കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ കഴിഞ്ഞാൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം പാണ്ടൻ വേഴാമ്പലുകൾക്കാണ്. ഇവ രണ്ടും വളരെ സാമ്യതകളുള്ള സഹോദര പക്ഷികളാണ്. രാമായണത്തിലെ രാമനും ലക്ഷ്മണനും എന്നിവയെ വിശേഷിപ്പിക്കാം. കോഴിവേഴാമ്പലും നാട്ടുവേഴാമ്പലും ഇവരെപ്പോലെ മറ്റൊരു സഹോദര സ്വഭാവക്കാരാണ്. അവരെ ഭരതനും ശത്രുഘ്നനും എന്നും വിളിക്കാം. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയുന്നത്. പാണ്ടൻ വേഴാമ്പലുമായി വളരെ അടുത്ത ബന്ധമുള്ള കരിവാലൻ പാണ്ട ൻ വേഴാമ്പലെന്നൊരിനം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്നുണ്ട്. ഈ ഇനം കേരളത്തിലില്ലെന്ന് ഓർമ്മവയ്ക്കുക.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മാത്രം പക്ഷിയാണ് പാണ്ടൻ വേഴാമ്പൽ. Malabar Pied Hornbill എന്നാണ് ഇംഗ്ലീഷ് പേര്. Anthracoceros coronatus എന്നു ശാസ്ത്രനാമം. ഇന്ത്യയ്ക്കു പുറത്ത് മറ്റെവിടെയും ഇവയെ കാണാനാവില്ല. പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും മധ്യേന്ത്യയിലുമാണ് ഇവയെ കണ്ടുവരുന്നത്. പുഴയോര വനങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഈ പക്ഷികൾ വംശനാശ ഭീഷണിയിലുമാണ്. വേഴാമ്പലുകളിൽ ഞാൻ തുടർച്ചയായി നിരീക്ഷിച്ചിട്ടുള്ളത് പാണ്ടൻ വേഴാമ്പലുകളേയും കോഴിവേഴാമ്പലുകളേയുമാണ്. ഈ രണ്ടു വേഴാമ്പലുകളെ കേന്ദ്രീകരിച്ച് രണ്ടു ഡോക്യുമെന്ററികള്‍ എടുത്തതുകൊണ്ടാണിങ്ങനെ പറയുന്നത്.
ഇന്ത്യയിൽ (ഭാരതത്തിൽ) ഒൻപതിനം വേഴാമ്പലുകളെ കാണാനാവും. മലമുഴക്കി വേഴാമ്പൽ, പാണ്ടൻവേഴാമ്പൽ, നാട്ടുവേഴാമ്പൽ, കോഴിവേഴാമ്പൽ, കരിവാലൻ പാണ്ടൻ വേഴാമ്പൽ, ചെങ്കഴുത്തൻ വേഴാമ്പൽ, താലിവേഴാമ്പൽ, തവിടൻവേഴാമ്പൽ, നാർക്കോണ്ടം വേഴാമ്പൽ എന്നിങ്ങനെ. പ്രകൃതിയിൽ വേഴാമ്പലുകൾ ആദ്യമായി ഉരുത്തിരിഞ്ഞു വന്നത് ആഫ്രിക്കയില്‍ ആണെന്നാണ് പരിണാമശാസ്ത്രജ്ഞർ പറയുന്നത്. ആദ്യകാലത്ത് ഇപ്പോഴുള്ളവയെക്കാളൊക്കെ വലുപ്പമുള്ള വേഴാമ്പലുകളാണുണ്ടായിരുന്നത്. ഇവയിൽ ചില വർഗ്ഗക്കാർ വേർപിരിഞ്ഞ് ഏഷ്യയിലെത്തി ഇവിടുത്തെ കാലാവസ്ഥയോടും പ്രകൃതിയോടും ഇണങ്ങി പുതിയ ഇനങ്ങളായി മാറുകയായിരുന്നുവെന്നും പ്രകൃതിശാസ്ത്രജ്ഞർ പറയുന്നു. ഏഷ്യൻ ഇനങ്ങൾ തന്നെ വീണ്ടും ഇവിടുന്ന് വേർപിരിഞ്ഞ് ആഫ്രിക്കയിലെത്തിയതായും പറയപ്പെടുന്നു. എന്തായാലും ഭൂമിയിലെ ജന്തുജാലങ്ങളുടെ ഉദ്ഭവവും
വിന്യാസവും ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണ്. പക്ഷിനിരീക്ഷണത്തിലൂടെ ഈ വിസ്മയങ്ങളിലേക്കുകൂടി നമ്മുടെ ശ്രദ്ധപതിയുമെന്ന കാര്യത്തിൽ സംശയമില്ല.
സമുദ്രനിരപ്പിൽനിന്ന് 600 മീറ്റർ വരെ ഉയരത്തിലുള്ള ഈർപ്പമുള്ള ഇലപൊഴിയും
കാടുകളിലും പുഴയോര കാടുകളിലുമാണ് പാണ്ടൻവേഴാമ്പലുകളെ സാധാരണയായി കാണാൻ കഴിയുക. കണ്ണൂർ ജില്ലയിലെ താഴ്ന്ന കാട്ടുപ്രദേശത്ത് പാണ്ടൻ വേഴാമ്പലുകളെ അപൂർവ്വമായി കാണാമെങ്കിലും കേരളത്തിലെ ഇവയുടെ സങ്കേതം അതിരപ്പള്ളി, വാഴച്ചാൽ വനമേഖലയാണ്. വളരെ സുലഭമായി പാണ്ടൻ വേഴാമ്പലുകളെ ഇവിടെ കാണാൻ കഴിയും. മലമുഴക്കിയെക്കാൾ അല്പം ചെറിയ പക്ഷിയായ പാണ്ടൻ വേഴാമ്പലുകളുടെ കഴുത്ത് കറുപ്പായിരിക്കും. ശരീരത്തിന്റെ അടിഭാഗമെല്ലാം വെളുത്തിരിക്കും. വാലിന്റെ നടുക്കുള്ള രണ്ടു തൂവലുകൾ കറുപ്പും മറ്റുള്ളവയെല്ലാം വെള്ളയുമാണ്. പൂവനും പിടയും തമ്മിൽ ഏതാണ്ട് ഒരുപോലെത്തന്നെയിരിക്കും.
പ്രത്യുല്പാദനകാലം പാണ്ടൻ വേഴാമ്പലുകളുടെ പ്രത്യുല്പാദനകാലം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. ചാലക്കുടി പുഴയോരത്ത് പാണ്ടൻ വേഴാമ്പലും മലമുഴക്കിയും കൂടൊരുക്കിയിരിക്കുന്നതിനു സമീപം തുടർച്ചയായി രണ്ടു ദിവസം അവയെ നിരീക്ഷിക്കാനും ദൃശ്യങ്ങൾ പകർത്താനും എനിക്കവസരം ലഭിക്കുകയുണ്ടായി. ചാലക്കുടിപ്പുഴയുടെ ഓരത്തു നിന്നിരുന്ന ചീനിമരത്തിലായിരുന്നു പാണ്ടൻ വേഴാമ്പൽ കൂടൊരുക്കിയിരുന്നത്. അതിനപ്പുറത്തായി മലമുഴക്കിയുടെ കൂടുണ്ടായിരുന്നു. എന്നാലത് ക്യാമറയ്ക്ക് ദൃശ്യമായിരുന്നില്ല. അതുകൊണ്ട് പ്രധാനമായും ഞങ്ങൾ പാണ്ടൻ വേഴാമ്പലിനെ തന്നെയാണ് ശ്രദ്ധിച്ചത്. വേഴാമ്പലുകളെക്കുറിച്ചു പഠിക്കുന്ന അമിതാബച്ചനെന്ന സുഹൃത്തിന്റെ സഹകരണവും ഷൂട്ടിംഗ് സമയത്തു ലഭിച്ചു.
പിടയ്ക്കും കുഞ്ഞുങ്ങൾക്കും
തീറ്റയുമായി പുഴയിലൂടെ പാണ്ടൻ വേഴാമ്പലും മലമുഴക്കിയും പറന്നു വരുന്നത് നയനമനോഹര കാഴ്ചയനുഭവമായിരുന്നു. ഏതോ സുന്ദരസുരഭിലമായൊരു കാല്പനിക ലോകത്തിലാണ് നമ്മളെന്ന് അപ്പോൾ തോന്നിപ്പോകും. കാട്ടുമരങ്ങൾ ചാഞ്ഞുകിടക്കുന്ന പുഴയുടെ സൗന്ദര്യം തന്നെ മാസ്മരികമാണ്. അതിലൂടെ ഒഴുകിവരുന്ന മലമുഴക്കിയേയും പാണ്ടൻ വേഴാമ്പലിനേയും കാണുകയെന്നത് ഇരട്ടിമധുരമാണ്. സുവർണ്ണ വെയിൽത്തിളക്കത്തിൽ കുളിച്ചാണവയുടെ മന്ദമന്ദം ചിറകുവീശി ഹുങ്കാരത്തോടെയുള്ള വരവ്. അവയുടെ കൊക്കിൽ തിളക്കമുള്ള കാട്ടുപഴമോ എതെങ്കിലും ജീവിയോ ഉണ്ടായിരിക്കും.
തീറ്റയുമായി പൂവൻ വരുന്നതും കാത്ത് പിട കൂട്ടിലെ ചെറുവിടവിലൂടെ കൊക്ക് പുറത്തേയ്ക്കിട്ട് കാത്തിരിപ്പുണ്ടാകും. ചിലപ്പോൾ പൂവൻ വന്ന് കൂടിനു പുറത്ത് തട്ടും അപ്പോൾ പിടയുടെ ചുണ്ട് നീണ്ടുവരും. പറക്കാൻ ശേഷി നൽകുന്ന തൂവലുകളൊക്കെ പൊഴിച്ചുകളഞ്ഞാണ് പിട കൂട്ടിനുള്ളിൽ കഴിയുന്നത്. തന്റെ പെണ്ണിനും കുഞ്ഞുങ്ങൾക്കും തീറ്റ തേടിപ്പോകുന്ന ആൺപക്ഷിയെ ആരെങ്കിലും വേട്ടയാടി കൊല്ലുകയോ മറ്റെന്തെങ്കിലും അപകടം അവയ്ക്ക് സംഭവിക്കുകയോ ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് വെറുതെ ആലോചിച്ച് ഞാൻ വിഷമിച്ചിട്ടുണ്ട്. ആൺപക്ഷി മറ്റേതെങ്കിലും കാട്ടുജീവിയുടെ ആക്രമണത്തിലോ മനുഷ്യരുടെ തോക്കിനിരയാവുകയോ ചെയ്താൽ കൂട്ടിനുള്ളിൽ കൂട്ടമരണം ഉറപ്പാണ്. ഒരു കുടുംബം ഒന്നാകെ ഇല്ലാതാകും. ഇങ്ങനെയൊരവസ്ഥ മറ്റേതെങ്കിലും പക്ഷികൾക്കുണ്ടോയെന്ന് എനിക്കറിയില്ല.
എന്തായാലും കുഞ്ഞു വളർച്ച പൂർത്തിയായി വരുന്നതോടെ തള്ളപ്പക്ഷി കൂടുപൊളിച്ച് പുറത്തുവരും. അപ്പോഴേക്കും തള്ളപ്പക്ഷി സ്വയം കൊഴിച്ചുകളഞ്ഞ തൂവലുകളുടെ സ്ഥാനത്ത് പുതിയവ വളർന്നിരിക്കും. ഇതൊക്കെ കൃത്യമായ
കാലഗണനയനുസരിച്ചു സംഭവിച്ചിരിക്കും. കൂട് പൊളിച്ചു പുറത്തുവരുന്ന തള്ളപ്പക്ഷി കൂട് പഴയതുപോലെ പുനർനിർമ്മിക്കും. തള്ള പുറത്തിറങ്ങുന്നതോടെ കുഞ്ഞുങ്ങൾക്കു വളരാനായി കൂട്ടിനുള്ളിൽ സ്ഥലം ആവശ്യത്തിനുണ്ടാകും. ആൺപക്ഷിയും പെൺപക്ഷിയും ചേർന്നാണ് കൂട്ടിനുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളെ പിന്നീട് തീറ്റുന്നത്. ഈ കാലത്ത് കുഞ്ഞുങ്ങൾക്കു കൂടുതൽ തീറ്റ ആവശ്യമായി വരും. മലമുഴക്കിയിൽനിന്നു വ്യത്യസ്തമായി പാണ്ടൻ വേഴാമ്പലുകൾ രണ്ടുമൂന്ന് കുഞ്ഞുങ്ങളെയെങ്കിലും ഒരു സീസണിൽ വിരിയിച്ചിറക്കും.
മുസ്‌ലിങ്ങൾ നിസ്കാരത്തിനു മുന്‍പ് അംഗശുദ്ധി വരുത്തണമെന്നു നിർബ്ബന്ധമാണ്. കയ്യും മുഖവും മൂക്കും ചെവിയും തലയും കാലുമൊക്കെ കഴുകിവൃത്തിയാക്കും. ഇതിനു ‘വുളു’ ചെയ്യുകയെന്നാണ് പറയുക. വെള്ളംകിട്ടാതെ വരുന്നയിടങ്ങളിൽ ശുദ്ധമായ മൺതരികൾകൊണ്ട് അംഗശുദ്ധി വരുത്തണമെന്നാണ് നിയമം. ഇതിനു ‘തയമം’ ചെയ്യുകയെന്നാണ് പറയുക. പാണ്ടൻ വേഴാമ്പലുകൾ കൂട്ടമായി വന്ന് ഉണങ്ങിയ പുഴമണ്ണിൽ കുളിക്കുന്നത് കാണുമ്പോൾ ‘തയമം’ ചെയ്യുന്നതാണ് ഓർമ്മ വരുക. പൊടിമണ്ണുകൊണ്ട് ദേഹം ശുദ്ധിവരുത്താമെന്ന് വേഴാമ്പലുകൾ നമുക്കു കാണിച്ചുതരുന്നു. ചുറ്റിലും വെള്ളമുള്ളപ്പോൾത്തന്നെയാണ് ഇവയുടെ മണൽകുളിയെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
വേഴാമ്പലുകൾ മൺപൊടിയിൽ കിടന്നുരുളുന്നതുകൊണ്ട് ഇവയുടെ തൂവലുകൾക്കിടയിലേയ്ക്ക് സൂക്ഷ്മമായ മൺതരികൾ കയറി തൂവലുകൾക്കിടയിൽ പറ്റിപ്പിടിച്ചു കഴിയുന്ന പേനുകളേയും സൂക്ഷ്മ ജീവികളേയും നശിപ്പിക്കുന്നു. നശിച്ചുപോയ തൊലിയും മറ്റും പുറത്തേയ്ക്ക് തള്ളി ശരീരം ശുദ്ധമാക്കുന്നു. തൂവലുകളിൽ അധികമായ എണ്ണമയത്തെ വലിച്ചെടുത്ത് കളയുന്നു. ചുരുക്കത്തിൽ തൂവലുകളുടേയും ശരീരത്തിന്റേയും ആരോഗ്യം സംരക്ഷിക്കാൻ മണ്ണിൽ കുളി സഹായിക്കുന്നു. പ്രകൃതിജീവനക്കാർ ശരീരത്തിൽ ചെളിമണ്ണ് പുതച്ചുകിടക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മണ്ണ് വെറും മണ്ണു മാത്രമല്ല, ഔഷധം കൂടിയാണെന്നു നമ്മെ ഓർമ്മിപ്പിക്കുന്നതാണിതൊക്കെ.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates