എന്തുകൊണ്ടാവാം ഡോ. എം. കുഞ്ഞാമൻ, തന്റെ ജീവിതം അവസാനിപ്പിക്കുവാനായി ഡിസംബർ 3 തന്നെ തിരഞ്ഞെടുത്തിട്ടുണ്ടാവുക? ഈ രാജ്യത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായ, അതിലേക്കെത്തുവാൻ ദുരിതസാഗരങ്ങളത്രയും താണ്ടിയ ധിഷണാശാലി, ഒരാളുടെ മുന്നിലും തലകുനിക്കാത്ത, എതിര് എന്ന വാക്കിന്റെ ആൾരൂപമായ താൻ ജനിച്ചുവീണ ജാതിയെപ്പറ്റി, പിന്നീട് അറിയപ്പെടുന്ന പ്രൊഫസറും എഴുത്തുകാരനും പ്രഭാഷകനുമെല്ലാമായിട്ടും തുടർന്നും തന്നെ വേട്ടയാടുന്ന ആത്മവിശ്വാസമില്ലായ്മയെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇന്നും അദ്ദേഹത്തിന്റെ സമുദായത്തിലെ, സമാന സമൂഹങ്ങളിലെ വിദ്യാർത്ഥികളുടെ, തൊഴിലന്വേഷകരുടെ ആത്മവിശ്വാസമില്ലായ്മയുടെ ആഴം നമ്മൾ അളക്കേണ്ടതുണ്ട്. അവിടെയാണ്, തന്റെ ജന്മദിനം സ്വയം തിരഞ്ഞെടുത്ത മരണദിനമാക്കി കലഹത്തിന് ഒരു കോമയിട്ട് കടന്നുപോയ ആ മഹാപ്രതിഭയുടെ ആത്മഹത്യ ഒരു രാഷ്ട്രീയ പ്രവർത്തനമാവുന്നത്, ഒരു സങ്കടസുന്ദരമായ പ്രതിരോധമാവുന്നത്.
എന്റെ സ്ഥാനത്ത് താങ്കളായിരുന്നെങ്കിൽ പത്താംതരം പോലും പാസ്സാകുമായിരുന്നില്ലെന്നും താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നൊബേൽ സമ്മാനം ലഭിച്ചേനെ എന്നും ഡോ. കെ.എൻ. രാജിനോട് പറഞ്ഞത് കുഞ്ഞാമനിലെ ധൈഷണിക പ്രഭാവം മാത്രമല്ല, ‘എതിരിന്റെ’ ആൾരൂപത്തിന്റെ ഇച്ഛാശക്തിയാണ്. അങ്ങനെ ദുരിതക്കടലുകളത്രയും താണ്ടിയ വേളയിലൊന്നും ആത്മഹത്യ ചെയ്യാതിരുന്ന അദ്ദേഹം അതു ചെയ്തത്, ഇവിടുത്തെ സർട്ടിഫൈഡ് ബുദ്ധിജീവജാലങ്ങളേയും അവരുടെ അടിമകളേയും മറികടന്ന് കേരളം കാതോർക്കുന്ന ഒരു ശബ്ദമായി സ്വയം അടയാളപ്പെടുത്തുന്നതിൽ വിജയിച്ചപ്പോഴുമാണ്.
ആധുനിക ശാസ്ത്രം അൾട്രൂയിസ്റ്റിക് സ്യൂയിസൈഡ്, അഥവാ പരോപകാര ആത്മത്യാഗം എന്നു വിശേഷിപ്പിക്കുന്ന ഒരു പ്രവണതയുണ്ട്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി താനുൾക്കൊള്ളുന്ന സമൂഹത്തിനുവേണ്ടി, വിശ്വാസങ്ങൾക്കുവേണ്ടി, ആ ലക്ഷ്യത്തിലേക്കുള്ള ബോധവല്‍ക്കരണത്തിനുവേണ്ടി, രാജ്യത്തിനുവേണ്ടി ഒക്കെയും നടത്തുന്ന നിസ്വാർത്ഥ കർമ്മങ്ങളുടെ പരകോടിയിലെ സ്വയം സമർപ്പണമായ ആത്മഹത്യ. അക്രമത്തിലേക്കും അടിച്ചമർത്തലിലേക്കും ലോകശ്രദ്ധ ആകർഷിക്കുന്നതിനായി വിയറ്റ്‌നാമിലും ടിബറ്റിലും ബുദ്ധസന്ന്യാസിമാർ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഒരു പാതയില്ലാത്ത ഭൂമിയാണ് സത്യം
ടിസ്സിലെ അനുഭവസമ്പത്തും ധൈഷണിക പ്രഭാവവുമായി, ആരോടും തനിക്കു തോന്നിയ എതിർശരി വിളിച്ചുപറയുവാൻ മടിയില്ലാതിരുന്ന, ഭയമില്ലാതിരുന്ന, അക്കാദമിക് പണ്ഡിതനായിരുന്ന, ഗവേഷകനായിരുന്ന ഡോ. കുഞ്ഞാമൻ എന്തുകൊണ്ട് കേരളത്തിലെ ഒരു സർവ്വകലാശാലയുടേയും വൈസ്ചാൻസലർ ആയില്ല? മാറിമാറിവന്ന ഭരണകൂടങ്ങളുടെ ജാതിമത ശക്തികളോടു വിനീതവിധേയത്വം മാത്രമാവണം കാരണം എന്നറിയാൻ ബോധത്തിന്റെ കവടി നിരത്തണമെന്നില്ല. നമ്പൂതിരിപ്പാടിനോട് വലിയ ബഹുമാനമായിരുന്നു ഡോ. കുഞ്ഞാമന് എന്ന് എഴുതിപ്പിടിപ്പിക്കുന്നവർ ആരും എന്തിനാണ് ഈ നമ്പൂതിരിപ്പാട് എന്ന ജാതിവാലെന്നു അദ്ദേഹത്തോടു തന്നെ ചോദിച്ച കുഞ്ഞാമനെപ്പറ്റി എഴുതാറില്ലെന്നതാണ് കേരളം അഭിമുഖീകരിക്കുന്ന ധൈഷണിക ദാരിദ്ര്യം.
ജാതി ഉന്മൂലനവുമായി ഡോക്ടർ ബാബാസാഹേബ് അംബേദ്കർ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുന്ന കാലത്ത് യുവാക്കളായിരുന്നു മേനോനും നമ്പൂതിരിപ്പാടുമൊക്കെ. ഇവരോടൊക്കെയും മുട്ടിയ ബൗദ്ധിക സാന്നിദ്ധ്യമായിരുന്നു ഡോ. കുഞ്ഞാമൻ. ആ ബൗദ്ധിക ഔന്നത്യത്തിന്റെ നാലയലത്ത് എത്താത്ത പലരുമാണ് ഡോ. കുഞ്ഞാമന്റെ വേർപാടില്‍ കടലാസുകളിൽ മഹത്വമാർജ്ജിക്കുന്നത്. മേനോനും നമ്പൂതിരിപ്പാടും കുഞ്ഞാമനോട് സംവാദങ്ങൾ തുടരുവാൻ ഉദാരമായി ആവശ്യപ്പെട്ടത് കുഞ്ഞാമന്റെ മരണവേളയിലും ആഘോഷിക്കുകയാണ് സാംസ്‌കാരിക കേരളം. രാഷ്ട്രീയത്തിൽ ഭക്തി ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന അംബേദ്കർ നിരീക്ഷണത്തോട് ചേർന്നുനില്‍ക്കുന്നതാണ് കുഞ്ഞാമന്റെ ബോധത്തിന്റെ കാതൽ. ജനാധിപത്യം ആവശ്യപ്പെടുന്നത് വിമർശനമാണ്, വിശ്വാസമല്ല. വിശ്വാസത്തിനു മതമെന്നോ പാർട്ടിയെന്നോ വ്യത്യാസമില്ല, അതു വിശ്വാസം മാത്രമാണ്, സത്യത്തിൽനിന്നും മൈലുകൾ അകലെയാവും പലപ്പോഴും വിശ്വാസത്തിന്റെ സ്ഥാനം. സംശയമുള്ളവർ അവരുടെ നേതാക്കളെ നോക്കിയാൽ മതി. അടിമത്തം ആനന്ദമാക്കുന്ന ഒരു വലിയ സമൂഹം അങ്ങേയറ്റം ഇടത്താവേണ്ട മനുഷ്യനെ വലത്തു കുറ്റിയടിച്ചു കെട്ടുക സ്വാഭാവികമാണ്. വലതന്റെ വായനയില്ലായ്മയും ഇടതന്റെ സെലക്ടീവ് വായനയും തമ്മിലുള്ളത്, സഞ്ജയശൈലി കടമെടുത്താൽ രണ്ടു പൂണൂലുകൾ തമ്മിലുള്ള വ്യത്യാസമാണ് - ചെട്ടിയുടേയും പട്ടന്റേയും. ആപ്പിൾ പോലെയാണ് ഇന്ന് അടിമയെന്ന പദം, കാലം മാറിയപ്പോൾ അർത്ഥം മാറിപ്പോയത്. തടിയെ അടിമയാക്കിയ കാലം മാറി, തലയെ അടിമയാക്കുന്ന കാലം വന്നു, അടിമക്കച്ചവടവും.
ട്രൂത്ത് ഈസ് എ പാത്ത് ലസ് ലാന്റ് - ഒരു പാതയില്ലാത്ത ഭൂമിയാണ് സത്യം എന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ വരികളെ മാതൃഭൂമിയുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം എടുത്തു പറയുന്നുണ്ട്. അത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചതായും. ഡോ. കുഞ്ഞാമന്റെ വേറിട്ട വിടവാങ്ങലിനെപ്പറ്റി ചിന്തിക്കുമ്പോഴും മനസ്സിൽ വരുന്നത് ആ വാചകമാണ്, വേണമെങ്കിൽ പരിഷ്‌കരിക്കാം, ട്രൂത്ത് ഈസ് എ റൂത്ത്‌ലെസ് ലാന്റ്. ജിദ്ദു കൃഷ്ണമൂർത്തി ആ ലേഖനത്തിൽ പറയുന്നതിന്റെ പ്രസക്ത ഭാഗം ഒന്നു കാണുക: “സത്യം ഒരു പാതയില്ലാത്ത ഭൂമിയാണെന്നും ഒരു വഴിയിലൂടെയും ഒരു മതത്തിലൂടെയും അതിന്റെ അവാന്തര വിഭാഗങ്ങളിലൂടെയും (sect) അതിനെ സമീപിക്കാൻ നിങ്ങൾക്കു കഴിയില്ലെന്നും ഞാൻ വിശ്വസിക്കുന്നു. എന്റെ കാഴ്ചപ്പാട് അതാണ്, പൂർണ്ണമായും നിരുപാധികമായും ഞാനത് സ്വയം പാലിക്കുന്നു. സത്യം, പരിധിയില്ലാത്തതും, ഉപാധികളില്ലാത്തതും ഒരു വഴിക്കും സമീപിക്കാൻ കഴിയാത്തതും ആയതിനാൽ സംഘടിതമല്ല ഏതെങ്കിലും പ്രത്യേക പാതയിലൂടെ ആളുകളെ നയിക്കാനോ നിർബ്ബന്ധിക്കാനോ ഒരു സംഘടനയും ഉണ്ടാക്കരുത്. അത് ആദ്യം മനസ്സിലാക്കുകയാണെങ്കിൽ, ഒരു വിശ്വാസം സംഘടിപ്പിക്കുന്നത് എത്ര അസാധ്യമാണെന്നു നിങ്ങളറിയും. ഒരു വിശ്വാസം തികച്ചും വ്യക്തിഗത കാര്യമാണ്, നിങ്ങൾക്ക് അത് സംഘടിപ്പിക്കാൻ കഴിയില്ല, പാടില്ല. നിങ്ങൾ അങ്ങനെ ചെയ്താൽ, അത് നിർജ്ജീവമായിത്തീരുന്നു. സ്വാഭാവികമായും ജീവനില്ലാത്തത് മറ്റുള്ളവരുടെമേൽ അടിച്ചേല്പിക്കേണ്ട ഒരു വിശ്വാസമായി, ഒരു വിഭാഗമായി, മതമായി മാറുന്നു. ലോകമെമ്പാടും എല്ലാവരും ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്. സത്യം സങ്കുചിതമാവുകയും ദുർബ്ബലരായവർക്ക്, ക്ഷണികമായി നിരാശയിലാണ്ടവർക്ക് അതൊരു കളിപ്പാട്ടമാക്കുകയും ചെയ്യുന്നു. സത്യത്തെ താഴ്‌ത്താൻ കഴിയില്ല, മറിച്ച് അതിലേക്ക് ഉയരാൻ വ്യക്തി പരിശ്രമിക്കണം. നിങ്ങൾക്ക് മലമുകൾ താഴ്‌വരയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. നിങ്ങൾ മലമുകളിൽ എത്തണമെങ്കിൽ താഴ്‌വരയിലൂടെ കടന്നുപോകണം, കുത്തനെ കയറണം, അപകടകരമായ മലയിടുക്കുകളെ ഭയപ്പെടാതെ.”
കേരളം അഭിമുഖീകരിക്കുന്ന സാംസ്‌കാരിക ബൗദ്ധിക പ്രതിസന്ധിയും അതാണ്. സ്വന്തം വിശ്വാസങ്ങളുടെ ഉടമകളാവുന്നതിലും ലാഭകരം അപരവിശ്വാസങ്ങളുടെ അടിമകളാവുന്നതാണ്. മീഡിയോക്രിറ്റി സകല മേഖലകളിലും, വിശിഷ്യാ ഒരിക്കലും സംഭവിക്കാതിരിക്കേണ്ട അക്കാദമിക് മേഖലയിൽക്കൂടി ആധിപത്യം പുലർത്തിയ സമകാലിക സമൂഹത്തോടാണ് ആ മനുഷ്യൻ കലഹിച്ചത്, ഒടുവിലത്തെ കലാപമാണ് ആ ആത്മസമർപ്പണം അഥവാ ആത്മഹത്യ. ഒരു ത്രീഡി (ഡിസ്‌കഷൻ, ഡിബേറ്റ്, ഡിസന്റ്) ജീവിതത്തിന്റെ അസാധാരണമായ അവസാനം.
ആത്മഹത്യയും മതബോധനങ്ങളും
ആത്മഹത്യ സർവ്വ മതങ്ങൾക്കും നിഷിദ്ധമായ ഒരു കാര്യമാണ്. ആത്മപ്രശംസയെ ആത്മഹത്യയ്ക്കു തുല്യമായി വരവുവെച്ചാണ് ഒരു വേള അർജ്ജുനനെ കൃഷ്ണൻ ആത്മഹത്യയിൽനിന്നും രക്ഷിക്കുന്നത്. ഇനി ആത്മഹത്യയെ മഹാപാപമായി എന്തുകൊണ്ടാവും മതങ്ങൾ വരവുവെയ്ക്കുന്നത്, ആത്മഹത്യ ചെയ്തവർക്ക് നരകമാണെന്നു പ്രഖ്യാപിക്കുന്നതും? കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തത് മെഡിക്കൽ പി.ജി. വിദ്യാർത്ഥിനി ഷഹ്നയാണ്. സ്ത്രീധനം ചോദിച്ച ആ പി.ജി. ഡോക്ടറോട്, മുഖ്യമന്ത്രി പറഞ്ഞതുപോലെ താൻ പോടോ എന്നു പറഞ്ഞ് സധൈര്യം തന്റെ പ്രൊഫഷനുമായി മുന്നോട്ടുപോവേണ്ട എല്ലാ സാഹചര്യങ്ങളും ഉള്ള ഒരു പെൺകുട്ടി, മുന്നോട്ടേക്കുള്ള ഏറ്റവും മികച്ച പാതയായി ആത്മഹത്യ തിരഞ്ഞെടുത്തത് എന്തുകൊണ്ടാവാം? അത്രയും ലോകപരിചയമുള്ള, ഉന്നതവിദ്യാഭ്യാസം നേടിയ ഒരു പെൺകുട്ടിക്കുപോലും അതിജീവിക്കാൻ ആവാത്തവിധം രൂഢമൂലമാണ് സാമൂഹിക-മത ചട്ടക്കൂടുകൾ.
സെമിറ്റിക് വിശ്വാസപ്രകാരം ദൈവം ദൈവത്തിന്റെ സ്വന്തം ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അതുകാരണം മനുഷ്യൻ ആത്മഹത്യ ചെയ്യുമ്പോൾ കൊല്ലുന്നത് ദൈവത്തെക്കൂടിയാണ്. ആത്മഹത്യ മതങ്ങൾക്കു പാപമായത് അതുകൊണ്ടാണ്. വിശ്വാസപ്രകാരം മനുഷ്യൻ ദൈവത്തോട് കടപ്പെട്ടവനാണ്, തന്റെ ജീവൻ സ്വയം എടുക്കുക എന്നാൽ ദൈവത്തെ നിഷേധിക്കുകയാണ്, ദൈവത്തിൽ നിക്ഷിപ്തമായ അവകാശത്തെ അപഹരിക്കുകയാണ്. അതുകൊണ്ടാണ് ആത്മഹത്യ എല്ലാ മതങ്ങളിലും മഹാപാപമായത്. നരകം ഉറപ്പാണെന്നറിഞ്ഞും ആത്മഹത്യ ചെയ്യുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ദൈവത്തിലുള്ള, സ്വർഗ്ഗത്തിലുള്ള വിശ്വാസം കൂടിയാണ്. യഹൂദ സിവിൽ - മത നിയമമായ താൽമൂഡ് മറ്റ് മരണങ്ങളുടെ കാര്യത്തിൽ മൃതദേഹത്തിനു നൽകിയിരുന്ന ആചാരങ്ങളും ശുശ്രൂഷയും ആത്മഹത്യയ്ക്ക് നല്‍കുന്നത് തടഞ്ഞത് വെറുതെയല്ല. ആത്മഹത്യ ചെയ്തവരെ യഹൂദ സെമിത്തേരിയിൽ അടക്കുന്ന പതിവുമില്ല.
പരമ്പരാഗത ഇസ്‌ലാമിക ധാരണകൾ അനുസരിച്ച്, ആത്മഹത്യയിലൂടെ മരിക്കുന്നവരുടെ ഗതിയും സമാനമായി ഭയാനകമാണ്. ആത്മഹത്യ ചെയ്യുന്നവർ നരകയാതന അനുഭവിക്കുമെന്ന് ഹദീസുകൾ പറയുന്നു. നരകത്തിൽ, അവരുടെ ആത്മഹത്യയുടെ രീതി അനുസരിച്ച് വീണ്ടും വേദനകൾ സഹിക്കേണ്ടിവരുന്നതാണ്. ഇതൊക്കെ ആയിട്ടും മതവിശ്വാസികൾ ആത്മഹത്യ ചെയ്യുമ്പോൾ സംഭവിക്കുന്നത് മതബോധന നിരാസമാണ്. ആത്മഹത്യയെ മഹാപാപമാക്കുന്നതും അതാണ്.
മലയാളത്തിലെ ‘ആത്മഹത്യ’ സംസ്‌കൃത പദമാണ്. ആത്മാവിനെ മുക്തി നേടുന്നതിൽനിന്ന് തടയുന്ന ഒന്നാണ് ഹിന്ദുക്കൾക്ക് ‘ആത്മാവിന്റെ കൊലപാതകം.’ ആണിനും പെണ്ണിനും തുല്യപദവി നല്‍കിയ ബുദ്ധിസത്തെ കെട്ടുകെട്ടിച്ച ബ്രാഹ്മണ്യം പെണ്ണിനെ ആണിന്റെ അടിമയാക്കുകയാണ് ചെയ്തത്. ഏതു മതവും പെണ്ണിന് കല്പിച്ചത് ശൂദ്രപദവിയും. അതുകൊണ്ടാണ്, ജാതി മാഹാത്മ്യം സംരക്ഷിക്കുന്നതിനായി ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യുവാനുള്ള ആചാരമായ സതി ഉണ്ടായത്. സതിയിൽനിന്നും ജൌഹറിലേക്ക് അധികദൂരമില്ല. സതി നിർബ്ബന്ധിത ആത്മഹത്യയായിരുന്നെങ്കിൽ ജൌഹർ പിടിക്കപ്പെടുന്നതിൽനിന്നും പീഡിപ്പിക്കപ്പെടുന്നതിൽനിന്നും ബലാത്സംഗം ചെയ്യപ്പെടുന്നതിൽനിന്നും രക്ഷയായി ഇന്ത്യൻ രജപുത്ര സ്ത്രീകൾ സ്വീകരിച്ച ആത്മയാഗമായിരുന്നു, കൂട്ട ആത്മഹത്യ.
നമ്മൾ ഇന്നു കാണുന്ന കുറച്ചൊക്കെയുള്ള സാംസ്‌കാരിക മുന്നേറ്റത്തിന് ഒരുപാട് വില കൊടുക്കേണ്ടിവന്നത് സ്ത്രീകൾക്കും മറ്റ് അടിച്ചമർത്തപ്പെട്ട ദളിത് വിഭാഗങ്ങൾക്കുമാണ്. എല്ലാ മധ്യകാല ബ്രാഹ്മണ ഗ്രന്ഥങ്ങളും ഈ ആചാരങ്ങളെ, യാതൊരു അടിസ്ഥാനവുമില്ലാതെ വളരെ വർണ്ണാഭമായ ഭാഷയിൽ പ്രകീർത്തിക്കുന്നതായി ഡോ. അംബേദ്കർ പറയുന്നുണ്ട്. ഭർത്താവില്ലാത്ത ഒരു അധിക സ്ത്രീയുടെ പ്രശ്‌നം പരിഹരിക്കാനും ജാതിയെ നിലനിർത്തുന്ന എൻഡോഗാമിയെ അഥവാ ഗോത്രവിവാഹത്തെ സംരക്ഷിക്കുവാനുമുള്ള എളുപ്പവഴിയിലെ ക്രിയയായിരുന്നു സതി - ഭർത്താവു മരിച്ച പെണ്ണിനെ കത്തിച്ചുകളയുക. അതിലൂടെ ലക്ഷ്യമാക്കിയത് കർശനമായ എൻഡോഗാമിയുടെ സംരക്ഷണമാണ്. എൻഡോഗാമി ഇല്ലാത്ത ജാതി ശുദ്ധജാതിയാവുകയില്ല. ജാതിശുദ്ധി അവിടെ അവസാനിക്കും.
ആത്മഹത്യകൾ ഓർമ്മപ്പെടുത്തലുകളാണ്
കേരളത്തിൽ കഴിഞ്ഞയാഴ്ച സംഭവിച്ച ഡോ. കുഞ്ഞാമന്റേയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥി ഡോ. ഷഹ്നയുടേയും ആത്മഹത്യകളെ സമകാലിക സാമൂഹിക പശ്ചാത്തലത്തിൽനിന്നുവേണം കാണുവാൻ, അപ്പോഴാണ് നമ്മുടെ സമൂഹം എവിടെയാണെന്നറിയുക, എന്തുകൊണ്ട് ഡോ. കുഞ്ഞാമൻ കേരളത്തിൽ ഏറ്റവും ചുരുങ്ങിയത് ഒരു വൈസ്ചാൻസലർ കൂടി ആയില്ല എന്ന ചോദ്യം നമ്മൾ സ്വയം ചോദിക്കുക, എന്തുകൊണ്ട് മതങ്ങളുടെ കൊള്ളരുതായ്മകൾക്കെതിരെ, കേരളത്തിലെ സ്ത്രീധനത്തെ, മഹറിനെ നിർഭയം, നിർദ്ദയം വിമർശിക്കാൻ നമുക്കാവുന്നില്ല എന്നു നമ്മോടുതന്നെ ചോദിക്കുക. സ്ത്രീധനത്തെക്കാൾ വലിയ തെറ്റായാണ് വിശ്വാസികൾ ആത്മഹത്യയെ കാണുന്നത്, പരലോകത്തും പൊറുതിയില്ലാത്ത പീഡനമാണ് ആത്മഹത്യ ചെയ്തവർക്ക് എന്നവർ വിശ്വസിക്കുന്നു. അങ്ങനെയൊരു പരലോകം ഇല്ലെന്ന തിരിച്ചറിവും ഈ ലോകത്തു തന്നെ അവസാനിക്കേണ്ട ദുരിതങ്ങളാണ് തന്റേത് എന്നുമുള്ള തിരിച്ചറിവ് ഉന്നത വിദ്യാഭ്യാസം നേടിയ ഒരാൾക്കുണ്ടാവും. അതു ചോദ്യം ചെയ്യുന്നത് മതബോധനങ്ങളെയാണ്, അതുകൊണ്ടാണ് ആത്മഹത്യ മതങ്ങൾക്കു മറ്റെല്ലാ തിന്മകളെക്കാളും വലിയ കുറ്റമാവുന്നത്. അടുത്തകാലത്താണ് ആത്മഹത്യ നമുക്ക് ശിക്ഷാർഹമായ കുറ്റമല്ലാതാവുന്നത് എന്നോർക്കണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 309 അനുസരിച്ച്, ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് പിഴയും ഒരു വർഷം വരെ നീളാവുന്ന തടവും ലഭിക്കാവുന്ന കുറ്റമായിരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും, മറ്റുവിധത്തിൽ തെളിയിക്കപ്പെട്ടില്ലെങ്കിൽ, കഠിനമായ സമ്മർദ്ദം ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നതും പ്രസ്തുത കോഡിനു കീഴിലെ വിചാരണയോ ശിക്ഷയോ ഉണ്ടാവുന്നതല്ലെന്നും ഉറപ്പാക്കുന്നതാണ് മെന്റൽ ഹൈൽത്ത് കെയർ ആക്ട് 2017. അങ്ങനെ ശ്രമം നടത്തിയവർക്ക് പരിചരണം നൽകാൻ, അവരുടെ പുനരധിവാസത്തിനും അതതു സർക്കാരുകൾക്ക് ബാധ്യതയുണ്ട് എന്നുകൂടി അതു പറഞ്ഞുവെയ്ക്കുന്നുണ്ട്.
അവിവാഹിതരല്ല, ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന 52 ശതമാനത്തോളം സ്ത്രീകൾ വീട്ടമ്മമാരാണ്. ഗാർഹിക പീഡനമാണ്, അടുക്കളകളിലെ മനംമടുപ്പിക്കുന്ന വിരസമായ ജോലിയുമാണ് കാരണം. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്: ആഗോള ആത്മഹത്യയുടെ നാലിലൊന്ന് ഇന്ത്യൻ പുരുഷൻമാരാണ്, അതേസമയം 15 മുതൽ 39 വരെ പ്രായത്തിലുള്ള ആഗോള ആത്മഹത്യകളിൽ 36 ശതമാനവും ഇന്ത്യൻ വനിതകളുടേതാണ്. ഓരോ വർഷവും 7,00,000-ലധികം വ്യക്തികൾ ആത്മഹത്യ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (NCRB) പ്രകാരം 2021-ൽ ഇന്ത്യയിൽ 164033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതായത് ലോകത്തിലെ ഏഴ് ആത്മഹത്യകളിൽ ഏതാണ്ട് രണ്ടും ഇന്ത്യയിലാണ്. മതവിശ്വാസം ആത്മഹത്യയ്ക്ക് പരിഹാരമാവുമെങ്കിൽ, ലോകത്തെ സർവ്വമതങ്ങളുടേയും വിഹാരഭൂമി കൂടിയാണ് ഇന്ത്യ, പോരാത്തതിന് ബുദ്ധമതത്തിനും ജൈനമതത്തിനും സിക്കു മതത്തിനും കൂടി ജന്മം നല്‍കിയ ഭൂമി. വിഷയം സാമൂഹികമാണ്, അതിനെ അങ്ങനെ തന്നെ വേണം അഭിമുഖീകരിക്കാൻ. ആധുനിക ലോകത്ത് മതങ്ങൾക്ക് ഒന്നും ചെയ്യുവാനില്ല.
ഉന്നതമായ വിദ്യാഭ്യാസം നേടിയ, സർക്കാർ മെഡിക്കൽ കോളേജിൽനിന്നും പി.ജി. ഡോക്ടറായി നാളെ ഇറങ്ങേണ്ട ബൗദ്ധിക ഔന്നത്യമുള്ളൊരു പെൺകുട്ടിയുടെ വിവരമില്ലായ്മയാണ്, ബോധമില്ലായ്മയാണ് ആത്മഹത്യ എന്നൊക്കെ വിളിച്ചുപറയുന്ന ലോകം കാണാതെ പോവുന്ന ചിലതുണ്ട്. സ്വതന്ത്രപ്രണയത്തെ ഉദ്‌ഘോഷിച്ച ലോകത്ത് ഫെമിനിസത്തിന്റെ മാതാവെന്നു വിശേഷിപ്പിക്കാൻ യോഗ്യയായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് തന്റെ പങ്കാളിയുടെ വഞ്ചനയിൽ നിരാശയായി തെംസ് നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 1796-ലാണ്. ആ ശ്രമം പരാജയപ്പെട്ടെങ്കിലും അകാലത്തിൽ അവർ പ്രസവാനന്തര സങ്കീർണ്ണതകളുടെ ഇരയായി മരിക്കുന്നത്, തന്റെ 38-ാമത്തെ വയസ്സിലാണ്. കാൾമാർക്‌സിനെ മൊഴിമാറ്റത്തിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ അദ്ദേഹത്തിന്റെ മകൾ, അസാധാരണ ഫെമിനിസ്റ്റും സോഷ്യലിസ്റ്റും എഴുത്തുകാരിയും ആക്ടിവിസ്റ്റും എല്ലാമായ എലീനോർ മാർക്‌സ് ആത്മഹത്യചെയ്തതും പങ്കാളിയുടെ വഞ്ചനയിലുള്ള പ്രതികാരമായാണ്, 1898-ൽ. അവരൊന്നും ബൗദ്ധികമായി ചില്ലറക്കാരായിരുന്നില്ല, വൈകാരികമായ തലം പ്രധാനമാണ്. അതുകൊണ്ട് ആത്മഹത്യകളെ ഭീരുക്കളുടെ ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടമായി കാണുന്നവർക്ക്, ദൈവദാനമായ ജീവിതത്തെ സ്വയം അവസാനിപ്പിക്കുന്ന ദൈവനിന്ദകരായി കാണുന്നവർക്ക്, സാമൂഹികനീതി ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണകൂടങ്ങൾക്ക് ആത്മപരിശോധന നടത്താനും സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനുമുള്ള ഓർമ്മപ്പെടുത്തലുകളാണ്, പ്രമേയങ്ങളാണ് ആത്മഹത്യകൾ, വിശിഷ്യ ഡോ. കുഞ്ഞാമന്റേതും ഡോ. ഷഹ്നയുടേയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates