Articles

അങ്ങാടിക്കുരുവികളുടെ വലുപ്പം മാത്രമുള്ളൊരു അയോറ

സി. റഹിം

കേരളത്തിലെവിടെയും സാധാരണ കണ്ടുവരുന്നൊരു പക്ഷിയാണ് അയോറ. എന്നാൽ, പച്ചില പടർപ്പുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഇവയെ എല്ലാവരും ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. ഈ പക്ഷിയെ പരിചയപ്പെട്ടിട്ടില്ലാത്തവർപോലും ഇവയുടെ പലതരത്തിലുള്ള ശബ്ദം കേട്ടിരിക്കുമെന്നെനിക്കുറപ്പുണ്ട്. അയോറയെന്നത് ഇവയുടെ ഇംഗ്ലീഷ് പേരാണ്. കോമൺ അയോറ (COMMONIORA) എന്നാണിവ അറിയപ്പെടുന്നത്. Aegihina tiphia എന്നു ശാസ്ത്രനാമം.

മലയാളത്തിലവയ്ക്ക് പേരുള്ളതായെനിക്കറിയില്ല. ചാടില്ല്യേ...? ചാടി... എന്നിങ്ങനെ ഒച്ചയുണ്ടാക്കുന്ന ഈ പക്ഷിയെ നമുക്കു ചാടിപ്പക്ഷിയെന്നു വിളിക്കാം. വീ...റ്റിയൂ... വീ...റ്റിയൂ എന്നിങ്ങനെ കരയുന്നതുകൊണ്ട് വിറ്റിയൂ പക്ഷിയെന്നും വിളിക്കാവുന്നതാണ്. അയോറയെന്ന പേരിനെക്കാൾ ഈ രണ്ടു പേരുകളാണ് മലയാളിത്തമുള്ളതും ഓർത്തുവയ്ക്കാനും നല്ലതെന്നാണെന്റെ പക്ഷം. ജനുവരി മുതൽ ജൂലൈവരെയാണ് ഇവയുടെ പലതരത്തിലുള്ള ശബ്ദം കേരളത്തിൽ കൂടുതലായി മുഴങ്ങുന്നത്. കേൾക്കാനിമ്പമുള്ള പാട്ടാണിവയുടേത്. മൂർച്ചയുള്ള ശബ്ദമായതിനാൽ മറ്റു പക്ഷികളുടെ ശബ്ദത്തെയിവ കവച്ചുവയ്ക്കും. തണൽവിരിച്ചു നിൽക്കുന്ന മരങ്ങളിൽനിന്നാണിവയുടെ ശബ്ദം ഉയർന്നു കേൾക്കുക. മാവ്, പുളി, വേപ്പ്, തുടങ്ങിയ മരങ്ങളോടാണ് ഇവയ്ക്ക് പ്രിയം കൂടുതല്‍.

അങ്ങാടിക്കുരുവികളുടെ വലുപ്പം മാത്രമുള്ളൊരു ചെറുപക്ഷിയാണിവ. ആൺപക്ഷിയേയും പെൺപക്ഷിയേയും നിറംകൊണ്ട് മുട്ടയിടുന്ന കാലത്ത് തിരിച്ചറിയാം. ആൺപക്ഷിയുടെ മുകൾഭാഗമെല്ലാം കറുപ്പാണ്. അടിഭാഗം മഞ്ഞ. പൂട്ടിയ ചിറകുകളിൽ രണ്ടു വെള്ള പട്ടകളുണ്ടായിരിക്കും. പക്ഷി ചിറക് വിടർത്തുമ്പോൾ വാലിനു മീതെ തൂവെള്ളയായ അരപ്പട്ട തെളിഞ്ഞുവരും. പിടപക്ഷിക്ക് മുകൾഭാഗം ഇളംപച്ചയാണ്.

പലതരത്തിൽ ശബ്ദിക്കുന്ന ഈ പക്ഷിയുടെ ഷൂവി ഷൂവിയെന്ന വിളിയാവും പലരും കൂടുതലായി കേട്ടിരിക്കുക. ഷൂ...വെന്നു നീട്ടിപാടിയശേഷം വീ...യെന്നു പാടുകയാണ് പതിവ്. ഷൂ എന്ന വിളി കാൽ മിനിറ്റ് വരെയെങ്കിലും നീണ്ടുനിൽക്കുമെങ്കിൽ വീ... എന്ന ശബ്ദം അതിന്റെ പകുതിനേരമേയുണ്ടാകുകയുള്ളൂ. വിറ്റിയു വെന്ന പാട്ടും പ്രത്യേകതയുള്ളതാണ്. വീ എന്ന ശബ്ദം ആരോഹണമായി ഉയർന്ന് റ്റിയൂ വിൽ ലയിച്ച് നീണ്ടുപോയി നിശ്ശബ്ദതയിൽ ലയിക്കും. നല്ല സംഗീതസാധനയുള്ള പക്ഷിയാണിവയെന്നു തോന്നാം.

“വീറ്റു ശബ്ദത്തിനു പുറമെ വേറെ പലതും അയോറ മാറ്റിമാറ്റി പ്രയോഗിക്കാറുണ്ട്.” തോറ്റോ “ടീറ്റോ?” എന്നൊരു ചോദ്യം ഇരതേടി നടക്കുമ്പോൾ ഇടയ്ക്കിടെ കേൾക്കാം. “വീർർർർ” എന്നോരു പരുപരുപ്പൻ ചീറ്റൽ കേട്ടാൽ അതു പക്ഷിയുടെ ദേഷ്യത്തേയോ വെറുപ്പിനേയോ സൂചിപ്പിക്കുകയാണെന്നു നമുക്കു തോന്നാമെങ്കിലും വാസ്തവമതല്ല. സന്തുഷ്ടനായ പൂച്ചയുടെ മുരളൽപോലെയാണ് ഈ ശബ്ദവുമെന്നു തോന്നുന്നു. പലപ്പോഴും വീണ്ടും വീണ്ടും ആവർത്തിക്കാറുള്ള മറ്റൊരു ശബ്ദം ഡാ ഡീ... ഡീ... എന്നതാണ്. വടക്കേ ഇന്ത്യയിൽ ഈ പക്ഷിയെ ഷൗബീഗി എന്നു വിളിക്കുന്നതിനു കാരണം ഈ ശബ്ദമാണ്. എന്നാൽ, ഈ പക്ഷിയുടെ ചൂളംവിളിയെ വിവരിക്കുവാൻ ഡാഡീഡീ, ഷൗബീഗി എന്നീ പദത്തെക്കാൾ ഔചിത്യമേറിയത് ചാടീല്യേ? എന്നതാണ്. പക്ഷിയുടെ ശബ്ദത്തിന് ഒരു ചോദ്യത്തിന്റെ ധ്വനിയുണ്ട്. മാത്രമല്ല, “ചാടീല്യേ?” എന്നതിനു പിറകെത്തന്നെ മിക്കസമയത്തും ചാ...ടീ എന്നൊരു ഉത്തരവും കേൾക്കാം.

‘വീർർർ’ എന്ന ചീറലും ‘ചാടില്യെ... ചാടി’ എന്ന ചോദ്യോത്തരങ്ങളും മിക്ക കാലങ്ങളിലും രാവിലെ കേൾക്കാവുന്നതാണ്. പക്ഷേ, ‘വീ... റ്റിയൂ...’ എന്ന ചൂളംവിളി പക്ഷിയുടെ സന്താനോല്പാദന കാലത്തു മാത്രമാണ് കേൾക്കുക എന്നു തോന്നുന്നു. അക്കാലത്ത് പകൽ മുഴുവനും ഈ ചൂളം വിളി തുടരെത്തുടരെ പല ഭാഗത്തുനിന്നും കേൾക്കാം” (കേരളത്തിലെ പക്ഷികൾ).

കൂടുകെട്ടുന്ന കാലത്ത് മനോഹരമായി നൃത്തമാടുന്ന പക്ഷികൂടിയാണിവ. മറ്റു പക്ഷികളിൽനിന്നു വ്യത്യസ്തമായി തനതായ ശൈലി സ്വയംവര കാലത്ത് ഇവയ്ക്കുണ്ട്. ആരെയും അതിശയിപ്പിക്കുന്ന മെയ് അഭ്യാസപ്രകടനങ്ങൾ ഇക്കാലത്തവ കാഴ്ചവയ്ക്കും. വീർർർ എന്ന പോർവിളിയോടെ ചിറകുകൾ തൂക്കിയിട്ട് വാലിനുമീതെയുള്ള ഇളംമഞ്ഞപ്പട്ടയിലെ തൂവലുകളെ ഉയർത്തി ശരീരത്തെ സർക്കസുകാർ ചെയ്യുമ്പോലെ പന്തുപരുവത്തിലാക്കി വയ്ക്കും. മരത്തിന്റെ ഉച്ചിയിൽ കയറിയാണ് ഈ അഭ്യാസപ്രകടനങ്ങൾ ഇവ കാഴ്ചവയ്ക്കുന്നത്. ഇണക്കു മുന്‍പിൽ തന്റെ കഴിവുകളെല്ലാം പുറത്തെടുത്ത് കാട്ടുകയാണിവ ചെയ്യുന്നത്. പണ്ട് സ്വയംവരം നടത്തിയിരുന്ന കാലത്ത് പെണ്ണിനെ കിട്ടാൻ ആണുങ്ങളുടെ

യോഗ്യത നിശ്ചയിക്കാനായി ഓരോ മത്സരങ്ങൾ നടത്തിയിരുന്നത് ഇവിടെ ഓർത്തുപോകുന്നു. താനൊരു വീരശൂര പരാക്രമിയാണെന്ന് ഇണയെ ബോധ്യപ്പെടുത്താനാവാം അയോറ ഈ അഭ്യാസങ്ങളൊക്കെ ചെയ്യുന്നത്.

മരത്തിന്റെ ഉയരത്തിലെ കൂടൊരുക്കാൻ അനുയോജ്യമായ പല കവരമുള്ള കൊമ്പ് കണ്ടെത്തിയാണ് കൂടൊരുക്കം. രണ്ടു മൂന്നിഞ്ച് വ്യാസവും ഒന്നര ഇഞ്ചോളം ആഴവുമുള്ള കോപ്പ യാകൃതിയുള്ള കൂടാണിവ ഒരുക്കുന്നത്. നാരുകളും ഇലകളുടെ തണ്ടുകളും മറ്റും ഉപയോഗിച്ചാണ് കൂടൊരുക്കം. കാറ്റിലും മഴയിലും തകരാത്ത ശക്തിയുള്ള കൂടുകളാണിവ ഒരുക്കുക. കൂടിന്റെ പുറമെല്ലാം ചിലന്തിവലകൊണ്ട് മൂടിയിരിക്കും. അകത്തെ നാരുകൾ അടുക്കിയതിനു ചുറ്റും ചിലന്തിവലകൊണ്ട് വലവിരിക്കുകയാണ് സാധാരണ ചെയ്യുക. ഇത്തരത്തിൽ കൂടൊരുക്കുന്നതു കൊണ്ട് പക്ഷിക്ക് ഇരിക്കാൻ അനുയോജ്യമായ ഇടം കൂട്ടിനുള്ളിലുണ്ടാക്കാനിവയ്ക്ക് കഴിയുന്നു. ചെറുതാണ് കൂടെങ്കിൽ കൂട്ടിനുള്ളിലിരുന്ന് ഇവ ചുറ്റിത്തിരിയുകയും ശരീരം ആവശ്യാനുസരണം വീർപ്പിച്ച് കൂടിനുൾവശം വലുതാക്കുകയും ചെയ്യും. ഇതിനനുസരിച്ച് പുറത്തെ ചിലന്തിവല അയഞ്ഞുകൊടുത്തോളും. ചെങ്കുയിൽ അയോറയുടെ കൂട്ടിലാണ് മുട്ടയിടുന്നത്. അയോറയുടെ ഇരട്ടിവലുപ്പമുള്ള പക്ഷിയാണ് ചെങ്കുയിലെന്നോർക്കണം. തങ്ങളെക്കാൾ വലിയ ചെങ്കുയിലിന്റെ കുഞ്ഞുങ്ങളെയാണ് അയോറകൾ തീറ്റിപ്പോറ്റുന്നത്. കാക്കകൾ കരിങ്കുയിലിന്റെ കൂട്ടിലും പേക്കുയിൽ പൂത്താങ്കീരിയുടെ കൂട്ടിലുമാണ് കൂടൊരുക്കുന്നതെന്നതുകൂടി നമുക്കോർമ്മ വയ്ക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT