Articles

വീഴ്ചയുടെ ചരിത്രസാക്ഷ്യം: ബുദ്ധദേബിനെ ഓര്‍ക്കുമ്പോള്‍

ബുദ്ധദേബിനെ തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റേയും പാര്‍ട്ടിയുടേയും രാഷ്ട്രീയ അടിത്തറ ഏറെക്കുറെ സുരക്ഷിതമായിരുന്നു

അരവിന്ദ് ഗോപിനാഥ്

ബുദ്ധദേബ്, ബംഗാളിന്റെ മാത്രമല്ല, ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞൊരു പേരാണ് അത്. തെറ്റായും ശരിയായുമൊക്കെ ആ ജീവിതം വിലയിരുത്തപ്പെടുമെങ്കിലും അദ്ദേഹം 21-ാം നൂറ്റാണ്ടിലെ ഒരു പ്രധാന സംഭവത്തിന് സാക്ഷിയും ഒരുപരിധിവരെ കാരണഭൂതനുമായ മനുഷ്യനാണ്. എഴുത്തുകാരന്‍, കവി, നാടകകൃത്ത് എന്നിങ്ങനെ പല തുറസ്സുകളില്‍ ആ ജീവിതം അടയാളപ്പെടുത്താം. എന്നാല്‍, ഇന്ത്യയില്‍ മുഖ്യധാര ഇടതുപക്ഷത്തിന്റെ തളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചയാള്‍ എന്നാകും ഒരുപക്ഷേ, ആ ജീവിതം ഓര്‍മ്മിക്കപ്പെടുക.

വിഖ്യാത ചരിത്രകാരന്‍ എറിക് ഹോബ്‌സ്ബാം പ്രവചിച്ച വംഗനാട്ടിലെ സി.പി.എമ്മിന്റെ വീഴ്ചയില്‍ ഒരു അടയാളമായിരുന്നു ബുദ്ധദേബ്. ബംഗാളിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രി! 1977 മുതല്‍ 2000 വരെ ജ്യോതിബസുവായിരുന്നു മുഖ്യമന്ത്രി. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ബസു സ്ഥാനമൊഴിഞ്ഞപ്പോള്‍ ബുദ്ധദേബ് ആ കസേരയിലേക്കെത്തി. ജ്യോതിബസുവിന്റെ പിന്‍ഗാമിയായി ബുദ്ധദേബിനെ തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റേയും പാര്‍ട്ടിയുടേയും രാഷ്ട്രീയ അടിത്തറ ഏറെക്കുറെ സുരക്ഷിതമായിരുന്നു

പൊതുജീവിതത്തിലെ സുതാര്യതയും കളങ്കരഹിതമായ പ്രതിച്ഛായയും ബുദ്ധദേബിനെ ജനങ്ങളോട് ചേര്‍ത്തുനിര്‍ത്തി. 1993ല്‍ജ്യോതിബസുവിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നപ്പോള്‍ കൗണ്‍സില്‍ ഓഫ് തീവ്‌സ് എന്ന് വിശേഷിപ്പിച്ച് രാജിവച്ചയാളാണ് ബുദ്ധദേബ്. എന്നാല്‍, അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും ബംഗാളിന്റെ ഭരണസ്ഥിതിയില്‍ മാറ്റം വന്നില്ല. വികസനത്തിലൂടെ സാമ്പത്തിക വളര്‍ച്ച സാധ്യമാക്കാന്‍ സ്വകാര്യ മൂലധനം കൊണ്ടുവരണമെന്ന നവലിബറല്‍ വാദത്തില്‍ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര, പ്രായോഗിക സിദ്ധാന്തങ്ങളൊന്നും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല.

രണ്ടരപതിറ്റാണ്ടോളം ഭരിച്ചിട്ടും ബംഗാളില്‍ വികസനം സാധ്യമാക്കാന്‍ കഴിയാത്തതിനു കാരണം സി.പി.എമ്മിന്റെ വരണ്ട യാന്ത്രികവാദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പ്രയോഗിക മാര്‍ക്സിസത്തിന് ആരാധകരേറി. പാര്‍ട്ടിയുള്ള പല സംസ്ഥാനങ്ങളിലും അതിനു നേതൃശ്രേണികളുണ്ടായി. പാര്‍ട്ടിക്ക് പുറത്തും പിന്തുണയേറി. ബുദ്ധദേബ് തൊഴിലാളി സമരങ്ങളേയും ഹര്‍ത്താലുകളേയും തള്ളിപ്പറഞ്ഞു. അച്ചടക്കത്തിന്റെ വാള്‍പ്രയോഗത്തില്‍ പാര്‍ട്ടിയും അണികളും നിസ്സഹായരായി. രണ്ടാം അധികാര കാലയളവില്‍ നടപ്പിലാക്കിയ വ്യവസായവല്‍ക്കരണമാകട്ടെ, പാര്‍ട്ടിയുടേയും അദ്ദേഹത്തിന്റെ തന്നെയും അടിത്തറ ഇല്ലാതാക്കിക്കളഞ്ഞു.

ജ്യോതിബസുവും ബുദ്ധദേബും
സിംഗൂരിലും നന്ദിഗ്രാമിലുമുയര്‍ന്ന ജനരോഷം കൃത്യമായി തിരിച്ചറിയാന്‍ സി.പി.എമ്മിന് കഴിയാതെ പോയത് ഈ ബന്ധമില്ലായ്മകൊണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കൃത്യമായൊരു ആത്മപരിശോധനയുണ്ടായില്ല.

ആയിരം ഏക്കറോളം കൃഷിഭൂമി ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിക്കുവേണ്ടി സിംഗൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 48,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കപ്പെട്ടു. നന്ദിഗ്രാമില്‍ ഇന്ത്യോനേഷ്യയില്‍നിന്നുള്ള സലിം ഗ്രൂപ്പിനും വേണ്ടി ഭൂമി ഏറ്റെടുത്തു. പ്രത്യേക സാമ്പത്തിക മേഖലയായിരുന്നു ഇവിടെയും പ്രഖ്യാപിക്കപ്പെട്ടത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഈ രണ്ട് സ്ഥലങ്ങളും. ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല നടത്തിയവര്‍ക്കാണ് ബംഗാളില്‍ ചുവപ്പു പരവതാനി വിരിക്കപ്പെടുന്നതെന്ന വിമര്‍ശനം ബുദ്ധദേബ് അവഗണിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെയ്പായി. 14 പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും എല്ലാം ചേര്‍ന്നുള്ള ഭൂമി ഉച്ഛെദ് പ്രതിരോധ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കലാപം നടന്നു. ഇതിനെതിരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണവും. ഹര്‍മദ് ബാഹിനി എന്ന അക്രമിസംഘമാണ് സി.പി.എമ്മിന്റെ പ്രതിരോധമേറ്റെടുത്തത്. അതിനേയും ബുദ്ധദേബിനു ന്യായീകരിക്കേണ്ടിവന്നു. ''അവര്‍ക്ക് ലഭിക്കേണ്ടത് ലഭിച്ചു'' എന്നായിരുന്നു സമരക്കാര്‍ക്കെതിരായ സി.പി.എമ്മിന്റെ ഹര്‍മദ് ബാഹിനിയുടെ ആക്രമണത്തിന് ബുദ്ധദേബിന്റെ ന്യായീകരണം. അതൊരു വീഴ്ചയുടെ തുടക്കമായിരുന്നു.

നീണ്ട 34 വര്‍ഷക്കാലം, 2011 വരെ തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ച സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇക്കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രധാന ചിത്രത്തിലില്ല. ഭൂമി ഏറ്റെടുക്കലിനെതിരേ പ്രതിഷേധങ്ങള്‍ തുടങ്ങിയ 2008-ല്‍ തന്നെ ബംഗാളില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തകര്‍ച്ച ആരംഭിച്ചിരുന്നു. അതിനുശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ജനകീയാടിത്തറ ശോഷിച്ചില്ലാതായി. ജനങ്ങളുമായുള്ള പൊക്കിള്‍ക്കൊടിബന്ധം തകര്‍ന്നതാണ് ബംഗാളില്‍ സി.പി.എമ്മിന് വിനയായത്. സിംഗൂരിലും നന്ദിഗ്രാമിലുമുയര്‍ന്ന ജനരോഷം കൃത്യമായി തിരിച്ചറിയാന്‍ സി.പി.എമ്മിന് കഴിയാതെ പോയത് ഈ ബന്ധമില്ലായ്മകൊണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കൃത്യമായൊരു ആത്മപരിശോധനയുണ്ടായില്ല. പാര്‍ട്ടിക്ക് തെറ്റുപറ്റില്ലെന്ന വ്യാജ ബോദ്ധ്യത്തില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോയപ്പോള്‍ 2011-ല്‍ ജനങ്ങള്‍ നല്‍കിയ ആ വലിയ തിരിച്ചടി പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ കടപുഴക്കിക്കളഞ്ഞു. 2011-ലെ തെരഞ്ഞെടുപ്പിലാണ് 34 വര്‍ഷങ്ങള്‍ക്കു ശേഷം സി.പി.എം. ബംഗാളില്‍ അധികാരത്തിനു പുറത്തായത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസഞ്ജറുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ
കനലെരിയുന്ന ബംഗാളിന്റെ മണ്ണില്‍ യുവജനസംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം. സംസ്ഥാനത്തുടനീളം ആ സംഘടന കെട്ടിപ്പെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

കനലെരിയുന്ന മണ്ണില്‍

1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കല്‍ക്കട്ടയിലാണ് ജനനം. ശൈലേന്ദ്ര സര്‍ക്കാര്‍ വിദ്യാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പ്രസിഡന്‍സി കോളേജില്‍നിന്ന് ബംഗാളില്‍ ബി.എ ബിരുദം നേടി. സ്വഭാവത്തില്‍തന്നെ വിപ്ലവകാരിയായിരുന്ന ഭട്ടാചാര്യ 1966-ലാണ് സി.പി.എമ്മില്‍ ചേരുന്നത്. കനലെരിയുന്ന ബംഗാളിന്റെ മണ്ണില്‍ യുവജനസംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം. സംസ്ഥാനത്തുടനീളം ആ സംഘടന കെട്ടിപ്പെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1977-ല്‍ കോസിപ്പൂരില്‍നിന്ന് ആദ്യ തവണ എം.എല്‍.എയായി. പശ്ചിമബംഗാളില്‍ സി.പി.എം ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷം കൂടിയായിരുന്നു അത്. 1982-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ പ്രഫുല്ല കാന്തി ഘോഷിനോട് പരാജയപ്പെട്ടു. കോസിപ്പൂര്‍ തന്നെയായിരുന്നു തട്ടകം. അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ജാദവ്പൂരില്‍നിന്നു വിജയിച്ചു. 1987-ലും 1996-ലും സാംസ്‌കാരിക വകുപ്പ് മന്ത്രിയായി. 1996-ലും 1999-ലും ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തു. 2000 നവംബര്‍ ആറിനാണ് അനാരോഗ്യം കാരണം അധികാരമൊഴിഞ്ഞ ജ്യോതിബസുവിന് പകരം ഭട്ടാചാര്യ മുഖ്യമന്ത്രിയായത്. പിന്നീടങ്ങോട്ട് പാര്‍ട്ടിയേയും സംസ്ഥാനത്തേയും നയിക്കേണ്ട ഉത്തരവാദിത്വം ബുദ്ധദേബിനായി.

2001-ലെ തെരഞ്ഞെടുപ്പിനെ അദ്ദേഹം ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. അന്ന് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനു ജയിക്കാനായത് 60 സീറ്റുകളില്‍ മാത്രം. എന്നാല്‍, പത്തുവര്‍ഷത്തിനു ശേഷം മൂന്നിരട്ടി സീറ്റുകള്‍ തൃണമൂല്‍ നേടുമെന്ന് സ്വപ്നത്തില്‍ പോലും ബുദ്ധദേബ് കണ്ടുകാണില്ല. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനവുമായി 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 42-ല്‍ വെറും 2 സീറ്റ് മാത്രം നേടാനായതോടെ സംസ്ഥാനത്തേയും കേന്ദ്രത്തിലേയും സി.പി.എം നേതൃത്വം വിമര്‍ശനങ്ങള്‍ക്കു വിധേയമായി.

2007ല്‍ തീയിട്ട് നശിപ്പിക്കപ്പെട്ട വീടുകള്‍ക്ക് മുന്നില്‍ നന്ദിഗ്രാമിലെ ജനങ്ങള്‍/ ഫയല്‍ ചിത്രം
പാര്‍ട്ടി ഓഫീസുമായുള്ള ഏകബന്ധം പുസ്തകങ്ങളായി. ഗണശക്തിയുടെ ലൈബ്രേറിയന്‍ പ്രദോഷ് കുമാറിന് പുസ്തകങ്ങളുടെ ലിസ്റ്റ് അയച്ചുകൊടുക്കും. ആ പുസ്തകങ്ങള്‍ തിരിച്ചയയ്ക്കും. അത് മാത്രമായി പാര്‍ട്ടിയുമായുള്ള വിനിമയബന്ധം.

ഏകനായി, പരാജിതനായി

2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ ബംഗാളില്‍ ജയിച്ചപ്പോള്‍ 40 സീറ്റിലായി സി.പി.എം ഒതുങ്ങി. കോണ്‍ഗ്രസ്സിലെ മനീഷ് ഗുപ്തയോട് ജാദവ്പൂരില്‍ ബുദ്ധദേബ് തോറ്റു. അന്ന് കോണ്‍ഗ്രസ്സിനു പോലും 42 സീറ്റുണ്ടായിരുന്നു. 2015 മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍നിന്നും അദ്ദേഹം ഒഴിഞ്ഞു. തെക്കന്‍ കൊല്‍ക്കത്തയിലെ പാം അവന്യുവില്‍ രണ്ട് മുറികള്‍ മാത്രമുള്ള ഫ്‌ലാറ്റിലൊ തുങ്ങി താമസം. അലിമുദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് എന്നും അദ്ദേഹം എത്തുമായിരുന്നു. ചെറുമുറിയില്‍ പുസ്തകങ്ങള്‍ക്കും പാര്‍ട്ടിരേഖകള്‍ക്കുമിടയില്‍ സഖാക്കന്‍മാര്‍ക്ക് കത്തുകളെഴുതുന്ന ബുദ്ധദേബ് പഴയ കാഴ്ചയായി.

പാര്‍ട്ടി ഓഫീസുമായുള്ള ഏകബന്ധം പുസ്തകങ്ങളായി. ഗണശക്തിയുടെ ലൈബ്രേറിയന്‍ പ്രദോഷ് കുമാറിന് പുസ്തകങ്ങളുടെ ലിസ്റ്റ് അയച്ചുകൊടുക്കും. ആ പുസ്തകങ്ങള്‍ തിരിച്ചയയ്ക്കും. അത് മാത്രമായി പാര്‍ട്ടിയുമായുള്ള വിനിമയബന്ധം. വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും മാഗ്നിഫൈയിങ് ഗ്ലാസ് ഉപയോഗിച്ചു വായിക്കും. 2018-ല്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണ് അവസാനമായി അദ്ദേഹം പങ്കെടുത്തത്. പിന്നീട് അനാരോഗ്യം കാരണം പാര്‍ട്ടി ഓഫീസില്‍ പോലും വരാനൊത്തില്ല. പി.ബിയില്‍നിന്നും കേന്ദ്രകമ്മിറ്റിയില്‍നിന്നും ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഒഴിവായി. 2019 മാര്‍ച്ചില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്നും. ഇടയ്ക്ക് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ എത്തിയെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കാറില്‍നിന്നുമിറങ്ങിയില്ല. കൈ പോലും ഉയര്‍ത്തിക്കാട്ടാന്‍ അശക്തനായ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്നതാണ് ശരി. എങ്കിലും പ്രവര്‍ത്തകര്‍ക്ക് ഒരു നോക്ക് കാണാന്‍ പാകത്തിന് അദ്ദേഹം എത്തി.

അഴിമതിയില്ലാത്ത ധീരനായ, മതേതരവാദിയായ അദ്ദേഹം തന്റെ ലക്ഷ്യങ്ങളില്‍ സത്യസന്ധനായിരുന്നു. പക്ഷേ, നന്ദിഗ്രാമിനും സിംഗൂരിനും ശേഷം പ്രതിപക്ഷത്തുള്ളവരും പാര്‍ട്ടിയിലുള്ളവരും ബുദ്ധിജീവികളും അദ്ദേഹത്തിനെതിരായി.

പൊതുമധ്യത്തില്‍നിന്നു മാറിനിന്ന വര്‍ഷങ്ങളില്‍ പുസ്തകങ്ങളിലായിരുന്നു ബുദ്ധദേബ്. ഏകാന്തവാസമനുഭവിച്ച നാളുകളില്‍ 13 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ബംഗാളിനെക്കുറിച്ച് മാത്രമല്ല ചൈനയെക്കുറിച്ചും ലാറ്റിനമേരിക്കയെക്കുറിച്ചും അദ്ദേഹമെഴുതി. 1977 മുതല്‍ 1987 വരെയുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ 10 വര്‍ഷത്തെ ഭരണമാണ് 'ഫിര്‍ ദേഖാ' (ലുക്കിങ് ബാക്ക്) എന്ന പുസ്തകം. 2016-ലെ കൊല്‍ക്കത്ത രാജ്യാന്തര പുസ്തകമേളയിലാണ് ആ പുസ്തകം പ്രകാശനം ചെയ്തത്. ഏറ്റവുമൊടുവിലത്തെ സര്‍ക്കാരിന്റെ അവസാന അഞ്ച് വര്‍ഷത്തെ ഡോക്യുമെന്റേഷനായിരുന്നു തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ 'ഫിര്‍ ദേഖാ'യുടെ രണ്ടാം ഭാഗം. ബംഗാളിനെക്കുറിച്ചു മാത്രമല്ല ചൈനയെക്കുറിച്ചും ലാറ്റിനമേരിക്കയെക്കുറിച്ചും അദ്ദേഹമെഴുതി.

നാസി ജര്‍മനിയുടെ ഉയര്‍ച്ചയും വീഴ്ചയും പ്രമേയമായ പുസ്തകം 2018-ല്‍ പുറത്തിറങ്ങി. ഇതോടൊപ്പം ഇടതുപക്ഷത്തെക്കുറിച്ചും അതിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും പുസ്തകങ്ങളെഴുതി. സന്ദര്‍ശകരെപ്പോലും കാണാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. വീട്ടിലെത്തുന്നവര്‍ വളരെ കുറവ്. സി.പി.എം സംസ്ഥാന സെക്രട്ടറി സുര്‍ജിയ കാന്ത മിശ്രയും മുന്‍ എം.പി മൊഹമ്മദ് സലിമുമാണ് സ്ഥിരമായി എത്തുന്നവര്‍. 2016-ലെ തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് പറയുന്നു മുഹമ്മദ് സലിം. സത്യസന്ധമായി കാര്യങ്ങള്‍ മറികടക്കാന്‍ ശ്രമിച്ച ആളാണ് അദ്ദേഹം. അഴിമതിയില്ലാത്ത ധീരനായ, മതേതരവാദിയായ അദ്ദേഹം തന്റെ ലക്ഷ്യങ്ങളില്‍ സത്യസന്ധനായിരുന്നു. പക്ഷേ, നന്ദിഗ്രാമിനും സിംഗൂരിനും ശേഷം പ്രതിപക്ഷത്തുള്ളവരും പാര്‍ട്ടിയിലുള്ളവരും ബുദ്ധിജീവികളും അദ്ദേഹത്തിനെതിരായി. അദ്ദേഹം കൊലപാതകിയെന്നു വിളിക്കപ്പെട്ടു.

വി.പി. ധന്‍കര്‍ ബുദ്ധദേബിനെ സന്ദര്‍ശിച്ചപ്പോള്‍
പ്രഭാത് പട്‌നായിക് അടക്കമുള്ളവര്‍ ശക്തമായി രംഗത്തുവന്നു. അപ്പോഴും ബംഗാളിന്റെ വികസനത്തിന് ഉദാരവല്‍ക്കരണത്തിന്റേയല്ലാതെ മാര്‍ഗ്ഗമില്ലെന്നുതന്നെ കരുതി ബുദ്ധദേബ്. നിലപാടുകളില്‍ അദ്ദേഹത്തിന് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല, മരണം വരെയും.

അദ്ദേഹത്തിന്റെ കയ്യില്‍ രക്തം പുരണ്ടെന്ന ആരോപണത്തില്‍ അദ്ദേഹം തളര്‍ന്നു. പിന്നീടൊരിക്കലും സിംഗൂരിനെക്കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോഴും സിംഗൂരിനെക്കുറിച്ച് അദ്ദേഹം നിശ്ശബ്ദനായി. മുഖ്യമന്ത്രിയായ മമത അദ്ദേഹത്തെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. 2017 ഒക്ടോബറിലും 2019 ഏപ്രിലിലും. സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സ മമതാബാനര്‍ജി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചു. രാഷ്ട്രീയ എതിരാളിയെന്നതില്‍ കവിഞ്ഞുള്ള ബഹുമാനബന്ധം ബുദ്ധദേബിനും മമതയ്ക്കുമിടയിലുണ്ടായിരുന്നു. നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുടെ കേന്ദ്രയോഗങ്ങളില്‍ ബുദ്ധദേബ് പങ്കെടുക്കുന്നത് വിരളമായി. മമത ബംഗാളിന്റെ മുഖ്യമന്ത്രിയായി ആ നാടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി. കര്‍ഷകരെ വെടിവെച്ചുകൊന്നായാലും ഭൂമി ഏറ്റെടുത്ത് വ്യവസായ വികസനം നടത്താനുള്ള ഇടതുവ്യഗ്രത അന്താരാഷ്ട്രതലത്തിലടക്കം മാര്‍ക്സിസ്റ്റുകാര്‍ വിമര്‍ശിച്ചു. പ്രഭാത് പട്‌നായിക് അടക്കമുള്ളവര്‍ ശക്തമായി രംഗത്തുവന്നു. അപ്പോഴും ബംഗാളിന്റെ വികസനത്തിന് ഉദാരവല്‍ക്കരണത്തിന്റേയല്ലാതെ മാര്‍ഗ്ഗമില്ലെന്നുതന്നെ കരുതി ബുദ്ധദേബ്. നിലപാടുകളില്‍ അദ്ദേഹത്തിന് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല, മരണം വരെയും.

2014 ഫിബ്രവരി 13ന് കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലെ വന്‍ റാലിയോടെ തുടങ്ങിയ ഇടതുമുന്നണി തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രസംഗത്തില്‍ ബുദ്ധദേവ് ചില തെറ്റുകള്‍ പറ്റിയെന്ന് ഏറ്റുപറഞ്ഞു. 'ആരോടും മോശമായി പെരുമാറരുത്, ബലം പ്രയോഗിക്കരുത്, അഹംഭാവം പ്രകടിപ്പിക്കരുത്'- തന്റെ പ്രസംഗത്തില്‍ ബുദ്ധ നല്‍കിയ ഈ ഉപദേശം സ്വയംവിമര്‍ശനപരമായാണ് പലരും കണ്ടത്. സ്വന്തം തെറ്റുകളുടെ തിരുത്തലുകളായിരുന്നു വേണമെങ്കില്‍ അതിനെ വ്യാഖ്യാനിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT