അംബേദ്കറെക്കുറിച്ച് കൂടുതൽ അറിയാൻ ഉള്ള പുസ്തകങ്ങൾ തപ്പിയപ്പോൾ കാക്കനാട് ഇ.എം.എസ്. ലൈബ്രറിയിൽനിന്ന് അവിചാരിതമായി കിട്ടിയ ഒരു പുസ്തകമാണ് ‘Outcaste - A Memoir.’ 2003-ൽ പെൻഗ്വിൻ ബുക്സ് - വൈക്കിംഗ് ഇറക്കിയ ഇന്ത്യൻ എഡിഷനാണ് വായിച്ചത്. നരേന്ദ്ര ജാദവ് ആണ് എഴുത്തുകാരൻ. അദ്ദേഹത്തിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വെബ്‌സൈറ്റ് കണ്ടു. 21 ഇംഗ്ലീഷ് പുസ്തകങ്ങൾ എഴുതിയതിൽ സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, വ്യവസായം എന്നിവയൊക്കെ ഉണ്ടെങ്കിലും സാമൂഹ്യശാസ്ത്രമാണ് കൂടുതൽ. അംബേദ്കറെപ്പറ്റിയാണ് ഏറെ പുസ്തകങ്ങൾ. അംബേദ്കറുടെ സമ്പൂർണ്ണകൃതികളുടെ എഡിറ്ററുമാണ്. നിരവധി പുസ്തകങ്ങൾ വേറെ - ഹിന്ദിയിൽ ഏഴ്, മറാത്തിയിൽ 13!
ഞാൻ പറയാൻ പോകുന്ന പുസ്തകത്തെ ആത്മകഥാപരമായ നോവൽ എന്നാണ് വെബ്‌സൈറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ആം ചാ ബാപ്പ്, ആൻ അംഹി’ എന്ന മറാത്തി ആത്മകഥ 1993-ൽ ഇറങ്ങിയിരിക്കുന്നു. 199 പതിപ്പുകൾ ഇതിനകം ഇറങ്ങിയ ആ പുസ്തകം മറാത്തിയിലെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലറായി തുടരുന്നു. 200-ാം പതിപ്പ് ഇക്കഴിഞ്ഞ അംബേദ്കർ ജയന്തിക്ക് ഇറങ്ങിയേ ഉള്ളൂ. ഫ്രെഞ്ചിലും കൊറിയൻ ഭാഷയിലും അത് ചൂടപ്പംപോലെ വിറ്റഴിയുന്നു. ഹിന്ദി, ഗുജറാത്തി, കന്നഡ, തമിഴ്, ഉർദ്ദു, കൊങ്കണി, പഞ്ചാബി തുടങ്ങി അനേക ഇന്ത്യൻ ഭാഷകളിൽ മൊഴിമാറ്റം ചെയ്ത ഈ പുസ്തകം ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഒരു കണ്ണാടിയാണ്.
ഡോ. നരേന്ദ്ര ജാദവ് രാജ്യസഭാംഗം എന്ന പദവി 2022-ൽ പൂർത്തിയാക്കി. ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ വിദ്യാഭ്യാസ വിചക്ഷണൻ, അക്കാദമിഷ്യൻ എന്നീ നിലകളിൽ കഴിവു തെളിയിച്ചയാളാണ്.
അമേരിക്കയിൽ പ്രശസ്ത രീതിയിൽ പഠനവും അദ്ധ്യാപനവും IMF-ൽ ഉപദേശക പദവി, RBI-യിൽ ഉന്നത ഉദ്യോഗം, സാവിത്രി ഫൂലേ സർവ്വകലാശാലയിൽ വി.സി., പ്ലാനിംഗ് കമ്മിഷൻ അംഗം - പിന്നെ നല്ല ഒരു എഴുത്തുകാരനും. നരേന്ദ്ര ജാദവിന്റെ പടർച്ചകൾ ഒക്കെയും ശീതളമായ തണലുകളായി അത്ഭുതകരമായ എടുപ്പുകളായി നമുക്കു തോന്നാം ഈ പുസ്തകം വായിച്ചാൽ.
ഡോ. നരേന്ദ്ര ജാദവ് രാജ്യസഭാംഗം എന്ന പദവി 2022-ൽ പൂർത്തിയാക്കി. ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ വിദ്യാഭ്യാസ വിചക്ഷണൻ, അക്കാദമിഷ്യൻ എന്നീ നിലകളിൽ കഴിവു തെളിയിച്ചയാളാണ്. ഇതൊക്കെ വായന കഴിഞ്ഞിട്ട് ഞാൻ നോക്കി മനസ്സിലാക്കിയതാണ്. മഹർ ജാതിക്കാരനായ ദാമു 1919-ൽ പന്ത്രണ്ടാമത്തെ വയസ്സിൽ ഓസാർ എന്ന ഗ്രാമത്തിൽനിന്ന് ബോംബെയിൽ വന്നു താമസിക്കുകയാണ്. അച്ഛൻ മരിച്ചപ്പോൾ അമ്മയേയും അനിയത്തിയേയും കൂട്ടി നാടുവിടുകയായിരുന്നു. ബോംബേ നഗരം അവരെ സ്പൃശ്യരാക്കി.
1921 - ഗാന്ധിജി ദേശീയ നേതാവായി തെളിയുന്നു. പത്രമിടുന്നവനും മറ്റുമായി ജോലി ചെയ്തതിനുശേഷം GIP റെയിൽവേയിൽ തല്‍ക്കാല പണികൾ ചെയ്തു. 1924-ൽ അവിടെ സ്ഥിരം ജോലിയായി. 1925-ലാണ് ആദ്യ ഇലക്ട്രിക് ട്രെയിൻ വരുന്നത്. നല്ല ആത്മാർത്ഥമായ പണിയും ചെയ്യുന്നതിൽ 101 ശതമാനം പൂർണ്ണതയും - അതായിരുന്നു ദാമുവിന്റെ അഭിമാനം. ബാബാ അംബേദ്കറുടെ ആശയങ്ങൾ പ്രചരിച്ചു തുടങ്ങിയിരിക്കുന്നു.
1930 മാർച്ച് ഒന്നിന് ഓസാർ ഗ്രാമത്തിൽ ദാമു മഹറിന് അനുഭവിക്കേണ്ടിവന്നത് മഹർ ജാതിക്കു മുഴുവൻ കിട്ടിയ അപമാനമാണ്. യെസ്‌കാർ ജോലി ചെയ്യണം അതു പാരമ്പര്യമാണ്. വലിയ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ വരുമ്പോൾമുന്‍പിലോടി കൊട്ടിയറിയിക്കണം, സന്ദേശം കൈമാറണം. ഒരു ശവശരീരത്തിനു കാവൽ നില്‍ക്കേണ്ടിവന്നത് 24 മണിക്കൂറിലധികം നേരം. വിശന്ന് ഒരല്പം പൊതിച്ചോറ് കഴിക്കാൻ
നോക്കിയപ്പോൾ പൊലീസുകാരൻ അത് തട്ടിത്തെറിപ്പിച്ചു. അങ്ങനെ ഓസാറിൽനിന്ന് അപമാനവും മുറിവുമായി ദാമുവും സോനുവും കാൽ നടയായി ബോംബെയ്ക്ക് പോകുമ്പോൾ നാസിക്കിൽ വലിയൊരു സമരം നടക്കുകയാണ്. അതിനു മുൻപ് തന്നെ ബാബാ സാഹേബ് അംബേദ്കർ ദാമുവിനു പരിചിതൻ! അദ്ദേഹം പറഞ്ഞത് ദാമുവിന്റെ ഉള്ളിൽ മുഴങ്ങി: “യാചിച്ചതുകൊണ്ട് അവകാശങ്ങൾ കിട്ടില്ല, കഠിനമായി സമരം ചെയ്യണം. ഓർക്കുക, സിംഹക്കുട്ടികളെയല്ല ബലി കഴിക്കാറ്, ആട്ടിൻകുട്ടികളെയാണ്.”
താവു മാസ്റ്ററാണ് അംബേദ്കറെ പരിചയപ്പെടുത്തിയത്. നരേ പാർക്കിലെ സമ്മേളനത്തിനു പോകാൻ വൈകിട്ട് ആറിന് പരേൽ സ്റ്റേഷന്റെ മുന്നിൽ മാസ്റ്ററെ കാത്ത് ദാമു നിന്നു!
1927 ഡിസംബറിൽ മഹറുകളും ഹിന്ദുക്കളാണ് എന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽവെച്ച് മനുസ്മൃതി ചിതയിൽവെച്ച് ചുട്ടെരിച്ചു - ദാമു മറ്റൊരു മനുഷ്യനായ സമയമായിരുന്നു അത്.
ഹിന്ദു മതവും മഹറുകളും
‘വിദ്യാഭ്യാസം ചെയ്യുക, ഒരുമിക്കുക, പ്രക്ഷോഭം നടത്തുക’ എന്ന മുദ്രാവാക്യം റാലിയിൽ പങ്കെടുത്ത് ഉറക്കെ വിളിച്ചുപറയാൻ ഹരം തോന്നി. 1927 മാർച്ച് 19-ന് മഹാഡിൽ പതിനായിരക്കണക്കിനു മഹറുകൾ തടിച്ചുകൂടി. അംബേദ്കർ പ്രസംഗിച്ചു. എന്തൊരു നേതാവ്! എന്തൊരു മനുഷ്യൻ! ചവ്ദാർ കുളത്തിലെ വെള്ളം മഹറുകൾക്കും അസ്പൃശ്യജാതികൾക്കും തൊടാം, എടുക്കാം, കുളിക്കാം. ഭീമമായ ജാഥ നയിച്ച് അംബേദ്കർ അങ്ങനെ വരികയാണ്. നിയമം ഉണ്ടെങ്കിലും ഒരൊറ്റ കീഴ്ജാതിക്കാരനും ഇതുവരെ ആ വെള്ളം തൊട്ടിട്ടില്ല. അതേ അവരുടെ ജീവിതംപോലെ അതു കെട്ടിക്കിടക്കുകയാണ്. കണ്ടാൽ വെള്ളം ഉണ്ട്, പക്ഷേ ദാഹം മാറ്റാൻ അവകാശമില്ല.
അപ്പോഴാണ് വലിയൊരു സംഭവം നടന്നത്. ബാബാ സാഹേബ് ചുറ്റുപാടും നോക്കി ധൈര്യമായി കുളത്തിലേക്ക് നടന്നു. കുനിഞ്ഞ് കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുടിച്ചു. എന്തിനാണത് എന്ന് ദാമുവിനും തടിച്ചുകൂടിയ മഹറുകൾക്കും മനസ്സിലായില്ല: പക്ഷേ, മനുഷ്യാവകാശ പ്രവർത്തനമായിരുന്നു അത്. മഹറുകളും മറ്റുള്ളവരെപ്പോലെ മനുഷ്യരാണ്. അവർ തൊട്ടാൽ വെള്ളം അശുദ്ധമാവുകയില്ല. ഉയർന്ന ജാതിക്കാർ ആക്രമിക്കാൻ വന്നപ്പോഴും അദ്ദേഹം അഹിംസ കൈവിട്ടില്ല. 1927 ഡിസംബറിൽ മഹറുകളും ഹിന്ദുക്കളാണ് എന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽവെച്ച് മനുസ്മൃതി ചിതയിൽവെച്ച് ചുട്ടെരിച്ചു - ദാമു മറ്റൊരു മനുഷ്യനായ സമയമായിരുന്നു അത്. അതുകൊണ്ടാണ് ജാതിപ്പണി ഉപേക്ഷിച്ച് ഭാര്യയേയുംകൊണ്ട് കാൽനടയായി ബോംബെയ്ക്ക് പുറപ്പെട്ട അയാൾ നാസിക്കിൽ അംബേദ്കറുടെ സമ്മേളനത്തിലെ വളണ്ടിയറായത്.
പിന്നീട് മതം മാറ്റൽ ചടങ്ങാരംഭിച്ചു. പാലിയിലും മറാത്തിയിലും മന്ത്രങ്ങൾ ചൊല്ലി: ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി....
വീണ്ടും വീണ്ടും ദാമുവും ഭാര്യ സോനുവും -തന്റെ അച്ഛനമ്മമാർ- അംബേദ്കറെ കണ്ടതും കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ ധൈര്യം, ദൃഢനിശ്ചയം കൈക്കൊണ്ടതും നരേന്ദ്ര ജാദവ് എഴുതിയിരിക്കുന്നു. മറ്റൊരു വൈദ്യുതോപമമായ അനുഭവവും ഇതിലുണ്ട്. ജാനു, ദിന എന്നീ രണ്ടു മക്കളേയും കൊണ്ട് ദാമു ബാബാ അംബേദ്കർ പങ്കെടുക്കുന്ന മഹറുകളുടെ ഒരു പ്രതിഷേധറാലിയിൽ പങ്കെടുക്കാൻ പോവുകയാണ്. ജാതിവിവേചനത്തിനെതിരെയുള്ള ഉശിരൻ മുദ്രാവാക്യങ്ങൾ വായുവിനെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. കുട്ടികൾക്ക് തിരക്കിൽപ്പെട്ട് ശ്വാസം മുട്ടുന്നുവെങ്കിലും അച്ഛൻ മനുഷ്യസമുദ്രത്തിലൂടെ അവരേയും കൊണ്ട് തുഴയുകയാണ്. ചെറിയവൻ ദിന അച്ഛന്റെ കൈപിടിച്ച് ‘വീട്ടിപ്പോകാം’ എന്നു കരയുന്നത് ദാമു ശ്രദ്ധിക്കുന്നില്ല.
പെട്ടെന്ന് നീല സൂട്ടും ടൈയും ധരിച്ച ഒരു മനുഷ്യനെ കണ്ടു. ആ മനുഷ്യനെ തിങ്ങിയിരമ്പുന്ന മനുഷ്യക്കടലിൽ വേർതിരിച്ച് തിർത്തുന്ന എന്തോ ഒന്നുണ്ട്. ആത്മവിശ്വാസം പ്രസരിക്കുന്നു- അതേ, അംബേദ്കർ പ്രസംഗിക്കാൻ തുടങ്ങുകയായി. പെരുമഴ പെയ്തു തീർന്നപോലെ പ്രസംഗം അവസാനിച്ചു. ദാമു രണ്ടു കുട്ടികളുടേയും തോളിൽ പിടിച്ച് പിന്നെയും മുന്നോട്ട് തിരക്കുകയാണ്. കുട്ടികൾക്കു പേടിയായി... പക്ഷേ, അംബേദ്കർ കുട്ടികളുടെ പുറത്ത് തടവി ചോദിച്ചു: “ദാമു, ഇതു നിന്റെ മക്കളാണോ? അവരെ സ്കൂളിലേക്കയക്കണം നല്ല വിദ്യാഭ്യാസം കൊടുക്കണം. അവർ പ്രശസ്തരാവും.”
ഇതും പറഞ്ഞ് ഷോഫർ ഓടിക്കുന്ന തന്റെ സ്റ്റുഡെബേക്കർ കാറിൽ കയറി അംബേദ്കർ പോയി. ഗ്രന്ഥകാരന്റെ ഏട്ടന്മാരുടെ കഥയാണത്. കുട്ടികൾക്കൊന്നും മനസ്സിലായില്ല. ആ കഥ നൂറായിരം തവണ കേട്ട നരേന്ദ്രനു മനസ്സിലായത്, അംബേദ്കറെപ്പോലെയാവാൻ നീലക്കോട്ടിടാൻ ബ്രീഫ്‌കേസ് കയ്യിൽ പിടിക്കാൻ ഡ്രൈവറോടിക്കുന്ന കാറിൽ സഞ്ചരിക്കാൻ സ്കൂളിൽ പോയി പഠിക്കണം എന്നുമാത്രമാണ്.
1956-ല്‍ സോനുവിനു ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാൻ അംബേദ്കർ നടത്തിയ ആഹ്വാനം ഉൾക്കൊള്ളാനായില്ല. അപ്പനപ്പൂപ്പന്മാർ ആരാധിച്ച, അവരെ രക്ഷിച്ച, ഇതുവരെ തങ്ങളെ രക്ഷിച്ച പഴയ ദൈവങ്ങളെ എങ്ങനെ കൈവെടിയാനാണ്?അവരോടൊപ്പം ബുദ്ധനേക്കൂടെ ആരാധിക്കാം; പക്ഷേ, അവരെ ഉപേക്ഷിക്കില്ല എന്നുറച്ചു! ദാമുവുമായി ഇക്കാര്യം പറഞ്ഞ് ശണ്ഠയായി.
1956 ഒക്ടോബർ 14-ന്, ദസറയുടെ അന്ന് നാഗ്പൂരിൽ നടത്തിയ വലിയ സമ്മേളനത്തിൽ വെച്ചാണ് അംബേദ്കർ മതം മാറുന്നത്. ഡാമുവുമ സോനുവും കുടുംബം മുഴുവനായി അങ്ങോട്ടു പോവുകയാണ്. ലക്ഷക്കണക്കിനാളുകൾ തടിച്ചുകൂടിയിരിക്കയാണ്. സാരനാഥിലെ സാഞ്ചി ക്ഷേത്രത്തിന്റെ മാതൃക സ്റ്റേജിൽ വെച്ചിട്ടുണ്ട്. സെക്രട്ടറിയും ആദ്യഭാര്യ മരിച്ച ശേഷം 1948-ൽ വിവാഹം ചെയ്ത രണ്ടാംഭാര്യയും ഒത്ത് അംബേദ്കർ വന്നു. ദീനം പിടിച്ച് ശോഷിച്ചിരുന്നു, പക്ഷേ, ഊർജ്ജസ്വലനായി അദ്ദേഹം തിളങ്ങി. ജയ് ഭീം വിളികളും ബാബാ സാഹേബ് കീജേയും അന്തരീക്ഷത്തിൽ അലയടിച്ചു.
പിന്നീട് മതം മാറ്റൽ ചടങ്ങാരംഭിച്ചു. പാലിയിലും മറാത്തിയിലും മന്ത്രങ്ങൾ ചൊല്ലി: ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി.... ബാബാ സാഹേബ് ബുദ്ധമാർഗ്ഗം സ്വീകരിച്ചു. പിന്നീട് തന്റെ അച്ഛനുമമ്മയ്ക്കും ഹിന്ദുധർമ്മമനുസരിച്ച് കർമ്മങ്ങൾ ഒന്നും ചെയ്യില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചശീലം പിന്തുടരും എന്നുറപ്പിച്ചു പറഞ്ഞു.
സോനുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. എല്ലാവരോടും തലയുയർത്തി അഭിമാനത്തോടെ നില്‍ക്കാനദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു ശരണമന്ത്രങ്ങളും പഞ്ചശീലങ്ങളും എല്ലാവർക്കും പകർന്നു. വികാരം കൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ ചിതറി കണ്ണുകൾ അരുവികളായി. ശബ്ദം കൊണ്ടല്ല ആത്മസത്തകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. പുനർജ്ജന്മം എളുപ്പമല്ല. പക്ഷേ, ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്ന ശിശു അമ്മയെ ഉപേക്ഷിക്കുംപോലെ അവർ ഹിന്ദുമതം ഉപേക്ഷിച്ചു!
മഹറുകൾ മാത്രമല്ല, ചമ്പാർ, ധോർ, മാംങ് തുടങ്ങിയ അസ്പൃശ്യർ ദാമുവിന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അവർക്കിടയിൽത്തന്നെ മേൽ, കീഴ് ഭാഗവും അധികാര ശ്രേണിയും അയിത്തവും ഉണ്ടായിരുന്നു.
എന്തിനായിരുന്നു അത്? ഹിന്ദുമതം മഹറുകളെ എന്നും പുറത്തുനിർത്തി. മഹാരാഷ്ട്രയിൽ മഹറുകൾ അധ:കൃത വർഗ്ഗക്കാരാണ്. ഗ്രാമത്തിനു പുറത്താണ് താമസം. ഗ്രാമ കവാടത്തിൽ കാവൽനിൽക്കുക, വിറക് ശേഖരിക്കുക, കന്നുകാലികൾ ചാവുമ്പോൾ ശവം മറവ് ചെയ്യുക, തുകൽപ്പണി ഇവയാണ് മഹറുകൾ ചെയ്യേണ്ടിയിരുന്നത്. ജാതി വെളിവാക്കാൻ കഴുത്തിലോ കയ്യിലോ കറുത്ത ചരട് കെട്ടണം. പൊതുവഴിയേ സഞ്ചരിക്കുമ്പോൾ പിന്നില്‍ ഞാന്ന് കിടക്കുന്ന ചൂലും കഴുത്തിൽ തുപ്പാനുള്ള മൺകലവും ചരടിൽ കെട്ടിയിടണം. ജോലിക്കു കൂലി ചോദിക്കാൻ പാടില്ല, തന്നത് മേടിക്കുക. ഇനിയുമുണ്ട് ഒരു ദൈവത്തിനു നിരക്കാത്ത നിയമങ്ങൾ. ചില മനുഷ്യർക്ക് ഇത്തരം അപമാനങ്ങൾ അനുവദിക്കുന്ന ദൈവം ദൈവമല്ല, തുല്യതയുടെ മൂർത്തി വേണം ആരാധിക്കപ്പെടാൻ. അതാണ് ഹിന്ദുമതം അംബേദ്കർ ഉപേക്ഷിച്ചത്.
പുതു ബുദ്ധമതക്കാരായ മഹറുകൾക്കൊക്കെ ശക്തി കിട്ടി. സോനു യാത്രയിൽ മുഴുവൻ ബുദ്ധപ്രതിമ വിടാതെ കയ്യിൽ പിടിച്ചു വീട്ടിലെത്തിയപ്പോൾ സോനു ബുദ്ധപ്രതിമയെ ഭിത്തിയിൽ വിളക്കു വെയ്ക്കുന്ന കോണിൽ പ്രതിഷ്ഠിച്ചു. പഴയ ദൈവങ്ങളെ ഒളിപ്പിച്ചുവെച്ചു കിടക്കയുടെ അടിയിലൊരു അറയുണ്ടാക്കി ആരുമറിയാതെ തുന്നിച്ചേർത്തു. അവരെ വലിച്ചെറിയാൻ അവർക്ക് കഴിയില്ലായിരുന്നു.
ഇത്തരം സംഭവങ്ങളും പ്രതികരണങ്ങളും മനോഹരമായി വിവരിച്ച കാരണംകൊണ്ടാണ് ഊർജജപേടകം പോലെയോ വികാരവിചാരങ്ങളുടെ ഉചിത സമന്വയം പോലെയോ Outcaste വായിക്കാൻ കഴിയുന്നത്.
മഹറുകൾ മാത്രമല്ല, ചമ്പാർ, ധോർ, മാംങ് തുടങ്ങിയ അസ്പൃശ്യർ ദാമുവിന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അവർക്കിടയിൽത്തന്നെ മേൽ, കീഴ് ഭാഗവും അധികാര ശ്രേണിയും അയിത്തവും ഉണ്ടായിരുന്നു. മഹറുകൾക്ക് ഒരു മൃഗം ചാവുന്നത് വലിയ ആഘോഷമായിരുന്നു എല്ലാവരും; കുഞ്ഞ് കുട്ടികളും വൃദ്ധരും അടക്കം കയ്യില്‍ കിട്ടുന്ന ആയുധങ്ങളും പാത്രങ്ങളുമായി ഓടും; പറ്റുന്നത്ര ഇറച്ചി സമ്പാദിക്കും. മനുഷ്യരും കഴുകരും നായ്ക്കളും ഒക്കെ പങ്കെടുത്ത യുദ്ധത്തിൽ വിജയിച്ച് വീട്ടിൽ എത്തുന്നവർക്ക് വായിൽ വെള്ളമൂറുന്ന ഒരു വിഭവം കിട്ടും പെട്ടെന്ന് കേടുവരാത്ത മാംസം. ഉണക്കിയോ വരട്ടിയോ സൂക്ഷിക്കും. ദാമു വർണ്ണിച്ചുകൊടുത്ത രുചി നരേന്ദ്രന്റെ തൂലികയിലൂടെ വായനക്കാർ ഈ പുസ്തകത്തിൽ ആസ്വദിക്കും.
ഇക്കാലത്ത് വായിക്കുമ്പോൾപോലും ഇതിനു പ്രസക്തിയുണ്ട്, കാരണം നമുക്ക് ജാതി ഉണ്ട്, ആ വിഷമൃഗം നിർബ്ബാധം നടക്കുന്നുണ്ട്. എന്റെ ഒരു ബന്ധു ഈയിടെ പറയുന്നത് കേട്ടു: “പ്രേമിച്ചത് നമ്പൂരിയെത്തന്നെയായത് ഭാഗ്യം! അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. സമ്മതിക്കയല്ലേ തരമുള്ളൂ” എന്ന്. കേരളത്തിൽ ഇങ്ങനെയെങ്കിൽ മറ്റിടങ്ങളിൽ എന്താവും എന്നു പറഞ്ഞിരുന്നതുപോലും പറയാൻ വയ്യ. നമ്പൂതിരി സ്ത്രീകൾക്കു മാത്രമായി ഒരു പ്രശ്നവും ഇനി കേരളത്തിൽ ഇല്ല എന്നു പറഞ്ഞ ദേവകി നിലയങ്ങോട് എന്തറിഞ്ഞു! വി.എം. ലീല എന്ന പേരിൽ പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച, കവിതകൾ, കുറിപ്പുകൾ ഒക്കെ ആ പേരിൽ മാത്രം എഴുതിയ എന്റെ കുഞ്ഞേടത്തി മരിച്ച ഉടനെ ചരമ പോസ്റ്ററിൽ ലീല അന്തർജ്ജനം ആയി മാറി. അത് ആരും പറഞ്ഞ് കൊടുത്തതല്ലത്രെ! കേട്ടെഴുതിയ ആൾ സ്വന്തം കയ്യിൽ നിന്നിട്ടതാണത്രെ!
കേരളത്തിൽ ഇങ്ങനെത്തന്നെയാണ് ജാതി - വാഹന റാലികളിലും പൊങ്കാലയിടുന്ന സ്ത്രീകളുടെ നീൾനിരയിലും യോഗക്ഷേമ ഉപഷാപ്പുകളിലും എൻ.എസ്.എസ്. യൂണിറ്റുകളിലും പള്ളികളിലും സപ്താഹങ്ങളിലും നാമജപഘോഷയാത്രയിലും അത് ചിരിച്ചു നൃത്തമാടുന്നു. ഈ പുസ്തകം വായിച്ചാൽ ആ നിര ഒരല്പം ചുരുങ്ങിയേക്കും. ഒരു ജാതി മാവോ പ്ലാവോ ഒന്നുമല്ല, പൂച്ചയോ നരിയോ അല്ല. അധികാരം മതില്‍ പണിത മനുഷ്യനിർമ്മിത ജയിലുകളാണ് എന്ന സത്യം വെളിപ്പെടുമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates