കാഫ്കയുടെ പ്രസിദ്ധമായ മെറ്റമോര്‍ഫസിസ് എന്ന നോവലിനെ അനുസ്മരിപ്പിക്കും വിധമാണ് വിദ്യാര്‍ത്ഥികളായ അലനും താഹയും തീവ്രവാദികളായത്. രാജ്യത്തെ ഏറ്റവും നിഷ്ഠുരമായ നിയമമായ യു.എ.പി.എയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത്. നാടും വീടും ഒപ്പം നിന്നിട്ടും ജയിലിലടക്കപ്പെട്ടു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗങ്ങളാണെന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റിവരെ യു.എ.പി.എ ചുമത്തുന്നതിനോട് വിയോജിച്ചെങ്കിലും പൊലീസ് ഇവര്‍ മാവോയിസ്റ്റുകളാണെന്ന വാദത്തില്‍ ഉറച്ചുനിന്നു. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി ഈ പൊലീസ് ഭാഷ്യത്തെ ന്യായീകരിച്ചു. ഇതോടെ പാര്‍ട്ടി അഭിപ്രായം പൊലീസ് നിലപാടുകളെ സാധൂകരിക്കലായി. ഇതിനിടയില്‍ കേസ് എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ഏറ്റെടുത്തു.
ഞങ്ങള്‍ അവരുടെ യു.എ.പി.എ പരിശോധിക്കുന്ന സമയത്ത് ഒഴിവാക്കാനിരുന്നതാണ് എന്ന ചില അവകാശവാദങ്ങള്‍ സി.പി.എം സെക്രട്ടേറിയറ്റ് ഉയര്‍ത്തി. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ചു. കൊലക്കേസില്‍ യു.എ.പി.എ ചുമത്തിയ കേസിലെ പ്രതിയായ പി. ജയരാജന്‍ ഇവരുടെ യു.എ.പി.എയ്ക്കുവേണ്ടി ഘോരഘോരം വാദിച്ചുവെന്നതാണ് രസകരം.
ഒരു പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തുന്ന എഫ്.ഐ.ആറില്‍ ഏതു വകുപ്പുകള്‍ ചുമത്തണം എന്നു നിശ്ചയക്കിലല്ല സര്‍ക്കാരിന്റെ നടപടി എന്ന് എം.വി. ഗോവിന്ദന്‍ പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ അധികാരം നിലനില്‍ക്കുന്ന ഇടങ്ങളില്‍ യു.എ.പി.എയെ എതിര്‍ത്തു സംസാരിക്കാറുണ്ടെങ്കിലും രാജ്യത്ത് സി.പി.എം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ മോദി-ഷാ സ്‌പെഷ്യല്‍ പദ്ധതികളായ യു.എ.പി.എയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും നടന്നു. എന്‍.ഐ.എ കേസുകള്‍ സര്‍വ്വസാധാരണമായി. യു.എ.പി.എ ദുരുപയോഗം ചെയ്യുന്നു എന്ന വാദഗതികളുമായി ഒരു വിഭാഗവും എന്‍.ഐ.എ ഏറ്റെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മറ്റൊരു വിഭാഗവും തമ്മില്‍ സി.പി.എമ്മിനകത്തും പുറത്തും വമ്പിച്ച ചര്‍ച്ചയാണ്. എന്താണ് യു.എ.പി.എയും എന്‍.ഐ.എ ആക്ടും എന്‍.ഐ.എയും തമ്മിലുള്ള ബന്ധം എന്ന തിരിച്ചറിവില്ലായ്മയില്‍നിന്നാണ് ഇവരുടെ വഷളന്‍ അഭിപ്രായങ്ങള്‍ എന്നു പറയാതെ തരമില്ല. സി.പി.എമ്മിന്റെ അവസരവാദവും സോഷ്യല്‍ ഡെമോക്രസിക്കു ചേര്‍ന്ന ഒരു മിശ്രിതമായ ചിന്താമണ്ഡലത്തില്‍നിന്നാണ് ഈ വ്യക്തതയില്ലായ്മയുടെ അടിത്തറ. യു.എ.പി.എയും എന്‍.ഐ.എയും കൊണ്ടുവന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇതിനെതിരെ നിലപാടെടുക്കുകയും എം.കെ. മുനീര്‍ എന്‍.ഐ.എ നിയമത്തിന്റെ സെക്ഷന്‍ 7(ബി) ഉപയോഗിച്ച് ഈ കേസ് കേന്ദ്ര ഏജന്‍സിയില്‍നിന്നും തിരിച്ചുവാങ്ങി സംസ്ഥാന പൊലീസിനു നല്‍കണമെന്ന് പറയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഈ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
റൗലറ്റ് നിയമത്തിന്റെ പരിഷ്‌കൃത പതിപ്പ്
ക്രിമിനല്‍ നീത്യന്യായവ്യവസ്ഥയുടെ ഒരു ഹ്രസ്വപരിശോധനയിലൂടെ എന്‍.ഐ.എ ആക്ടിലെത്താം. ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ക്രിമിനല്‍ നടപടിചട്ടം (സി.ആര്‍.പി.സി) തെളിവുനിയമം (Evidence Act) എന്നീ മൂന്നു പ്രധാന നിയമങ്ങളാണ് ക്രിമിനല്‍ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനം. ഇതില്‍ ശിക്ഷാനിയമം കുറ്റങ്ങളേയും അതിനുള്ള ശിക്ഷകളേയും വ്യാഖ്യാനിക്കുമ്പോള്‍ ഒരു കുറ്റം രേഖപ്പെടുത്തുന്നതു മുതല്‍ അന്വേഷണവും കുറ്റപത്രവും വിചാരണയും വെറുതെ വിടലും ശിക്ഷയും ജാമ്യവും കോടതികളും ശിക്ഷയിളവുകളുമൊക്കെ ചേര്‍ന്ന മുഴുവന്‍ നടപടിക്രമങ്ങളുമാണ് സി.ആര്‍.പി.സിയില്‍ വരുക. അന്വേഷണത്തിന്റെ ഭാഗമായ തെളിവുകളുടെ വിശകലനമാണ് തെളിവുനിയമത്തിലുള്ളത്. ഇവയോരോന്നും സൂക്ഷ്മാംശത്തില്‍പോലും പ്രധാനപ്പെട്ടതാണ്. കുറ്റങ്ങള്‍ ശരിയായി വ്യാഖ്യാനിക്കപ്പെടാതിരിക്കുകയോ നടപടിക്രമം പാലിക്കാതിരിക്കുകയോ തെളിവുകള്‍ വിശകലനം ചെയ്യാതിരിക്കുകയോ ഒക്കെ ചെയ്താല്‍ കുറ്റം തെളിയിക്കപ്പെടാന്‍ സാധ്യതയില്ല.
കാലാകാലങ്ങളില്‍ സവിശേഷ നിയമങ്ങളിലൂടെ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ക്കു ഭേദഗതികളും പരിഷ്‌കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഈ വിധത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രധാന സവിശേഷ നിയമമായിരുന്നു അനാര്‍ക്വല്‍ ആന്റ് റവലൂഷണറി ക്രൈംസ് ആക്ട് എന്ന റൗലറ്റ് ആക്റ്റ്. ബ്രിട്ടീഷ് കോളനിഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഈ നിയമം കൊണ്ടുവന്നത്. പ്രക്ഷോഭകാരികളെ എളുപ്പത്തില്‍ ശിക്ഷിക്കാനും കഠിനമായ ശിക്ഷകള്‍ നല്‍കുന്നതിനുമായി നിലവിലുള്ള നടപടിക്രമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതും കമ്മിറ്റല്‍ ഇല്ലാതെ നേരിട്ട് കേസ് വിചാരണക്കോടതിയില്‍ വരുന്നതും അപ്പീല്‍ അവകാശം നിഷേധിക്കുന്നതും ക്രോസ് വിസ്താരത്തില്‍ ജഡ്ജിമാര്‍ക്ക് ഇടപെടാന്‍ അവസരമുണ്ടാക്കുന്നതും പൊലീസിനു മുന്നിലുള്ള കുറ്റസമ്മതമൊഴി തെളിവാകുന്നതും സാക്ഷികളുടെ സംരക്ഷണവുമടക്കം നടപ്പിലാക്കിക്കൊണ്ട് ലളിതവും ഉദാരവുമായ നടപടിക്രമത്തിനു പകരം അടിച്ചമര്‍ത്തലിനു സഹായകമായ, കര്‍ശനവും ശിക്ഷ ഉറപ്പാക്കുന്നതുമായ നടപടിക്രമത്തിലേക്കു മാറി. ജാലിയന്‍വാലബാഗടക്കമുള്ള ഇന്ത്യന്‍ ജനതയുടെ ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്ക് റൗലറ്റ് നിയമം പിന്‍വലിക്കേണ്ടിവന്നുവെങ്കിലും വേഷപ്രച്ഛന്നമായി ടി.എ.ഡി.എയും പി.ഒ.ടി.എയും പിന്നീട് യു.എ.പി.എയും പോലുള്ള റൗലറ്റ് നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പുകളിലൂടെ ഈ നടപടിക്രമം സംരക്ഷിച്ചുപോന്നു. എന്നാല്‍ എന്‍.ഐ.എ ഇതിലും കടുത്തതും നീചവുമായ ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്.
സാധാരണ സവിശേഷ നിയമങ്ങള്‍ ആ നിയമത്തില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കഠിനശിക്ഷ നേടിക്കൊടുക്കാന്‍ വേണ്ടിയുള്ളതാണ്. എന്നാല്‍ എന്‍.ഐ.എ ആക്ട് അതിന്റെ പരിധിയില്‍ നിശ്ചയിച്ചിരിക്കുന്ന ഒരു കൂട്ടം നിയമങ്ങളില്‍ മൊത്തമായി കഠിനശിക്ഷ ഉറപ്പാക്കാനായി പരിഷ്‌കരിച്ച നടപടിക്രമങ്ങളാണ്. മറ്റു സവിശേഷ അടിച്ചമര്‍ത്തല്‍ മര്‍ദ്ദകനിയമങ്ങളില്‍ സംസ്ഥാന പൊലീസ് അന്വേഷണം നടത്തുമ്പോള്‍ എന്‍.ഐ.എ ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ സംസ്ഥാന പൊലീസിനു അന്വേഷിക്കാന്‍ സാധാരണഗതിയില്‍ സാധിക്കുകയില്ല; പകരം കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള എന്‍.ഐ.എയാണ് അന്വേഷിക്കുക. സ്‌ഫോടകവസ്തുനിയമം, യു.എ.പി.എ, ഐ.പി.സി 121130, ആയുധനിയമത്തിന്റെ 5-ാമദ്ധ്യായം ഐ.ടി. ആക്ടിന്റെ 66 എഫ് ഇങ്ങനെ രാഷ്ട്രീയമായ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഏതൊരു കുറ്റവും എന്‍.ഐ.എ ആക്ടിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. ഇതിന്റെയൊക്കെ അന്വേഷണം നടത്തുന്നത് സാധാരണ ഗതിയില്‍ എന്‍.ഐ.എ ആയിരിക്കും.
എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കുന്നത് എങ്ങനെ എന്‍.ഐ.എ ആക്ടിന്റെ പരിധിയില്‍ വരുന്ന വിവിധ ആക്റ്റുകളിലെ കുറ്റങ്ങളെ എന്‍.ഐ.എ പട്ടികയിലുള്ള കുറ്റങ്ങള്‍ (Scheduled offences) എന്നാണ് പറയുക ഇന്ത്യയിലെവിടെയായാലും പട്ടികയില്‍ പറയുന്ന കുറ്റങ്ങള്‍ നടന്നതായി ഒരു പൊലീസ് സ്റ്റേഷനില്‍ പ്രഥമവിവരം (എഫ്.ഐ.ആര്‍) രേഖപ്പെടുത്തിയാല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ എന്‍.ഐ.എ ആക്ടിന്റെ 6(1) വകുപ്പുപ്രകാരം സംസ്ഥാന സര്‍ക്കാരിന് ഉടനടി റിപ്പോര്‍ട്ട് അയക്കണം. 6(2) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇത് കേന്ദ്രത്തിനയക്കണം 6(3) പ്രകാരം ഇത് പരിശോധിച്ച് കേന്ദ്രം എന്‍.ഐ.എ എന്ന കേന്ദ്ര പൊലീസിനെ അന്വേഷണച്ചുമതല ഏല്പിക്കുന്നു. മേല്‍പ്പറഞ്ഞ വിധത്തില്‍ സംസ്ഥാനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചില്ലെങ്കില്‍ത്തന്നെ എന്‍.ഐ.എ ആക്ടിന്റെ 6(5) വകുപ്പ് പ്രകാരം എന്‍.ഐ.എയ്ക്ക് സ്വയമേവ ഇത്തരം കേസുകള്‍ ഏറ്റെടുക്കാന്‍ സാധിക്കും. ഇതുകൂടാതെ എന്‍.ഐ.എ ആക്ടിന്റെ പരിധിയിലുള്ള കേസുകളുമായി ബന്ധമുണ്ട് എന്ന രീതിയിലും ഏതു കേസും എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാന്‍ കഴിയും. ഇതില്‍ സംസ്ഥാന പൊലീസിന്റെ റോളും വ്യക്തമാക്കുന്നുണ്ട്. എന്‍.ഐ.എ ആക്ടിന്റെ 7(എ) പ്രകാരം എന്‍.ഐ.എയെ അന്വേഷണത്തിനു സഹായിക്കാനോ 7(ബി) പ്രകാരം കേന്ദ്രസര്‍ക്കാര്‍ കുറ്റത്തിന്റെ സാഹചര്യം വിശകലനം ചെയ്ത് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ മതിയെന്ന് സവിശേഷ ഉത്തരവിറക്കിയാല്‍ മാത്രമേ സംസ്ഥാന പൊലീസിന് അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ.
സാധാരണ സി.ബി.ഐയുടെ അന്വേഷണകാര്യത്തില്‍ കാര്യങ്ങള്‍ തിരിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുണ്ടെങ്കിലോ സി.ബി.ഐയ്ക്ക് ക്രിമിനല്‍ കേസുകള്‍ക്ക് അന്വേഷണം നടത്താന്‍ കഴിയുകയുള്ളൂ (കോടതി നിര്‍ദ്ദേശമൊഴികെ). ചുരുക്കത്തില്‍ കണ്ണൂരിലേതുപോലെ ബോംബേറു കേസോ (സ്‌ഫോടകവസ്തുനിയമം) യു.എ.പി.എ കേസോ, സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്ററൊട്ടിച്ചതോ കാര്‍ട്ടൂണ്‍ വരച്ചതോ ലഘുലേഖ വിതരണം ചെയ്തതോ ഒക്കെയായ (ഐ.പി.സി. 121എ, 124എ) കേസുകളോ തോക്ക് കൈവശം വെച്ച കേസോ (25 Arms Act) കള്ളനോട്ട് കേസുകളോ മനുഷ്യക്കടത്തു കേസുകളോ കൂടാതെ ഐ.പി.സി 89എ മുതല്‍ 489 ഇ വരെയുള്ള ഐ.പി.സി കുറ്റങ്ങള്‍, ഏതെങ്കിലും മെയിലുകളോ സാമൂഹ്യമാധ്യമ വിവരങ്ങളോ ഫോര്‍വേഡു ചെയ്താല്‍ (66F of IT Act) എല്ലാം തന്നെ എന്‍.ഐ.എ ആക്ടിന്റെ പട്ടികയില്‍പ്പെടുന്ന കുറ്റവും അന്വേഷണ ഏജന്‍സി എന്‍.ഐ.എയും ആയിരിക്കും.
എന്‍.ഐ.എ ആക്ടിന്റെ ഭരണഘടനാവിരുദ്ധത
പൊലീസ് എന്നത് ഭരണഘടനയുടെ ഏഴാം പട്ടികയിലെ സംസ്ഥാന ലിസ്റ്റിലെ രണ്ടാമത്തെ ഇനമാണ്. അതായത് ഭരണഘടനയുടെ ഫെഡറല്‍തത്ത്വത്തിനെ ആസ്പദപ്പെടുത്തി സംസ്ഥാനത്തിന്റെ സവിശേഷ പരിധിയില്‍ വരുന്ന ഒന്നാണ് പൊലീസ് എന്നത്. എന്നാല്‍ എന്‍.ഐ.എ ആക്ട് വളരുന്നതോടെ ഇത് മാറുകയാണ്. ഫെഡറല്‍ തത്ത്വങ്ങള്‍ക്കു വിരുദ്ധമായി കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കേന്ദ്ര പൊലീസ് എന്‍.ഐ.എയ്ക്ക് അമിതാധികാര കേന്ദ്രീകരണമുണ്ടാക്കുകയും സംസ്ഥാന പൊലീസിന്റെ പ്രസക്തി ദുര്‍ബ്ബലമാവുകയും ചെയ്തു.
സാധാരണയായി ഇന്ത്യയിലെ ഏതിടത്തേയും പൊലീസ് സ്റ്റേഷന്റെ കീഴിലാണ് അതാതിടത്തെ ക്രമസമാധാനത്തിന്റേയും ക്രിമിനല്‍ അന്വേഷണത്തിന്റേയും ചുമതല. എന്നാല്‍ എന്‍.ഐ.എ ആക്റ്റ് 3(3) പ്രകാരം ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രാജ്യത്തിലെ ഏത് പൊലീസ് സ്റ്റേഷനില്‍ പോയാലും എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ആ സ്റ്റേഷനിലെ ഉത്തരവാദിത്വപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറായി കണക്കാക്കപ്പെടും. ആ സ്റ്റേഷന്‍ പരിധിയിലെല്ലായിടത്തും ഏതിടത്തു റെയ്ഡു നടത്തുന്നതിനോ ആരെ വേണമെങ്കിലും അറസ്റ്റുചെയ്യുന്നതിനോ അധികാരമുണ്ടായിരിക്കും. അതുപോലെതന്നെ മുന്‍പുപറഞ്ഞ 7 (എ) വകുപ്പുപ്രകാരം മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥനെ സഹായിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും മാത്രമാണ് അതാതു സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്കുള്ളത്. സാധാരണഗതിയില്‍ ഒരു കുറ്റകൃത്യത്തിന്റെ പ്രഥമവിവരം എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലാണ്. ക്രിമിനല്‍ നടപടിക്രമത്തില്‍ 2(എസ്) എന്ന വകുപ്പ് പ്രകാരം ഒരു പ്രാദേശിക പ്രദേശത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പോസ്റ്റോ ഒരിടമോ ആണ് പൊലീസ് സ്റ്റേഷന്‍. എന്നാല്‍ എന്‍.ഐ.എയുടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓരോ യൂണിറ്റും (സ്റ്റേഷനും) വിവിധ സംസ്ഥാനങ്ങളുടെ തന്നെ ഭൂപരിധികളെ അപ്രസക്തമാക്കിക്കൊണ്ട് അതിവിപുലമായ ഭൂപ്രദേശമാണ്. ഉദാഹരണത്തിന് എന്‍.ഐ.എയുടെ കൊച്ചി യൂണിറ്റിന് (എന്‍.ഐ.എ കെ.ഒ.സി) കേരളത്തെ കൂട്ടാതെ തമിഴ്നാടിന്റേയും ലക്ഷദ്വീപിന്റേയും മുഴുവന്‍ പ്രദേശങ്ങളും ചേര്‍ന്നതാണ്. ഫലത്തില്‍ എന്‍.ഐ.എ കൊച്ചി യൂണിറ്റ് കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഈ മൂന്നിടത്തേയും എന്‍.ഐ.എ ആക്ടിന്റെ പരിധിയില്‍പ്പെടുന്ന കുറ്റങ്ങളുടെ പ്രഥമവിവരം രജിസ്റ്റര്‍ ചെയ്യാനുള്ള പൊലീസ് സ്റ്റേഷനാണ്. അതുപോലെ ഈ ഭൂപ്രദേശത്തെ പട്ടികയിലെ കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുമാണ്. കേരളത്തിലേയും തമിഴ്നാട്ടിലേയും സ്റ്റേറ്റ് പൊലീസിനും ലക്ഷദ്വീപിലെ പൊലീസിനും എന്‍.ഐ.എ ആക്ടിലെ 7(എ) പ്രകാരം എന്‍.ഐ.എയെ സഹായിക്കാനോ 7(ബി) പ്രകാരം കേന്ദ്രത്തിന്റെ തീരുമാനപ്രകാരം എന്‍.ഐ.എയ്ക്കു പകരം സ്റ്റേറ്റ് പൊലീസിനെ ചുമതലപ്പെടുത്തുകയാണെങ്കില്‍ നേരിട്ടോ അന്വേഷണം നടത്താനേ കഴിയൂ. ഇതു മാത്രമല്ല, എന്‍.ഐ.എ ആക്ട് പ്രകാരം എന്‍.ഐ.എയ്ക്ക് സംസ്ഥാനത്തിലെ ഒരു വ്യക്തിയുടെ സ്വത്ത് കണ്ടുകെട്ടണമെങ്കില്‍ അതാതു സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ ഉത്തരവിനു പകരം എന്‍.ഐ.എ മേധാവിയുടെ ഉത്തരവു മതിയാകും. ഫലത്തില്‍ ഭരണഘടനയുടെ 7-ാം പട്ടികയിലെ രണ്ടാം ലിസ്റ്റായ സംസ്ഥാന ലിസ്റ്റില്‍പ്പെടുന്ന പൊലീസ് സംസ്ഥാന അധികാരപരിധിക്കു പുറത്താകുകയും കേന്ദ്രത്തില്‍ നിക്ഷിപ്തമാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ പാര്‍ട്ട് പതിനൊന്നിലെ ഒന്നും രണ്ടും അദ്ധ്യായങ്ങളില്‍ വരുന്ന 245-നും 258-നുമിടയിലുള്ള അനുച്ഛേദനങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. ഫലത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ ഫെഡറല്‍ തത്ത്വങ്ങളുടെ മറ്റൊരു നഗ്‌നമായ ലംഘനമാണ് എന്‍.ഐ.എ ആക്ട് കൊണ്ടുണ്ടാകുക.
അമേരിക്കന്‍ മോഡലില്‍ എന്‍.സി.ടി.സി
ദേശീയ ഭീകരതാവിരുദ്ധകേന്ദ്രവും (എന്‍.സി.ടി.സി) കേന്ദ്രീകരിക്കപ്പെടുന്ന തീവ്രവാദ അടിച്ചമര്‍ത്തലും എന്‍.ഐ.എ ആക്ടിനോടൊപ്പം തന്നെ അമേരിക്കന്‍ മോഡലില്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാനങ്ങളിലെ തീവ്രവാദവിരുദ്ധ വിഭാഗങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.ബി.യുടെ നേതൃത്വത്തില്‍ ദേശീയ ഭീകരതവിരുദ്ധകേന്ദ്രം (എന്‍.സി.ടി.സി) വിഭാവന ചെയ്തിട്ടുണ്ട്. രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഒന്നായതില്‍ കടുത്ത എതിര്‍പ്പ് ഇതിനു നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാലും പരോക്ഷമായി ഐ.ബിയുടെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ ദേശീയതലത്തില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കപ്പെടുന്നുണ്ട്. മുസ്ലിം തീവ്രവാദം, കശ്മീര്‍ തീവ്രവാദം, ഇടതു തീവ്രവാദം, വടക്കുകിഴക്കന്‍ തീവ്രവാദം എന്നീ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇടതു തീവ്രവാദം (എല്‍.ഡബ്ല്യു.ഇ) ഇടതു തീവ്രവാദബാധിത മേഖലകളും ഇടതു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയെന്നുമൊക്കെ വിഭജിച്ച് ഏകോപിക്കപ്പെടുക സ്വാഭാവികമാണ്. ആന്ധ്രയുടേയും ഛത്തീസ്ഗഡിന്റേയും ഒറീസയുടേയുമൊക്കെ അനുഭവങ്ങളെ ഏകപക്ഷീയമായി ഇന്ത്യയിലെമ്പാടും നടപ്പിലാക്കുന്നത് തല്‍ക്കാലത്തെക്കെങ്കിലും അതാത് സംസ്ഥാന ഏജന്‍സികളിലൂടെയാണ്. ഐ.ബി. ആയാലും എന്‍.ഐ.എയിലുമൊക്കെ കേന്ദ്ര ഡെപ്യൂട്ടേഷണില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരിലൂടെ ഇത് എളുപ്പമാകുന്നു. പ്രത്യേകിച്ച് തീവ്രവാദ ആക്രമണങ്ങളൊന്നും നടക്കാത്ത കേരളത്തില്‍ വ്യാപകമായി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിക്കുന്നതും പോസ്റ്ററൊട്ടിച്ചതിനോ ലഘുലേഖ കൈവശംവെച്ചതിനോ പോലും യു.എ.പി.എ ചുമത്തുന്നതും സഖാവ് എം.വി. ഗോവിന്ദന്‍ വിശദീകരിച്ചതുപോലെ സര്‍ക്കാര്‍ ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടിട്ടൊന്നുമല്ല എന്നത് വസ്തുതതന്നെയാണ്. മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍ കീഴിലുള്ള ഇടതു തീവ്രവാദ (എല്‍.ഡബ്ല്യു.ഇ) ഘടകത്തിന്റെ നിര്‍ദ്ദേശപ്രകാരവും ഏകോപനത്താലുമാണ് ഇത് നടക്കുന്നത്. അഖിലേന്ത്യാതലത്തിലും ഓരോ മേഖലാതലത്തിലും ദക്ഷിണേന്ത്യന്‍ തലത്തിലും കേരളം, തമിഴ്നാട്, കര്‍ണാടക തലത്തിലും വരെ ഇത്തരം ഏകോപനവും മാര്‍ഗ്ഗനിര്‍ദ്ദേശവുമുണ്ട്. ഓരോ ചെറിയ വിവരങ്ങള്‍ വരേയും ഈ ഓരോ തട്ടിലും രേഖപ്പെടുത്തപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
2013-ലെ ആദ്യകാല മാവോയിസ്റ്റ് കേസുകളിലെ എഫ്.ഐ.ആറുകളില്‍ യു.എ.പി.എ ചേര്‍ത്തിരുന്നില്ല. പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. അതുപോലെതന്നെ യു.ഡി.എഫ് കാലത്ത് മാവോയിസ്റ്റ് കേസുകളില്‍ യു.എ.പി.എയിലെ തന്നെ താരതമ്യേന ദുര്‍ബ്ബലമായ 10, 13 വകുപ്പുകളാണ് (പരമാവധി രണ്ടും ഏഴും വര്‍ഷം ശിക്ഷ കിട്ടാവുന്ന). എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുന്നതോടെ ജീവപര്യന്ത ശിക്ഷ കിട്ടാവുന്ന 20, 38, 39 എന്നീ വകുപ്പുകള്‍ ചേര്‍ക്കുന്നത് സ്വാഭാവികമായി. ഇതൊക്കെത്തന്നെ മേല്‍പ്പറഞ്ഞ ഇടതു തീവ്രവാദ ഏകോപനത്തിന്റെ ഭാഗമായിത്തന്നെയാണ്. നിലമ്പൂരില്‍വെച്ച് മുതിര്‍ന്ന മാവോയിസ്റ്റു നേതാക്കളായ കുപ്പുസ്വാമിയും അജിതയും കൊല്ലപ്പെടുന്ന സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ അന്നത്തെ ഇടതു തീവ്രവാദത്തെ നേരിടുന്നതിനുള്ള ഉപദേശകനായ വിജയകുമാര്‍ കേരളത്തിലുണ്ടായി എന്നതും തമിഴ്നാട്ടിലെ ആഭ്യന്തര സുരക്ഷാമേധാവി ഈശ്വരമൂര്‍ത്തി തൊട്ടടുത്ത് കോയമ്പത്തൂരില്‍ ദിവസങ്ങളോളം ക്യാമ്പുചെയ്തിരുന്നുവെന്നതും കേവലം ഗൂഢാലോചന സിദ്ധാന്തമാകാന്‍ വഴിയില്ല. മുന്‍ എല്‍.ഡബ്ല്യു.ഇ ഉപദേശകന്‍ കെ.പി.എസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ദക്ഷിണേഷ്യന്‍ തീവ്രവാദ പോര്‍ട്ടലില്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ നോട്ടീസ് വിതരണം നടത്തിയാല്‍പ്പോലും രേഖപ്പെടുത്തപ്പെടുന്നതും വിപുലമായ ഈ ഏകോപനത്തിന്റെ ഭാഗമായിത്തന്നെയാണ്.
ഇതൊക്കെയാണ് വസ്തുതകള്‍ എന്നിരിക്കുമ്പോള്‍പ്പോലും കമ്യൂണിസ്റ്റ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു എന്നു മാത്രമല്ല, അഖിലേന്ത്യ തലത്തിലുള്ള അടിച്ചമര്‍ത്തലിനു പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പിന്തുണയ്ക്കുന്നു. കേരളത്തേയും നക്‌സല്‍ബാധിത പ്രദേശമായി കണക്കാക്കാനായി. അഖിലേന്ത്യാതലത്തില്‍ മാവോയിസ്റ്റ് വിരുദ്ധ ഫണ്ട് നേടിയെടുക്കുന്നതിനും ആയുധങ്ങള്‍ ലഭിക്കുന്നതിനുമൊക്കെ ആഭ്യന്തരമന്ത്രാലയത്തില്‍നിന്നു മുന്നോട്ടുവെയ്ക്കുന്ന മാനദണ്ഡങ്ങളെ അതുപോലെ നടപ്പിലാക്കുന്നു. സി.പി.എമ്മിന്റെ പി.ബി. അംഗമായ പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ ഇടതു തീവ്രവാദവേട്ടയുടെ സ്വഭാവത്തിനോട് യോജിപ്പുള്ളതുകൊണ്ടാണ് ഈ നയങ്ങള്‍ കേരളത്തിലും വള്ളിപുള്ളി തെറ്റാതെ നടപ്പിലാക്കുന്നത്. മാവോയിസ്റ്റ് പ്രശ്‌നത്തെ സാമൂഹിക-സാമ്പത്തിക പ്രശ്‌നം എന്ന നിലയില്‍ കണക്കാക്കണമെന്ന സുപ്രീംകോടതിയുടേയും (നന്ദിനി, സുന്ദര്‍ വി.എസ്. ഛത്തീസ്ഗഡ് 2011) വിധികളും കേന്ദ്ര പ്ലാനിംഗ് കമ്മിഷന്റെ പഠനറിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും. എന്നാല്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഇത് ക്രമസമാധാന പ്രശ്‌നമായാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ കമാന്റോസേനയും രഹസ്യാന്വേഷണ വിഭാഗങ്ങളും പൊലീസ് സ്റ്റേഷനുകളുമൊക്കെയായി മാവോയിസ്റ്റുകളെ നേരിടുകയാണ്. ഉമ്മന്‍ചാണ്ടിയുടേയോ സാക്ഷാല്‍ കരുണാകരന്റെ കാലത്തോ ഇല്ലാത്തവിധം വ്യാജ ഏറ്റുമുട്ടല്‍ കൊലകളും സംഘടിപ്പിക്കുന്നതും ഇതിനെ ന്യായീകരിക്കുന്നതും ഈ നൃശംസക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരെ സംരക്ഷിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.
ഛത്തീസ്ഗഡിന്റെ എതിര്‍പ്പ്
സമീപകാലത്തായി എന്‍.ഐ.എ ആക്ടിനെതിരായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഭരണഘടനയുടെ 131-ാം വകുപ്പുപ്രകാരം സുപ്രീംകോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മാവോയിസ്റ്റ് വേട്ടയും അര്‍ദ്ധസൈനിക വിന്യാസവും ജീവഹാനിയും ഏറ്റവും കൂടുതലുള്ള ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍.ഐ.എ ആക്ടിനെതിരെ രംഗത്തുവന്നത് അവിശ്വസനീയമായ ഒന്നായിരുന്നു. അതും എന്‍.ഐ.എ ആക്ട് ഇന്ത്യയില്‍ കൊണ്ടുവന്ന കോണ്‍ഗ്രസ്സിന്റെ ഭരണം നടക്കുന്ന സംസ്ഥാനത്തുനിന്നുള്ള ഇങ്ങനെയൊരു നീക്കം തീര്‍ച്ചയായും അതിശയപ്പെടുത്തുന്നതാണ്. ഇതുകൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാനായി ഗൂഢാലോചന നടത്തിയെന്ന പേരില്‍ വരവരറാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഷോമസെന്‍, ഗൗതം നവലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ, റോണാവില്‍സണ്‍, സുരേന്ദ്രഗാഡ്ലിംഗ് അടക്കമുള്ളവരെ ഭീമ-കൊറഗാവ് കേസില്‍ ഉള്‍പ്പെടുത്തി യു.എ.പി.എ ചുമത്തിയത് ഉദ്ധവ്താക്കറെയുടെ വലതു-മദ്ധ്യ സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തയ്യാറായി. മുന്‍ ബി.ജെ.പി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പൊലീസും ഒത്തുകളിച്ച് കള്ളക്കേസുണ്ടാക്കിയതാണെന്ന് മറാത്ത ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നെ വെളിപ്പെടുത്തി. ഈ വിധത്തില്‍ ജയിലില്‍ കഴിയുന്നവരുടെ വിമോചനത്തിന് വഴിവെച്ചപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എ ആക്ടിന്റെ 6(5) വകുപ്പുപ്രകാരം പട്ടികയിലുള്ള കുറ്റമാണ് യു.എ.പി.എ എന്നതിനാല്‍ എന്‍.ഐ.എ വഴി അന്വേഷണം നേരിട്ട് ഏറ്റെടുത്തത്. മുന്‍പു പറഞ്ഞ ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങളുടെ നഗ്‌നലംഘനമാണ് ഇത് എന്നതിന്റെ പേരില്‍ ഗൗരവമായ കേന്ദ്ര-സംസ്ഥാന സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. വലതു പിന്തിരിപ്പന്‍ ശിവസേന നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണ് ഇത്തരം നീക്കം നടത്തിയത് എന്ന് ഓര്‍ക്കണം.
എന്നാല്‍ യു.എ.പി.എയെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനകാരികളായി കണക്കാക്കപ്പെടുന്ന സി.പി.എം സര്‍ക്കാരിന്റെ സമീപനം കോണ്‍ഗ്രസ് ശിവസേന സര്‍ക്കാരുകളില്‍നിന്നുപോലും വ്യത്യസ്തമാണ് എന്നു കാണാം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചുമത്തിയ രൂപേഷിനെതിരെയുള്ള യു.എ.പി.എ കേസുകളില്‍ യു.എ.പി.എയുടെ 45-ാം വകുപ്പുപ്രകാരമുള്ള നടപടിക്രമം പാലിക്കാത്തതിന്റെ പേരില്‍ കുറ്റവിമുക്തനാക്കിയിരുന്നു. കടുത്ത അടിച്ചമര്‍ത്തല്‍ മര്‍ദ്ദക നിയമമായ യു.എ.പി.എ ചുമത്തുന്നത് സൂക്ഷ്മവും കൃത്യവുമായിട്ടായിരിക്കണം എന്നു വ്യവസ്ഥ ചെയ്യാനാണ് 2008-ല്‍ ചിദംബരം 45-ാം വകുപ്പ് യു.എ.പി.എയില്‍ ചേര്‍ത്തത്. ഇതൊന്നും പരിശോധിക്കാതെയാണ് പൊലീസ് യു.എ.പി.എ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതാണ് ഹൈക്കോടതി ഇടപെടലിനും കുറ്റവിമുക്തനാക്കുന്നതിനും വഴിവെച്ചത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. കോടതി നേരിട്ട് കുറ്റവിമുക്തനാക്കിയ കേസുകളിലെ യു.എ.പി.എ തിരിച്ചുകൊണ്ടുവരുവാന്‍ ഇടതുസര്‍ക്കാര്‍ മുഴുവന്‍ വിഭവസമ്പത്തും ഉപയോഗപ്പെടുത്തുകയാണ്. എന്‍.ഐ.എയില്‍ സൂപ്രണ്ടായിരുന്ന ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ച് ഈ കേസുകളുടെ തുടരന്വേഷണം നടത്തി വീണ്ടും യു.എ.പി.എ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രൂപേഷിനെതിരെ ചുമത്തിയ മുഴുവന്‍ യു.എ.പി.എ കേസുകളിലും കുറ്റവിമുക്തനാകാന്‍ സാധ്യത മുന്നില്‍ക്കണ്ട് ഈ കേസുകളും തുടരന്വേഷണം നടത്തുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയതാണെങ്കില്‍പ്പോലും യു.എ.പി.എ കേസുകള്‍ തോല്‍ക്കാനോ റദ്ദായിപ്പോകാനോ പാടില്ല എന്ന ഇടതുസര്‍ക്കാരിന്റെ കാഴ്ചപ്പാടാണിത്. ഇക്കാര്യത്തിലെങ്കിലും ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്നും മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ എതിര്‍ദിശയിലാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ എന്നു വ്യക്തമാണ്.
അലന്റേയും താഹയുടേയും കേസ് എന്‍.ഐ.എ ഏറ്റെടുത്തപ്പോള്‍ കേരളത്തില്‍ ഒരു നിയമപ്രശ്‌നവുമുണ്ടായില്ല. ഇതൊരു ഭരണഘടനാലംഘനമായി, ഫെഡറല്‍ തത്ത്വങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി കാണാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ഭരണഘടനയുടെ ഏഴാം വകുപ്പ് പട്ടികയിലെ ലിസ്റ്റ് ഒന്നില്‍പ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ സവിശേഷ അധികാരപരിധിയില്‍ വരുന്ന പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട സി.ഐ.എയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തതാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ സവിശേഷ അധികാരപരിധിയില്‍പ്പെടുന്ന സംസ്ഥാന പൊലീസിന്റെ അധികാരം കേന്ദ്രം കവര്‍ന്നെടുത്ത് ഭരണഘടനാലംഘനം നടത്തുന്നത് ഇവര്‍ക്ക് ഒരു പ്രശ്‌നമായി തോന്നിയില്ല. ഇടതുസര്‍ക്കാരിന്റെ അവസരവാദവും ഇരട്ടത്താപ്പുമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. ലഘുലേഖ കൈവശം വച്ചതിന് ഇല്ലാത്ത അധികാരമുപയോഗിച്ച് പന്തീരങ്കാവ് സി.ഐ. യു.എ.പി.എ ചുമത്തുകയും ഇല്ലാത്ത അധികാരമുപയോഗിച്ച് സിറ്റി പൊലീസ് കമ്മിഷണറും ഉത്തരമേഖല ഐ.ജിയും യു.എ.പി.എയെ സാധൂകരിക്കുകയും ചെയ്തതിലൂടെയാണ് എന്‍.ഐ.എ ആക്ടിന്റെ പരിധിയില്‍ വരുന്നതും എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞതും. ഇടത് സൈദ്ധാന്തികനായ കെ.ടി. രാംമോഹന്‍ വിശകലനം ചെയ്തതുപോലെ ''സ്വന്തം നിലനില്‍പ്പിനായി കേന്ദ്രസര്‍ക്കാരിന്റെ അനുബന്ധമായി നിലനില്‍ക്കുകയെന്ന പ്രയോഗമാത്ര നിലപാടിന്റെ ഭാഗമായാണ് വമ്പിച്ച അടിച്ചമര്‍ത്തല്‍ സംഘടിപ്പിക്കുന്നത്.''
ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മുന്നേറ്റങ്ങള്‍ ശക്തമായ സമകാലീന ഇന്ത്യയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ ഇല്ലാതാക്കുന്ന എന്‍.ഐ.എ ആക്ടിനും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്ന യു.എ.പി.എയ്ക്കുമെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates