മോഹിനിയാട്ടത്തിനായി അക്ഷരാർത്ഥത്തിൽ തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച അപൂർവ്വ നർത്തകിയാണ് കലാമണ്ഡലം ലീലാമ്മ. പേരോ പ്രശസ്തിയോ ലക്ഷ്യം വയ്ക്കാതെ, തന്റെ കർമ്മ മണ്ഡലത്തിൽ സദാ പ്രവർത്തനനിരതയായിരുന്ന അവർ അവസാന ശ്വാസം വരെ മോഹിനിയാട്ടത്തെ തന്റെ ഹൃദയമിടിപ്പുപോലെ കൊണ്ടുനടന്നു. മോഹിനിയാട്ടത്തിനുവേണ്ടി, പ്രത്യേകിച്ച് മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലിക്കുവേണ്ടി എന്നും എവിടെയും ഉയർന്നുകേട്ട ശബ്ദമായിരുന്നു ലീലാമ്മയുടേത്. ജീവിതം മുഴുവൻ മോഹിനിയാട്ടത്തിനായി
നീക്കിവച്ച അവർ കേരളീയ നൃത്തകലയ്ക്ക് നവീന മുഖം സമ്മാനിച്ച നർത്തകിമാരുടെ നിരയിൽ മുന്നിലുണ്ട്.
കലാമണ്ഡലത്തിൽ പഠിപ്പിച്ചിരുന്ന അടിസ്ഥാന അടവുകൾക്കു പുറമേ മോഹിനിയാട്ടത്തിന് അനുയോജ്യമായ മറ്റ് അടവുകളും ചേർത്ത് വികസിപ്പിച്ചെടുത്ത, ആറു ഗ്രൂപ്പുകളായി ചിട്ടപ്പെടുത്തിയ അടവുകൾ മോഹിനിയാട്ടത്തിന്റെ ശോഭനഭാവിക്കുള്ള അവരുടെ സംഭാവനയാണ്. മോഹിനിയാട്ടത്തിന്റെ ശുദ്ധ നൃത്തത്തിൽ വൈവിധ്യവും വ്യത്യസ്തതയും പരീക്ഷിക്കാൻ ഈ പുതിയ അടവുകൾ കാരണമായി.
മോഹിനിയാട്ടം സിദ്ധാന്തവും പ്രയോഗവും എന്ന ഗ്രന്ഥം ലീലാമ്മയുടെ സംഭാവനയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ സ്വതസിദ്ധമായ അവതരണ ചാരുതകൊണ്ട് കലാമണ്ഡലം ലീലാമ്മ പ്രേക്ഷകരെ അതിശയിപ്പിച്ചു.
ശൃംഗാരം, ഭക്തി, കരുണം തുടങ്ങിയ മൃദുല വികാരങ്ങൾ മാത്രമേ മോഹിനിയാട്ടത്തിൽ പ്രായോഗികമാവുകയുള്ളൂ എന്ന അലിഖിത നിയമത്തെ അവർ അസാധുവാക്കുന്നു.
ലാസ്യത്തിന്റെ സൗന്ദര്യസാധ്യതകളിലേക്ക്
വേദികളിൽ നിറഞ്ഞാടുന്ന നർത്തകിയായിരിക്കുക. അതേസമയം തന്നെ ലക്ഷണമൊത്ത ഒരു ഗുരുവായിരിക്കുക. അപൂർവ്വം ചില കലാകാരന്മാർക്കു മാത്രം സിദ്ധിക്കുന്ന സവിശേഷതയാണത്. ഈ രണ്ട് സിദ്ധികളുമുള്ള കലാകാരിയാണ് കലാമണ്ഡലം ലീലാമ്മ. പാരമ്പര്യത്തെ അതിന്റെ നല്ല അർത്ഥത്തിൽ സംരക്ഷിക്കെത്തന്നെ അവതരണങ്ങളിൽ കാലാനുസൃതമായ പുതുമകളെ ആവാഹിച്ച് ലീലാമ്മ തന്റെ അരങ്ങുകളെ സമ്പുഷ്ടമാക്കി. ശരീരചലനങ്ങളിലെ ലാസ്യസൗന്ദര്യം കൊണ്ടും സൂക്ഷ്മവും ഗാംഭീര്യമുള്ളതുമായ മുഖാഭിനയംകൊണ്ടും മോഹിനിയാട്ടത്തിന്റെ രൂപഭാവ ഘടനകളെ അവർ സൗന്ദര്യാത്മകമായി പുനർ നിർവ്വചിച്ചു.
'ശ്രീമൻ നാരായണ' എന്നു തുടങ്ങുന്ന കീർത്തനത്തിലെ നരസിംഹാവതരണത്തിന്റെ വിന്യാസത്തിൽ രൗദ്രഭാവത്തിന്റെ സാധ്യതകളെ ലീലാമ്മ മോഹിനിയാട്ടത്തിലേക്ക് സ്വാംശീകരിച്ചു. ഭയാനകത്തിലൂടെയും രൗദ്രം വ്യഞ്ജിപ്പിക്കാമെന്ന് ഹിരണ്യകശിപുവിലൂടെ അവർ നമുക്കു കാണിച്ചുതന്നു. ശൃംഗാരം, ഭക്തി, കരുണം തുടങ്ങിയ മൃദുല വികാരങ്ങൾ മാത്രമേ മോഹിനിയാട്ടത്തിൽ പ്രായോഗികമാവുകയുള്ളൂ എന്ന അലിഖിത നിയമത്തെ അവർ അസാധുവാക്കുന്നു.
വള്ളത്തോളിന്റെ മഗ്ദലന മറിയം, ശിഷ്യനും മകനും, അച്ഛനും മകളും, കുമാരനാശാന്റെ വീണപൂവ്, വൈലോപ്പിള്ളിയുടെ മാമ്പഴം, ഒ.എൻ.വിയുടെ ഉജ്ജയിനി, കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം എന്നീ നൂതന ആവിഷ്‌കാരങ്ങൾ കലാമണ്ഡലം ലീലാമ്മയുടെ സംവിധാനമികവിനു ഉദാഹരണങ്ങളാണ്.
വിഷ്ണുവിനു പകരം ശിവനെ നായകനാക്കിക്കൊണ്ടുള്ള 'കാമിതവരദായക' എന്നു തുടങ്ങുന്ന കീർത്തനവും മോഹിനിയാട്ടത്തിന്റെ ചരിത്രത്തിൽ പുതിയൊരു കാൽവയ്പായിരുന്നു. കേവലം ശൃംഗാരനായികമാരെ മാത്രം അവതരിപ്പിച്ചുവന്ന മോഹിനിയാട്ടത്തിന്റെ ആശയ മണ്ഡലത്തിലേക്ക് പുരാണകഥകളിലെ വ്യത്യസ്തരും വ്യക്തിത്വമുള്ളവരുമായ നായികമാരെ ചേർത്തുവെച്ചും വൈവിധ്യമുള്ള വിഷയങ്ങളെ അവതരണത്തിന് അടിസ്ഥാനമാക്കിയും ലീലാമ്മ മോഹിനിയാട്ടത്തിന്റെ രംഗസാധ്യതകളെ വിപുലപ്പെടുത്തി.
പ്രത്യക്ഷമായ രൂപസൗന്ദര്യത്തിന്റെ ആകർഷണീയതയ്ക്കപ്പുറം മോഹിനിയാട്ടത്തിന്റെ ഗഹനവും ഉദാത്തവുമായ ഭാവശില്പത്തിലേയ്ക്ക് പ്രേക്ഷക ശ്രദ്ധയെ കൈപിടിച്ചെത്തിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ലീലാമ്മയിലെ നർത്തകി ലക്ഷ്യം വെച്ചത്. അതിനായി ആംഗിക, സാത്വികാഭിനയങ്ങളെ എങ്ങനെ സംയോജിപ്പിക്കാമെന്ന് അവർ നിരന്തരം ചിന്തിക്കുകയും അവയെ ബുദ്ധിപൂർവ്വം പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്തു. ലീലാമ്മയുടെ ഓരോ നൃത്താവതരണങ്ങളും ഓരോ പാഠപുസ്തകങ്ങളായിരുന്നു. അംഗചലനങ്ങളിലും ഭാവാവിഷ്‌കരണത്തിലും മാത്രമല്ല, ആഹാര്യത്തിൽപോലും അവർ അത്രയേറെ സൂക്ഷ്മത പുലർത്തി. മോഹിനിയാട്ടത്തിന്റെ ഭാഷാഘടനയ്ക്ക് പോറലേല്പിക്കാതെ അവതരണത്തെ ആധുനികവൽക്കരിക്കാൻ കഴിഞ്ഞുവെന്നതാണ് ലീലാമ്മയുടെ ആവിഷ്‌കരണങ്ങളെ ശ്രദ്ധേയമാക്കുന്നത്.
വള്ളത്തോളിന്റെ മഗ്ദലന മറിയം, ശിഷ്യനും മകനും, അച്ഛനും മകളും, കുമാരനാശാന്റെ വീണപൂവ്, വൈലോപ്പിള്ളിയുടെ മാമ്പഴം, ഒ.എൻ.വിയുടെ ഉജ്ജയിനി, കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം എന്നീ നൂതന ആവിഷ്‌കാരങ്ങൾ കലാമണ്ഡലം ലീലാമ്മയുടെ സംവിധാനമികവിനു ഉദാഹരണങ്ങളാണ്. മാത്രമല്ല, വേദിക്കു പിന്നിലും മുന്നിലും കാണിക്കേണ്ട മര്യാദകളെക്കുറിച്ചും അവർക്കു കണിശമായ നിഷ്‌കർഷകളുണ്ടായിരുന്നു. ഇത്തരത്തിൽ നർത്തകി എന്ന നിലയിലും നൃത്ത സംവിധായിക എന്ന നിലയിലും മോഹിനിയാട്ട ചരിത്രത്തിലിടം പിടിച്ചപ്പോഴും ഒരിക്കൽപോലും കളരികളെ അവർ അവഗണിച്ചില്ല. ഒരു വേദിക്കു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും തന്നെ ശിഷ്യകളെ വാർത്തെടുക്കുന്നതിലും അവർ കാണിച്ചു.
വിട്ടുവീഴ്ചയില്ലാത്ത കളരിപാഠങ്ങളുടെ കർക്കശമായ ശിക്ഷണത്തിലൂടെ ഓരോ കളരിയേയും ലീലാമ്മ അർത്ഥപൂർണ്ണമാക്കി. കറകളഞ്ഞ പാരമ്പര്യത്തിന്റെ ഓജസ്സും അന്യൂനമായ ഭാവനാവൈഭവവുംകൊണ്ട് തന്റെ കളരികളേയും അരങ്ങുകളേയും ഒരുപോലെ സംരക്ഷിക്കാൻ കലാമണ്ഡലം ലീലാമ്മയ്ക്ക് കഴിഞ്ഞു. കളരിപാഠങ്ങൾ അരങ്ങുപാഠങ്ങളെ എങ്ങനെ പുനഃസൃഷ്ടിക്കുന്നുവെന്ന് തന്റെ മോഹിനിയാട്ട ജീവിതത്തിലൂടെ ലീലാമ്മ കാണിച്ചുതന്നു.
കലാമണ്ഡലം സത്യഭാമ മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലിക്ക് അടിത്തറ പാകിയെങ്കിൽ അതിനുമുകളിൽ നയനാനന്ദകരവും ഹൃദയാകർഷകവുമായ ഒരു ശില്പം പണിതുയർത്തി ലീലാമ്മ. പുതിയതായി ചിട്ടപ്പെടുത്തിയ അടവുകളേയോ അരങ്ങിൽ പരീക്ഷണവിധേയമാക്കിയ വ്യത്യസ്ത ഭാവങ്ങളേയോ മാത്രം ലീലാമ്മയുടെ സംഭാവനകളായി കണക്കാക്കിയാൽ മതിയാവില്ല. മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലിയെ അടിമുടി സൗന്ദര്യവൽക്കരിച്ച് അതിന്റെ രൂപഭാവ ഘടകങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു അവർ.
കൈകാലുകളുടെ പ്രയോഗങ്ങളിലും സ്ഥാനങ്ങളിലും നിലകളിലും എന്നുവേണ്ട ശരീര ചലനങ്ങളുടെ സൂക്ഷ്മാംശങ്ങളിൽപോലും ലീലാമ്മ അതീവ ശ്രദ്ധാലുവായിരുന്നു. ഓരോ ചലനവും മറ്റൊന്നിൽനിന്ന് എങ്ങനെ വ്യത്യസ്തമാവുന്നുവെന്ന്, ഓരോ ഭാവവും സന്ദർഭോചിതമായി എങ്ങനെ പ്രയോഗിക്കണമെന്ന്, രംഗവേദിയുടെ വ്യത്യസ്ത തലങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് വ്യക്തമായ ധാരണയുള്ള നൃത്ത സംവിധായികയാണ് ലീലാമ്മ. ഓരോ ചലനവും ഓരോ അഭിനയമുഹൂർത്തവും സൗന്ദര്യത്തെ പ്രാപിക്കുന്നതെങ്ങനെയാണെന്ന് കൃത്യതയാർന്ന നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയും അത് പുതുതലമുറകളിലേക്ക് കോട്ടം തട്ടാതെ പകർന്നുകൊടുക്കുകയും ചെയ്തു എന്നതാണ് ലീലാമ്മയുടെ പ്രസക്തി.
കലാമണ്ഡലത്തിലെ മോഹിനിയാട്ടത്തിനുവേറിട്ടൊരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കുന്നതിൽ കലാമണ്ഡലം ലീലാമ്മ വഹിച്ച പങ്ക് നിസ്തുലമാണ്. ലീലാമ്മ ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോൾ നൃത്തകൈരളിക്കു സംഭവിച്ച നഷ്ടം ചെറുതല്ല. ഏതരങ്ങിലും അഭിമാനപൂർവ്വം തലയുയർത്തിപ്പിടിക്കാൻ, ആത്മവിശ്വാസത്തോടെ നിറഞ്ഞാടാൻ കലാമണ്ഡലം ശൈലിക്ക് വീര്യം പകർന്ന് ആ ശൈലിയുടെ അസ്തിവാരത്തിനു കരുത്തുറ്റ നട്ടെല്ലായി നിന്ന കലാകാരിയും അദ്ധ്യാപികയുമായിരുന്നു അവർ.
ജീവിതരേഖ
കോട്ടയം ജില്ലയിലെ അകലംകുന്ന് ഗ്രാമത്തിൽ ജനിച്ച ലീലാമ്മ എഴുപതുകളുടെ ആദ്യങ്ങളിലാണ് കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി തന്റെ നൃത്തജീവിതം ആരംഭിച്ചത്. നൃത്താഭ്യസനത്തിനുശേഷം കലാമണ്ഡലത്തിൽത്തന്നെ അദ്ധ്യാപികയായി നിയമിക്കപ്പെട്ട ലീലാമ്മ പ്രൊഫസറായും നൃത്തവിഭാഗം മേധാവിയായും പ്രവർത്തിച്ചു. 2007 മാർച്ചിലാണ് തന്റെ ഔദ്യോഗിക ജീവിതത്തിനു വിരാമമിടുന്നത്. തുടർന്ന് മോഹിനിയാട്ടത്തിന്റെ
ബിരുദാനന്തര ബിരുദ വിഭാഗത്തിൽ വിസിറ്റിങ്ങ് പ്രൊഫസറായും ശിഷ്യർക്ക് നൃത്തം പകർന്നു. കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിലെ പഠന നിർവ്വാഹക സമിതിയിൽ അംഗമായിരുന്നു. സർവ്വകലാശാലയിലെ മോഹിനിയാട്ടം ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ സിലബസ് പരിഷ്‌കരണത്തിലും പങ്കുവഹിച്ചു.
പുരസ്‌കാരങ്ങൾ,ബഹുമതികൾ
ഒട്ടേറെ പുരസ്‌കാരങ്ങളും ലീലാമ്മയുടെ കലാസപര്യക്ക് അലങ്കാരമായി. മോഹിനിയാട്ടത്തിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സർക്കാരിന്റെ കേരളീയ നൃത്യ നാട്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ.
കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം മോഹിനിയാട്ടത്തിലേയ്ക്ക് ചിട്ടപ്പെടുത്തിയതിന്റെ ഭാഗമായി 'നാട്യമോഹിനി' എന്ന വിശേഷണം നൽകി കുഞ്ചൻ സ്മാരകം ലീലാമ്മയെ ആദരിച്ചു. കൊച്ചിൻ കലാദർപ്പണയുടെ 'നാട്യശ്രീ' ബഹുമതിയും കൈരളി ആർട്‌സിന്റെ 'നാട്യഭാരതി' ബഹുമതിയും അവർ നേടി. ദൂരദർശന്റെ എ ടോപ്പ് ആർട്ടിസ്റ്റാണ്. എം.ടി. വാസുദേവൻ നായരുടെ 'നിർമ്മാല്യം' സിനിമയിലും അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മോഹിനിയാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലും ലീലാമ്മ സാന്നിധ്യമറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates