Articles

റിജിജുവിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രി കണ്ടെത്തിയ കാരണമാണ് രസകരം!

തന്റെ കാലയളവില്‍ ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന മൂന്നു പേരോടും കലഹത്തിലായിരുന്നു റിജിജു. 2021 മുതലാണ് ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമുള്ള ഒഴിവുകള്‍ കാര്യമായി നികത്തപ്പെട്ടു തുടങ്ങിയത്

അരവിന്ദ് ഗോപിനാഥ്

679 ദിവസം! കിരണ്‍ റിജിജുവിന്റെ വിവാദബഹുലമായ  അധികാരകാലയളവ് ഇത്രയുമാണ്. ബി.ആര്‍. അംബേദ്കര്‍ ഇരുന്ന കസേരയില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുമായി നിരന്തരം പോരടിച്ച്, കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ അവതരിപ്പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് നരേന്ദ്രമോദി നീക്കിയത് തികച്ചും നാടകീയമായാണ്. അര്‍ജുന്‍ റാം മേഘ്‌വാളാണ് പുതിയ മന്ത്രി. ഭൗമശാസ്ത്രവകുപ്പാണ് പുതിയ തട്ടകം. മന്ത്രിസഭാ പുന:സംഘടനയില്‍ റിജിജുവിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രി കണ്ടെത്തിയ കാരണമാണ് രസകരം-സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചത്രെ. നിയമസഹമന്ത്രി എസ്.പി. സിങ് ബാഗേലിനെ ആരോഗ്യ സഹമന്ത്രിയാക്കിയും മാറ്റി.

അരുണാചല്‍പ്രദേശില്‍ വെസ്റ്റ് കെമിങ് ജില്ലയില്‍ നിന്നുള്ള ലോക്സഭാംഗമാണ് റിജിജു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമബിരുദം നേടി. 2021 ജൂലൈ എട്ടിന് നിയമനീതിന്യായ മന്ത്രിയായി. 2019 മേയ് മുതല്‍ 2021 ജൂലൈ വരെ യുവജനകാര്യ കായികവകുപ്പ് സഹമന്ത്രിയായിരുന്നു. അഭിഭാഷകനാണെങ്കിലും അധികം പ്രാക്ടീസ് ചെയ്തിട്ടില്ലാത്ത റിജിജുവിന് നിയമമന്ത്രാലയത്തിന്റെ ചുമതല നല്‍കിയത് ആ പദവിയില്‍നിന്ന് സ്വതന്ത്ര തീരുമാനങ്ങളുണ്ടാകുമെന്ന് കരുതിയാകും. അതുകൊണ്ടുതന്നെ ആ പദവിയിലേക്ക് റിജിജുവിന്റെ പേര് വന്നപ്പോള്‍ മിക്കവരും അത്ഭുതപ്പെട്ടിരുന്നു. കോടതിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുകയെന്നതും ആ പദവിയുടെ ദൗത്യങ്ങളിലൊന്നായിരുന്നു. അതിനു പറ്റിയ കക്ഷിയാണ് റിജിജുവെന്ന് കണക്കുകൂട്ടി.  എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. 

ഉത്തരവാദിത്വമുള്ള ഒരു പദവിയിലിരുന്ന് പറയാവുന്നത് എല്ലാം പറഞ്ഞു. എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ടെന്ന് ജുഡീഷ്യറിയോട് ആവശ്യപ്പെട്ട റിജിജു വിമര്‍ശനമര്യാദയുടെ സകല സീമകളും ലംഘിച്ചു. 2021 ജൂലൈ എട്ടിന് രവിശങ്കര്‍ പ്രസാദ് രാജിവച്ചതിനു പിന്നാലെയാണ് റിജിജു മന്ത്രിയാകുന്നത്. 2021-ല്‍ റിജിജു ചുമതലയേറ്റെടുക്കുമ്പോള്‍ ലോകം കൊവിഡ്-19 മഹാമാരിയുടെ പിടിയിലായിരുന്നു. ഈ കാലഘട്ടത്തില്‍ റിജിജുവിന്റെ പൊതുപ്രസ്താവനകള്‍ കുറവായിരുന്നു. പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാഹചര്യം കുറവായതാണ് കാരണം. എങ്കിലും വെര്‍ച്വല്‍ ഹിയറിങ്, ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യം, ഓണ്‍ലൈന്‍ ഒത്തുതീര്‍പ്പ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശം അദ്ദേഹം നടത്തി. എന്‍.വി. രമണയായിരുന്നു അന്ന് ചീഫ് ജസ്റ്റിസ്. 

കിരണ്‍ റിജിജു

കലഹപ്രിയന്‍ കാലഹരണപ്പെട്ടപ്പോള്‍ 

വിചാരണാത്തടവുകാരെ വിട്ടയയ്ക്കാന്‍ സംസ്ഥാന നിയമസേവന അതോറിറ്റികള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന് കിരണ്‍ റിജിജു ജയ്പൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 18-ാമത് സമ്മേളനത്തില്‍ വ്യക്തമാക്കി. നീതി എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും അഭിഭാഷകര്‍ ഉയര്‍ന്ന തുക വാങ്ങുന്നതിനാല്‍ പണക്കാര്‍ക്കു മാത്രം മികച്ച അഭിഭാഷകരെ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും റിജിജു കുറ്റപ്പെടുത്തി. നിയമവ്യവസ്ഥയിലെ അടിസ്ഥാന സൗകര്യത്തിലെ അപര്യാപ്തതയാണ് നടപടിക്രമങ്ങള്‍ വൈകുന്നതിനു കാരണമെന്നും ഒഴിവുകള്‍ നികത്തുന്നതിലടക്കം സര്‍ക്കാര്‍ ഇടപെടണമെന്നും ചീഫ് ജസ്റ്റിസ് അതേ വേദിയില്‍ മറുപടി നല്‍കി. 

തന്റെ കാലയളവില്‍ ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന മൂന്നു പേരോടും കലഹത്തിലായിരുന്നു റിജിജു. 2021 മുതലാണ് ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമുള്ള ഒഴിവുകള്‍ കാര്യമായി നികത്തപ്പെട്ടു തുടങ്ങിയത്. എന്നിട്ടും സുപ്രീംകോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന നിയമനസംവിധാനമായ കൊളീജിയത്തിനെതിരെ റിജിജു രംഗത്തു വന്നു. ചീഫ് ജസ്റ്റിസ് അടക്കം അഞ്ച് പേരാണ് കൊളീജിയത്തിലുള്ളത്. ജഡ്ജിമാരെ നിര്‍ദ്ദേശിക്കുന്ന ഈ സംവിധാനത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്ന ജോലി മാത്രമാണ് കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ചില ജഡ്ജിമാരുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൊളീജിയവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നതും. 

പല ചടങ്ങുകളിലും സാഹചര്യങ്ങളിലും വേദികളിലും കേന്ദ്രസര്‍ക്കാരിന് റോള്‍ ഉള്ള നിയമന സംവിധാനം വേണമെന്ന് റിജിജു ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനത്തിനു ബദലായി നാഷണല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ഈ നിര്‍ദ്ദേശത്തെ വൈസ് പ്രസിഡന്റ് ജഗദീപ് ധന്‍കര്‍ അടക്കമുള്ളവര്‍ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍, പാര്‍ലമെന്റില്‍ അത്തരമൊരു നിര്‍ദ്ദേശമേയില്ല എന്നാണ് റിജിജു വ്യക്തമാക്കിയത്. കൊളീജിയത്തേയും ജുഡീഷ്യറിയേയും കുറിച്ചുള്ള നിയമമന്ത്രിയുടെ  പരാമര്‍ശങ്ങള്‍ക്കെതിരെ  ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയുമെത്തി. ഹൈക്കോടതി ഹര്‍ജി തള്ളിയെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. 

ഇങ്ങനെ വാക്കുകളിലൂടെയുള്ള പോരാട്ടം അടുത്ത ചീഫ് ജസ്റ്റിസുമാര്‍ വന്നപ്പോഴുമുണ്ടായി. 2022 ഓഗസ്റ്റ് 28-ന് യു.യു ലളിത് ചീഫ് ജസ്റ്റിസായി. അത് ചെറിയ കാലയളവിലേക്കായിരുന്നു. 74 ദിവസമാണ് അദ്ദേഹം ആ കസേരയിലിരുന്നത്. അതുകൊണ്ട്തന്നെ വലിയ വിവാദങ്ങളുണ്ടായില്ല. ഏറ്റവുമൊടുവില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എത്തി. കൊളീജിയത്തിന്റെ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം 19 പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ പലരോടും കേന്ദ്രസര്‍ക്കാരിനു താല്പര്യമുണ്ടായിരുന്നില്ല. ഇതോടെ വാക്‌പോരാട്ടം പാരമ്യത്തിലെത്തി.  ഈ കാലയളവിലാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ സൈബര്‍ ആക്രമണവും ട്രോള്‍ യുദ്ധവും കൂടിയത്. നീതിവ്യവസ്ഥയേയും  ജഡ്ജിമാരേയും അപമാനിക്കുന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടുള്ള യുദ്ധത്തിനോട് നിയമമേഖലയിലെ ഭൂരിഭാഗം പേരും വിയോജിച്ചു. ജഡ്ജിമാര്‍ക്ക് അനുകൂലമായി റിജിജുവും പ്രസ്താവന നടത്തി. എന്നാല്‍, ഒരു വര്‍ഷത്തിനകം നൂപുര്‍ ശര്‍മ വിവാദത്തില്‍ മുന്‍പ്രസ്താവനയ്ക്ക്  വിരുദ്ധമായാണ് റിജിജു സംസാരിച്ചത്. ലക്ഷ്മണരേഖ  പരാമര്‍ശം ഈ പ്രസ്താവനയിലായിരുന്നു. ജഡ്ജിയാണെങ്കിലും ജഡ്ജ്‌മെന്റാണെങ്കിലും ലക്ഷ്മണരേഖ കടന്നാല്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്നായിരുന്നു പ്രസ്താവന. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജുഡീഷ്യറിയുമായി നിരന്തരം കലഹിച്ച മന്ത്രി ചീഫ് ജസ്റ്റിസിനെ പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചു. സോഷ്യല്‍മീഡിയയിലും പിന്നെ രാഷ്ട്രീയ അണികള്‍ നല്‍കിയ പിന്തുണയും കണ്ടിട്ടാകണം ഈ പ്രവണത പിന്നീട് കൂടുകയാണുണ്ടായത്. 

പിന്നാലെ ജഡ്ജിമാരുടെ സൂക്ഷ്മപരി ശോധനയാണ് സോഷ്യല്‍മീഡിയയിലെ കമന്റുകളെന്നും  അവരും വിചാരണയ്ക്ക് വിധേയമാണെന്നും റിജിജു തുറന്നടിച്ചു. കോടതിയുടെ അവധിക്കാലവും വിവാദവിഷയമായി. കോടതിയുമായി  മഹാഭാരത യുദ്ധമൊന്നുമല്ലെന്നും  നല്ല ബന്ധമാണെന്നും മറുപടി ആവര്‍ത്തിച്ചെങ്കിലും അത് വിശ്വസിക്കാന്‍ സാമാന്യബോധമുള്ളവര്‍ തയ്യാറായില്ല. ഉത്തരങ്ങളില്ലാത്ത കുറേ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് പദവിയില്‍ രണ്ട് കൊല്ലം തികയ്ക്കാന്‍ മാസങ്ങള്‍ മാത്രം മതിയായിരുന്ന റിജിജു പടിയിറങ്ങുന്നത്. 

അലോസരം സൃഷ്ടിച്ച വാക്കുകള്‍ 

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എന്തുകൊണ്ട് ഈ മാറ്റമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. വകുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി സാഹചര്യത്തിനൊത്ത് ഉയരാന്‍ റിജിജുവിനു കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യവുമാണ്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരിന്റെ രഹസ്യസ്വഭാവമുള്ള നിലപാടുകള്‍ കോടതി പരസ്യപ്പെടുത്തുന്നതിനെ വിമര്‍ശിച്ച റിജിജുവിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെ നേരിട്ട് മറുപടി നല്‍കി. ഇത് അപൂര്‍വ നടപടിയായിരുന്നു.

ഈ ബന്ധം പരിശോധിക്കുന്ന ആര്‍ക്കും ഇന്ന് ഇന്ത്യന്‍ നീതിവ്യവസ്ഥയും കേന്ദ്രസര്‍ക്കാരും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് ബോധ്യപ്പെടും. സുപ്രീംകോടതി ഭരണഘടനയെ ഹൈജാക്ക് ചെയ്യുന്നുവെന്ന ഹൈക്കോടതി ജഡ്ജിയുടെ വിമര്‍ശനം ട്വീറ്റ് ചെയ്തു, വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യാവിരുദ്ധ സഖ്യത്തിലുള്ളവരെന്ന് ആരോപിച്ചു, കോടതികളുടെ ദീര്‍ഘ അവധിയെ ചോദ്യം ചെയ്തു, ജഡ്ജിമാര്‍ വിദേശത്തു പഠിച്ചാലും ഇന്ത്യന്‍ മനസ്സുവേണമെന്ന് വിമര്‍ശിച്ചു  ഇങ്ങനെ ജുഡീഷ്യറിക്ക് അലോസരമുണ്ടാക്കിയ പല നടപടികളും ഉണ്ടായി. ജഡ്ജി നിയമനവിഷയത്തിലാകട്ടെ, റിജിജുവിന്റെ ഇടപെടല്‍ ജുഡീഷ്യറിയുമായുള്ള തര്‍ക്കം കൂടുതല്‍ വഷളാക്കാനാണ് ഇടവരുത്തിയത്. കൊളീജിയം സംവിധാനത്തിനും ജുഡീഷ്യറിക്കുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ നിയമസമൂഹത്തില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. 

രാജ്യത്തെ കൊളീജിയം സംവിധാനത്തെ എല്ലാവരും അംഗീകരിക്കണമെന്നും, പിന്തുടരണമെന്നും സുപ്രീംകോടതിക്കു പറയേണ്ടിവന്നു. രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ കൊളീജിയത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും കൊളീജിയത്തെ തകര്‍ക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പരാമര്‍ശങ്ങള്‍ പോലും കൊളീജിയത്തിനെതിരെയാണ്, അത്തരക്കാര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണനോട് സുപ്രീംകോടതി നേരിട്ട് ആവശ്യപ്പെട്ടു. റിജിജുവിനെ ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. 

അടുത്ത 70,000 കേസുകള്‍ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും 4.25 കോടിയിലധികം കേസുകള്‍ രാജ്യത്തെ കീഴ്ക്കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കിരണ്‍ റിജിജു വിമര്‍ശിച്ചു. ഒരു കേസും സുപ്രീംകോടതിക്കു ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഇതിനു മറുപടിയായി വ്യക്തമാക്കി. കേസുകള്‍ കെട്ടിക്കിടക്കുന്ന കാലത്ത് സുപ്രീംകോടതി പോലൊരു ഭരണഘടനാ സ്ഥാപനം ജാമ്യാപേക്ഷകളും നിസ്സാരമായ പൊതുതാല്പര്യ ഹര്‍ജികളും കേള്‍ക്കരുതെന്നായിരുന്നു കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞത്.  പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിനായി ഇടപെട്ടില്ലെങ്കില്‍ പിന്നെന്തിനാണ് സുപ്രീംകോടതിയും ജഡ്ജിമാരുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 

ജുഡീഷ്യറിയാണോ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ രാജ്യത്തിന്റെ ഭരണം നടത്തേണ്ടതെന്ന് ഒരുവേള ചോദിച്ചു. അനാവശ്യമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതികള്‍ നടത്തേണ്ടതില്ല. ഒരു ജഡ്ജി തന്റെ വിധികളിലൂടെയാണ് സംസാരിക്കേണ്ടത്. വാക്കാലുള്ള പരാമര്‍ശങ്ങള്‍ക്കു പ്രസക്തിയില്ല. വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ കോടതി നടത്തരുതെന്നാണ് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നായിരുന്നു റിജിജുവിന്റെ വാദം. ഭരണഘടന-ജനാധിപത്യ സ്ഥാപനങ്ങളോടും മൂല്യങ്ങളോടും പദവികളോടുമുള്ള ബഹുമാനം, പൗരന്മാരോടുള്ള ഉത്തരവാദിത്വം, മതേതരമൂല്യം നിലനിര്‍ത്തുക എന്നിങ്ങനെയുള്ള മൂല്യങ്ങളെ തിരസ്‌കരിക്കുന്നതിന്റെ അളവുകോലാണ് റിജിജു. എത്രവരെ അധഃപതിക്കാം എന്നതിന്റെ ഉദാഹരണം. റിജിജുവിനെ മാറ്റി ജുഡീഷ്യറിയുമായി ഒരു സമരസപ്പെടലിന്റെ സാധ്യത തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രിയെ മാറ്റിയത് ജുഡീഷ്യറിയെ വിമര്‍ശിച്ചതിനാലാണെന്ന വാദത്തിനു പ്രചാരം ലഭിക്കുകയും ചെയ്യും. അതൊരു അടവുനയമായി കണ്ടാല്‍ മതി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

SCROLL FOR NEXT