തോമസ് ജോസഫ് 
Articles

ക്ഷുബ്ധസമുദ്രം താണ്ടിപ്പോയ ചിത്രശലഭങ്ങളുടെ കപ്പല്‍ 

സ്വപ്നസന്നിഭമായ മനസ്സായിരുന്നു തോമസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. സ്വപ്നങ്ങളെ ധൂര്‍ത്തടിച്ചാണ് തോമസിന്റെ കഥകളത്രയും എഴുതപ്പെട്ടിട്ടുള്ളതും. 

അയ്മനം ജോണ്‍

തോമസ് ജോസഫിനെ ആദ്യം കാണുമ്പോള്‍ ഞങ്ങളിരുവരും മുടി നരച്ചു തുടങ്ങിയ പ്രായത്തിലെത്തിയിരുന്നു എന്നാല്‍, പിന്നീടെന്നും തോമസിനെ ഞാന്‍ കണ്ടിട്ടുള്ളത് ഒരു ബാല്യകാല സുഹൃത്തിനെ കാണുന്നതുപോലെ തന്നെയായിരുന്നു താനും. തോമസിന്റെ നോട്ടത്തിലും ചിരിയിലും കെട്ടിപ്പിടുത്തത്തിലും പരിഭവം പറച്ചിലിലുമെല്ലാം അനുഭവപ്പെട്ടിരുന്ന ബാല്യസഹജമായ മനോനൈര്‍മ്മല്യം അത്രത്തോളമായിരുന്നു. 'അദ്ഭുതസമസ്യ' മുതല്‍ക്കുള്ള കഥകള്‍ വായിച്ചും കൂട്ടുകാര്‍ പറഞ്ഞു കേട്ടുമൊക്കെ തോമസ് ജോസഫ് എന്ന കഥാകാരനിലെ വ്യക്തിയെപ്പറ്റി ഞാന്‍ ഉള്ളില്‍ സ്വരൂപിച്ചിരുന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുക മാത്രമാണ് ആ ആദ്യകാഴ്ചയില്‍ സംഭവിച്ചിരുന്നതും. എന്തുതന്നെ പറഞ്ഞാലും അതില്‍ ലേശം അതിശയോക്തി കലര്‍ത്തിയിരുന്ന, ഭാവനാശാലിയായിരുന്ന കൊച്ചുബാവ പറഞ്ഞിരുന്നത് വഴിയാണ് തോമാച്ചനെപ്പറ്റിയുള്ള എന്റെ ആദ്യകാലധാരണകള്‍ മിക്കതും രൂപപ്പെട്ടിരുന്നതെങ്കില്‍ തന്നെയും. ബാവയെ അക്ഷരംപ്രതി വിശ്വസിച്ചിരുന്നെങ്കില്‍ എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് റോഡിലൂടെ പി.എഫ്. മാത്യൂസിനൊപ്പം നടന്നടുത്തു കൊണ്ടിരുന്ന തോമസിന്റെ കാലുകള്‍ നിലത്തു തൊടുന്നുണ്ടോ എന്നു ഞാനൊന്നു നോക്കിപ്പോയിരുന്നെങ്കിലും അതിലൊട്ടും അതിശയിക്കാനില്ലായിരുന്നു. മാര്‍ക്കേസ് കഥാപാത്രമായ എരന്ദിരയുടെ വല്യമ്മ യുലിസിസ്സിനെ ആദ്യം കണ്ടപ്പോള്‍ ചോദിച്ചതുപോലെ ''ചിറകുകളെവിടെപ്പോയി?'' എന്നെനിക്ക് തോമസിനോട് ചോദിക്കാനും കഴിയേണ്ടതായിരുന്നു.

കൊച്ചുബാവ അതൊക്കെപ്പറയുമ്പോള്‍ 'ആധുനികത' തലയ്ക്കു പിടിച്ചു കിറുങ്ങി നടന്നിരുന്ന ആത്മാക്കളായിരുന്നു ഞങ്ങളെല്ലാം. കണ്ണുകളിലൂടെയല്ല കഥകളിലൂടെയാണ് ഞങ്ങള്‍ ലോകത്തെ കണ്ടിരുന്നതെന്നുപോലും പറയാം. ബാവയേയും തോമസിനേയുമൊക്കെ കഥാനിരൂപകര്‍ പില്‍ക്കാലം ഉത്തരാധുനികരുടെ ഗണത്തില്‍പ്പെടുത്തിയിരുന്നുവെങ്കിലും അവരുടെ കഥാഭാവനയുടെ ജനിതകം ആധുനികതയുടേത് തന്നെയായിരുന്നു. തോമസിനൊപ്പം ജോര്‍ജ് ജോസഫ് കെ.യും ജോസഫ് മരിയനും പി.എഫ്. മാത്യൂസും സോക്രട്ടീസ് വാലത്തും മധുപാലും തങ്കച്ചനുമൊക്കെ ചേര്‍ന്ന കൊച്ചിയിലെ എഴുത്തുകൂട്ടായ്മ ആധുനികതയുടേയും അതിനൊപ്പം വേരോടിയ ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിന്റേയുമൊക്കെ അക്കാലത്തെ പേരുകേട്ട വാഴ്ത്തുപാട്ടു സംഘങ്ങളില്‍ ഒന്നായിരുന്നു താനും. മറ്റെല്ലാവരുടേയും കാര്യത്തില്‍നിന്നു വ്യത്യസ്തമായി തോമസിന്റെ കാര്യത്തില്‍ ആധുനികതയുടെ ഭൂതാവേശം ജീവിത കാഴ്ചപ്പാടുകളിലേക്കും കൂടി വല്ലാതങ്ങ് പടര്‍ന്നുകയറിയിരുന്നുവെന്നു മാത്രം. മറ്റൊരു വിധം പറഞ്ഞാല്‍ തന്റെ സ്വകാര്യജീവിതത്തിന് അത്രയൊന്നും അന്യമായിരുന്നില്ല തോമസിന്റെ ഭാവനാജീവിതം. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് തോമസിന്റെ കഥനകല അതിന്റെ അനന്യത കൊണ്ട് 'മലയാള' ആധുനികതയ്‌ക്കൊക്കെ അതീതമായി നിലകൊള്ളുന്നതാണെങ്കിലും തോമസിലെ വായനക്കാരന്റെ കഥാഭാവുകത്വം ജീവിതാവസാനത്തോളം ഏറ്റവുമേറെ സ്‌നേഹത്തോടെ കണ്ടിരുന്നത് ആധുനികതയിലെ അവസാനകാല രചനകളും അതോടൊപ്പം വായിച്ച ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവുമൊക്കെയായിരുന്നു. ആധുനികതയുടെ കാലത്തെ കഥാവിഷ്‌കാരങ്ങളില്‍ പ്രബലമായിരുന്ന പ്രഹേളികാസ്വഭാവം തോമാച്ചന്റെ കഥകളില്‍നിന്നു മാത്രമല്ല കണ്ണുകളില്‍നിന്നു കൂടിയും വായിച്ചെടുക്കാന്‍ കഴിയുന്നതുമായിരുന്നു. ദുരൂഹസമസ്യകളുടെ ആവിഷ്‌കാരങ്ങളേയും ഭാഷയാല്‍ മുന്നോട്ട് നയിക്കപ്പെടുന്ന പ്രമേയകല്പനകളേയുമാണ് ഏതു കാലത്തെ വായനയിലും തോമസ് കൂടുതല്‍ മതിപ്പോടെ ആസ്വദിച്ചിരുന്നതും. ഇഷ്ടപുസ്തകങ്ങളുടെ കൂട്ടത്തില്‍ തോമാച്ചന്‍ ഏറ്റവുമധികം പരാമര്‍ശിച്ചു കേട്ടിട്ടുള്ളത് റൂള്‍ഫോയുടെ 'പെഡ്രോ പരാമ' ആയിരുന്നുവെങ്കില്‍ മലയാളകഥയില്‍ സക്കറിയ, ടി.ആര്‍., മേതില്‍, കെ.പി. നിര്‍മ്മല്‍കുമാര്‍, എന്‍.എസ്. മാധവന്‍, വി.പി. ശിവകുമാര്‍, വിക്ടര്‍ ലീനസ് എന്നിവരെയാണ് തോമസ്സിന്റെ കഥാമനസ്സ് ഏറെ സ്‌നേഹിച്ചുപോന്നിരുന്നത്. സക്കറിയയുടെ 'അ' എന്ന വേട്ടക്കാരന്റെ നിഴല്‍ തോമാച്ചന്റെ ആദ്യകാല കഥകളില്‍ നല്ല കറുപ്പോടെ തന്നെ തെളിഞ്ഞുകാണാനും കഴിയും. 'അശ്വാരൂഢനായ വരന്റെ വരവും പോക്കും' എന്ന സക്കറിയാക്കഥ തോമാച്ചന്റെ അതെ പേരിലുള്ള ബദല്‍ രചനയ്ക്ക് നിമിത്തമാകുക പോലുമുണ്ടായി. വൈയക്തിക തലത്തിലും അവര്‍ക്കിടയില്‍ നിലനിന്നിരുന്ന സൗഹൃദം തോമാച്ചന് ഒത്തിരിയേറെ ആത്മബലവും പ്രതിസന്ധികളില്‍ പല വഴിക്കുള്ള സമാശ്വാസവും പകര്‍ന്നിരുന്നതായും അറിയാം.

സ്വപ്നസന്നിഭമായ മനസ്സായിരുന്നു തോമസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. സ്വപ്നങ്ങളെ ധൂര്‍ത്തടിച്ചാണ് തോമസിന്റെ കഥകളത്രയും എഴുതപ്പെട്ടിട്ടുള്ളതും. വാക്കുകള്‍ ആ കഥകളില്‍ പട്ടുകുപ്പായങ്ങളണിഞ്ഞ കുഞ്ഞുകുഞ്ഞു മാലാഖാരൂപികളായി ഭാവനയുടെ പറക്കും പരവതാനികളിലേറി പരലോകസഞ്ചാരം നടത്തി. നദികള്‍ നിഴലിപ്പിക്കുന്ന പ്രപഞ്ചദൃശ്യങ്ങള്‍ പോലെ ഇഹലോക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അവയില്‍ അല്പമാത്രമായി നിഴലിച്ചു. ആദ്യകഥാസമാഹാരമായ 'അദ്ഭുതസമസ്യ'യിലെ ആദ്യകഥയില്‍ (ഒരു തീവണ്ടിയുടെ ഏകാന്തതയളക്കാന്‍ ആര്‍ക്ക് കഴിയും) ''വീടുകളില്‍ ആളുകള്‍ സ്വപ്നംകണ്ടും പട്ടിണികിടന്നും കലഹിച്ചും കഴിഞ്ഞു കൂടുന്നു'' എന്നാണ് തോമസ് എഴുതിയിട്ടുള്ളത്. ഭക്ഷണംപോലും സ്വപ്നം കഴിഞ്ഞിട്ടേ വരുന്നുള്ളൂ എന്നു സാരം. ''സിനിമാക്കഥകള്‍ പറഞ്ഞും പാട്ടുപാടിയും ഇവര്‍ നേരം പോക്കുന്നു'' എന്നു തുടര്‍ന്നെഴുതുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ ഈ കഥാവിഷ്‌കാരത്തില്‍ വെളിപ്പെട്ട മുന്‍ഗണനാക്രമമാണ് ഒരു പരിധിവരെ ജീവിതവ്യാപാരങ്ങളിലും തോമസ് സ്വീകരിച്ചു പോന്നിരുന്നതെന്നു പറയാം. ആദ്യം സ്വപ്നം പിന്നെ ഭക്ഷണം പിന്നെ കഥയും പാട്ടും എന്നിങ്ങനെയൊരു ക്രമം. അഥവാ ക്രമരാഹിത്യം. അതു കൊണ്ടുതന്നെ പകല്‍ കാണുമ്പോഴും തോമാച്ചന്‍ ഒരു നിദ്രാടകനെപ്പോലെ കാണപ്പെട്ടുപോന്നു. തിരക്കുള്ള ഒരാളായി തോമസിനെ ഒരിക്കല്‍പ്പോലും എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. നടത്തവും എല്ലായ്പ്പോഴും അതീവസാവധാനമായിരുന്നു. ഒരുകാലത്ത് ഒട്ടു മിക്കപ്പോഴും ജോര്‍ജ് ജോസഫിന് ഒപ്പം കണ്ടിരുന്നപ്പോള്‍ സുഹൃത്തായി മാത്രമല്ല, തോമസിനെ വഴി നടത്തിക്കൊണ്ടു പോകുന്ന ഒരാള്‍ കൂടിയായിട്ടാണ് ജോര്‍ജിനെ എനിക്കു കാണാന്‍ കഴിഞ്ഞിരുന്നത്. തുണയ്ക്കാരുമില്ലെങ്കില്‍ തോമസ് ഒരു അശരണനെപ്പോലെ ഉഴറുന്നതും കാണാമായിരുന്നു. വീട് വിട്ടു പോന്ന് സൗഹൃദക്കൂട്ടായ്മകളിലേക്ക് എത്തിയിരുന്നപ്പോഴെല്ലാം കാത്തുനില്‍ക്കാമെന്നു പറഞ്ഞിരുന്ന കൂട്ടുകാരന്‍ വാക്കുപാലിക്കുമോ എന്നു യാത്രയിലുടനീളം തോമസ് വേവലാതിപ്പെട്ടു. കൂട്ടുകാരുടെ വലയത്തിലായാല്‍പ്പിന്നെ പെട്ടെന്ന് ഉത്സാഹിയാകുകയും ഒട്ടും സമയം കളയാതെ കഥപറച്ചിലിലേക്കും പാട്ടുപാടലിലേക്കുമൊക്കെ കടക്കുകയും ചെയ്തിരുന്നു. ഭാഷ മാത്രമല്ല ജീവിതവും തോമസിന് ഒരു ലഹരിപദാര്‍ത്ഥം പോലെയായിരുന്നു. രാത്രി വീഴുമ്പോള്‍ വിട്ടു പോന്ന വീടിനെച്ചൊല്ലി തെല്ലൊന്ന് വേവലാതിപ്പെടും. വീടുമായുള്ള ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് അതിനുള്ളിലെ സ്‌നേഹപാശങ്ങളുടെ ദാര്‍ഢ്യമറിയാന്‍ ആര്‍ക്കും കഴിയുമായിരുന്നു. പരസ്പരം പോറ്റിപ്പുലര്‍ത്തിയിരുന്ന ഒരു കുടുംബജീവിതവുമായിരുന്നു ജീവിതപങ്കാളി റോസിലിയും മകള്‍ ദീപ്തിയും മകന്‍ ജെസ്സെയും അടങ്ങിയിരുന്ന ആ വീട്ടിലേത്. 

തോമസ് ജോസഫ് എഴുതിയ കഥകളെല്ലാം തന്നെ സ്വന്തം മാനസിക ജീവിതത്തിന്റെ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കാന്‍ പോന്നതായിരുന്നു. ആ കഥകള്‍ക്കു തമ്മില്‍ പല തരത്തിലുള്ള ഇഴയടുപ്പങ്ങളുമുണ്ട്. ഭാഷയുടെ താളക്രമത്തിലും കല്പനകളുടെ ഭ്രമാത്മകതയിലും ആ ഏകീഭാവം സ്പഷ്ടവുമാണ്. അതെല്ലാം ഒറ്റയ്‌ക്കൊറ്റയ്ക്കല്ലാതെ പുസ്തകരൂപത്തിലുള്ള കഥകളുടെ ഒന്നിനു പുറകെ മറ്റൊന്നായുള്ള വായനയില്‍ ആവര്‍ത്തനസ്വഭാവം ആരോപിക്കപ്പെടാന്‍ കാരണവുമായിട്ടുണ്ട്. സൂക്ഷ്മവായനകള്‍ കൊണ്ടുമാത്രം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വ്യത്യസ്തതകളാണ് ആ കഥകളിലുള്ളതെന്നത് വസ്തുതയുമാണ്. ഒത്തുകൂടിയിരുന്നപ്പോഴെല്ലാം ആ വാത്മീകത്തില്‍നിന്ന് ഇടയ്‌ക്കെങ്കിലുമൊന്നു പുറത്തുവരാന്‍ സുഹൃത്തുക്കള്‍ ഓരോരുത്തരും തോമസിനെ മാറി മാറി ഉപദേശിച്ചു പോന്നിരുന്നു. ജോസഫ് മരിയനും ജോര്‍ജ് ജോസഫുമൊക്കെ ഒടുവിലൊടുവില്‍ ഉപദേശം വിട്ട് ശാസനകള്‍ക്ക് കടന്നിരുന്നതുമാണ് (അതിനൊപ്പം തന്നെ 'വല്ല ലാറ്റിനമേരിക്കയിലോ മറ്റോ ജനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരായിരുന്നേനെ തോമാച്ചന്‍' എന്നു പറഞ്ഞു ഞങ്ങളെല്ലാം പരിഹാസരൂപേണ പ്രശംസിക്കാറുമുണ്ടായിരുന്നത് വേറെ കാര്യം). ഒരിക്കല്‍ മറിയമ്മ എന്ന അപരനാമത്തില്‍ കഥകള്‍ എഴുതിയിരുന്ന ജോര്‍ജ് വറുഗീസ് തനിയെ താമസിച്ചിരുന്ന എരുമേലിയിലെ വീട്ടില്‍ വച്ചുണ്ടായ ഒരൊത്തുകൂടലില്‍ അതൊക്കെ വീണ്ടും ദീര്‍ഘമായ ചര്‍ച്ചയ്ക്ക് വിഷയമായപ്പോള്‍ ഒരു ചിരിചിരിച്ച് ഉറ്റ ചങ്ങാതിമാരുടെ തോളത്തു തട്ടിയിട്ട് 'ഞാന്‍ എന്റെ ഉള്ളിലേക്ക് നോക്കിയാണ് എഴുതുന്നത്. നിങ്ങളെയൊക്കെപ്പോലെ പുറത്തേയ്ക്ക് നോക്കി എഴുതാന്‍ എനിക്കറിയില്ല'' എന്നു പറഞ്ഞ് തോമസ് പ്രതിരോധം തീര്‍ത്തു. അതെ കുമ്പസാരം പൊതുവേദികളില്‍ നടത്തുന്നതും കേള്‍ക്കാനിടയായിട്ടുണ്ട്. ഒടുവില്‍ ഒരു വിട്ടുവീഴ്ച്ച നടത്തി ഏതാനും കഥകള്‍ കൂടുതല്‍ സുതാര്യതയോടെ എഴുതിയപ്പോള്‍ പോലും മേല്‍പ്പറഞ്ഞ 'പരിമിതി' ഏറ്റുപറയുവാനുള്ള സന്ദര്‍ഭം കൂടി കഥാഗാത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെ പറഞ്ഞപ്പോള്‍പ്പോലും ആ പരിമിതി സ്വമേധയാ തിരിച്ചറിഞ്ഞ ഒന്നായിട്ടായിരുന്നില്ല അന്യര്‍ തന്നില്‍ ആരോപിക്കുന്ന ഒന്നായിട്ടായിരുന്നു ആവിഷ്‌ക്കരിക്കപ്പെട്ടിരുന്നതും. കാരണം തോമാച്ചന് എന്തിലെങ്കിലും അപരിമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കില്‍ അതു സ്വന്തം ഭാവനാശേഷിയില്‍ മാത്രമായിരുന്നു. ഒരുപക്ഷേ, ആ അപൂര്‍വ്വ ശേഷി കൃത്യമായി തിരിച്ചറിഞ്ഞിരുന്നത് കൊണ്ടു കൂടിയാണ് മലയാളി വായനാലോകത്തിലെ മുഖ്യധാരാഭാവുകത്വത്തോട് കുറേക്കൂടി സമരസപ്പെട്ടു പോകുന്ന ചിലതൊക്കെക്കൂടി എഴുതാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചു പോന്നതും. പക്ഷേ, മാറ്റങ്ങള്‍ക്കു വിധേയമാകാന്‍ വിസമ്മതിക്കുന്നത്ര മൗലികമായിരുന്നു തോമസിന്റെ കഥാപ്രതിഭ.

തോമസ് ജോസഫ്, ജോർ‍ജ് വർ​ഗീസ്, ജോസഫ് മരിയൻ, ജോർജ് ജോസഫ് കെ

കഥയെഴുത്തില്‍ ഏര്‍പ്പെടാത്ത ദിവസങ്ങളില്‍ വെറുതെയിരിപ്പിന്റെ മടുപ്പിനെപ്പറ്റി ആവലാതിപ്പെടുമ്പോള്‍ കഥ വിട്ട് മറ്റെന്തെങ്കിലുമൊക്കെ ഇടയ്ക്കിടെ എഴുതിക്കൂടെ എന്നു ചോദിച്ചാലും അതു തന്നെക്കൊണ്ടാവാത്ത കാര്യമാണെന്നേ തോമസ് പറഞ്ഞിരുന്നുള്ളൂ. തോമസിന്റെ എഴുത്തു മനസ്സില്‍ വാക്കുകള്‍ ഒരിക്കലും ഇഷ്ടാനുസരണം തെളിച്ചു നടത്താന്‍ പറ്റിയ കാലിക്കൂട്ടങ്ങളായിരുന്നില്ല. പറന്നുനടക്കുന്ന പക്ഷിശലഭാദികളോ തുള്ളിയോടി നടക്കുന്ന മാന്‍ കൂട്ടങ്ങളോ ആകാശസഞ്ചാരികളായ മാലാഖാരൂപികളോ ഒക്കെയായിരുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി കാണാനോ അഭിമുഖീകരിക്കാനോ പ്രതിപാദിക്കാനോ കഴിയാതെ പോയതും ആ മനോഘടനയുടെ സവിശേഷത കൊണ്ടാണെന്നേ പറയാന്‍ കഴിയൂ. തോമസിന്റെ കഥകളിലെ ദൈവംപോലും ദുര്‍ബലമനസ്‌കനും നിസ്സഹായനും സ്‌നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ഒരുവനുമായിരുന്നു.

തന്റെ സ്വപ്നശോഭയുള്ള ഏകാന്തമനസ്സിന്റെ സവിശേഷ വിശുദ്ധി കുടുംബാംഗങ്ങളെപ്പോലെ തന്നെ തിരിച്ചറിഞ്ഞിരുന്ന കുറെയേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതാണ് ഒരുപക്ഷേ, തോമസിന്റെ ജീവിതത്തിലെ ഭാഗ്യകരമെന്നു വിശേഷിപ്പിക്കാനാവുന്ന അനുഭവങ്ങളിലൊന്ന്. ബലഹീനതയുടെ സന്ദര്‍ഭങ്ങളില്‍ അവരൊക്കെയും തോമസിനു വലിയ താങ്ങും തണലും നല്‍കിയിരുന്നു. കൊച്ചി സുഹൃത്തുക്കള്‍ക്കൊപ്പം ഹസ്സന്‍ കോയയും അന്‍വര്‍ അലിയും എ.ജെ. തോമസും പോലെയുള്ള ഒരു കൂട്ടം സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന ഗാഢബന്ധങ്ങള്‍ ജീവിതത്തിനു നല്‍കിപ്പോന്നിരുന്ന ആഹ്ലാദാനുഭവങ്ങളെപ്പറ്റിയും ദുര്‍ഘടസന്ദര്‍ഭങ്ങളില്‍ അവരൊക്കെ നല്‍കിയ കൈത്താങ്ങുകളെപ്പറ്റിയുമൊക്കെ തോമസ് സ്‌നേഹസ്പര്‍ശത്തോടെ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. അതില്‍ത്തന്നെ ഹസ്സന്‍ കോയയുമായി ഉണ്ടായിരുന്നത് സാഹോദര്യത്തോടടുത്ത ഹൃദയബന്ധവുമായിരുന്നു. പത്രാധിപന്മാര്‍ക്കിടയിലും തന്റെ കഥകളോട് പ്രത്യേക കരുതല്‍ കാട്ടിയിരുന്ന എസ്. ജയചന്ദ്രന്‍ നായര്‍, മണര്‍കാട് മാത്യു, ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയ ചിലരെ തോമസ് കൃതജ്ഞതാപൂര്‍വ്വം സ്മരിച്ചുപോന്നു. സ്വദേശമായ ഏലൂരിനെ രാവണന്‍ കോട്ടയെന്നു വിശേഷിപ്പിക്കാറുണ്ടായിരുന്ന തോമസ് അവിടുത്തെ തെരുവുകളിലൂടെ നടത്തിയിട്ടുള്ള ഏകാന്തസഞ്ചാരങ്ങളുടെ പുരാവൃത്തങ്ങളും കഥ പറയുംപോലെ പറഞ്ഞുകേള്‍പ്പിച്ചിട്ടുണ്ട്. ആ വര്‍ണ്ണനകളെല്ലാം ഒപ്പം നടന്നതു പോലൊരു പ്രതീതി മനസ്സിലുണര്‍ത്താന്‍ പര്യാപ്തവുമായിരുന്നു. എങ്ങും പോകാനില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം വീടിനടുത്തുള്ള വഴിവക്കിലെ കലുങ്കില്‍ പോയി ഇരിക്കാറുണ്ടായിരുന്ന നേരത്ത് അവിടെ നിന്നായിരുന്നു പലപ്പോഴും തോമസിന്റെ ഫോണ്‍വിളി എത്തിക്കൊണ്ടിരുന്നത്. പറഞ്ഞു നിര്‍ത്തുമ്പോള്‍ 'എന്നാണിനി കാണുന്നത്?' എന്നൊരു ചോദ്യവും പതിവുള്ളതായിരുന്നു. കൊച്ചു കുട്ടികളെപ്പോലെ കൂട്ട് കൂടാനുള്ള കൊതി തോമസിലെ സുഹൃത്തിനെ ഒത്തുകൂടാന്‍ സദാ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒത്തുകൂടുമ്പോഴും ബൗദ്ധികവ്യായാമങ്ങളിലൊന്നും ഏര്‍പ്പെടാതെ കഥ പറഞ്ഞും പാട്ടുപാടിയുമൊക്കെ രസിക്കാനുള്ള ബാല്യകാല കൗതുകങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നതും. വീടകങ്ങള്‍ വിട്ട് കെട്ടുപാടുകളില്ലാത്ത ഇടങ്ങളിലായിരുന്നു രാത്രി പാര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതും. 

ഭദ്രമായ ഒരു ഭൗതിക ജീവിതമായിരുന്നില്ല തോമസിന്റേത്. എഴുതിയിടത്തോളം കൃതികള്‍ അങ്ങനെയൊരു ജീവിതം ജീവിച്ചുകൊണ്ട് എഴുതാന്‍ കഴിയുന്ന തരത്തിലുള്ളതുമായിരുന്നില്ല. അസമാധാനങ്ങളുടെ കോളിളക്കങ്ങളുള്ള ജീവിതാവസ്ഥകളാല്‍ വ്യഥിതമായ ഒരു മനസ്സില്‍നിന്നുള്ള പരസ്പരപൂരകങ്ങളായ ആവിഷ്‌കാരങ്ങളായേ അവയ്ക്ക് ഉയിരെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. 

സ്വന്തനാട്ടിലെ സാമൂഹ്യജീവിതത്തേയും ലോകജീവിതത്തേയും സംബന്ധിച്ച തോമസിന്റെ മനസ്സിലെ ചിന്താലോകം പുറത്താര്‍ക്കും കാണാനാകാത്ത വിധം ഭാവനാലോകത്തെ വന്യത അതിനെ മൂടിക്കിടന്നു. അത്തരം കാര്യങ്ങള്‍ സംസാരവിഷയമാക്കാനും തോമസ് വിമുഖത കാട്ടിയിരുന്നു. എഴുതാനായി നോവലിന്റെ വലിയ കാന്‍വാസ് സ്വീകരിച്ചപ്പോഴും പൊതുബോധ പ്രകാരം ഇഹലോകസംബന്ധിയെന്ന് പറയാന്‍ കഴിയുന്ന പ്രമേയകല്പനകളൊന്നുമായിരുന്നില്ല അതിനു വിഷയീഭവിച്ചത്. തന്മൂലം ഒടുവിലെഴുതിയ നോവലിന് ഇണങ്ങുന്ന ഒരു പേര് കണ്ടെത്താന്‍ തന്നെ തോമസ് വളരെ നാളുകള്‍ പണിപ്പെട്ടിരുന്നു. ഒരു പേര് ഉരുത്തിരിഞ്ഞു വരാന്‍ പ്രയാസമാകും വിധം ക്ലിഷ്ടമായിരുന്നു അത്യന്തം ഭാവനാത്മകമായ ആ നോവലിന്റെ കേന്ദ്രപ്രമേയമെന്നും പറയാം. അതിന്റെ ആദ്യവായനയുടെ കേള്‍വിക്കാരായിരുന്ന ഞങ്ങള്‍ കുറച്ചു പേര്‍ക്ക് ഒരു മാറ്റംപോലും നിര്‍ദ്ദേശിക്കാനാകാതെ പോയതുതന്നെ മറ്റൊരാളുടെ ഭാവനയുടെ സ്പര്‍ശിനികള്‍ക്കു തൊട്ടറിയാന്‍ കഴിയാത്ത ഒരു ഭാവനാപ്രപഞ്ചത്തില്‍ അതു നില കൊണ്ടിരുന്നത് കൊണ്ടുമാണ്. എന്നിട്ട് തന്നെ തോമസിന് അത് നീണ്ടകാലത്തോളം തിരുത്തിയെഴുതിക്കൊണ്ടിരിക്കാന്‍ കഴിയുകയും ചെയ്തു.

തോമസിന്റെ എഴുത്തും കലയും ജീവിതവും എന്നില്‍ വാന്‍ഗോഗിന്റെ കലയുടേയും ജീവിതത്തിന്റേയും ഓര്‍മ്മകള്‍ ഉണര്‍ത്തിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ആ കഥാഭാഷയില്‍ വാന്‍ഗോഗ് ചിത്രങ്ങളുടെ സ്വപ്നസമാനമായ ഭാവനാത്മകതയും മനോഹാരിതയും അനുഭവപ്പെട്ടിരുന്നത് കൊണ്ടുമാത്രമല്ലത്. തോമസ് നയിച്ചുപോന്ന ജീവിതത്തിനും വാന്‍ഗോഗിന്റെ ജീവിതവുമായി ഏതൊക്കെയോ സാദൃശ്യങ്ങള്‍ തോന്നിപ്പോന്നിരുന്നത് കൊണ്ടു കൂടിയാണ്. എന്നാല്‍, ആ പരസ്പര്യത്തെ ഞാന്‍ മുന്നോട്ടോര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നത് ജീവിതകാലത്ത് അര്‍ഹിച്ചിരുന്നത്ര വിലമതിക്കപ്പെടാതെ പോയ തോമസിന്റെ സര്‍ഗ്ഗസംഭാവനകള്‍ വാന്‍ഗോഗ് ചിത്രങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ജീവിതാനന്തരകാലത്ത് കൂടുതല്‍ സൂക്ഷ്മമായി വായിക്കപ്പെടുകയും കൂടുതല്‍ വില മതിക്കപ്പെടുകയും ചെയ്യാതിരിക്കില്ല എന്നൊരു പ്രത്യാശ കൂടി ഒപ്പം സൂക്ഷിച്ചുകൊണ്ടാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT