അലീന  
Articles

ആരാണ് ആഖ്യാനങ്ങളുടെ ഉടയോര്‍?

ദളിത് രചനകളേയും ദളിത് സ്ത്രീ രചനകളേയും പുരാതന കള്ളികളില്‍ ഒതുക്കിനിര്‍ത്താന്‍ പലരും ശാഠ്യം പിടിച്ചു

അലീന

സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിശ്ശബ്ദതയിലൂടെ ചരിത്രപരമായി നിശ്ശബ്ദരാക്കപ്പെട്ടവരാണ് സ്ത്രീകള്‍. അതില്‍ത്തന്നെയും ജാതിയുടേയും ലിംഗപദവിയുടേയും അതിരുകള്‍ യോജിക്കുന്നിടത്താണ് ദളിത് സ്ത്രീകളുടെ സാംസ്‌കാരിക സ്ഥാനം. കാലങ്ങളായി അവരുടെ കഥകളും അനുഭവങ്ങളും കേള്‍ക്കാന്‍ പൊതുസമൂഹം എന്ന് അവകാശപ്പെടുന്ന സവര്‍ണ്ണസമൂഹം വിസമ്മതിച്ചു. പകരം അവരെപ്പറ്റിയും അവര്‍ക്കുവേണ്ടിയും കഥകളും സിനിമകളും കലയും ഉണ്ടായി. അതിലൂടെ അവിടവിടെ മുഴച്ചും അവിടവിടെ ചുരുങ്ങിയുമുള്ള ക്യാരിക്കേച്ചറുകള്‍ സൃഷ്ടിക്കപ്പെട്ടു. ഈ ക്യാരിക്കേച്ചറുകള്‍ പിന്നീട് പരക്കെ സ്വീകരിക്കപ്പെട്ട ആഖ്യാനങ്ങളാകുകയും സമൂഹത്തില്‍ വാര്‍പ്പുമാതൃകകള്‍ ഉണ്ടാകുകയും ചെയ്തു. പിന്നീട് ദളിത് സ്ത്രീകളെക്കുറിച്ചുള്ള ഈ വാര്‍പ്പുമാതൃകകള്‍ പൊതുവെ അംഗീകരിക്കപ്പെട്ടതും ഏകശിലാത്മകവുമായ ഒറ്റ സത്യമായി മാറി.

കല പ്രകാശിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനും വായന/കാഴ്ചക്കാരുമായി സംവദിക്കാനും ഉള്ള സ്വാതന്ത്ര്യം സോഷ്യല്‍മീഡിയ കാലത്ത് വര്‍ദ്ധിച്ചെങ്കിലും അത് സ്വീകരിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത രീതി ഫ്യൂഡല്‍ തന്നെ ആയിരുന്നു

എന്നാല്‍ യഥാര്‍ത്ഥത്തില്‍, രക്തവും മാംസവുമുള്ള ദളിത് അനുഭവങ്ങള്‍ മറ്റെല്ലാ സമുദായങ്ങളിലും ഉള്ളതുപോലെ വൈവിധ്യമാര്‍ന്നതും അവരവരുടേതായ ഇടം അര്‍ഹിക്കുന്നതുമായിരുന്നു. സ്വന്തം ജീവിതത്തേയും ഭാവനകളേയും സമുദായത്തിന്റെ ചരിത്രത്തേയും വാര്‍പ്പുമാതൃകകളില്‍നിന്നു മോചിപ്പിച്ച്, മനഃപൂര്‍വ്വമുള്ള നിശ്ശബ്ദരാക്കലില്‍നിന്നു കുതറിയ ദളിത് സ്ത്രീകള്‍ക്കു മാത്രമാണ് ഈ ഒറ്റ സത്യത്തെ ആഖ്യാനംകൊണ്ട് ചോദ്യം ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ത്തന്നെ ദളിത് പെണ്‍കവികളുടെ പങ്ക് ശ്രദ്ധേയമാണ്. വിജില, എം.ഡി. ധന്യ, സതി അങ്കമാലി, വിദ്യമോള്‍ പ്രമാടം, പി.എസ്. ശ്രീദേവി, എം.ആര്‍. രാധാമണി, വിജയരാജ മല്ലിക എന്നിവര്‍ അസ്തിത്വം കൊണ്ടും രാഷ്ട്രീയ അനുഭവജ്ഞാനം കൊണ്ടും മലയാളകവിതയില്‍ വ്യത്യസ്തമായ ഭൂപടങ്ങള്‍ വരച്ചു.

കല പ്രകാശിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനും വായന/കാഴ്ചക്കാരുമായി സംവദിക്കാനും ഉള്ള സ്വാതന്ത്ര്യം സോഷ്യല്‍മീഡിയ കാലത്ത് വര്‍ദ്ധിച്ചെങ്കിലും അത് സ്വീകരിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത രീതി ഫ്യൂഡല്‍ തന്നെ ആയിരുന്നു. വാര്‍പ്പുമാതൃകകളോട് അടുത്തുനിന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കൂടുതല്‍ ദൃശ്യതയും സ്വീകാര്യതയും ലഭിച്ചു. സവര്‍ണ്ണ സഹൃദയരുടെ രക്ഷകമനോഭാവവും കുറ്റബോധവും നിറവേറ്റുന്ന കൃതികള്‍ ചേര്‍ത്തുപിടിക്കപ്പെടുകയും അല്ലാത്തവ തള്ളിക്കളയപ്പെടുകയും ചെയ്തു. ദളിത് രചനകളേയും ദളിത് സ്ത്രീ രചനകളേയും പുരാതന കള്ളികളില്‍ ഒതുക്കിനിര്‍ത്താന്‍ പലരും ശാഠ്യം പിടിച്ചു. വിഭിന്നമായ സാധ്യതകളെ ഭാവനയില്‍ ആരായാനുള്ള സ്വയം പ്രേരണകളെ നിരുത്സാഹപ്പെടുന്ന സമീപനമായിരുന്നു സവര്‍ണ്ണ പൊതുസമൂഹ വായനക്കാര്‍ക്ക് ഉണ്ടായിരുന്നത്. നവ സവര്‍ണ്ണ എഴുത്തുകാരുടെ ദളിത് പക്ഷ രചനകളില്‍ ഒരു വശത്ത് ദളിത് സാംസ്‌കാരിക വൈജ്ഞാനിക നിര്‍മ്മിതിയെ കാര്യമായി ആശ്രയിക്കുമ്പോഴും മറുവശത്ത് പുതിയ വാര്‍പ്പുമാതൃകകള്‍ അല്ലെങ്കില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലും അവതരിക്കപ്പെട്ടു. അപ്പോഴും ആഖ്യാനങ്ങളുടെ ഉടയോര്‍ അത് ഉല്പാദിപ്പിച്ചവര്‍ അല്ല, അത് കൈകാര്യം ചെയ്യുന്നവര്‍ തന്നെയായി തുടര്‍ന്നു. ഇങ്ങനെ സ്വന്തം കലയിലും സാഹിത്യത്തിലുമുള്ള കര്‍തൃത്വം ആധുനിക രീതികളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അന്യംനിന്നുകൊണ്ടിരുന്നു. അവിടെയാണ് രചന മാത്രമല്ല, പ്രസാധനം, എഡിറ്റര്‍ഷിപ്പ് മുതലായ മറ്റ് ഇടങ്ങളിലും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ എത്തേണ്ടുന്നതിന്റെ പ്രാധാന്യം. ഇത്തരം വിഭവങ്ങളുടെ ലഭ്യതക്കുറവിനെ വരും വര്‍ഷങ്ങളില്‍ നേരിട്ടു കീഴടക്കാന്‍ ഈ സമൂഹങ്ങള്‍ക്കു കഴിയും എന്ന് പ്രത്യാശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT