവനായും തടസ്സമില്ലാതെ വിദേശത്തേക്കു തന്നെ കൊണ്ടുപോകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates