Articles

വ്യക്തിയും കുടുംബവും സമൂഹവും: കാതലിന്റെ ജീവിതപരിസരം

വ്യക്തിയും കുടുംബവും സമൂഹവും ചേർന്ന നമ്മുടെ വ്യവസ്ഥിതി നിർമ്മിച്ചെടുക്കുന്ന ജീവിത പരിസരത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന ഈ സിനിമ ചരിത്രപരമായ ദൗത്യത്തിനു കൂടി സാക്ഷിയാകുന്നുണ്ട്

പി.കെ. അബ്ദുൾ റഊഫ്

ക്വിയർ മനുഷ്യരോട് കേരളീയ പൊതുസമൂഹം ഏറെക്കാലമായി ചെയ്തു വരുന്ന ദ്രോഹത്തിന്റെ പ്രായശ്ചിത്തമാണ് ഒരർത്ഥത്തിൽ ‘കാതൽ ദി കോർ.’ മലയാള സിനിമയുടെ ഇതുവരെയുള്ളതും ഒരുപക്ഷേ, ഇനിയങ്ങോട്ടുള്ളതുമായ ചരിത്രവഴിയിലെ വെളിച്ചം. ഒട്ടേറെ ചർച്ച അർഹിക്കുന്നുണ്ട് ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം.

വ്യക്തിയും കുടുംബവും സമൂഹവും ചേർന്ന നമ്മുടെ വ്യവസ്ഥിതി നിർമ്മിച്ചെടുക്കുന്ന ജീവിത പരിസരത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന ഈ സിനിമ ചരിത്രപരമായ ദൗത്യത്തിനു കൂടി സാക്ഷിയാകുന്നുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികാഭിരുചി സമൂഹത്തിന്റെ പൊതു നിർമ്മിതിയുമായി ചേർന്നു പോകേണ്ടതുണ്ടെന്ന തീർപ്പുകൾ വ്യവസ്ഥിതി അടിച്ചേൽപ്പിക്കുമ്പോൾ സമൂഹത്തിനുവേണ്ടി തന്റെ സ്വത്വം ഒളിച്ചുവെച്ച് ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥ എത്രമാത്രം ഭീകരമായിരിക്കും. ഇത്തരത്തിൽ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ഗുഡ് ബുക്കിൽ ഇടംപിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടുപോകുന്ന മനുഷ്യജീവനുകൾ എണ്ണമറ്റതാണ്. നിർഭാഗ്യവശാൽ അതവരുടെ പങ്കാളികളുടെ ജീവിതത്തെക്കൂടി ബാധിക്കുന്നു.

നമ്മുടെ കുടുംബസംവിധാനത്തിന്റെ അടിത്തറ തന്നെ ഭിന്നലൈംഗികത (Hetero Sexual) ആയിരിക്കണമെന്ന വിശ്വാസധാരയുടെ ഭാഗമായി മുന്നോട്ടുപോകുന്ന സമൂഹത്തിനകത്ത് സ്വര്‍ഗ്ഗാനുരാഗികള്‍ അനുഭവിക്കേണ്ടി വരുന്ന ജീവിതം നരകതുല്യമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ജീവിതത്തിന്റെ ഏറിയ പങ്കും മുഖംമൂടിയിട്ട് ജീവിക്കേണ്ടിവരുന്ന ഈ മനുഷ്യരുടെ ജീവിതത്തെ സഹാനുഭൂതിയോടെ മാത്രം വരച്ചുകാട്ടിയ ഈ ചിത്രം കാലത്തിന്റെ ചുവരെഴുത്ത് കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

‘ചാന്ത്‌പൊട്ട്’ പോലുള്ള വികല വാർപ്പുമാതൃകകളെ നിരവധി വർഷങ്ങൾ കൊണ്ടെങ്കിലും മറികടക്കാൻ മലയാള സിനിമയെ പ്രാപ്തമാക്കിയ സംവിധായകനേയും തിരക്കഥ ഒരുക്കിയ ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

മമ്മൂട്ടി എന്ന നടനും താരവും മലയാളത്തിന്റെ സ്വകാര്യ അഭിമാനമാണ്. നാനൂറിലേറെ സിനിമകളും നിരവധി പുരസ്കാരങ്ങളും നേടി നാലു പതിറ്റാണ്ടിലേറെയായി വെള്ളിവെളിച്ചത്തില്‍ നിൽക്കുന്ന താരശരീരം. അഭ്രപാളിയിൽ പൗരുഷത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ടയാൾ. ഇത്തരത്തിൽ ആണധികാരത്തിന്റെ അപ്രതിരോധ്യ ഭാവങ്ങൾകൊണ്ട് ഘോഷയാത്ര നടത്തിയ നടനാണ് കാതലിലെ മാത്യു എന്ന കഥാപാത്രമെന്നതാണ് ശ്രദ്ധേയം. കാലങ്ങളായി നിശ്ശബ്ദ വേദനയിൽ കഴിയുന്ന ഒരുവിഭാഗം മനുഷ്യരുടെ വികാരങ്ങളെ ഉൾകൊള്ളാനും അവരുടെ ജീവിതത്തോട് തന്നെക്കൊണ്ടാവും വിധം നീതിപുലർത്താനും ശ്രമിച്ചയാൾ എന്നുകൂടിയാകും ഭാവിചരിത്രം മമ്മൂട്ടിയെ വിലയിരുത്തുന്നത്.

മമ്മൂട്ടിയും ജ്യോതികയും അവതരിപ്പിച്ച മാത്യു, ഓമന ദമ്പതികളുടെ ജീവിതമാണ് ‘കാതൽ ദി കോർ’ പറയുന്നത്. അവരിലൂടെ ജിയോ ബേബി പറഞ്ഞത് ക്വിയർ സമൂഹത്തിലെ എണ്ണമറ്റ മനുഷ്യരുടെ അതിജീവന കഥയാണ്. പാളിപ്പോകാൻ ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒരു വിഷയത്തെ തീർത്തും മനുഷ്യപക്ഷത്ത് നിർത്തി ജനാധിപത്യപരമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് സംവിധായകൻ കയ്യടി നേടുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണു ശേഷം ജിയോ ബേബി വീണ്ടും മലയാളിയുടെ പൊതുബോധത്തിനു നേരെ എയ്ത അമ്പ് ലക്ഷ്യസ്ഥാനത്ത് കൊണ്ടുവെന്നു നിസ്സംശയം പറയാം.

മമ്മൂട്ടിയുടെ നിയന്ത്രിതമായ അഭിനയ ശൈലിയുടെ മികച്ച ഉദാഹരണങ്ങൾ പലയിടങ്ങളിലായി നമുക്കു കാണാനാകും. കോടതിയിൽ ഓമനയുടെ ബാഗും പിടിച്ചുള്ള നിൽപ്പും അമ്മയുടെ പഴയ ഫോട്ടോ നോക്കിയുള്ള ഇരിപ്പുമെല്ലാം ആ നടനത്തിന്റെ അനന്യതയാണ്. ക്ലൈമാക്സിൽ അപ്പനോടും ഭാര്യയോടുമൊത്തുള്ള സീൻ അതിന്റെ സത്യസന്ധതയുടെ ആഴംകൊണ്ട് നമ്മുടെ ഹൃദയത്തിലുണ്ടാക്കുന്ന ഭാരം ചെറുതല്ല.

എന്തുകൊണ്ട് ജ്യോതിക എന്ന ചോദ്യത്തിന് ജ്യോതികയാണ് സിനിമയുടെ കാതൽ എന്നു പറഞ്ഞാലും അധികമാകില്ല. അത്രയേറെ സൂക്ഷ്മതയോടെയാണ് ഓമനയെന്ന കഥാപാത്രം സിനിമയെ നയിച്ചത്. സമൂഹ മനസ്സാക്ഷിക്ക് മുന്‍പാകെ സിനിമ ഉയർത്തിയ ആശയത്തിനു ചുക്കാൻ പിടിച്ചതും ഓമന തന്നെ. സ്വാഭാവികതയുടെ ഇഴചേരൽകൊണ്ട് സിനിമയുടെ ഗ്രാഫ് ഉയർത്തിയ കഥാപാത്രമാണ് തങ്കൻ (സുധി കോഴിക്കോട്). സമൂഹത്തിന്റെ ക്രൂരവിനോദം കൂടുതൽ ഏറ്റുവാങ്ങേണ്ടിവരുന്ന ക്വിയർ മനുഷ്യരുടെ പ്രതിനിധി കൂടിയായിരുന്നു തങ്കൻ. അതിന്റെ വർഗ്ഗരാഷ്ട്രീയവും പറഞ്ഞുപോകുന്നുണ്ട് സിനിമ. മാത്യുവിന്റെ അപ്പൻ ദേവസിയായെത്തിയ ആർ.എസ്. പണിക്കർ, ചിന്നു ചാന്ദിനി, മുത്തുമണി, കലാഭവൻ ഹനീഫ്, അനഘ രവി, അലിസ്റ്റർ അലക്സ് എന്നിവരെല്ലാം വ്യക്തിത്വമുള്ള കഥാപാത്രങ്ങൾക്ക് ജീവനേകി.

ജിയോ ബേബി പറഞ്ഞുവെച്ച രാഷ്ട്രീയത്തോട് തീർത്തും സ്വാഭാവികമായി ചേർന്നു പോകുന്നതാണ് സിനിമയുടെ സാങ്കേതിക ഭാഷ. പശ്ചാത്തല സംഗീതവും ക്യാമറയും എഡിറ്റിംഗുമെല്ലാം മിനിലിസത്തിന്റെ സൗന്ദര്യം അനുഭവിപ്പിച്ചു. സിനിമയുടെ രചനാഗുണം എടുത്തു പറയാതെ പോകാൻ കഴിയില്ല. വിഷയത്തിന്റെ ആഴം അളന്നുകുറിച്ചുള്ള സംഭാഷണങ്ങൾ വളരെ മികച്ചതായിരുന്നു. മാത്യുവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും പുറത്തേക്ക് തെറിച്ചുവീണ ‘എന്റെ ദൈവമേ’ എന്ന വാക്കിന്റെ പ്രകമ്പനം ഒരു വിലാപത്തിനുമപ്പുറം ഒരുകൂട്ടം മനുഷ്യരുടെ ഉയിർത്തെഴുന്നേൽപ്പാക്കി മാറ്റുന്നു കാതല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT