1996 ലാണ് ചാവുനിലം പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത്. അന്നത് വേണ്ട നിലയില്‍ വായിക്കപ്പെട്ടില്ല. ദൂരദര്‍ശനില്‍ വന്ന 'മിഖായേലിന്റെ സന്തതികള്‍' എന്ന സീരിയലിലൂടെയാണ് പി.എഫ്. മാത്യൂസ് എന്ന എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുന്നത്. വള്ളുവനാടന്‍ ഭാഷ സംസാരിച്ച കഥാപാത്രങ്ങളില്‍നിന്ന് കൊച്ചിഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളിലേക്കുള്ള ചരിത്രപരമായ മാറ്റം കൂടിയായിരുന്നു ആ സീരിയല്‍. അക്കാലത്തെക്കുറിച്ച് എന്തൊക്കെയാണ് ഓര്‍മ്മയിലുള്ളത്?
'പരിഷ്‌കാര വിജയം' എന്ന നോവലിലൂടെ വാരിയത്ത് ചോറി പീറ്ററാണ് കൊച്ചിയുടെ തീരദേശത്തുള്ള ലത്തീന്‍ കത്തോലിക്കരുടെ ജീവിതം ആദ്യമായി മലയാളത്തില്‍ എഴുതുന്നത്. പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീ വിജയം' പോലെത്തന്നെ ഈ കൃതിയും അത്രകണ്ട് ചര്‍ച്ചയായില്ല. മാത്രമല്ല, ഈ പുസ്തകം തന്നെ അപ്രത്യക്ഷമായിപ്പോയി. പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗ്ഗദൂതനാണ് പില്‍കാലത്ത് കുറച്ചെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാലും മലയാള സാഹിത്യത്തിന്റെ മുഖ്യധാരയില്‍ അദ്ദേഹവും ഉണ്ടായിരുന്നില്ല. റാഫി മാഷിനു ശേഷം ഈ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതി ചാവുനിലമാണ്. ഇറങ്ങിയ കാലത്ത്
ആ കൃതിയുടെ ഗതിയും ഏതാണ്ട് മുന്‍ഗാമികളുടേതുപോലെത്തന്നെയായിരുന്നു. എണ്‍പതുകളുടെ അവസാനമാണ് ഞാന്‍ ചാവുനിലം എഴുതിത്തുടങ്ങുന്നത്. 1996ല്‍ പുസ്തകരൂപത്തില്‍ വന്നു. അതിനൊരു രണ്ടാം പതിപ്പുണ്ടാകുന്നത് 2010ല്‍ സിനിമയുടെ തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയതുകൊണ്ടു മാത്രമാണ്. ദേശീയ അവാര്‍ഡുകൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണവും അതായിരുന്നു. ഇതിനിടയില്‍ 1993ല്‍ 'മിഖായേലിന്റെ സന്തതികള്‍' ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. അതേവര്‍ഷം 'പുത്രന്‍' സിനിമയും വന്നു. വള്ളുവനാടന്‍ ഭാഷയും തറവാട്ടുകഥകളുമായിരുന്നു അക്കാലത്ത് സാഹിത്യത്തിലും ദൃശ്യമാധ്യമങ്ങളിലും നടപ്പുശീലം. ടെലിവിഷന്‍ പരമ്പരയുടെ രൂപത്തിലാണെങ്കിലും കഥാപാത്രങ്ങള്‍ ആദ്യമായി അത്ര സവര്‍ണമല്ലാത്ത കൊച്ചി ഭാഷ സംസാരിച്ചു. കേരളത്തില്‍ ടെലിവിഷന്‍ പരമ്പര പുതിയ മാധ്യമമായതിനാല്‍ കാണി ശീലങ്ങള്‍ക്ക് അടിമയായിത്തീര്‍ന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാകണം ആ പരമ്പര സ്വീകരിക്കപ്പെട്ടത്. നോവലും എന്റെ കഥകളും അപ്പോഴും അദൃശ്യമായിത്തന്നെ തുടര്‍ന്നു. പില്‍കാലത്ത് പുതിയ തലമുറയാണ് ചാവുനിലം കുറച്ചെങ്കിലും ആഘോഷിച്ചത്.
അന്നത്തെ കൊച്ചി എങ്ങനെയായിരുന്നു? ടി.ആര്‍, വിക്ടര്‍ ലീനസ് അടക്കമുള്ള മുതിര്‍ന്ന എഴുത്തുകാരുടെ സാന്നിദ്ധ്യം. അതുപോലെത്തന്നെ തോമസ് ജോസഫ്, ജോര്‍ജ് ജോസഫ് കെ., ജോസഫ് മരിയന്‍ തുടങ്ങിയവരടങ്ങുന്ന മറ്റൊരു സംഘം. കൊച്ചിയിലെ എഴുത്തുകാരും പി.എഫ്. മാത്യൂസിന്റെ എഴുത്തുജീവിതവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു?
ഡിഗ്രിക്കു പഠിക്കുമ്പോള്‍ വളരെ യാദൃച്ഛികമായി സൗത്ത് തീവണ്ടി സ്‌റ്റേഷനടുത്തുള്ള ഒരു ചെറിയ ഹാളില്‍ നടന്ന സാഹിത്യകൂട്ടായ്മയില്‍ വച്ചാണ് ആദ്യമായി ടി.ആറിനെ കാണുന്നത്. മുന്‍ തലമുറയെ അനുകരിച്ച് യാഥാസ്ഥിതികമായ മട്ടില്‍ കഥകളെഴുതാന്‍ ശ്രമിച്ചിരുന്ന എന്റെ വഴിയില്‍ അപായസിഗ്‌നല്‍ തെളിച്ചത് ടി.ആറായിരുന്നു. അദ്ദേഹത്തിന്റെ ഒരു കമന്റ് സാഹിത്യത്തെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ചു. ധാരാളം വായിക്കപ്പെടുന്ന പ്രശസ്തനായ ഒരെഴുത്തുകാരനാകാന്‍ ഒരു ശ്രമവും നടത്താതിരുന്ന ടി.ആറിനെ അകലെ നിന്നുതന്നെ ഏറെ ഇഷ്ടപ്പെട്ടു. വിക്ടര്‍ ലീനസുമായി സൗഹൃദമുണ്ടായിരുന്നതിനാല്‍ കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. മിക്കവാറും എറണാകുളത്തെ നൂണ്‍ഷോകളുടെ ക്യൂവില്‍ വച്ചാണ് ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നത്. ഞാന്‍ ജോലിയെടുത്തിരുന്ന പത്രമാപ്പീസിലും അദ്ദേഹം വരാറുണ്ടായിരുന്നു. അക്കാലത്ത് സി. അയ്യപ്പന്റെ എഴുത്തുകളോടും അത്രതന്നെ അടുപ്പം എനിക്കുണ്ടായിരുന്നു. പ്രശസ്തിയോട് തീരെ ആഭിമുഖ്യമില്ലാത്ത ടി.ആറും വിക്ടറും സി. അയ്യപ്പനും മികച്ച എഴുത്തുകാരുമായിരുന്നു. മികവിനും പ്രതിഭയ്ക്കും പ്രശസ്തി അനിവാര്യമല്ല എന്ന് അവര്‍ തെളിയിച്ചു.
എഴുത്തുകാരായ ജോര്‍ജ് ജോസഫും ജോസഫ് മരിയനും ജോജോ ആന്റണിയും ഞാനും അക്കാലത്ത് കലൂര്‍ കതൃക്കടവില്‍ അയല്‍ക്കാരായിരുന്നു. സാഹിത്യത്തേക്കാളുപരി ദിനവും കാണുന്ന ചങ്ങാതിമാരായിരുന്നു ഞങ്ങള്‍. തോമസ് ജോസഫിന്റെ കഥകള്‍ തുടക്കത്തിലേത്തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. എഴുതിത്തുടങ്ങിയപ്പോള്‍തന്നെ പ്രായപൂര്‍ത്തിയെത്തിയതു പോലെയായിരുന്നു തോമസ് ജോസഫ്. കൊച്ചിയില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവര്‍ കൂടുമായിരുന്നു പക്ഷേ, സാഹിത്യം ചര്‍ച്ച ചെയ്യുന്ന കൂട്ടായ്മകളില്‍നിന്ന് ഞാന്‍ വിട്ടുനിന്നു.
എഴുത്തിന് പറ്റിയ ഒരു അന്തരീക്ഷം വീട്ടിലുണ്ടായിരുന്നോ?
എഴുത്തിന്റെ തുടക്കത്തില്‍ തീരെ ഉണ്ടായിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഒറ്റമുറി വാടക വീട്ടിലെ കിടപ്പുമുറിയിലിരുന്നായി എഴുത്ത്. രണ്ടോ മൂന്നോ ഒറ്റമുറി വാടകവീടുകളിലെ താമസത്തിനിടയിലാണ് ചാവുനിലം എഴുതുന്നത്. എല്ലാവരും ഉറങ്ങിയതിനു ശേഷം മാത്രം എഴുതാനിരിക്കുന്ന ശീലം അങ്ങനെയുണ്ടായതാണ്. സ്വന്തം എഴുത്തുമുറിയൊക്കെ ഉണ്ടാകുന്നത് കാലങ്ങള്‍ക്കു ശേഷമാണ്.
കഥകളിലെ പശ്ചാത്തലം ജീവിതാനുഭവങ്ങളില്‍നിന്നുണ്ടായതാണോ?
അതൊന്നു വിശദീകരിക്കേണ്ടിവരും. ഒരു ലത്തീന്‍ ക്രിസ്ത്യാനി സമൂഹത്തിലാണ് ജനിച്ചതും വളര്‍ന്നതും. പക്ഷേ, കടലുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കൃതികള്‍ പലതും കടലിനോട് അടുത്തുനില്‍ക്കുന്നവയാണ്. കടപ്പുറത്ത് പോവുകയും മത്സ്യത്തൊഴിലാളികളോട് സംസാരിക്കുകയും ഇടപഴകുകയുമൊക്കെ ചെയ്തതുകൊണ്ടാണ് അതു സാധിച്ചത്. 'തീരജീവിതത്തിന് ഒരു ഒപ്പീസ്' എന്ന പുസ്തകത്തില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. ഒരു സാധാരണ ക്രിസ്ത്യന്‍ വീട് തന്നെയായിരുന്നു എന്റേതും. നമ്മള്‍ ജീവിക്കുന്ന പശ്ചാത്തലമാണ് നമ്മുടെ എഴുത്തിന് പ്രേരണയാകുന്നത്.
എഴുത്തിന്റെ തുടക്കകാലത്ത് ഒരു ക്രൈം ചെയ്യുന്നതുപോലെ ആരുമറിയാതെയാണ് എഴുതിയിരുന്നതെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അധികം സൗകര്യങ്ങളില്ലാത്ത വീട്ടില്‍ രാത്രിയെല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ഒരു മേശവിളക്കിന്റെ ചുവട്ടിലിരുന്ന് ഡയറിയിലായിരുന്നല്ലോ എഴുത്ത്. ആദ്യത്തെ കഥ 'ആസാമിനു പിറകില്‍ സുഭാഷ് പാര്‍ക്കിലെ കുരങ്ങന്‍' എന്ന കഥ എഴുതിയ കാലത്തെക്കുറിച്ച് എന്തൊക്കെയാണ് ഓര്‍മ്മയിലുള്ളത്?
തുടക്കകാലത്ത് വീട് എഴുത്തിന് ഒട്ടും അനുകൂലമായിരുന്നില്ല. അതുകൊണ്ടുതന്നെ എഴുതുന്നത് തീര്‍ത്തും രഹസ്യമായിട്ടു തന്നെയായിരുന്നു. തന്നെയുമല്ല, അത് ആരെയെങ്കിലും കാണിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. പേടിയുണ്ടായിരുന്നു. കുറച്ച് നല്ല കഥകളും നോവലുകളും നമ്മള്‍ വായിച്ചിട്ടുണ്ടെന്നതാണ് ഒരു കാരണം. എഴുത്തിനെക്കുറിച്ച് നമ്മള്‍ വച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ തന്നെയായിരിക്കാം ഈ ഭയത്തിനുള്ള മറ്റൊരു കാരണം. ആസാമിനു പിറകില്‍ സുഭാഷ് പാര്‍ക്കിലെ കുരങ്ങന്‍ എന്ന കഥ ആദ്യമധ്യാന്തങ്ങളില്ലാത്ത, ശിഥിലമായ ഘടനയുള്ളതായിരുന്നു. സര്‍റിയലിസ്റ്റിക് ഇമേജറികളുള്ള ആ കഥയിലെ വാചകങ്ങള്‍ ഏറെക്കുറെ കൊളാഷ് പോലെയും ആയിരുന്നു എന്നും ഓര്‍ക്കുന്നുണ്ട്. ആ കഥ എഴുതുമ്പോഴുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥകളും എഴുതിയ ആളിന്റെ തൊഴിലില്ലായ്മയും ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങളുമൊക്കെ അതില്‍ കലര്‍ന്നു.
പ്രാദേശികത എഴുത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും അതില്‍ മുഴുകാതെ ലോകസാഹിത്യത്തിന്റെ ഭാവുകത്വധാരയോട് ചേര്‍ന്നുനില്‍ക്കാനുള്ള ഒരു നീക്കം ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ മാത്യൂസ് എന്ന എഴുത്തുകാരനിലുണ്ടായിട്ടുണ്ട്. ലോകസാഹിത്യവായനയിലൂടെ രൂപപ്പെട്ടുവന്നതാണ് അതെന്നു കരുതട്ടെ. വായന പി.എഫ്. മാത്യൂസ് എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയത് എങ്ങനെയൊക്കെയാണ്?
വായനയുടെ അപര്യാപ്തതയാണ് എന്നെ എക്കാലവും വ്യാകുലപ്പെടുത്തിയിട്ടുള്ളത്. ഡോണ്‍ കിഹോട്ടെ മുഴുവനായി വായിച്ചതുതന്നെ കൊവിഡ് കാലത്താണ്. മലയാളത്തിലെ മികച്ച കാവ്യങ്ങള്‍പോലും വേണ്ടുംവണ്ണം വായിച്ചിട്ടില്ല. കാലത്തെ മറികടന്നു വന്ന വലിയ എഴുത്തുകാരുടെ കൃതികള്‍ മുന്നിലുള്ളപ്പോള്‍ നമ്മളെന്തിനു നിലവാരമില്ലാത്ത കൃതികളില്‍ മുഴുകി സ്വയം വെട്ടിച്ചുരുക്കണം എന്ന ചിന്ത എപ്പോഴുമുണ്ട്. എഴുത്തുപോലെത്തന്നെ ചലച്ചിത്രങ്ങളും ഒഴിവാക്കാനാകാത്തതാണെനിക്ക്. വായിച്ച പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും പേരുകള്‍ പറഞ്ഞാല്‍ അത് പ്രകടനപരമായിത്തീരുമെന്നു തോന്നുന്നു. മികച്ച സാഹിത്യം വായിക്കുമ്പോഴും എഴുതുന്നത് നമ്മുടെ ഉള്ളിലേക്കു നോക്കിയാണല്ലോ. എഴുത്ത് മിക്കവാറും ബോധപൂര്‍വ്വം തന്നെയാണ്. നമ്മള്‍ ജീവിക്കുന്ന സ്ഥലവും കാലവും അതില്‍ കടന്നുവരാതിരിക്കില്ല. കടലിന്റെ മണം എന്ന നോവലില്‍ കടല്‍ ഇല്ലാത്ത ഒരു നഗരത്തില്‍ കടലിന്റെ മണം അനുഭവിക്കുന്ന ഒരു കഥാപാത്രമുണ്ട്. കടല്‍ ഇല്ലാത്ത ആ നഗരം കൊച്ചിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ. ആ കൃതിയെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തില്‍തന്നെയാണ് വായിച്ചതെന്ന് സംവിധായകനായ ശ്യാമപ്രസാദടക്കമുള്ള ചില വായനക്കാര്‍ പറഞ്ഞത് ഓര്‍ക്കുന്നു. എഴുതുന്നവരുടെ പരാധീനത കൂടിയാകാം അത്. എഴുത്തുകാരുടെ പരിമിതികളാണ് പലപ്പോഴും ശൈലിയായി മാറുന്നതെന്നു തോന്നുന്നു.
'ചാവുനിലം' എന്ന കഥയിലെ ആഖ്യാതാവ് ഒരു നിരീശ്വരവാദി അല്ലെങ്കില്‍ പ്രകൃതിയുടെ നിമിത്തങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ്. പക്ഷേ, കഥ എപ്പോഴും റിലീജിയന്‍ പറയുന്ന ചിന്തകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്. എഴുത്തുകാരന്‍ കഥയോടാണോ അതോ ആഖ്യാതാവുമായാണോ കൂടുതല്‍ ചേര്‍ന്നിരിക്കുന്നത്?
കഥ പറയല്‍ അല്ല എന്റെ ലക്ഷ്യം. ഞാന്‍ കോണ്ടന്റ് സൃഷ്ടിക്കുന്നയാളല്ല. ഭാഷയില്‍ വിവരിക്കുവാന്‍ ശ്രമിക്കുകയാണ്. ഓരോ ഘട്ടത്തിലും എന്റെ മനസ്സിലൂടെ കടന്നുപോകുന്ന കാര്യങ്ങള്‍ ഒരു ബോധധാരപോലെ എഴുതിപ്പോവുകയാണ് ചെയ്യുന്നത്. എല്ലാ കൃതികളും അങ്ങനെത്തന്നെയാണ്. അതിനൊരു പ്രത്യേക ലക്ഷ്യമില്ല. ഇത് ഇങ്ങനെ ആയിരിക്കണം, ഇവിടെ ചെന്ന് അവസാനിക്കണം, ഒരു പ്രത്യേക ദര്‍ശനം അല്ലെങ്കില്‍ പ്രത്യയശാസ്ത്രം പറയണം എന്നൊന്നും ഉദ്ദേശിക്കുന്നില്ല. മതവിശ്വാസങ്ങള്‍ അതിന്റെ സ്പിരിറ്റില്‍ അനുഷ്ഠിക്കുന്ന ഒരാളല്ല. എന്നാല്‍ നിരീശ്വരവാദിയുമല്ല. ഞാനൊരു ആജ്ഞേയവാദിയാണെന്ന് വേണമെങ്കില്‍ പറയാം. ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. 'ചാവുനില'ത്തിലെ ആഖ്യാതാവും ഇത്തരത്തില്‍ ഒരാളാണ്. ദൈവം ഇല്ലേ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉണ്ടാകുമായിരിക്കും എന്ന് പറയുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മതത്തേയും മതത്തിന്റെ അനുശാസനങ്ങളേയും അയാള്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ല. അത് പലതും മനുഷ്യര്‍ക്ക് ആവശ്യമുള്ളതാണ്. ഒരു യുക്തിവാദി മതം മനുഷ്യനു വേണ്ട എന്ന് പറയുമെങ്കിലും മതത്തെ ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട്. അതില്ലെങ്കില്‍ അവരുടെ ജീവിതം ബുദ്ധിമുട്ടാകും. അതിനാല്‍ മതവിശ്വാസത്തെ നിരോധിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ല. മതം ഇന്നൊരു അപകടകരമായ അവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ ദ്രോഹങ്ങള്‍ അഴിച്ചുവിടുന്നത് മതത്തിന്റെ പേരിലാണ്. എന്നാല്‍പോലും അത് നിരോധിക്കണം എന്നു പറയാന്‍ നമുക്ക് സാധിക്കില്ല. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതിന്റെ നിരോധനം എവിടെയും കൃത്യമായ പ്രവര്‍ത്തനഫലം ഉണ്ടാക്കിയിട്ടില്ല.
ഒരു മതപരത തീര്‍ച്ചയായും എന്റെ എഴുത്തിലുണ്ട്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ എല്ലാം പള്ളിയില്‍ വച്ചാണ് നടക്കുന്നത്. 'ഈ മ യൗ' കൈകാര്യം ചെയ്യുന്ന വിഷയം പള്ളിയുടെ ഈ ആധിപത്യത്തിനെതിരെയുള്ള എളിയ തോതിലുള്ള ഒരൊറ്റയാള്‍ പോരാട്ടമാണ്. ഇത് ചില മേലധ്യക്ഷന്മാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അറിഞ്ഞു. അവര്‍ അതിനെതിരെ സംസാരിക്കുകയും യോഗം വിളിച്ചു കൂട്ടുകയും ഒക്കെ ചെയ്തു. കേന്ദ്രമന്ത്രിയെ കത്തിക്കുന്ന ദൃശ്യം പോലും ചര്‍ച്ച ചെയ്യപ്പെടാത്ത ഇടത്ത് ഒരു വികാരിയച്ചന്റെ കരണത്തടിക്കുന്ന ദൃശ്യം ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയിലാണെങ്കിലും കഥയിലാണെങ്കിലും മതത്തെ തൊട്ടുകഴിഞ്ഞാല്‍ ആളുകള്‍ വളരെയധികം കോപിഷ്ഠരാകും. യഥാര്‍ത്ഥ ജീവിതങ്ങളെ ആസ്പദമാക്കി എഴുതുമ്പോള്‍ തീര്‍ച്ചയായും അതില്‍ മതവും അതിന്റെ അനുഷ്ഠാനങ്ങളും കടന്നുവരും. ശവസംസ്‌കാര ചടങ്ങിലൂടെയാണ് 'ഈ മ യൗ' മുന്നോട്ടുപോകുന്നത്. അത് മതം അനുശാസിക്കുന്ന ചടങ്ങാണ്. അപ്പനെ വീട്ടുമുറ്റത്ത് കുഴികുത്തി മൂടുന്ന മകന്‍ സന്തോഷത്തോടെ അല്ല അത് ചെയ്യുന്നത്. ഗതികെട്ടിട്ടാണ് ചെയ്യുന്നത്. അപ്പോള്‍ ശരിക്കു പറഞ്ഞാല്‍ ആ മകന്‍ ചെയ്യുന്നത്, ഒരു ഏകാധിപത്യ ശക്തിക്കെതിരെ ഒരു സാധാരണ മനുഷ്യന്‍ നടത്തുന്ന പോരാട്ടം കൂടിയാണ്. പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്.
കഥയിലെ ക്യാരക്ടര്‍ ഡെവലപ്‌മെന്റ് സംഭവിക്കുന്നത് കഥാപാത്രങ്ങള്‍ കൂടുതല്‍ തെറ്റുകളിലേക്ക് നിപതിക്കുമ്പോഴാണ്. പാപബോധത്തില്‍നിന്നും അന്ത്യവിധിയില്‍നിന്നുമുള്ള മോചനം നല്‍കുന്ന സ്വാതന്ത്ര്യമാണോ ഈ ഡെവലപ്‌മെന്റ്?
ഈ കഥാപാത്രങ്ങള്‍ അസ്വതന്ത്രരാണ്. ജന്മംകൊണ്ടുതന്നെ മതത്തിന് അടിമപ്പെട്ടവര്‍. ആ കെട്ടുകളിലാണ് അവര്‍ വളരുന്നത്. 'ഈ മ യൗ'ലെ ഈശി അവസാന നിമിഷം മാത്രമേ അവയെല്ലാം പൊട്ടിക്കുന്നുള്ളൂ. അയാളുടെ അപ്പന് ഏറ്റവും രാജകീയമായൊരു സംസ്‌കാരം കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഈശി. അയാള്‍ക്ക് മതവിശ്വാസം ഉള്ളതുകൊണ്ടാണ് അത്. അച്ചന്‍ അത് അനുവദിക്കില്ലെന്ന് പറയുമ്പോള്‍ മേധാവിത്വത്തിന് എതിരെയുള്ള ഒരു കലാപം അവിടെ നടത്തുന്നത് നിവൃത്തികേടുകൊണ്ടാണ്. സന്തോഷത്തോടെ ചെയ്യുന്ന കാര്യമല്ല. മിക്കവാറും കീഴാളന്റെ കാര്യങ്ങളെല്ലാം അങ്ങനെത്തന്നെയാണ്. ഇവിടെ പൊതുശ്മശാനങ്ങള്‍ ഉണ്ടല്ലോ. സ്വാതന്ത്ര്യമുള്ള ഒരാള്‍ക്ക് ആദ്യം അവഗണന നേരിടുമ്പോള്‍തന്നെ സൗകര്യമില്ല ഞാന്‍ വേറെ പണി നോക്കിക്കോളാം എന്ന് പറയാലോ. ആ സ്വാതന്ത്ര്യം എടുക്കാന്‍ അയാള്‍ക്ക് ഇഷ്ടമില്ല. കാരണം ആ മതത്തിന്റെ കെട്ടില്‍പെട്ട് കിടക്കുകയാണ്. ചാവുനിലത്തിലെ ഈനാശുവും അന്നയും മതത്തിന്റേയും സമൂഹത്തിന്റേയും കെട്ടുകളില്‍നിന്ന് മുക്തരായവരാണ്. ആരോഗ്യകരമായ മുക്തിനേടല്‍ ആണെന്ന് ഞാന്‍ പറയില്ല. തീര്‍ത്തും അരാജകവും പ്രകൃതിവിരുദ്ധവുമാണെങ്കിലും അതും ഒരു മുക്തിനേടല്‍ തന്നെയാണ്, ഒരു സ്വാതന്ത്ര്യപ്രാപ്തി തന്നെയാണ്.
എന്റെ അഭിപ്രായത്തില്‍ ഓരോ കഥാപാത്രങ്ങളും അവരുടേതായ ഒരു പര്യവസാനം കണ്ടെത്തുകയാണ് ചെയ്യുന്നത്. തുടങ്ങുമ്പോള്‍ ആര്‍ക്കും അറിയില്ല ഇതെങ്ങനെ അവസാനിക്കുമെന്ന്. നമ്മുടെ ജീവിതം എവിടെ പോകും എങ്ങോട്ട് ചെന്നുചേരും എന്ന് നമുക്കറിയില്ല. അവിടെ ചെല്ലുമ്പോഴാണ് നമ്മള്‍ അറിയുന്നത് ഇത് ഇങ്ങനെയൊക്കെ ആണല്ലോ എന്ന്. ഇരുട്ടില്‍ ഒരു പുണ്യാളനില്‍ അന്നംകുട്ടി താത്തി പറയുന്നുണ്ട്: 'മരിക്കുന്നതിനു മുന്‍പ് ഒരു മനുഷ്യനെക്കുറിച്ച് അഭിപ്രായം പറയാനോ വിലയിരുത്താനോ നമുക്ക് സാധിക്കുകയില്ല. ഇയാള്‍ എന്തായിരുന്നു എന്ന് അന്ത്യശ്വാസം വലിക്കുമ്പോള്‍ മാത്രമേ പറയാന്‍ പറ്റുകയുള്ളൂ.' അന്നംകുട്ടിതാത്തി അവരുടെ അപ്പനെപ്പറ്റിയാണ് ഇത് പറയുന്നത്. അപ്പന്റെ സ്വഭാവം എന്താണെന്ന് അറിഞ്ഞത് അവസാന നേരത്താണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ പര്യവസാനം കൃത്യമായി ആസൂത്രണം ചെയ്ത ഒന്നല്ല.
മാര്‍ക്വേസിന്റെ കൃതികളുമായി ഏറെ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ് 'ചാവുനിലം?'
മാജിക്കല്‍ റിയലിസം മാര്‍ക്വേസ് കണ്ടെത്തിയതാണ് എന്നൊരു തെറ്റിദ്ധാരണയിലാണ് പൊതുവേ മലയാള നിരൂപകര്‍ ആ കൃതിയെ കൈകാര്യം ചെയ്തത്. നമ്മുടെ പുരാണങ്ങള്‍ മാജിക്കല്‍ റിയലിസം ഉള്‍ക്കൊള്ളുന്ന വിവരണങ്ങളാണ്. മാര്‍ക്വേസ് കൂടുതല്‍ ജനപ്രിയമാക്കി എന്നേയുള്ളൂ. അതിനു മുന്‍പ് 'സെവന്‍ സെര്‍പെന്റ്‌സ് & സെവന്‍ മൂണ്‍സ്' എന്ന നോവലില്‍ ഡെമട്രിയോ അഗ്വിലെറാ മാള്‍ട്ടാ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. അതിനും മുന്‍പ് സ്റ്റാലിന്റെ വാഴ്ചക്കാലത്ത് എഴുതപ്പെട്ട മിഖായീല്‍ ബുള്‍ഗാക്കോവിന്റെ 'മാസ്റ്റര്‍ ആന്‍ഡ് മാര്‍ഗരിത്ത' എന്ന നോവലും മാജിക്കല്‍ സ്വഭാവമുള്ളതാണ്. എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ മാര്‍ക്വേസ് ഒരു മലയാളി സാഹിത്യകാരനെപ്പോലെ ഇവിടെ നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ മാജിക്കല്‍ റിയലിസം എന്ന് കേള്‍ക്കുമ്പോള്‍ നാം മാര്‍ക്വേസിലേയ്ക്ക് എത്തിപ്പിടിക്കും. പക്ഷേ, അതിനും മുന്‍പേ ഇത്തരം ചില എഴുത്തുകള്‍ ഉണ്ട്.
എന്റെ അഭിപ്രായത്തില്‍ റിയലിസം സോഷ്യല്‍ റിയലിസമായാണ് കേരളത്തില്‍ വന്നത്. ഇന്നും ഏറ്റവും ജനപ്രിയമാകുന്ന വായനകള്‍ സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലുകളാണ്. ജീവിതഗന്ധി എന്നു പറയപ്പെടുന്ന കഥകളാണ് ഭൂരിപക്ഷം ഇഷ്ടപ്പെടുന്നത്. അതില്‍നിന്ന് ഇത്തിരി മാറിനില്‍ക്കാനാണ് ഞാന്‍ ആദ്യം മുതലേ ശ്രമിച്ചത്. എന്റേത് ഒരു വഴിമാറി നടക്കല്‍ മാത്രമാണ്. എന്നെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നത് ജീവിതമാണ്.
ക്രിസ്ത്യന്‍ വീടുകളില്‍ ചൊല്ലുന്ന വണക്കമാസ പുസ്തകങ്ങളിലെ ദൃഷ്ടാന്തം പോലെയുള്ള പാരബിളുകള്‍. ഉദാഹരണത്തിന് ഒരു പട്ടാളക്കാരന്‍ വെടിയേറ്റിട്ടും അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന കാശുരൂപം നിമിത്തം രക്ഷപ്പെടുന്നത്, ആളുകള്‍ക്ക് മുന്നില്‍ സാത്താന്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കഥകളാണ് എന്റെ എഴുത്തുകള്‍ക്ക് പ്രചോദനാത്മകമായത്. പൊതുവേ പറഞ്ഞാല്‍ മാര്‍ക്വേസ് മുതല്‍ കോട്ടയം പുഷ്പനാഥ് വരെയുള്ള സ്വാധീനമുണ്ട്. പക്ഷേ, കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്ന കഥകളും ജീവിച്ച സാഹചര്യവുമാണ് കൂടുതലായും എന്റെ എഴുത്തിന്റെ സ്രോതസ്സ്. മാര്‍ക്വേസുമായി താരതമ്യമേയില്ല.
ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ ഒരു പ്രതിഭാശാലിയുടെ രചനയാണ്. നമ്മള്‍ ആ പരിസരത്തില്ല.
സ്വവര്‍ഗാനുരാഗം, സ്ത്രീകളുടെ അഭിലാഷങ്ങള്‍, ഇന്‍സെസ്റ്റ്ഇവയെല്ലാം കുറച്ചുകൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. മനുഷ്യരുടേതായിട്ടുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. 'ചാവുനിലത്തില്‍' ഇത്തരം സ്‌നേഹബന്ധങ്ങള്‍ ഒരുപാടുണ്ട്. 'ചാവുനിലം' മലയാളത്തിലെ ഒരു പ്രധാന കൃതിയായി ചര്‍ച്ച ചെയ്യപ്പെടാത്തതുകൊണ്ടാണ് അതിനൊന്നും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയത്. എന്റെ 2004ല്‍ 'ആലീസ്' എന്ന കഥയും ഈ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
'അടിയാളപ്രേതത്തില്‍' ഇത്തരം കെട്ടുപാടുകള്‍ ഇല്ല. ഈ കെട്ടുപാടുകളില്‍നിന്നുള്ള സ്വാതന്ത്ര്യമാണോ അതില്‍ ഭ്രാന്തായി വ്യാഖ്യാനിക്കപ്പെടുന്നത്?
നമ്മുടെ നിത്യജീവിതത്തില്‍തന്നെ ഇത് കാണാനാകും. സമൂഹത്തിന്റെ ശാസനകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരെ മാത്രമേ നാം നോര്‍മലായി കാണുന്നുള്ളൂ. ഒരു വ്യക്തി അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുകയാണെങ്കില്‍ അയാളെ ഭ്രാന്തന്‍ എന്ന് വിളിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. എല്ലാ മനുഷ്യരും ചിന്തിക്കുന്ന ഒരു കാര്യം ഞാന്‍ മറ്റൊരു തരത്തില്‍ പറഞ്ഞു എന്നേയുള്ളൂ.
'ചാവുനില'ത്തിലേയും 'ഈ മ യൗ'ലേയും ഈശി ഒരേ വ്യക്തിയാണോ?
അല്ല. കൊച്ചിയില്‍ ഈശോ എന്ന പേരില്‍ നിന്നാണ് ഈശിയുടെ ഉത്ഭവം. ഈശോ എന്ന പേര് പറഞ്ഞുപറഞ്ഞ് ഈശിയായി മാറിയതാണ്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു പേരാണ് ഈശി. ഇമ്മാനുവല്‍ എന്ന പേരും ഞാന്‍ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം പേരുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിലൂടെ ആശയപരമായോ സന്ദര്‍ഭപരമായോ ഉള്ള ഒരു ആവര്‍ത്തനം അല്ല ഉദ്ദേശിക്കുന്നത്. കഥകള്‍ ചിത്രീകരിക്കുന്ന പരിസരവുമായി ഇണങ്ങുന്ന പേരുകള്‍ തിരഞ്ഞെടുക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്.
നോണ്‍ലീനിയര്‍ രീതി എഴുത്തിന്റെ തുടക്കകാലത്തുതന്നെ താങ്കള്‍ ആവിഷ്‌കരിച്ചു. അതന്ന് അത്രകണ്ട് സ്വീകരിക്കപ്പെട്ടില്ല. മാറാന്‍ താങ്കള്‍ക്ക് ഉദ്ദേശ്യവുമില്ലായിരുന്നു. വ്യാപകമായി സ്വീകരിക്കപ്പെടാത്ത എഴുത്ത് എങ്ങനെയാണ് ഒരു എഴുത്തുകാരനെ, എഴുത്തുജീവിതത്തെ ബാധിക്കുന്നത്?
നോവലിന്റെ വിവരണം നോണ്‍ ലീനിയറായിയിരിക്കും എന്ന് ചാവുനിലത്തിന്റെ തുടക്കത്തില്‍ എനിക്കറിയില്ലായിരുന്നു. മൂന്നാമത്തെ ഡ്രാഫ്റ്റിലെത്തിയപ്പോഴാണ് എന്താണ് എഴുതുന്നതെന്ന തീര്‍ച്ചയുണ്ടായത്. പിന്നീട് ബോധപൂര്‍വ്വമായിത്തന്നെ അങ്ങനെ തുടര്‍ന്നു. ചാവുനിലം സ്വീകരിക്കപ്പെടാതിരിക്കാനുള്ള കാരണം അതുമാത്രമായിരിക്കണമെന്നില്ല. ശവം മണക്കുന്ന നോവല്‍ എന്ന് എന്റെ തലമുറയിലെ പലരും പറഞ്ഞിട്ടുണ്ട്. അതൊന്നു മാറ്റിയെഴുതണം എന്ന് രണ്ടാം പതിപ്പിന്റെ സമയത്ത് ചില സ്‌നേഹിതര്‍ എന്നോടു പറഞ്ഞിരുന്നു. അതെനിക്കു സാധിക്കുമായിരുന്നില്ല. കാലം കുറേ കടന്നുപോയി, ആ കൃതി എഴുതിയ കാലത്തെ മനുഷ്യനായി മാറാന്‍ എനിക്കെങ്ങനെ സാധിക്കും. സാധിച്ചാലും അതിനു തയ്യാറുമല്ലായിരുന്നു. വായനക്കാര്‍ക്ക് രസിക്കുന്ന മട്ടില്‍ കൃതികളെഴുതുമ്പോള്‍ അത് ജനപ്രിയ സാഹിത്യമായിത്തീരും. അതെഴുതുന്നവര്‍ക്ക്, അവരുടെ വായനക്കാര്‍ക്ക് എന്താണ് ഇഷ്ടമെന്ന് അറിയാം. പക്ഷേ, എന്റെ വായനക്കാര്‍ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. പിന്നെ, വായനക്കാരെ രസിപ്പിക്കാനുള്ള ബാധ്യത ഒരു എഴുത്തുകാരനുമില്ലെന്നുതന്നെ ഞാന്‍ കരുതുന്നു. നല്ല വായനക്കാര്‍ അതു പ്രതീക്ഷിക്കുകയുമില്ല. കാരണം, നല്ല വായന ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയാണ്. എഴുത്തുകാരനോളം സര്‍ഗ്ഗാത്മകതയുള്ളയാളാണ് നല്ല വായനക്കാരന്‍.
മരണം, ഇരുട്ട്, അസ്തമയം തുടങ്ങിയ സമാപനത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ കഥകളില്‍ ആരംഭമായി മാറുന്നു?
പലപ്പോഴും സാഹിത്യസൃഷ്ടികളെ പ്രിയങ്കരമാക്കുന്നത് അതിലെ പ്രസാദാത്മകമായ കാര്യങ്ങളാണ്. 'മിഖായേലിന്റെ സന്തതികള്‍' എന്ന ഒരു പരമ്പര ഞാന്‍ എഴുതിയിട്ടുണ്ട്. ഒരു മൃതദേഹം കുളിപ്പിക്കുന്നതില്‍നിന്നാണ് അത് ആരംഭിക്കുന്നത്. ഞെട്ടിപ്പിക്കുന്ന ഒരു തുടക്കമായാണ് അന്നാളുകള്‍ പറഞ്ഞിരുന്നത്. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ കഴിവതും മരണം കാണിക്കാതിരിക്കുക എന്നതാണ് പൊതുരീതി. കാണിയെ ഇക്കിളിപ്പെടുത്തുക, സന്തോഷിപ്പിക്കുക എന്നതൊക്കെ എല്ലാവര്‍ക്കും സ്വീകാര്യമായ ജനപ്രിയ രീതികളാണ്. ഒരു എഴുത്തുകാരന്‍ യഥാര്‍ത്ഥത്തില്‍ സത്യം എഴുതുകയാണ് ചെയ്യുന്നത്. എഴുതുന്നവരുടെ അടിസ്ഥാന യോഗ്യത സത്യസന്ധത തന്നെയാണ്. പ്രസന്നതയും സന്തോഷവും പ്രണയവും പരസ്യചിത്രങ്ങളിലേതുപോലെ കച്ചവട മനോഭാവത്തോടെ ചേര്‍ക്കുന്നത് വിപണിയിലെ വിജയത്തിനുവേണ്ടിയാണ്.
മരണം, ഇരുട്ട്, ഇരുണ്ട പരിസരങ്ങള്‍ എന്നിവയെല്ലാം പി.എഫ്. മാത്യൂസിലെ എഴുത്തുകാരന്റെ എഴുത്തിലെ അടയാളരൂപങ്ങളാണ്. 'മിഖായേലിന്റെ സന്തതികള്‍' മുതല്‍ 'ഈ മ യൗ'ല്‍ വരെ അത് തുടരുന്നു. ജീവിതത്തെ ഡാര്‍ക്ക് ഷേഡിലൂടെ മാത്രം നോക്കിക്കാണുന്ന ഒരു എഴുത്തുകാരനാണ് പി.എഫ്. മാത്യൂസ് എന്ന് ഒരാള്‍ താങ്കളെ വിലയിരുത്തിയാല്‍?
എങ്ങനെ വിലയിരുത്തിയാലും വിരോധമില്ല. എന്തായാലും ജീവിതത്തെ ഇരുട്ട്, വെളിച്ചം, കറുപ്പ്, വെളുപ്പ് എന്നിങ്ങനെ ദ്വന്ദ്വങ്ങള്‍ മാത്രമായി കാണുന്ന മനസ്സ് എനിക്കില്ലെന്നു തുറന്നുപറയട്ടെ. അത്രയ്ക്ക് സരളമനസ്സ് സാഹിത്യാസ്വാദകര്‍ക്കും ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ജീവിതം വളരെ ലളിതമായി കാണപ്പെടുമ്പോഴും ഏറെ സങ്കീര്‍ണവും സൂക്ഷ്മവുമാണ്. അതിന് വിപരീതങ്ങള്‍ക്കുള്ളില്‍ മാത്രം നില്‍ക്കാനാകില്ല.
ഹെമിംഗ്‌വേയുടെ 'കിഴവനും കടലും' എന്ന കൃതിയെ മികച്ചതാക്കുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. അദ്ദേഹം പറയുന്നത് ഇതിലും ഭംഗിയായി ആ നോവലിലെ വാക്കുകള്‍ ചിട്ടപ്പെടുത്താനോ അല്ലെങ്കില്‍ മറ്റു വാക്കുകള്‍ അവയ്ക്ക് പകരമായി ഉപയോഗിക്കാനോ സാധിക്കില്ല എന്നാണ്. മലയാളത്തില്‍ ഇങ്ങനെ അവകാശപ്പെടാന്‍ സാധിക്കുന്ന ഒരു നോവലാണോ 'ഇരുട്ടില്‍ ഒരു പുണ്യാളന്‍?'
അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാന്‍ ഞാനാളല്ല. 'ഇരുട്ടില്‍ ഒരു പുണ്യാളനി'ലെ പല വാക്കുകളും വാചകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും അവരുടെ ജോലികളും എടുത്തുമാറ്റിയാല്‍ അത് അപൂര്‍ണമായി പോകുമെന്നത് ഒരു സത്യമാണ്. ഉദാഹരണത്തിന് ആ നോവലില്‍ ഐസ് കമ്പനിയില്‍ ജോലി ചെയ്യുന്ന കഥാപാത്രങ്ങളുണ്ട്. സാധനങ്ങള്‍ ചീയാതെ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഐസ്. സേവിയുടെ മകന്റെ ശരീരം മരിച്ചിട്ടും ചീഞ്ഞുപോകുന്നില്ല. ഐസിനെ ഇവിടെ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. സത്യത്തില്‍ ഇതൊക്കെ അറിയാതെ സംഭവിക്കുന്നതാണ്. തീരപ്രദേശത്ത് ഐസ് കമ്പനികള്‍ ധാരാളമുണ്ട്, അതുകൊണ്ട് അവരുടെ കാര്യം പറയുമ്പോള്‍ തീര്‍ച്ചയായിട്ടും ഒരു ഐസ് കമ്പനി വരാം. ഐസ് കഥയില്‍ നിന്നിപ്പോള്‍ എടുത്തുമാറ്റാന്‍ കഴിയില്ല. അത് നോവലുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുകയാണ്. അങ്ങനെ ഒരു ആന്തരികബന്ധം ഉണ്ടായിരിക്കും. എഴുത്തുകാരന്‍ ഉപയോഗിക്കുന്ന ചില ബിംബങ്ങള്‍, ജോലികള്‍; ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അനാവശ്യമായ കാര്യങ്ങള്‍ വെട്ടിക്കളയാറാണ് പതിവ്. ആവശ്യമുള്ളവ മാത്രം നിലനിര്‍ത്തിക്കൊണ്ടാണ് ഒരു എഴുത്ത് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുകൂടിയാണ് നോവലുകള്‍ ചെറുതായിപ്പോകുന്നത്.
'ഇരുട്ടില്‍ ഒരു പുണ്യാള'നില്‍നിന്ന് അടിയാളപ്രേതത്തിലെത്തുമ്പോള്‍ ഉള്ള ശൈലിയിലെ മാറ്റം?
ഈ രണ്ട് നോവലുകളും ഒരേ യൂണിവേഴ്‌സില്‍ നടക്കുന്നതാണെന്ന് ചില വായനക്കാര്‍ പറയാറുണ്ട്. എങ്ങനെ വായിച്ചാലും ഇവ രണ്ടും സ്വതന്ത്ര നോവലുകളാണ്. പറഞ്ഞുതീരാത്ത കാര്യങ്ങളാണ് അതേ ഇടത്തിലേക്ക് നമ്മളെ വീണ്ടും ക്ഷണിക്കുന്നത്. ഓരോ നോവലും വേറിട്ട ശൈലിയില്‍ രൂപപ്പെടുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. ശൈലി സ്വയം രൂപപ്പെട്ടു വരുന്നതാണ്. അതിലേക്ക് എഴുത്തുകാരന്‍ എഴുതിയെഴുതി എത്തിച്ചേരുകയാണ് ചെയ്യുന്നത്. നമ്മള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു ശൈലിയിലേക്ക് നോവലിനെ കൊണ്ടുവരികയല്ല ചെയ്യേണ്ടത്. ആ ശൈലിയുടെ സങ്കേതം എഴുത്തിനിടയില്‍ വെളിപ്പെട്ടുവരും. 'ഇരുട്ടില്‍ ഒരു പുണ്യാളന്‍' എന്ന കൃതിക്ക് ഒന്നിലേറെ ജന്മങ്ങളുണ്ടായിരുന്നു. ആദ്യം ഒരു ചെറുകഥയായും പിന്നീട് തിരക്കഥയായും മാറി. തിരക്കഥയില്‍ ചിന്തകളേക്കാളുപരി കാണുന്നതും കേള്‍ക്കുന്നതുമായ വിവരണങ്ങളാണ് ഉണ്ടാകുക. നോവല്‍ എഴുതുമ്പോള്‍ സിനിമ എന്ന മാധ്യമത്തെ എങ്ങനെ മറികടക്കാം എന്നാണ് ഞാന്‍ ആലോചിച്ചത്. ഈയൊരു ശ്രമത്തിനിടെയാണ് അതിലുള്ള പല ആഖ്യാനങ്ങള്‍ കടന്നുവന്നത്. നോവല്‍ സിനിമാറ്റിക് ആകുന്നതിനോട് എനിക്ക് യോജിപ്പില്ല. സിനിമ മറ്റൊരു മാധ്യമമാണ്. സാഹിത്യം അതിനേക്കാള്‍ ആഴവും ചരിത്രവുമുള്ള മാധ്യമമാണ്. ഇരുട്ടില്‍ ഒരു പുണ്യാളന്‍ പൂര്‍ണമായും സാഹിത്യ കൃതിയാകണം എന്ന ചിന്തയായിരുന്നു അതെഴുതുമ്പോള്‍ എനിക്കുണ്ടായിരുന്നത്.
'അടിയാളപ്രേത'ത്തില്‍ ചരിത്രവും രാഷ്ട്രീയവും ഉള്‍ച്ചേര്‍ന്നു വന്നിട്ടുണ്ട്. പല കാലങ്ങളില്‍ എഴുതപ്പെട്ട കഥകളുടെ ശകലങ്ങളും അതില്‍ കലര്‍ന്നിട്ടുണ്ട്. അവസാന എഡിറ്റിങ്ങിലാണ് അത് ഒരു നോവലായി രൂപപ്പെട്ടുവന്നത്. ആദ്യ എഴുത്തില്‍ വളരെ യാഥാസ്ഥിതികമായ ഒരു പര്യവസാനമുണ്ടായിരുന്നതാണെങ്കിലും എഡിറ്റിങ്ങിനിടയിലുണ്ടായ ചെറിയൊരു ക്രമം തെറ്റല്‍ ആ കൃതിക്ക് ഗുണം ചെയ്തുവെന്ന് കരുതുന്നു. അതിന്റെ കയ്യെഴുത്ത് പ്രതി വായിച്ച പലരും അദ്ധ്യായങ്ങള്‍ക്ക് കൃത്യമായ ക്രമം ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക് സൗകര്യമായേനെ എന്നു പറഞ്ഞിരുന്നു. എന്നാല്‍, ആ ക്രമം തെറ്റേണ്ടത് തന്നെയായിരുന്നു. എന്റെ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു കൃതിയാണത്. ഓരോ വായനക്കാരനേയും സര്‍ഗാത്മകതയുള്ള ഒരു സൃഷ്ടാവാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഞാനെഴുതുന്നത്. എഴുതുന്നവര്‍ വായനക്കാര്‍ക്കു വേണ്ടി ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യേണ്ട കാര്യമില്ല.
'അടിയാളപ്രേത'ത്തിലെ കാര്‍മലിയുടേതുപോലെയുള്ള ഒരു ദുഃഖം അടിയാളന് നിഷിദ്ധമാണോ?
അടുത്തനിമിഷം എങ്ങനെ ജീവിക്കണം എന്ന് അറിയാന്‍ കഴിയാത്ത രീതിയില്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് അടിയാളരുടെ ജീവിതം. അവരുടെ ആഹാരം പോലും പൊരുതി നേടുന്നതാണ്. അടിയാളന്‍ എന്ന് പറയുന്നത് ഫലത്തില്‍ അടിമതന്നെയാണല്ലോ. അവനെ സംബന്ധിച്ചിടത്തോളം ആ വീട്ടിലെ ദുഃഖങ്ങളെക്കാളും മരണങ്ങളെക്കാളും വലുതാണ് അവന്റെ വിശപ്പ്. സ്വാതന്ത്ര്യം പോലും അവന് ആഡംബരമാണ്. മൂന്ന് നേരം വിശപ്പടക്കാന്‍ കഴിയുന്നവന് മാത്രമേ സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. അടിയാളന് സ്വാതന്ത്ര്യം ആവശ്യമില്ല, കാരണം അവന്‍ പട്ടിണിയിലാണ്. അടി കൊണ്ടാലേ അവന് ആഹാരം കിട്ടുകയുള്ളൂ. സ്വാഭാവികമായും കാര്‍മലി ദുഃഖിക്കുന്നതുപോലെ ഒരു അടിയാളന് ദുഃഖിക്കാന്‍ സാധിക്കില്ല.
ചാവുനിലത്തിന്റെ എഴുത്തുകാരനെക്കാള്‍ ഇന്നത്തെ തലമുറ 'ഈ മ യൗ'വിന്റെ തിരക്കഥാകൃത്തിനെ അറിയുന്നു. സിനിമയ്ക്ക് വായനയ്ക്കു മുകളില്‍ ഒരു ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ടോ?
ആളുകളെ കൂടുതലായി സ്വാധീനിക്കാന്‍ സിനിമകളേക്കാളുപരി മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ക്ക് സാധിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. വലിയൊരു ദൃശ്യവിസ്‌ഫോടനത്തിനിടയിലാണ് ശരാശരി മനുഷ്യന്‍ കഴിയുന്നത്. ഇന്‍സ്റ്റാ റീലുകളെ മറികടക്കുന്ന മട്ടില്‍ പുതിയ കഥകളെഴുതണം എന്ന് പുതിയൊരു കഥാകൃത്ത് പറഞ്ഞത് ഞാനോര്‍ക്കുന്നു. ഈ ദൃശ്യപ്പെരുക്കങ്ങള്‍ക്കിടയില്‍ ധ്യാനം വേണ്ടുന്ന കൃതികള്‍ വായിക്കാനുള്ള ക്ഷമ വലിയൊരു ശതമാനം
വായനക്കാര്‍ക്ക് നഷ്ടപ്പെട്ടുവെന്നു തോന്നിയിട്ടുണ്ട്. എഴുത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. വായിച്ചുതള്ളാവുന്ന കൃതികള്‍ മതി എന്ന് ഒരു വിഭാഗം തുറന്നുപറയുന്നുണ്ട്. മറ്റെന്തിനേക്കാളുമുപരി വിപണി വിജയം കൊണ്ടാടപ്പെടുന്ന ഈ കാലത്ത് ധ്യാനം ആവശ്യമുള്ള കൃതികളും സിനിമകളും ഏറെക്കുറെ അസാധ്യമാണ്.
പി.എഫ്. മാത്യൂസ് എന്ന എഴുത്തുകാരന്റെ രാഷ്ട്രീയം എന്താണ്? കക്ഷിരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്കുണ്ട്. ഞങ്ങളെന്നുമൊരു സൗവര്‍ണ പ്രതിപക്ഷം എന്ന് എഴുത്തുകാരെക്കുറിച്ചു പറഞ്ഞ മുതിര്‍ന്ന കവി നമ്മുടെ സാഹിത്യചരിത്രത്തിലുണ്ട്. എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തോടു ചേരുന്നതിനെ എങ്ങനെയാണ് കാണുന്നത്? അങ്ങനെയുള്ള എഴുത്തുകാര്‍ സെലക്ടീവായാണ് അഭിപ്രായം പറയുന്നതെന്ന വിമര്‍ശനം പൊതുവെ ഉയരാറുണ്ട്?
കൊവിഡ് കാലഘട്ടത്തിനു ശേഷം ലോക രാഷ്ട്രീയം തന്നെ വല്ലാതെ ഏകാധിപത്യ പ്രവണതകളിലേക്കു തിരിഞ്ഞതായി തോന്നിയിട്ടുണ്ട്. സരമാഗുവിന്റെ ബ്ലൈന്റ്‌നസ്സ് നമ്മുടെ നാട്ടില്‍ യാഥാര്‍ത്ഥ്യമായി മാറുകയാണെന്ന് തോന്നിപ്പോയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏതു നിമിഷവും ഏകാധിപത്യത്തിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്ന് ഇന്ദിരാഗാന്ധി തന്നെ തെളിയിച്ചതാണല്ലോ. അന്ന് അതൊരു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ നമ്മള്‍
സാധാരണക്കാര്‍ തിരിച്ചറിഞ്ഞുവെങ്കിലും ഇന്ന് ആ തിരിച്ചറിവ് തീരെ ഇല്ലാതായി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി പ്രകടമായ ഏകാധിപത്യ സ്വഭാവമുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. കേരളത്തിലെ അവസ്ഥയും ഭിന്നമല്ലല്ലോ. വിമര്‍ശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിച്ച് ഇല്ലാതാക്കുന്ന പ്രവണത കേരളത്തിലെ കെറെയില്‍ സമരത്തില്‍ നമ്മള്‍ കണ്ടതല്ലേ. എഴുത്തുകാരടങ്ങുന്ന വലിയൊരു സൈബര്‍ ഗുണ്ടാസംഘം വളരെ ശക്തമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
എഴുത്തുകാരന്‍ പൗരനാണ്, വോട്ടറാണ്. ഏതെങ്കിലും ഒരു കക്ഷിയോട് അയാള്‍ക്കും കൂറുണ്ടാകാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അതു സ്വീകാര്യമല്ല. ഒരു പാര്‍ട്ടിയോട് കൂറുണ്ടാകുമ്പോള്‍ നമ്മള്‍ അന്ധതയിലേക്കു പതിക്കുകതന്നെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ നമ്മള്‍ സെലക്ടീവാകാന്‍ തുടങ്ങും. ഒ.വി. വിജയന്‍ എത്ര സാര്‍ത്ഥകമായി രാഷ്ട്രീയം എഴുതിയിരുന്നതാണ്. എന്നിട്ടും അദ്ദേഹത്തെ അമേരിക്കന്‍ ചാരനായും ഹിന്ദുത്വവാദിയായും ചാപ്പകുത്താന്‍ ഒരു പ്രയാസവുമുണ്ടായില്ല. നമ്മളോടു കൂറില്ലാത്തവരേയും വിമര്‍ശകരേയും നമ്മള്‍ ഇത്തരത്തില്‍ ചാപ്പകുത്തി മാറ്റിനിര്‍ത്തും എന്നതാണ് ലൈന്‍. എന്നും പ്രതിപക്ഷമായി നില്‍ക്കുന്നതുതന്നെയാണ് എഴുത്തുകാരന്റെ രാഷ്ട്രീയ നിലപാട് എന്നു ഞാന്‍ കരുതുന്നു. എന്നിരുന്നാലും എനിക്കറിയാം നിശ്ശബ്ദരായ ഭൂരിപക്ഷത്തിന്റെ ഒരു കണ്ണി മാത്രമാണ് ഞാനുമെന്ന്. അവര്‍ക്കുള്ള അതേ ഉത്തരവാദിത്വം തന്നെയാണ് എനിക്കുമുള്ളത്. അതിനപ്പുറം ഒന്നുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates