ഭൂമിശാസ്ത്രപരമായി വളരെയേറെ അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന രണ്ടു പ്രദേശങ്ങളായ ബംഗാളും കേരളവും സാംസ്‌കാരികമായി ഗാഢവും ഹൃദ്യവുമായ ബന്ധമാണ് പുലര്‍ത്തുന്നത് എന്നത് അത്ഭുതമുണര്‍ത്തുന്ന വസ്തുതയാണ്. നവസാങ്കേതികവിദ്യയുടെ ആധിപത്യത്തിനു കീഴ്‌പെടുന്നതിനു മുന്‍പ് മലയാളിയുടെ വായനാ സംസ്‌കാരത്തില്‍ സവിശേഷമായൊരു സ്ഥാനം ബംഗാളി സാഹിത്യത്തിന്, പ്രത്യേകിച്ചും നോവല്‍, ചെറുകഥ എന്നിവയ്ക്കുണ്ടായിരുന്നു. അതിലൂടെ ബംഗാളി ഭാഷ, സാഹിത്യം, ഭൂപ്രകൃതി, സസ്യജാലങ്ങള്‍, സാമൂഹിക ജീവിതം, സംസ്‌കൃതി, കല, രാഷ്ട്രീയം എന്നിവയുമായി മലയാളിക്കു മറ്റേതൊരു സമൂഹത്തോടുള്ളതിനെക്കാളും വൈകാരികമായ അടുപ്പം സ്ഥാപിക്കാന്‍ സാധിച്ചു. വിവര്‍ത്തനമേഖലയുടെ അര്‍ത്ഥപൂര്‍ണ്ണമായ സാഫല്യം എന്നു പറയാവുന്നതാണ് ഈ സംസ്‌കാരിക ബന്ധം. എന്നാല്‍, എന്തുകൊണ്ടാണ് തൊട്ടടുത്തുകിടക്കുന്നതും ഒരേ ഭാഷാഗോത്രത്തില്‍പെട്ടതുമായ തമിഴ്, കന്നട തുടങ്ങിയ ഭാഷകളോടുള്ളതിനെക്കാള്‍ ബംഗാളി ഭാഷാ സാഹിത്യത്തോടും ഭാവുകത്വത്തോടും മലയാളിക്കു കൂടുതല്‍ പ്രിയം തോന്നിയത് എന്ന വസ്തുത കൗതുകകരവും അന്വേഷണാത്മകവുമായി അനുഭവപ്പെടുന്നതിനാല്‍ തികച്ചും പഠനാര്‍ഹമാണ്.
അത്തരമൊരു പഠനത്തിനു കൂടുതല്‍ ഉചിതം മലയാളി വായനക്കാരുടെ ജീവിത പരിസരങ്ങളിലെ സാംസ്‌കാരിക അനുഭവങ്ങളേയും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കലാസാഹിത്യ രൂപങ്ങളേയും അവ സൃഷ്ടിച്ച ഭാവുകത്വത്തില്‍നിന്നും പകര്‍ന്നു കിട്ടിയ വൈകാരികാനുഭവങ്ങളേയും മുന്‍നിര്‍ത്തിയുള്ള അന്വേഷണമായിരിക്കും. കാരണം അവയ്ക്കായിരിക്കും കൃത്രിമവും യാന്ത്രികവുമായ വൈദേശിക സിദ്ധാന്തങ്ങളെക്കാള്‍ ഓജസ്സും സ്വാഭാവികതയും ഉണ്ടാവുക. മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രവുമായി സുദീര്‍ഘമായ ബന്ധം പുലര്‍ത്തുന്ന പ്രദേശങ്ങളാണ് ബംഗാളും കേരളവും. കൃത്യമായി പറഞ്ഞാല്‍ 12ാംനൂറ്റാണ്ടില്‍ വംഗദേശത്തു ജനിച്ച (ബംഗാളിലെ വീര്‍ഭൂം ജില്ലയിലെ കെന്ദുളി എന്ന ഗ്രാമത്തില്‍) ജയദേവകവിയുടെ ഗീതഗോവിന്ദം എന്ന കാവ്യവുമായുള്ള ബന്ധം തൊട്ടാണ് വംഗസംസ്‌കൃതിയുമായുള്ള മലയാളിയുടെ സമ്പര്‍ക്കം തുടങ്ങുന്നത്. ഗീതഗോവിന്ദത്തിന് ഒരുപക്ഷേ, ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ചത് കേരളത്തിലാണെന്നു കരുതാം. ഇവിടത്തെ കുഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ വരെ ഗീതഗോവിന്ദത്തിലെ വരികള്‍ ഇടയ്ക്കക്കൊപ്പം കൊട്ടിപ്പാടുന്ന സമ്പ്രദായം മതി ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാന്‍. കൂടാതെ കൃഷ്ണനാട്ടം എന്ന കലാരൂപത്തിന് ഗീതഗോവിന്ദം പ്രേരകമായതും പിന്നീട് അതിലെ മഞ്ജുതര കഥകളിയിലെ പുറപ്പാടിന്റെ ഭാഗമായതും മോഹിനിയാട്ടത്തില്‍ ചിലര്‍ ഉപയോഗിക്കുന്ന മറ്റു ചില ഭാഗങ്ങളും ആ കൃതിക്ക് കേരളത്തില്‍ ലഭിച്ച സ്വീകാര്യതയുടെ ഉത്തമോദാഹരണങ്ങളാണ്. അതുപോലെ ഗീതഗോവിന്ദത്തിലെ രാധാകൃഷ്ണപ്രണയവും നിരവധി മലയാള കവികളെ സ്വാധീനിച്ചിട്ടുണ്ട്.
ബംഗാളുമായുള്ള മറ്റൊരു സാംസ്‌കാരിക ബന്ധം അവിടെ പതിനാറാം നൂറ്റാണ്ടില്‍ (1485-1533) ജീവിച്ചിരുന്ന പ്രമുഖ വൈഷ്ണവാചാര്യനായ ചൈതന്യമഹാപ്രഭുവുമായുള്ളതാണ്. വൈഷ്ണവഭക്തി പ്രചരണാര്‍ത്ഥം അദ്ദേഹം കേരളത്തില്‍ വരികയും വൈഷ്ണവമതം ഇവിടെ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തീര്‍ത്ഥയാത്രകളും സഞ്ചാരവും പഠനത്തിന്റെ ഭാഗമായിത്തന്നെ കരുതിയിരുന്ന ആ കാലത്ത് തഞ്ചാവൂരിലെ പഠനത്തിനു ശേഷം തുഞ്ചത്തെഴുത്തച്ഛനും നടത്തിയ വിപുലമായ ദേശാടനത്തില്‍ വംഗദേശം സന്ദര്‍ശിച്ചതായുള്ള നിഗമനങ്ങള്‍ ശരിവയ്ക്കാവുന്നതാണ്. ആ വേളയില്‍ അദ്ദേഹത്തിനും മുന്‍പ് ജീവിച്ചിരുന്ന ബംഗാളി രാമായണ കര്‍ത്താവായ കൃത്തിവാസന്‍ രചിച്ച കൃത്തിവാസരാമായണവുമായി തീര്‍ച്ചയായും എഴുത്തച്ഛന്‍ പരിചയപ്പെട്ടിരിക്കണം. (കൃത്തിവാസന്റെ മുത്തച്ഛന്‍ മുരാരിയും തീര്‍ത്ഥാടനാര്‍ത്ഥം ദക്ഷിണേന്ത്യയില്‍ സഞ്ചരിച്ചിട്ടുണ്ട്) മാത്രമല്ല, ഇരു രാമായണങ്ങളും ഭക്തിപ്രസ്ഥാനത്തിന്റെ ഫലമായി രചിക്കപ്പെട്ടതും വൈഷ്ണവഭക്തിക്കു പ്രചാരം നല്‍കിക്കൊണ്ട് സാധാരണക്കാര്‍ക്ക് പാരായണം ചെയ്യത്തക്കവിധത്തില്‍ അതതു ദേശത്തെ നാട്ടുഭാഷകളില്‍ രചിക്കപ്പെട്ടതുമാണ്. ഇത്തരം സമാനതകള്‍ വംഗദേശത്തെ വൈഷ്ണവകവികളാല്‍ വിരചിതമായ ശ്രീകൃഷ്ണകീര്‍ത്തനവും ബംഗാളി ഭാഗവതവും മലയാള ഭാഗവതവും ശ്രീകൃഷ്ണകര്‍ണാമൃതവും തമ്മിലും കാണാം. ഇവ പതിനാറാം നൂറ്റാണ്ടില്‍ രണ്ടു പ്രദേശത്തും ശക്തമായി പ്രചരിച്ചുവന്ന വൈഷ്ണവ/കൃഷ്ണഭക്തിക്കു പിന്നിലെ സ്വാധീനത പ്രകടമാക്കുന്ന രചനകളാണ്.ഇത്തരത്തിലുളള സമാനതകള്‍ ആധുനിക കാലത്ത് കൂടുതല്‍ ദൃഢമായ ഒരു സാംസ്‌കാരിക ബന്ധത്തിലേക്കു നീങ്ങുന്നതായി കാണാം. അതിനു തുടക്കം കുറിക്കുന്നത് കുമാരനാശാനിലൂടെയാണ്. ആശാന്‍ ഉപരിവിദ്യാഭ്യാസത്തിന് കല്‍ക്കത്തയിലെത്തി ഏതാണ്ട് രണ്ടു വര്‍ഷത്തോളം (18981900) അവിടെ വസിക്കുകയും വംഗസംസ്‌കൃതിയുമായി ഗാഢസമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തത് അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ കുറച്ചൊന്നുമല്ല പുഷ്ടിപ്പെടുത്തിയത്. (പില്‍ക്കാലത്ത് സ്വാമി വിവേകാനന്ദന്റെ രാജയോഗവും ഏതാനും ചില കവിതകളും ആശാന്‍ വിവര്‍ത്തനം ചെയ്തതിന്റെ പിന്നിലും ഇതിന്റെ സ്വാധീനം വ്യക്തമാണ്.) അദ്ദേഹത്തിന്റെ കൊല്‍ക്കത്ത വാസത്തെക്കുറിച്ചുതന്നെ ഒരു കൃതിയുണ്ടായതും (സി.ആര്‍. ഓമനക്കുട്ടന്റെ കുമാരു എന്ന രചന) ഓര്‍ക്കേണ്ടതാണ്. ഈ സാംസ്‌കാരിക ബന്ധത്തെ അക്ഷരാര്‍ത്ഥത്തില്‍ ദൃഢപ്പെടുത്തിയ മറ്റു രണ്ടു കവികളാണ് വംഗസംസ്‌കൃതിയുടെ മൂര്‍ത്തിമത്ഭാവമായ രവീന്ദ്രനാഥടാഗോറും മലയാളത്തിന്റെ ദേശീയ കവിയായ വള്ളത്തോള്‍ നാരായണമേനോനും. ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനം വള്ളത്തോളിന്റെ മനസ്സില്‍ കലാമണ്ഡലം സ്ഥാപിക്കുന്നതിനു ചെലുത്തിയ പ്രേരണയും മറിച്ച് കേരളീയ കലയായ കഥകളിക്കും കഥകളി കലാകാരന്മാര്‍ക്കും ശാന്തിനികേതനത്തില്‍ ടാഗോര്‍ അര്‍ഹമായ സ്ഥാനം നല്‍കിയതും ഈ ബന്ധത്തിന്റെ സാഫല്യം പ്രകടമാക്കുന്ന സംരംഭങ്ങളായിരുന്നു. കൂടാതെ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ക്ഷണപ്രകാരമുള്ള ടാഗോറിന്റെ തിരുവിതാംകൂര്‍ സന്ദര്‍ശനം അന്ന് സാംസ്‌കാരിക രംഗത്ത് വളരെയേറെ ചലനങ്ങള്‍ സൃഷ്ടിച്ചതായും മനസ്സിലാക്കാം. ആ സന്ദര്‍ശനവേളയില്‍ ശ്രീമൂലം തിരുനാള്‍, ശ്രീനാരായണ ഗുരു, കെ.സി. മാമ്മന്‍ മാപ്പിള എന്നിവരുമായി ടാഗോര്‍ നടത്തിയ കൂടിക്കാഴ്ചകള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടൊപ്പം ശ്രീമൂലം തിരുനാള്‍ ശാന്തിനികേതനുവേണ്ടി ഒരു വലിയ തുക സംഭാവന ചെയ്തതും സ്മരണീയമാണ്. ഗീതാഞ്ജലിയുള്‍പ്പെടെയുള്ള ബംഗാളി കൃതികളുടെ വിവര്‍ത്തനങ്ങള്‍ തുടര്‍ന്നിങ്ങോട്ട് ധാരാളം നിര്‍വഹിക്കപ്പെടുന്നതിലും ടാഗോര്‍ സന്ദര്‍ശനം ഒരു പ്രചോദനമായിരുന്നുവെന്നു കാണാം.
എന്നാല്‍, ഇതിനും മുന്‍പുതന്നെ ബംഗാളി കൃതികളുടെ വിവര്‍ത്തനം മലയാളത്തില്‍ വന്നിരുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ഭാഷാപോഷിണിയില്‍ 1907ല്‍ സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി വിവര്‍ത്തനം ചെയ്ത ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതായിരുന്നു. അത് ബംഗാളി നോവലുകളുടെ വിവര്‍ത്തനത്തിനും പ്രചാരത്തിനും ഏറെ പ്രചോദനം നല്‍കിയ ഒരു സംരംഭമായിരുന്നുവെന്ന് ഉറപ്പിച്ചു പറയാം. കാരണം അതേത്തുടര്‍ന്ന് നിരവധി ബംഗാളി നോവലുകളും ചെറുകഥകളും നാടകങ്ങളും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. മാത്രമല്ല, ആനുകാലികങ്ങളില്‍ പരമ്പരയായി നോവലുകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ആദ്യമാതൃകയായും അതിനെ കാണാം. ഇന്നും ആ പ്രക്രിയ സജീവമായി തുടരുന്നു.
മറ്റൊരു പ്രധാന കാര്യം ഗീതാഞ്ജലിയുടെ പരിഭാഷകളെ സംബന്ധിച്ചുള്ളതാണ്. ഇന്ത്യന്‍ ഭാഷകളിലേറ്റവും കൂടുതല്‍ വിവര്‍ത്തനം ഗീതാഞ്ജലിക്ക് ഉണ്ടായിട്ടുള്ളത് മലയാളത്തിലാണെന്നു തോന്നു വിധം ഇപ്പോഴം പരിഭാഷകള്‍ വന്നുകൊണ്ടിരിക്കുന്നു. അവയില്‍ ചിലത് (മഹാകവി ജി. ശങ്കരക്കുറുപ്പിന്റേതുള്‍പ്പെടെ) ബംഗാളിയില്‍നിന്നും നേരിട്ടുള്ളതുമാണ്. ഇതോടൊപ്പം എടുത്തു പറയേണ്ട ഒന്നാണ് ടാഗോറും ജി. ശങ്കരക്കുറുപ്പും തമ്മിലുള്ള കാവ്യബന്ധം. ഗീതാഞ്ജലിയിലും ടാഗോറിന്റെ ഇതര കവിതകളിലും കാണുന്ന യോഗാത്മകമായ വീക്ഷണവും സിംബലിസവും മലയാളത്തില്‍ ഏറ്റവും പ്രൗഢമായി അവതരിപ്പിച്ച കവി എന്ന നിലയില്‍ ജി. ശങ്കരക്കുറുപ്പിനെ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. ടാഗോര്‍, ബങ്കിംചന്ദ്രന്‍, ശരത്ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വിഭൂതിഭൂഷണ്‍, താരാശങ്കര്‍, ബിമല്‍മിത്ര, ആശാപൂര്‍ണാദേവി, മഹാശ്വേതാദേവി, സുനില്‍ഗംഗോപാധ്യായ, തസ്‌ലീമ നസ്രീന്‍ എന്നിവരുടെ കൃതികളും കേരളത്തിലെ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ബംഗാളി കലയും സാഹിത്യവുമായുള്ള ഈ വൈകാരികബന്ധം മലയാളത്തില്‍ നിരവധി രചനകള്‍ക്കും ഇടയായിട്ടുണ്ട്. അതിലേറ്റവും സമഗ്രമായത് ഒ.എന്‍.വിയുടെ ബാവുല്‍ ഗായകന്‍ എന്ന കവിതയാണ്. ബാവുല്‍ സംഗീതത്തിന്റേയും ഗായകരുടേയും അന്തസ്സത്തയും വീക്ഷണവും അക്ഷരാര്‍ത്ഥത്തില്‍ ആവാഹിച്ചെടുത്ത ഒരു കവിത എന്നതിനോടൊപ്പം ജയദേവ കവിയില്‍നിന്നും തുടങ്ങി സത്യജിത്ത് റായ് വരെയുളള ബംഗാളി സംസ്‌കൃതിയുടെ മനോഹരചിത്രം സംക്ഷിപ്തമായി അവതരിപ്പിക്കുകകൂടി ചെയ്യുന്ന ഒരു രചനയാണത് (വംഗ സംസ്‌കൃതിയുടെ കാവ്യാവിഷ്‌കാരം എന്ന പേരില്‍ അതിനെക്കുറിച്ച് ഈ ലേഖകന്‍ ഒരു പഠനം നടത്തിയിട്ടുണ്ട്) പില്‍ക്കാലത്ത് അദ്ദേഹം രചിച്ച ഓ സൊനാര്‍ ബംഗ്ലാ എന്ന രചനയിലും വംഗസംസ്‌കൃതിയോടുള്ള തന്റെ വൈകാരികബന്ധം കാണാവുന്നതാണ്. വൈലോപ്പിള്ളിയുടെ കൃഷ്ണാഷ്ടമിയിലും വംഗദേശത്തെ ഗ്രാമങ്ങളിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ ഓര്‍മ്മിക്കുന്നതു കാണാം. വംഗസംസ്‌കൃതിയുടെ സ്വാധീനം പ്രകടമാവുന്ന മറ്റു പ്രധാന രചനകളാണ് ആരണ്യക് എന്ന ബംഗാളി നോവലിലെ പാരിസ്ഥിതിക വീക്ഷണത്തെ ആസ്പദമാക്കി വിഭൂതിഭൂഷണെ അനുസ്മരിച്ചുകൊണ്ട് വിഷ്ണു നാരായണന്‍ നമ്പൂതിരി രചിച്ച യുഗളപ്രസാദന്‍, റോസ്‌മേരിയുടെ ധാതുരിയാ ബാലന്റെ നൃത്തം എന്നീ കവിതകള്‍. അതുപോലെതന്നെ പലരേയും സ്വാധീനിച്ച ഒരു നോവലാണ് താരാശങ്കര്‍ ബന്ദോപാധ്യായയുടെ ആരോഗ്യനികേതനം. ഇതിലെ കേന്ദ്ര കഥാപാത്രമായ ജീവന്‍ മശായിയുടെ വ്യക്തിത്വത്തേയും വീക്ഷണത്തേയും ഉള്‍ക്കൊണ്ട് രചിച്ച സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി. രാമന്‍ എന്നിവരുടെ കവിതകളും ശ്രദ്ധേയമാണ്. കൂടാതെ ഈ കൃതി മലയാളത്തില്‍ ചലച്ചിത്രവുമാക്കിയിട്ടുണ്ട്.
ബംഗാളി പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നിരവധി കൃതികളും മലയാളികളുടേതായിട്ടുണ്ട്. കൊല്‍ക്കൊത്ത നഗരത്തിന്റെ ആധികാരിക ചരിത്രകാരനായി അറിയപ്പെടുന്നതുതന്നെ മലയാളിയായ ഡി. തങ്കപ്പന്‍ നായരാണ്. ഈ നഗരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ അപൂര്‍വ്വമായ അറിവുകള്‍ നല്‍കുന്ന ചരിത്രരേഖകളാണ്. ഇ. വാസുവിന്റെ കല്‍ക്കത്ത ഓ കല്‍ക്കത്തയും ജോഷി ജോസഫിന്റെ കൊല്‍ക്കത്ത കോക്‌ടെയിലും ഈ നഗരത്തെ സമഗ്രമായി നിരീക്ഷിക്കുന്ന രണ്ടു രചനകളാണ്. 2011ല്‍ കാള്‍ വൈശാഖി എന്ന പേരില്‍ കെ.എസ്. അനിയന്‍ രചിച്ച കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലുള്ള നോവല്‍. ജോഷി ജോസഫ് കൊല്‍ക്കത്തയിലെ ആരാച്ചാരുടെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച 'വണ്‍ഡെ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്' എന്ന ഡോക്യുമെന്ററി, ആ പശ്ചാത്തലം ഉള്‍ക്കൊണ്ട കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' എന്ന നോവല്‍, 'കല്‍ക്കട്ട ടൈംസ്' എന്ന സിനിമ, ഈ ലേഖകന്റെ തന്നെ ഏതാനും കവിതകള്‍ (വംഗചന്ദ്രിക, വിഷ്ണുപൂരിലെ സന്ധ്യ, ജലാംഗി, ധാക്കയിലെ വീട്) തുടങ്ങിയവയും മലയാളികള്‍ക്ക് വംഗദേശത്തോടും സംസ്‌കാരത്തോടുമുള്ള അടുപ്പം വ്യക്തമാക്കുന്ന രചനകളാണ്. ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ശ്രീകാന്ത് കോട്ടക്കല്‍ നിരവധി തവണ നടത്തിയ യാത്രകളിലൂടെ കണ്ടറിഞ്ഞ ബംഗാളി ജീവിതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളേയും ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളേയും സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന അതീവ ഹൃദ്യമായ ബംഗാള്‍: മണ്‍പാതകളും മനുഷ്യരും എന്ന യാത്രാരേഖകളുടെ സമാഹാരം, മറുഭാഗത്ത് ബാവുല്‍ സംഗീതം പ്രചരിപ്പിച്ചുകൊണ്ട് കേരളത്തില്‍ കഴിയുന്ന പാര്‍വ്വതി ബാവുല്‍, രവീന്ദ്രസംഗീതരംഗത്ത് ഖ്യാതി നേടിക്കൊണ്ടിരിക്കുന്ന അശ്വതി ഗോപകുമാര്‍, കേരളത്തില്‍ താമസിക്കുന്ന ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായ എന്നിവരും ഈ സാംസ്‌കാരിക പാരമ്പര്യത്തിലെ കണ്ണികളാണ്.
സാഹിത്യത്തോടുളള ഈ അഭിനിവേശം ബംഗാളി സിനിമകളോടും മലയാളി പുലര്‍ത്തി വരുന്നത് എടുത്തുപറയേണ്ടതാണ്. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക്, മൃണാള്‍സെന്‍, ഋതുപര്‍ണഘോഷ്, ബുദ്ധദേവ്ദാസ് ഗുപ്ത, അപര്‍ണാസെന്‍ എന്നിവരുടെ സിനിമകളെ ഏറെ പ്രിയത്തോടെ സ്വീകരിച്ചവരാണ് മലയാളികള്‍.
കവിതയിലെ ഹൂഗ്ലിനദി
വംഗസാഹിത്യത്തോടും സംസ്‌കാരത്തോടുമുള്ള മലയാളിയുടെ ഗാഢമായ ഈ ബന്ധത്തെ കൗതുകത്തോടെ ആവിഷ്‌കരിക്കുന്ന ചില രചനകളെക്കൂടി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ഹൂഗ്ലി നദിയെ പശ്ചാത്തലമാക്കി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സന്ദിഗ്ദ്ധമായ കാലഘട്ടത്തെ അവതരിപ്പിക്കുന്ന കവിതകള്‍ അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിളള എന്നിവര്‍ രചിച്ചിട്ടുണ്ട്. മറ്റൊന്ന് അയ്യപ്പപ്പണിക്കരുടെ നര്‍മ്മബോധം പ്രകടമാക്കുന്ന ചാറ്റര്‍ജി കുറുപ്പ് എന്ന കവിതയാണ്. തിരക്കുള്ള ബസ്സില്‍ പരസ്പരം വ്യക്തിത്വങ്ങള്‍ കൂടിച്ചേരുന്ന കുഞ്ഞിശങ്കര ചാറ്റര്‍ജിയേയും മദന്‍മോഹന്‍ കുറുപ്പിനേയും ഇതില്‍ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൊല്‍ക്കത്ത തിരുവനന്തപുരം എന്ന കവിതയാകട്ടെ, ഇരുനഗരങ്ങളുടേയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതുപോലെതന്നെ ശ്രദ്ധേയമായ ഒരു രചനയാണ് പി. വത്സലയുടെ 'ഉണിക്കോരന്‍ ചതോപാധ്യായ' എന്ന കഥ. ഇതിലെ പ്രമേയം ഉണിക്കോരന്‍ എന്ന മലബാറുകാരന്‍ ബംഗാളി സാഹിത്യം ഏറെ താല്പര്യത്തോടെ വായിച്ച്, ഭ്രമിച്ച് അതിലെ കഥാപാത്രങ്ങളോടുള്ള താല്പര്യം മൂലം ബംഗാളിയായി താദാത്മ്യം പ്രാപിച്ച് ഉണിക്കോരന്‍ ചതോപാധ്യായയായി സ്വയം കല്പിക്കപ്പെടുന്നതാണ്. ഈ ലേഖകനുള്‍പ്പെടെ പല മലയാളികള്‍ക്കും ഇത്തരം തോന്നല്‍ ചിലപ്പോഴൊക്കെ അനുഭവപ്പെട്ടിട്ടുള്ളതാണ്. അകന്ന ബന്ധത്തിലുള്ള ഒരു വ്യക്തി പറഞ്ഞ വസ്തുത ഇതു ശരിവയ്ക്കുന്നതാണ്. തന്നെക്കാള്‍ പന്ത്രണ്ടു വയസ്സ് മുതിര്‍ന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ബംഗാളി നോവലുകളുടെ ആരാധകനായിരുന്നതിനാല്‍ തനിക്കിഷ്ടപ്പെട്ട ഒരു ബംഗാളി നോവലിലെ നായക കഥാപാത്രത്തിന്റെ പേര് തന്റെ സഹോദരനു നല്‍കിയ കാര്യമായിരുന്നു അത്. ഇന്നേക്ക് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് യാത്രാസൗകര്യം പരിമിതപ്പെട്ടും ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടും കിടന്ന ഒരു കുട്ടനാടന്‍ ഗ്രാമത്തിലെ വായനക്കാരന്, ബംഗാളി നോവലിനോടുള്ള അഭിനിവേശത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവമെന്ന നിലയ്ക്കാണിതു ചൂണ്ടിക്കാട്ടുന്നത്. അതുപോലെ പ്രശസ്ത കവി ഡി. വിനയചന്ദ്രന്‍, ബംഗാളി നോവലുകളുടെ ആരാധികയായ തന്റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട കുസുമോത്സവ് എന്ന ബംഗാളി നോവലിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരാണ് തനിക്ക് നല്‍കിയതെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലുടനീളം ഇത്തരം നിരവധി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.
കൂടാതെ ഈ ലേഖകന് ആദ്യമായി ബംഗാള്‍ സന്ദര്‍ശിച്ചപ്പോള്‍ തോന്നിയ അനുഭവം ബംഗാളി സാഹിത്യം പരിചയിച്ച ഏതൊരു മലയാളിക്കും പങ്കിടാവുന്ന ഒന്നായി കരുതാവുന്നതാണ്. ഗ്രാമങ്ങളിലെ നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെല്‍പാടങ്ങളും കായലുകള്‍ക്ക് സമാനമായി നീലിമയാര്‍ന്നു കാണുന്ന വിശാലമായ തടാകങ്ങളും കണ്ണിനു കുളിരേകുന്ന കേരവൃക്ഷങ്ങളും നിഴല്‍വീഴ്ത്തിനില്‍ക്കുന്ന മാന്തോപ്പുകളും കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖച്ചാര്‍ത്തണിഞ്ഞ ഗ്രാമീണ ഭവനങ്ങളും ജനങ്ങളുമെല്ലാം മുന്‍പ് കണ്ടിട്ടുളളതും പരിചയവും അടുപ്പവും തോന്നിക്കുന്നവയായിട്ടുമാണ് അനുഭവപ്പെട്ടത്. അതുപോലെ പല സ്ഥലങ്ങളുടെ പേരുകളും പശ്ചാത്തലവും ചിരപരിചിതമായിത്തന്നെയാണ് തോന്നിയത്. കൊല്‍ക്കത്ത നഗരത്തിലെത്തിയപ്പോഴും അവിടത്തെ തെരുവീഥികളുടെ പേരും അന്തരീക്ഷവും കെട്ടിടങ്ങളുമെല്ലാം മുന്‍പ് പലപ്പോഴും പരിചയിച്ചപോലെത്തന്നെയാണ് കാണപ്പെട്ടത്. കാരണം മറ്റൊന്നുമല്ല, വിഭൂതിഭൂഷണിന്റേയും താരാശങ്കറിന്റേയും ടാഗോറിന്റേയും ബിമല്‍ മിത്രയുടേയും ആശാപൂര്‍ണാദേവിയുടേയും നോവലുകളിലൂടെ ഇവയുമായി ധാരാളം പരിചയവും അടുപ്പവും തോന്നിയിട്ടുണ്ട് എന്നതുതന്നെ. ഈ അനുഭവം ധാരാളം മലയാളികള്‍ക്കുള്ളതായി അറിഞ്ഞിട്ടുണ്ട്.
എന്നാല്‍, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ കേരളത്തിന് തൊട്ടടുത്ത പ്രദേശങ്ങളിലെ സംസ്‌കൃതിയുമായിട്ടുള്ളതിനെക്കാള്‍ അടുപ്പം എന്തുകൊണ്ട് മലയാളിക്ക് ബംഗാളി സംസ്‌കൃതിയോട് തോന്നുന്നു എന്ന അന്വേഷണം ചെന്നെത്തുന്നത് കൗതുകകരമായ ചില വസ്തുതകളിലേക്കാണ്. അവയില്‍ പ്രധാനം പ്രമുഖ രചനകളില്‍ തെളിഞ്ഞുകാണുന്ന ബംഗാളിന്റെ ജൈവപശ്ചാത്തലവുമായി കേരളത്തിനുള്ള ചില സമാനതകളാണെന്നു പറയാം. ജലാശയങ്ങളുടെ സാന്നിധ്യമാണ് അവയില്‍ മുഖ്യം. നാല്‍പ്പത്തിനാലു നദികളും നിരവധി കായലുകളും തോടുകളും കുളങ്ങളുമെല്ലാം കൊണ്ട് ഒരുകാലത്ത് സമ്പന്നമായിരുന്ന ജലാശയ പരിസരങ്ങളും അവിടെ നാമ്പിട്ട പ്രാദേശിക സംസ്‌കാരങ്ങളും കേരളത്തിലുള്ളതുപോലെ നിരവധി ചെറുതും വലുതുമായ നദികളും കായലുകള്‍ക്കു സമാനമായ തടാകങ്ങളും കുളങ്ങളും ബംഗാളിലും സമാനമായ ഗ്രാമീണ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്.
ഇരുഭാഷകളിലേയും നോവലുകളിലും ചെറുകഥകളിലും പ്രതിഫലിച്ചുകാണുന്ന സാമൂഹിക ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നതില്‍ ഈ ജലാശയങ്ങള്‍ സമാനമായ പങ്കാണ് വഹിച്ചിരുന്നതെന്ന് രണ്ടു ഭാഷകളിലേയും ചില പ്രാദേശിക നോവലുകള്‍ പരിശോധിച്ചാല്‍ കാണാം. ഉദാഹരണമായി മലയാളത്തില്‍ തകഴി (പമ്പാനദിയുടേയും വേമ്പനാട്ടുകായലിന്റേയും പശ്ചാത്തലത്തില്‍ രചിച്ച രണ്ടിടങ്ങഴി, ഏണിപ്പടികള്‍, കയര്‍), എം.ടി. വാസുദേവന്‍ നായര്‍ (ഭാരതപ്പുഴയുടെ പശ്ചാത്തലത്തില്‍ രചിച്ച നാലുകെട്ട്, അസുരവിത്ത്, കാലം), സി. രാധാകൃഷ്ണന്‍ (ഭാരതപ്പുഴയുടെ തന്നെ പശ്ചാത്തലത്തില്‍ രചിച്ച പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍), എം. മുകുന്ദന്‍ (മയ്യഴിപ്പുഴയുടെ പശ്ചാത്തലത്തില്‍ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍) എന്നിവയെ ബംഗാളിലെ വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ഇച്ഛാമതി (ഇച്ഛാമതി എന്നുതന്നെ പേരുള്ള നദിയുടെ പശ്ചാത്തലത്തില്‍) താരാശങ്കര്‍ ബന്ദോപാധ്യായയുടെ ഗണദേവത (മയൂരാക്ഷി നദി), മണിക് ബന്ദോപാധ്യായയുടെ പത്മാനദിയിലെ മുക്കുവന്‍ (പത്മാനദി), സാവിത്രി റോയിയുടെ പത്മമേഘന (പത്മമേഘന നദികള്‍) എന്നീ രചനകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാവുന്നത് ഇരു സംസ്ഥാനങ്ങളിലേയും നദീതിരങ്ങളില്‍ രൂപംകൊണ്ട സാമൂഹിക ജീവിതത്തിന്റേയും കാര്‍ഷിക സംസ്‌കാരത്തിന്റേയും പാരിസ്ഥിതിക വീക്ഷണത്തിന്റേയും സാജാത്യ സ്വഭാവങ്ങളാണ്. ഇരുഭാഷകളിലേയും കൃതികളില്‍ നദികള്‍ വെറും പശ്ചാത്തലം മാത്രമല്ല, ജീവിതരംഗങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന കഥാപാത്രങ്ങള്‍ കൂടിയാണ്. അതിനാല്‍ വയലുകളും കായലുകള്‍ക്കു സമാനമായ തടാകങ്ങളും കേരവൃക്ഷങ്ങളും സസ്യലതാദികളാല്‍ സമൃദ്ധമായ തൊടികളും നാട്ടുപാതകളും ഗ്രാമക്ഷേത്രങ്ങളുമെല്ലാം ചേര്‍ന്ന് രൂപം കൊടുത്ത ബംഗാളി ഗ്രാമീണ ജീവിതത്തേയും കാല്പനിക ഭംഗി ചാലിച്ചു ചേര്‍ത്താവിഷ്‌കരിച്ച കൃതികളേയും കഥാപാത്രങ്ങളേയും മലയാളിക്കു നെഞ്ചോടു ചേര്‍ത്തുവയ്ക്കുക എളുപ്പമാണല്ലോ അതിനാല്‍ ചില വൈജാത്യങ്ങളെ മറികടന്നുകൊണ്ട് മലയാളിക്ക് ഉള്‍ക്കൊള്ളാനാവുന്നതും അടുപ്പം പുലര്‍ത്താവുന്നതുമായ ജൈവപരിസരങ്ങള്‍ക്ക് ഈ കൃതികളില്‍ വളരെ പ്രാധാന്യമുണ്ടെന്നതാണ് ഇവയുടെ ആസ്വാദ്യതയ്ക്ക് കൂടുതല്‍ കാരണമായ ഘടകം എന്നു കരുതുന്നതില്‍ തെറ്റില്ല.
മലയാളിയുടെ വൈകാരിക ബന്ധം
അതോടൊപ്പം ഇരു സംസ്ഥാനങ്ങളിലേയും ശരാശരി അഭ്യസ്തവിദ്യരായ വായനക്കാരുടെ സൗന്ദര്യബോധത്തിലും വീക്ഷണത്തിലും കൂടി സമാനതകള്‍ കാണാം. ഇരുകൂട്ടരും പ്രത്യക്ഷത്തില്‍ പുരോഗമന സ്വഭാവം നടിക്കുന്നവരും കാല്പനിക വിരോധികളെന്നു ഭാവിക്കുന്നവരും എന്നാല്‍ സ്വകാര്യമായി കാല്പനിക മനോഭാവം വെച്ചുപുലര്‍ത്തുന്നവരും ഭൂതകാലസ്മരണകളെ താലോലിക്കുന്നവരുമാണ്; മാത്രമല്ല, തങ്ങളുടെ ഗ്രാമീണ സംസ്‌കൃതിയുടേയും കുടുംബപാരമ്പര്യത്തിന്റേയും പഴയകാല മഹിമകളില്‍ ഊറ്റംകൊള്ളുന്നവരുമാണ് ഇവര്‍. അതുപോലെ ഗൃഹാതുരത്വത്തോടെ പൊയ്‌പോയ നാളുകളിലെ കുടുംബാന്തരീക്ഷത്തേയും ആഘോഷങ്ങളേയും ഉത്സവങ്ങളേയും (ഉദ: മലയാളികളുടെ ഓണാഘോഷവും ബംഗാളിയുടെ നവരാത്രി ചടങ്ങുകളും) ഓര്‍മ്മിക്കുന്നതിലും സമാനതകള്‍ കാണാം. ഇരുഭാഷകളിലേയും പ്രചാരം നേടിയ പല നോവലുകളിലും ഇത്തരം കാല്പനിക സ്വഭാവങ്ങള്‍ പ്രകടമാണ്. മറ്റൊരു സമാനത ഇരു സംസ്ഥാനങ്ങളിലും ശക്തമായ കൃഷ്ണവൈഷ്ണവ ഭക്തിയും അമ്മ ദേവതാരാധനയുമാണ്. ബംഗാളില്‍ ജയദേവകവി, ചണ്ഡിദാസ്, കൃത്തിവാസ്, ചൈതന്യ മഹാപ്രഭു എന്നിവരിലൂടെ പ്രചരിച്ച വൈഷ്ണവകൃഷ്ണാരാധന മുസ്‌ലിം, ബ്രിട്ടീഷ്, പില്‍ക്കാലത്തെ കമ്യൂണിസ്റ്റ് ഭരണങ്ങള്‍ക്കുശേഷവും വളരെ ശക്തമാണ് എന്ന് ഈ ലേഖകന് ബംഗാളിലെ ഗ്രാമങ്ങളിലൂടെ നടത്തിയ വിപുലമായ യാത്രകളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലും അതിശക്തമായി നിലനില്‍ക്കുന്ന കാളീസങ്കല്പത്തിന്റെ പ്രചാരവും നേരിട്ടു ബോധ്യപ്പെട്ടതാണ്. സമാനമായ പ്രവണതകള്‍ കേരളത്തിലെ ഹൈന്ദവ സമൂഹങ്ങളിലും പ്രകടമാണ്. ബംഗാളിലെന്നപോലെ തന്നെ കേരളത്തിലും പ്രധാന കവികളായ ചെറുശ്ശേരി, എഴുത്തച്ഛന്‍, മേല്‍പത്തൂര്‍, പൂന്താനം തുടങ്ങിയവരാല്‍ പരിപോഷിപ്പിച്ച വൈഷ്ണവ/കൃഷ്ണ ഭക്തിയും അതിനും മുന്‍പേ പ്രചാരത്തിലുണ്ടായിരുന്ന കാളി ഭഗവതി സങ്കല്പത്തെ ആധാരമാക്കി രൂപംകൊണ്ട് അമ്മദേവതാ സങ്കല്പവും തമ്മിലും ആരാധനാരീതിയിലെ ബാഹ്യതലത്തിലുള്ള വ്യത്യാസങ്ങള്‍ക്കുമപ്പുറം സമാനതകള്‍ കാണാവുന്നതാണ്. കൂടാതെ ഇരുസമൂഹങ്ങളിലേയും ജീവിതവീക്ഷണങ്ങളില്‍ പ്രകടമാകുന്ന സമീപനങ്ങളിലും ഇത്തരം സാജാത്യ സ്വഭാവങ്ങള്‍ കണ്ടെത്താം. 1920കളില്‍ വ്യാപകമായി പ്രചരിച്ച ദേശീയബോധവും സ്വാതന്ത്ര്യസമര പ്രസ്ഥാനവും നാല്‍പ്പതുകള്‍ക്കുശേഷം പ്രചരിച്ച ഇടതുപക്ഷ ആശയങ്ങളും ഇരു സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള രാഷ്ട്രീയ മാനങ്ങള്‍ കൂടി സൃഷ്ടിക്കുകയുണ്ടായി. ഗതകാലസ്മരണകളെപ്പോലെ തന്നെ സമത്വസുന്ദരവും ചൂഷണരഹിതവുമായ ഒരു നല്ല നാളെയെക്കുറിച്ചുള്ള ആദര്‍ശാധിഷ്ഠിതവും സ്വപ്നസുന്ദരവും ചൂഷണരഹിതവുമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാവാം ഇരു പ്രദേശത്തും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനും പ്രചാരം നല്‍കിയത്. രണ്ടിടത്തും ആ പ്രതീക്ഷകള്‍ കെട്ടടങ്ങുന്നതിലും സമാനതകള്‍ കാണാം. കൂടാതെ ഇരുപ്രദേശങ്ങളിലുമുള്ള വിദ്യാസമ്പന്നരിലും പാരമ്പര്യവും ആധുനികതയും അതുപോലെ ഗ്രാമീണതയും നഗരവല്‍ക്കരണവും തമ്മിലുള്ള ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളിലും സമാനതകള്‍ ഉണ്ടെന്നു പറയാം. ഇരുഭാഷകളിലേയും ആധുനിക കൃതികള്‍ ഏറെക്കുറെ സാജാത്യസ്വഭാവത്തോടുകൂടി ഈ സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്നതായി കാണാം.
ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും ഇത്തരം സമാനസ്വഭാവങ്ങള്‍ നിലനില്‍ക്കുന്നതിനാലാവാം മലയാളിക്ക് ബംഗാളി സാഹിത്യത്തോടും ഭാവുകത്വത്തോടും ഭൂമിശാസ്ത്രപരമായ അകലങ്ങളെ മറികടന്നുകൊണ്ട് വൈകാരികമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്. പല കാലങ്ങളിലായി ഇരുന്നൂറോളം വരുന്ന പരിഭാഷകരിലൂടെ ബംഗാളിയില്‍നിന്ന് നേരിട്ടും മറ്റു ഭാഷകള്‍ വഴിയുമായും നടത്തിയ വിവര്‍ത്തനങ്ങളിലൂടെയാണ് ഈ ബന്ധം കൂടുതല്‍ ദൃഢമായത്. ആ സംരംഭങ്ങളെ മുന്‍നിര്‍ത്തി ഡോ. ജയാസുകുമാരന്‍ രചിച്ച ബംഗാളി നോവലുകള്‍ എന്ന ഗൗരവമേറിയ ഒരു പഠനം മലയാളത്തില്‍ വന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ മലയാളി അങ്ങോട്ടു കാണിക്കുന്ന ഈ വൈകാരിക ബന്ധം ബംഗാളി തിരിച്ചിങ്ങോട്ടു പുലര്‍ത്തുന്നില്ല എന്ന ഖേദകരമായ വസ്തുത പറയാതെ വയ്യ. തങ്ങളുടെ മാതൃഭാഷയോടും സംസ്‌കാരത്തോടും ബംഗാളിക്കുള്ള അതിരുകടന്ന അടുപ്പവും അഭിമാനവും കാരണം മലയാള സാഹിത്യത്തോടും കേരളത്തോടും അവര്‍ അത്രകണ്ട് താല്പര്യം പ്രകടിപ്പിക്കാത്തതാവാം ഇതിനു കാരണം. അതിനാല്‍ ബംഗാളിലെ പ്രസാധകരോ അക്കാഡമിയോ മലയാള കൃതികളുടെ വിവര്‍ത്തനങ്ങളോട് ഒട്ടും തന്നെ താല്പര്യം കാണിക്കുന്നില്ല. അക്കാരണത്താല്‍ മലയാള ഭാവുകത്വവും കേരളീയ സംസ്‌കൃതിയും ബംഗാളിക്കു അത്രകണ്ട് പരിചിതമല്ല. അതുകൊണ്ട് ഈ വൈകിയ വേളയിലെങ്കിലും ഭാരതീയ ദേശീയോദ്ഗ്രഥനത്തിനും സാംസ്‌കാരികമായ പങ്കിടലിനും സാഹോദര്യത്തിനും ഏറെ സഹായകമാകുന്ന വിവര്‍ത്തന സംരംഭങ്ങള്‍ക്ക് (മലയാളത്തില്‍ നിന്നും ബംഗാളിയിലേക്കുള്ള) അക്കാദമികള്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ്, പുസ്തക പ്രസാധകര്‍, വിവര്‍ത്തകര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് നിര്‍വ്വഹിച്ചേ തീരൂ (സമീപകാലത്ത് കൊല്‍ക്കത്തയിലെ മലയാളി വ്യവസായിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ തിരൂര്‍ സ്വദേശി പി. വേണുഗോപാലിന്റെ നേതൃത്വത്തിലുളള പാക്‌സ് എന്ന സംഘം നിര്‍വ്വഹിക്കുന്ന വിവര്‍ത്തന സംരംഭങ്ങള്‍ ഈ അവസരത്തില്‍ സ്മരണീയമാണ്). എന്നാല്‍ മാത്രമേ വിവര്‍ത്തനത്തിലൂടെയുള്ള ഇരു ഭാഷകളുടേയും സാംസ്‌കാരിക വിനിമയം ഇപ്പോഴുള്ള ഏകപക്ഷീയമായ നിലയില്‍ നിന്നുമാറി പൂര്‍ണ്ണവും പാരസ്പര്യവുമാര്‍ന്ന അവസ്ഥ കൈവരിക്കുകയുള്ളു.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates