റ്റി.ജെ.എസ്. എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന തയ്യിൽ ജേക്കബ് സണ്ണി ജോർജ് തൊണ്ണൂറ്റി ഏഴാം വയസ്സിൽ വിടവാങ്ങിയതോടെ അസാമാന്യപ്രതിഭയും ധീരമായ നിലപാടുകളും പുലർത്തിയിരുന്ന ഒരു ഉത്തമ പത്രപ്രവർത്തകനെയാണ് ലോകത്തിന് നഷ്ടമായത്.
നമ്മുടെ രാജ്യം നമ്മളുടേതാണ്. ലോകത്ത് മറ്റെവിടെയാണെങ്കിലും നമ്മൾ അന്യനായിരിക്കുമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
അതുകൊണ്ടാണ് ലോകപൗരനായിരുന്നപ്പോഴും തനി മലയാളിയായി അദ്ദേഹം നമ്മുടെയിടയിൽ ജീവിച്ചത്. ഈ മണ്ണിൽതന്നെ ലയിച്ചുചേർന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ‘ഹോചിമിന്റെ നാട്ടില്‍’ എന്ന പുസ്തകമാണ് മലയാളത്തിൽ അദ്ദേഹമെഴുതിയ ആദ്യപുസ്തകം.
റ്റി.ജെ.എസ് എഴുതിയ ജീവചരിത്രങ്ങളിൽ അദ്ദേഹം ഏറ്റവും അധികം ഇഷ്ടപ്പെട്ടത് എം.എസ്. സുബ്ബലക്ഷ്‌മിയുടേതായിരുന്നു. സംഗീതരംഗത്ത് അവർ നൽകിയ സംഭാവനയെ മുൻനിർത്തിയായിരുന്നില്ല ഈ തീരുമാനം.
നൃത്തവും സംഗീതവും ഒരുകാലത്ത് ദേവദാസികളുടേതു മാത്രമായിരുന്നു. ലൈംഗികത്തൊഴിലാളികളെന്ന് ഇക്കാലത്ത് വിളിക്കുന്ന സമൂഹമാണവരുടേത്. ആത്മാവ് നഷ്ടപ്പെട്ട, അഭിമാനം നഷ്ടപ്പെട്ട ആ സമൂഹത്തെ ദുരിതക്കയത്തിൽനിന്ന് രക്ഷിച്ചെടുക്കാൻ ധീരമായ പ്രവർത്തനങ്ങളാണ് എം.എസ്. നടത്തിയത്. ഈ സാമൂഹ്യ ഉത്തരവാദിത്വം നിർവഹിച്ചതാണ് എം.എസ്സിന്റെ ജീവിതം റ്റി.ജെ.എസ്സിന് ഏറ്റവും പ്രിയപ്പെട്ടതാക്കിയത്. എം.എസ്സിന്റെ ജീവിതത്തിലെ ഈയൊരുവശം വേണ്ടത്ര ഇവിടെ പഠിക്കപ്പെട്ടിട്ടില്ലെന്ന് റ്റി.ജെ.എസ് എന്നോടൊരിക്കൽ പറഞ്ഞത് ഓർത്തുപോകുന്നു.
തന്നെക്കുറിച്ച് കുറച്ചുമാത്രം പറയുകയും മറ്റുള്ളവരിലൂടെ ചരിത്രത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു റ്റി.ജെ.എസ്സിന്റെ സമീപനം. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളിലോ എഴുത്തിലോ ‘ഞാൻ’ എന്ന വാക്ക് സാധാരണ കടന്നുവരാറില്ല. ഇതദ്ദേഹത്തിന്റെ എല്ലാ സമീപനത്തിലും കാണാം. ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ലാളിത്യമാണ് അദ്ദേഹത്തിന്റേത്. ‘ഞാനെന്ന ഭാവത്തെ’ ഏറെക്കുറെ കീഴടക്കാൻ റ്റി.ജെ.എസ്സിന് കഴിഞ്ഞിരുന്നു. ‘ക’ എം.ബി.ഐ.എഫ്.എൽ പങ്കെടുക്കാനായി 2019-ൽ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. കനകക്കുന്നിലെ ഒരു മരച്ചുവട്ടിൽ സാഹിത്യചർച്ച നടക്കുകയാണ്. കുറച്ചു കസേര മാത്രമേ അവിടെയുള്ളു. സാഹിത്യപ്രേമികൾ ചർച്ച കേൾക്കാനായി ചുറ്റും വളഞ്ഞുനിൽക്കുകയാണ്. എനിക്കൊരു കസേരയവിടെ കിട്ടിയിരുന്നു.
ഞാനിടയ്ക്ക് ചുറ്റിലുമൊന്ന് നോക്കിയപ്പോൾ റ്റി.ജെ.എസ് ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നു. ഞാനെണീറ്റ് അദ്ദേഹത്തെ കസേരയിലേക്ക് ക്ഷണിച്ചു. എന്നാൽ, ഞാനിവിടെത്തന്നെ നിന്നോളാമെന്ന് അദ്ദേഹം കൈകാണിച്ചു. റ്റി.ജെ.എസ് നിൽക്കുമ്പോൾ എനിക്ക് കസേരയിൽ ഇരിക്കാൻ ഇരിപ്പുറച്ചില്ല. വീണ്ടും ഞാൻ നിർബന്ധിച്ചെങ്കിലും അവിടെയിരുന്നോളുവെന്ന് പറഞ്ഞെന്നെ വിലക്കി. രാജ്യം പത്മഭൂഷണ്‍ നൽകി ആദരിച്ച പത്രപ്രവർത്തകനാണ് അദ്ദേഹമെന്നോർക്കണം. സംഘാടകർ വന്ന് നിർബന്ധിച്ചാലും അദ്ദേഹം കസേരയിലിരിക്കണമെന്നില്ല. സാധാരണക്കാരെപ്പോലെ അവിടെ ചുറ്റിയടിച്ച് എല്ലാം കാണാനും കേൽക്കാനുമായിരുന്നു അദ്ദേഹത്തിന് താല്പര്യം. നമ്മളിൽ എത്രപേർക്കിത് കഴിയുമെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
കേസരി സ്മാരകട്രസ്റ്റിന്റേയും കേരളപത്രപ്രവർത്തക യൂണിയന്റേയും തിരുവനന്തപുരം ജില്ലാപ്രസിഡന്റായി ഞാൻ പ്രവർത്തിക്കുന്ന 2016-2017 കാലത്ത് കേസരിയുടെ പേരിലൊരു പുരസ്‌കാരം ഏർപ്പെടുത്തുകയുണ്ടായി. പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനെ അവാർഡ് ജൂറി ചെയർമാനായി നിശ്ചയിച്ചു. ആദ്യ പുരസ്‌കാരം റ്റി.ജെ.എസ്സിന് തന്നെ നൽകണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം തന്നെയായിരുന്നു. മലയാളത്തിന്റെ അഭിമാനമായ റ്റി.ജെ.എസ്. ജോർജിനെ അടൂർ തന്നെയാണ് അവാർഡ് വിവരം വിളിച്ചറിയിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാൻ വരാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. തീർച്ചയായും അടൂരിനോടുള്ള സ്‌നേഹവും ഇതിനൊരു കാരണമാണ്.
പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് പിന്നീട് ഞാനാണ് അദ്ദേഹവുമായി സംസാരിച്ചിരുന്നത്. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിമാരോ അല്ലെങ്കിൽ ആ നിലയിൽ ഉന്നത അധികാരസ്ഥാനം വഹിക്കുന്ന ആരെങ്കിലുമായിരിക്കണം പുരസ്‌കാരം നൽകേണ്ടതെന്ന് ഞങ്ങളാലോചിച്ചു. ഇക്കാര്യം ഞാനദ്ദേഹത്തോട് സംസാരിച്ചപ്പോൾ രാഷ്ട്രീയക്കാരെയൊന്നും വിളിക്കേണ്ടതില്ലെന്നും അടൂർ ഗോപാലകൃഷ്‌ണൻ തന്നെ തനിക്ക് പുരസ്‌കാരം നൽകുന്നതാണ് സന്തോഷമെന്നും അറിയിച്ചു. അടൂരിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹത്തിനും സന്തോഷം. ഇരുവരും സുഹൃത്തുക്കളും അടുത്തടുത്ത നാട്ടുകാരുമാണ്.
പുരസ്‌കാരം ഏറ്റുവാങ്ങാനായി ബാംഗ്ലൂരിൽനിന്ന് എറണാകുളത്ത് എത്തിയ റ്റി.ജെ.എസ് അവിടെനിന്ന് ഇന്റർസിറ്റി എക്‌സ്പ്രസിലാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഓർമ. റ്റി.ജെ.എസ്സിനെ വിളിക്കാനായി ഞാന്‍ ഉപയോഗിക്കുന്ന ചെറിയ കാറിലാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ഈ കാറിൽ പോയി വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതാണോയെന്നൊരു ലജ്ജ എനിക്കുണ്ടായിരുന്നു. റ്റി.ജെ.എസ് സാമാന്യം വലിപ്പമുള്ള ഒരു ബാഗും തോളിൽ തൂക്കിയാണ് ട്രെയിനിൽനിന്ന് ഇറങ്ങിവന്നത്. ഞാനോടിയെത്തി അദ്ദേഹത്തിൽനിന്ന് ബാഗ് വാങ്ങാൻ ശ്രമിച്ചു. എന്നാലെന്തുപറഞ്ഞിട്ടും അദ്ദേഹം ബാഗ് കൈമാറാൻ തയ്യാറായില്ല. ബാഗ് തന്റെതന്നെ തോളിൽ തൂക്കിയിടുകയാണ് ചെയ്തത്. ഏതാണ്ട് തൊണ്ണൂറിനടുത്ത് പ്രായം അപ്പോൾ അദ്ദേഹത്തിനന്നുണ്ടായിരുന്നുവെന്നോർക്കണം. സത്യത്തിൽ അദ്ദേഹത്തിന്റെ ഈ ഉത്സാഹവും ലാളിത്യവും എന്നെ അത്ഭൂതപ്പെടുത്തി.
ടൂറിസം വകുപ്പിന്റെ കീഴിലുള്ള മസ്‌കോട്ട് ഹോട്ടലിലായിരുന്നു അദ്ദേഹത്തിന് താമസം ഒരുക്കിയിരുന്നത്. റൂമിലെത്തിയപ്പോൾ അവിടെ ടീപ്പോയിൽ സാധാരണവെയ്ക്കാറുള്ള ഒരാപ്പിളും രണ്ടു ചെറിയ പഴവും. ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് സമൃദ്ധമായൊരു അത്താഴവിരുന്ന് കൊടുത്തിട്ടുപോകാമെന്ന് കരുതി ഞാനവിടെ ചുറ്റിപ്പറ്റിനിന്നു. ഭക്ഷണം റൂമിലേക്ക് വരുത്തണോ അതോ റസ്റ്റോറന്റിൽപോയി കഴിക്കുന്നുവോയെന്ന് ഞാനദ്ദേഹത്തോടു തിരക്കി. മറുപടി കൗതുകകരമായിരുന്നു. “രാത്രിയിനി മറ്റു ഭക്ഷണമൊന്നും വേണ്ട ഈ ആപ്പിളുമതി” ആപ്പിളിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ, ട്രെയിനിൽവച്ച് എന്തെങ്കിലും കഴിച്ചിരിക്കാമെന്ന് ഞാൻ കരുതി. എന്നാലത് ശരിയായിരുന്നില്ലെന്ന് പിന്നീടെനിക്ക് മനസ്സിലായി. പുരസ്‌കാരച്ചടങ്ങ് കഴിഞ്ഞ് സെക്രട്ടറിയേറ്റിനടുത്തുള്ള നല്ലൊരു ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാനായി ഞങ്ങൾ ചെന്നു. വെജിറ്റേറിയൻ ഭക്ഷണം മതിയെന്ന് അദ്ദേഹം പറഞ്ഞു. തൊടുകറികൾക്ക് പിന്നാലെ ചോറുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു ടീസ് പൂൺ ചോറാണ് അദ്ദേഹം വാങ്ങിയത്. എത്രകുറച്ചാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്ന് അപ്പോൾ ഞാൻ ആലോചിച്ചുപോയി.
റ്റി.ജെ.എസ്സിന്റെ നിർദേശം മാനിച്ച് പുരസ്‌കാരച്ചടങ്ങിൽ രാഷ്ട്രീയക്കാരെ ആരെയും വിളിച്ചിരുന്നില്ല. പുരസ്‌കാരച്ചടങ്ങിന് അരമണിക്കൂർ മുന്‍പ് ഒരു ഫോൺ എന്റെ മൊബൈലിലേക്ക് വന്നു. ശശി തരൂർ എം.പിയാണ്. റ്റി.ജെ.എസ്സിന്റെ പുരസ്‌കാരച്ചടങ്ങ് എപ്പോഴാണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ സമയം പറഞ്ഞു. നെയ്യാറ്റിൻകരയിൽനിന്ന് അവിടേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും എനിക്ക് ചടങ്ങിൽ പങ്കെടുക്കണമെന്നുണ്ടെന്നും അറിയിച്ചു. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. വരണ്ടയെന്ന് ശശി തരൂരിനോടു പറയുന്നത് മര്യാദയാണോ? ശരിയെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ശശി തരൂരുമായുള്ള സംഭാഷണം റ്റി.ജെ.എസ്സിന്റെ ശ്രദ്ധയിൽപ്പെടുത്തി. റ്റി.ജെ.എസ്സിന്റെ പ്രതികരണം അറിയണമല്ലോ? അദ്ദേഹം ഞാൻ പറഞ്ഞതുകേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
പരിപാടി നടക്കുന്നതിനിടയിൽ ശശി തരൂർ എത്തി. മര്യാദയനുസരിച്ച് രണ്ടുവാക്ക് സംസാരിക്കാനായി തരൂരിനെ ക്ഷണിച്ചു. ഡൽഹിയിൽ റ്റി.ജെ.എസ്സിന് പത്മഭൂഷൻ നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും തിരുവനന്തപുരത്ത് അദ്ദേഹത്തിന് കേസരി പുരസ്‌കാരം നൽകുന്നതറിഞ്ഞ് ഓടിയെത്തുകയായിരുന്നുവെന്നും തരൂർ പ്രസംഗത്തിൽ പറഞ്ഞു. തരൂരിനെപ്പോലെയുള്ള ലോകമറിയുന്ന എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ ഒരാൾ റ്റി.ജെ.എസ്സിന് നൽകുന്ന ആദരവ് എത്രയാണെന്ന് മനസ്സിലാക്കാൻ ഈ സന്ദർഭം എന്നെ സഹായിച്ചു.
ദൂരദർശൻ അഭിമുഖം
2019-ലെ സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം റ്റി.ജെ.എസ്സിനായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാനായി ജൂൺ മാസത്തിൽ അദ്ദേഹം തിരുവനന്തപുരത്ത് വീണ്ടും വന്നു. സംസ്ഥാന സർക്കാർ മാധ്യമപ്രവർത്തകർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഈ പുരസ്‌കാരം റ്റി.ജെ.എസ്സിന് നൽകാൻ വൈകിയെന്ന അഭിപ്രായം ഞങ്ങൾക്കൊക്കെയുണ്ടായിരുന്നു. ഒരുപക്ഷേ, ദീർഘായുസ്സ് ഉള്ളതുകൊണ്ട് ഈ പുരസ്‌കാരം അദ്ദേഹത്തിന് കിട്ടിയെന്ന് പറയാം. ടാഗോർ തിയേറ്ററിൽ വച്ചായിരുന്നു അവാർഡ് ദാനചടങ്ങ് നിശ്ചയിച്ചിരുന്നത്. പാളയത്തെ മസ്‌കോട്ട് ഹോട്ടലിലായിരുന്നു റ്റി.ജെ.എസ്സിന്റെ താമസം. ഈ വരവിൽ റ്റി.ജെ.എസ്സുമായി കുറേസമയം ചെലവഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പല വിഷയങ്ങളും ഞങ്ങൾ സംസാരിച്ചിരുന്നു.
റ്റി.ജെ.എസ്സുമായി ഒരഭിമുഖം ദൂരദർശനുവേണ്ടി ഞാൻ പറഞ്ഞുവച്ചിരുന്നു. സാധാരണ ടി.വി. ചാനലുകളിൽ അഭിമുഖം നൽകുന്നതിൽ താല്പര്യമുള്ളയാളല്ല അദ്ദേഹം. എന്റെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹമതിന് സമ്മതിച്ചത്. എന്റെ മാധ്യമപ്രവർത്തനകാലത്ത് ലഭിച്ച അപൂർവ ഭാഗ്യങ്ങളിലൊന്നായി ഞാനതിനെ കാണുന്നു. എന്റെ അറിവിൽ ഇതിനു മുന്‍പ് ഒരാളോടു മാത്രമെ ഈ സൗമനസ്യം അദ്ദേഹം കാണിച്ചിട്ടുള്ളു. ടി.എൻ.ജിയെന്ന് പത്രസുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെടുന്ന ടി.എൻ. ഗോപകുമാറിനായിരുന്നു അഭിമുഖം അനുവദിച്ചത്. 2015-ൽ ഏഷ്യാനെറ്റിനുവേണ്ടി ടി.എൻ.ജി ബാംഗ്ലൂരിൽപ്പോയി ടി.ജെ.എസ്സുമായി സംസാരിച്ചു.
ഇതൊക്കെയറിയാവുന്നതുകൊണ്ടുകൂടിയാവാം ദൂരദർശന്റെ പ്രൊഡ്യൂസറായ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എസ്. രാജശേഖരന് റ്റി.ജെ.എസ് ദൂരദർശനിലേക്ക് വരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. മസ്‌കോട്ട് ഹോട്ടലിലേക്ക് യൂണിറ്റ് കൊണ്ടുവന്ന് അദ്ദേഹവുമായി സംസാരിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിച്ചു. എന്നാലത് വേണ്ടെന്നും അദ്ദേഹത്തെ ദൂരദർശനിലേക്ക് കൊണ്ടുവരാമെന്നും ഞാനേറ്റു. 1982-ലെ ഡൽഹി ഏഷ്യാഡിന്റെ കാലത്താണ് ദൂരദർശൻ കേരളത്തിൽനിന്ന് ടെലിക്കാസ്റ്റ് ആരംഭിച്ചത്. 1985 ജനുവരിയിൽ തിരുവനന്തപുരത്തെ കുടപ്പനക്കുന്ന് സ്റ്റേഷനിൽനിന്ന് മലയാളം പരിപാടികൾ ആരംഭിച്ചു.
കേരളത്തിലെ ആദ്യത്തെ ദൂരദർശൻ സ്റ്റുഡിയോയിൽ അദ്ദേഹം എത്തുന്നതാവും നല്ലതെന്ന് ഞാനുറപ്പിച്ചു. ലോകപ്രശസ്തനായ പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം സ്വന്തം നാട്ടിലെ കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം സന്ദർശിക്കുന്നത് ചരിത്രത്തിന്റെ കൂടി ഭാഗമാകുമല്ലോയെന്നായിരുന്നു എന്റെ ചിന്ത. കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം ഒന്നുകണ്ടിരിക്കാമെന്ന് അദ്ദേഹവും വിചാരിച്ചിരിക്കണം. എന്തായാലും അവിടേക്ക് പോകാമെന്ന് അദ്ദേഹം സമ്മതിച്ചു.
റ്റി.ജെ.എസ്. ലോകരാഷ്ട്രീയത്തെ നിയന്ത്രിച്ചിട്ടുള്ള നേതാക്കളേയും ലോകോത്തര നിലവാരമുള്ള സാംസ്‌കാരിക പ്രവർത്തകരേയുമെല്ലാം അഭിമുഖം നടത്തിയിട്ടുള്ളയാളാണ്. അങ്ങനെ വിപുലമായ അനുഭവപരിജ്ഞാനമുള്ള പത്രപ്രവർത്തനരംഗത്തെ കുലപതിയെയാണ് ഞാൻ അഭിമുഖം നടത്താൻപോകുന്നതെന്നതിൽ ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നു. തിരക്കിട്ട ജോലിക്കിടയിൽ കാര്യമായ തയ്യാറെടുപ്പ് നടത്താനുള്ള സാവകാശം എനിക്ക് ലഭിച്ചിരുന്നുമില്ല. റ്റി.ജെ.എസ്സിനെപ്പോലെയുള്ള ഒരാളെ കയ്യിൽകിട്ടുമ്പോള്‍ എന്തൊക്കെയാണ് ചോദിക്കേണ്ടതെന്ന് സത്യത്തിൽ ഞാൻ ദൂരദർശനിലേക്കുള്ള കാർ യാത്രയ്ക്കിടയിലാണ് കാര്യമായി ആലോചിച്ചത്.
അഭിമുഖത്തിനെത്തുന്നവരുടെ മുഖത്ത് അത്യാവശ്യം മേക്കപ്പിടുന്നത് പതിവാണ്. റ്റി.ജെ.എസ്സിനോട് മുഖത്ത് മേക്കപ്പിടുന്ന കാര്യം പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിയ തോതിലൊന്ന് മുഖം ടച്ചപ്പ് ചെയ്യുന്നത് ദൃശ്യം നന്നാവാൻ നല്ലതാണെന്ന് അദ്ദേഹത്തോടു പറഞ്ഞ് ഒടുവിൽ സമ്മതിപ്പിക്കുകയായിരുന്നു. റ്റി.ജെ.എസ് മുഖം മിനുക്കുന്നതിന്റെ ചിത്രം മൊബൈലിൽ എടുക്കാൻ ഞാനൊന്നു ശ്രമിച്ചു. മുറിയിലെ ലൈറ്റിന്റെ വെളിച്ചം മൂലം ചിത്രം നന്നായി തെളിഞ്ഞില്ല. ഇത്തരം സന്ദർഭത്തിൽ ഫോട്ടോയെടുക്കുന്നത് അദ്ദേഹത്തിന് അലോസരമാകുമെന്നോർത്ത് പിന്നീട് ഞാനാശ്രമം ഉപേക്ഷിച്ചു. അഭിമുഖം ഷൂട്ട് ചെയ്യാനായി വലിയൊരു സന്നാഹം തന്നെ സ്റ്റുഡിയോയിൽ കാത്തുനിന്നിരുന്നു. അരമണിക്കൂറുള്ള ഇന്റർവ്യു ഒരു മണിക്കൂറോളം നീണ്ടു.
സുദിനത്തിനുവേണ്ടി റ്റി.ജെ.എസ്സുമായി നടത്തിയ അഭിമുഖം ഒരുവിധം ഭംഗിയായി നടന്നുവെന്നാണെന്റ വിചാരം. സർക്കാർ വിമർശനങ്ങളേയും രാഷ്ട്രീയവിമർശനങ്ങളേയും സർക്കാർ ചാനൽ പൂർണമായി ഒഴിവാക്കാതെതന്നെ ടെലിക്കാസ്റ്റ് ചെയ്തു. റ്റി.ജെ.എസ് ആയതുകൊണ്ടാവാം ഈ ആനുകൂല്യമെന്നാണ് എന്റെ വിചാരം. റ്റി.ജെ.എസ് പ്രവർത്തിച്ചിരുന്ന പത്രങ്ങളിലൊക്കെ തന്റെ അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം ആർക്കും പണയപ്പെടുത്തിയിരുന്നില്ല. തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയിൽ അദ്ദേഹം എന്നോടു പറഞ്ഞു, കുടപ്പനക്കുന്നിലേക്ക് ഇത്രദൂരമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ അഭിമുഖം ഒഴിവാക്കിയേനെയെന്ന്. കാരണം, റ്റി.ജെ.എസ് ഇന്റർമീഡിയേറ്റിന് പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികളോടു സംസാരിക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നു. അവിടേക്കെത്താൻ അല്പം വൈകി. ഞങ്ങളൊന്നിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് പോയത്.
റ്റി.ജെ.എസ് പഠിച്ച ക്ലാസ്സ് മുറിയിൽ അദ്ദേഹം പുതിയ തലമുറയിലെ കുട്ടികളുമായി പഴയകാല അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. കോളേജുകളിൽ ആശയസംവാദങ്ങൾ നടക്കണമെന്നും കായികമായ സംഘട്ടനങ്ങളും അക്രമങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യകാല പത്രപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന ജി.പി. പിള്ള, സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, കേസരി ബാലകൃഷ്‌ണപിള്ള, റ്റി.ജെ.എസ്. ജോർജ് തുടങ്ങിയവരൊക്കെ പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിലാണ് തങ്ങളും പഠിക്കുന്നതെന്നത് പുതുതതലമുറയ്ക്ക് ആവേശം നൽകുന്ന കാര്യമാണ്.
ഘോഷയാത്ര
ഘോഷയാത്രയെന്ന അങ്ങയുടെ പുസ്തകം ആത്മകഥയായി വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സ്വന്തം ജീവിതം അതിൽ വളരെ കുറച്ചേ എഴുതിയിട്ടുള്ളുവല്ലോ? ഇനിയൊരു ആത്മകഥയെഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഞാനദ്ദേഹത്തോട് ചോദിച്ചു.
എന്റെ ചോദ്യം കേട്ട് അദ്ദേഹം പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: “ഞാനിഷ്ടപ്പെടുന്ന പത്രപ്രവർത്തകനാണ് മാതൃഭൂമിയിലെ എൻ.പി. രാജേന്ദ്രൻ. ഘോഷയാത്ര വായിച്ചിട്ട് അദ്ദേഹം എന്നോടു പറഞ്ഞു: ഇതിൽ അറുപത്, എഴുപത് പേരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. എന്നാൽ, താങ്കളുടെ ജീവചരിത്രം മാത്രം ഒരക്ഷരം പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ അദ്ദേഹമെന്നെ കുറ്റപ്പെടുത്തി. ഇതുകേട്ട് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്.
“ഘോഷയാത്രയെ എന്റെ ജീവചരിത്രമായി കണേണ്ടതില്ല. ഞാനിടപഴകിയ മഹാരഥന്മാരുടേയും ചെറുതും വലുതുമായ മനുഷ്യരുടെ ചരിത്രമാണതിൽ പറഞ്ഞത്. അവരിലൂടെ ലോകത്തെ മുന്നോട്ടുവയ്ക്കുകയായിരുന്നു. കമ്മ്യൂണിക്കേറ്റർ എന്ന നിലയിലല്ലാതെ അതിനുമുകളിലുള്ള ഒരു സ്ഥാനം എനിക്കുള്ളതായി ഞാൻ കാണുന്നില്ല. ജീവചരിത്രം എഴുതുന്നതിൽ എനിക്ക് വലിയ വിശ്വാസമില്ല. കാലത്തിൽ വ്യത്യസ്തമായി ചെയ്തിട്ടുള്ളവരുടെ ജീവിതം പറയുമ്പോൾ നമ്മൾ കാണുന്ന ലോകത്തെക്കൂടി വിവരിക്കുകയാണ് ഘോഷയാത്രയിൽ ഞാൻ ചെയ്തിട്ടുള്ളത്. സ്വന്തമായി ജീവചരിത്രം എഴുതാൻ ഞാനുദ്ദേശിക്കുന്നില്ല.”
“കേരളീയർ പുറമേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൂടാതെ പുരോഗമനചിന്തയുള്ളവരാണ്. കേരളത്തേയും ഇന്ത്യയേയും ലോകത്തേയും ഉൾക്കൊള്ളാൻ സാധിക്കുന്ന കൂട്ടരാണ്. എനിക്കിതിനെക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യാനറിയില്ല. സാമൂഹ്യശാസ്ത്രജ്ഞരിത് പഠിക്കേണ്ട വിഷയമാണ്. ഇതിന്റെ ഉത്തരം തേടേണ്ടത് സാമൂഹ്യശാസ്ത്രജ്ഞരാണ്” - റ്റി.ജെ.എസ് പറഞ്ഞു.
പത്രപ്രവർത്തകനാകാനായി ആഗ്രഹിച്ച് ആ രംഗത്ത് എത്തിയ ആളായിരുന്നില്ല റ്റി.ജെ.എസ്. വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടി അക്കാലത്ത് പല ചെറുപ്പക്കാരും ചെയ്യുന്നതുപോലെ ബോംബെയിലേക്ക് പോയി. പല ജോലിക്കും അപേക്ഷ അയച്ചു, ഒരു ദിവസം രണ്ടു ജോലിക്ക് ക്ഷണം വന്നു. ഒന്ന് എയർഫോഴ്‌സിലേക്കുള്ള സെലക്ഷൻ. രണ്ട് ഫ്രീ പ്രസ്സ് ജേർണലിൽനിന്നായിരുന്നു. ഫ്രീ പ്രസ്സ് ജേർണലിലെ ഇന്റര്‍വ്യൂവിന് പോയി. മദ്രാസുകാരനായിരുന്ന പത്രപ്രവർത്തന ലോകത്തെ ശ്രദ്ധേയനായ സദാനന്ദ് ആയിരുന്നു അതിന്റെ എഡിറ്റർ. ഒരു ചോദ്യമേ റ്റി.ജെ.എസ്സിനോട് അദ്ദേഹം ചോദിച്ചുള്ളു: താങ്കളെന്തിനാണ് ഇങ്ങനെ ഒപ്പിടുന്നത്. ഇത് വളരെ വലുതായിരിക്കുന്നുവല്ലോ? എന്നിട്ട് പറഞ്ഞു: “നാളെ മുതൽ വന്ന് ജോലിയിൽ പ്രവേശിച്ചോളു.” അങ്ങനെ റ്റി.ജെ.എസ് പത്രപ്രവർത്തകനായി. അപ്പോഴാണ് പത്രപ്രവർത്തന ജോലിക്ക് ചില സുഖമൊക്കെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അങ്ങനെ ആ രംഗത്തുതന്നെ തുടരുകയായിരുന്നു. പത്രപ്രവർത്തനരംഗത്ത് തുടരുവാനുള്ള റ്റി.ജെ.എസ്സിന്റെ ആ തീരുമാനം സമൂഹത്തിന് വലിയ ഗുണം ചെയ്തുവെന്ന് കാലം തെളിയിച്ചു. സമാനതകളില്ലാത്ത തരത്തിൽ പത്രപ്രവർത്തനലോകത്തിന് സംഭാവനകൾ ചെയ്തശേഷമാണ് അദ്ദേഹം വിടവാങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates