ജി ശങ്കരക്കുറുപ്പ് 
Articles

യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (തുടര്‍ച്ച)

ചില സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാമായിരുന്നു ആദ്യം കരുതിയിരുന്നത്.

Author : യു.കെ. കുമാരന്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. അന്ന് അതിന്റെയൊന്നും ഗൗരവം അത്രയൊന്നും അറിഞ്ഞിരുന്നില്ല. ചില അവകാശങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാമായിരുന്നു ആദ്യം കരുതിയിരുന്നത്. അന്നത്തെയൊരു സാഹചര്യത്തില്‍ ചില പരിമിതികളും ചില നിയന്ത്രണങ്ങളും ആവശ്യമാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.  ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ  വ്യാപകമായ ദുരുപയോഗങ്ങള്‍ നാടെങ്ങും ദൃശ്യമായിക്കൊണ്ടിരുന്ന ഒരു കാലയളവുകൂടിയായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ  എല്ലായിടത്തും ഒരു ചിട്ടയും ക്രമവും വന്നുതുടങ്ങി. ഓഫീസുകളില്‍, വിദ്യാലയങ്ങളില്‍, പൊതുഗതാഗത സംവിധാനത്തില്‍ എല്ലായിടത്തും ഒരു നിഷ്ഠയുടെ ക്രമീകരണം ദൃശ്യമായി.  ഈ മാറ്റത്തെ  പൊതുസമൂഹം സ്വീകരിച്ചുവെന്നുതന്നെയാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കിയിരുന്നത്.  എന്നാല്‍ പെട്ടെന്നുതന്നെ അനഭിലഷണീയമായ ചില പ്രവണതകളും ദൃശ്യമായി. അധികാരങ്ങള്‍ കൈവശം വെച്ചിരുന്ന വിഭാഗം, ചോദ്യം ചെയ്യപ്പെടാനാവാത്ത കേന്ദ്രമായി സ്വയം മാറുകയും വളരുകയുമായിരുന്നു. ആഭ്യന്തരവകുപ്പിലാണ്  ഇത് പ്രകടമായും കണ്ടുതുടങ്ങിയത്. വ്യക്തികേന്ദ്രീകൃതമായ ഒരു ശൈലിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി അന്നും സ്വീകരിച്ചിരുന്നത്. ജനാധിപത്യ സംവിധാനത്തോടോ സംവാദാത്മക രീതിയോടോ അത്ര ആഭിമുഖ്യം അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടതോടെ ചോദ്യം ചെയ്യുവാനില്ലാത്ത സാഹചര്യം ഉണ്ടായി. അതോടെ അദ്ദേഹം കുറെക്കൂടി വ്യക്തികേന്ദ്രീകൃതമായി. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തെ വലയം ചെയ്തിരുന്നവര്‍പോലും അമിതാധികാര സൗകര്യം ലഭിച്ചതോടെ അതില്‍ അഭിരമിച്ചു തുടങ്ങിയിരുന്നു. ഇത് ജനാധിപത്യ വിശ്വാസികളില്‍ വലിയ ഉല്‍ക്കണ്ഠ ഉണ്ടാക്കിയിരുന്നു. അപകടകരമായ എന്തെല്ലാമോ ഉയര്‍ന്നുവരുന്നുവെന്ന ഭീതി അവ്യക്തമായിട്ടെങ്കിലും പലരിലും വളരാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് വീക്ഷണം പത്രം ആരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. അതിനാവശ്യമായ ഫണ്ട് സ്വീകരിക്കാനും തീരുമാനമായി. കെ.പി.സി.സി. പ്രസിഡന്റ് കേരളത്തിലുടനീളം യാത്ര ചെയ്യാനും തീരുമാനിച്ചു.

എറണാകുളം നോര്‍ത്തില്‍ വാങ്ങിയ സ്ഥലത്ത് വീക്ഷണം  പ്രസ്സ് സ്ഥാപിക്കാനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും തുടങ്ങി.  ഒരു പഴയ ഫ്‌ലാറ്റ്ബഡ് റോട്ടറിയാണ് പത്രം അച്ചടിക്കാന്‍ വേണ്ടി വാങ്ങിയത്.  പത്രം ആരംഭിക്കുന്നതിന്റെ  മുന്നോടിയായി പത്രാധിപര്‍ സി.പി. ശ്രീധരന്റെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കരൂര്‍ ശശിയായിരുന്നു ചീഫ് സബ് എഡിറ്റര്‍. ടി.വി. വേലായുധന്‍,  എം. അബ്ദുള്‍ റഹിമാന്‍, പി.വി. രവീന്ദ്രന്‍, പിന്നീട് പ്രശസ്ത കവിയായ വി. മധുസൂദനന്‍നായര്‍, ജോയി കുളനട, കെ. ശശികുമാര്‍, കഥാകൃത്തായ മധു മഞ്ജുളാലയം, എസ്. സുധീശന്‍,  പി.ബി. ലല്‍ക്കാര്‍, എല്‍. ശ്രീദേവി, വി.വി. പ്രഭാകരന്‍ എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങള്‍. പത്രത്തിന്റെ  പ്രകാശനകര്‍മ്മം  നിര്‍വ്വഹിച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു.  എല്ലാവരുടേയും ധാരണയ്ക്ക് വിരുദ്ധമായി പത്രത്തിന് വന്‍ സ്വീകാര്യതയാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചത്. അവരുടെ സങ്കല്പത്തിനൊത്ത ഒരു പത്രം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല.  പ്രസ്സിന്റെ തകരാറ് കാരണം അച്ചടി അത്ര പൂര്‍ണ്ണമായിരുന്നില്ല. കൃത്യസമയത്ത് വായനക്കാരില്‍ എത്തിക്കാനും കഴിഞ്ഞിരുന്നില്ല. ഏറ്റവും ആധുനിക രീതിയിലുള്ള പ്ലമാഗ് റോട്ടറി വാങ്ങുന്നതിനെക്കുറിച്ചും പാര്‍ട്ടിനേതൃത്വം പെട്ടെന്നുതന്നെ ആലോചിക്കാന്‍ തുടങ്ങിയിരുന്നു.

അതിനിടെ വീക്ഷണം വാരികയില്‍ മാറ്റം വരുത്താനുള്ള നടപടികളും ആരംഭിക്കുകയുണ്ടായി.  വാരികയുടെ പ്രസിദ്ധീകരണം വീക്ഷണം പത്രത്തിനടുത്തുള്ള ഒരു ചെറിയ ഷെഡ്ഡിലേക്ക് മാറ്റി. മാധവന്‍മാഷ് പത്രാധിപസമിതിയില്‍നിന്നും സ്ഥാനമൊഴിഞ്ഞു. മാതൃഭൂമിയില്‍നിന്നും വിരമിച്ച 'യുഗപ്രഭാത്' ഹിന്ദി മാസികയുടെ പത്രാധിപരായിരുന്ന കെ. രവിവര്‍മ്മ പകരം വന്നു.  ധാരാളം ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു ശ്രദ്ധേയനായിരുന്നു രവിവര്‍മ്മ.  വീക്ഷണം വാരികയില്‍ അദ്ദേഹം കവിതകളും വിവര്‍ത്തനങ്ങളും നോക്കാമെന്നേറ്റു.

ധീഷണശാലിയായ പത്രാധിപര്‍
വീക്ഷണം പത്രത്തിന്റെ പത്രാധിപരായി ചുമതല ഏറ്റപ്പോഴാണ്  സി.പി. ശ്രീധരനെ ഞാന്‍ ആദ്യമായി കാണുന്നത്.  മുന്‍പ് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേള്‍ക്കുകയും വായിക്കുകയും ചെയ്തിരുന്നു. മലയാള മനോരമയില്‍നിന്നും തെറ്റിപ്പിരിഞ്ഞു രാജിവെച്ചു പുസ്തക പ്രസാധന സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ 'ഇന്നത്തെ സാഹിത്യകാരന്മാര്‍' എന്ന ബൃഹദ് ഗ്രന്ഥം  സമകാലീന എഴുത്തുകാരെ സംബന്ധിച്ചുള്ള മികച്ച ഒരു റഫറന്‍സ് ഗ്രന്ഥമായിരുന്നു.  കേരളത്തിലെ  എഴുത്തുകാരുടെ സാഹിത്യ സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകളും അതിലുണ്ടായിരുന്നു.  സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്ന നിലയിലും സി.പി. ശ്രീധരന്‍ കേരളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍, ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത് സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ്. എല്ലാറ്റിനെക്കുറിച്ചും അദ്ദേഹത്തിന്  വ്യക്തമായ നിലപാടുകളുണ്ടായിരുന്നു.  സി.പി. മുഖപ്രസംഗം എഴുതിക്കൊണ്ടിരിക്കുന്നതു കാണാനും ഏറെ കൗതുകകരമായിരുന്നു.  എത്ര തിരക്കിനിടയിലും  അദ്ദേഹം മുഖപ്രസംഗം എഴുതും. കാലത്ത് ഓഫീസില്‍ വന്നു പത്രങ്ങളെല്ലാം വായിച്ചു, ചിലരുമായി ചര്‍ച്ച നടത്തിയശേഷം ഒറ്റ എഴുത്താണ്. എഴുതിയ കടലാസുകള്‍ കസേരയ്ക്ക് താഴെ ചിതറിക്കിടക്കും. അതെടുത്തു നേരെ കമ്പോസിങ്ങിന് പോകാറാണ് പതിവ്.  അച്ചുകള്‍ നിരത്തിയ മുഖപ്രസംഗത്തിന്റെ പ്രൂഫ് ആദ്യം വായിച്ചു നോക്കുന്നത് സി.പി. തന്നെയാണ്. ചില അക്ഷരപ്പിശകുകള്‍ ഉണ്ടാകുമെന്നതല്ലാതെ, വാചകഘടനയിലോ പ്രയോഗത്തിലോ ഒരു മാറ്റവുമുണ്ടാകില്ല. ചങ്ങലപോലെ  കൂടിച്ചേര്‍ന്നിരിക്കുന്ന അക്ഷരങ്ങള്‍ എങ്ങനെയാണ് ഈ രീതിയില്‍ ഇഴപിരിച്ചു, തെറ്റുകള്‍ അധികമൊന്നുമില്ലാതെയും കമ്പോസ് ചെയ്യുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനെക്കാളേറെ എന്നെ വിസ്മയപ്പെടുത്തിയത് വാചകക്രമങ്ങളൊക്കെ പാലിച്ചുകൊണ്ടുള്ള അദ്ദേഹം എഴുതുന്നതിന്റെ അനര്‍ഗ്ഗളതയായിരുന്നു. ഒരുപക്ഷേ, എഴുതുന്ന വിഷയത്തെക്കുറിച്ചുള്ള അഗാധമായ ധാരണകൊണ്ടാകാം അതെന്നും എനിക്ക് തോന്നി.

വീക്ഷണം വാരിക സാംസ്‌ക്കാരിക പ്രസിദ്ധീകരണമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഗൗരവമായി നടന്നുവരികയായിരുന്നു. കേരളത്തിലെ  എല്ലാ എഴുത്തുകാരേയും വാരികയുമായി ബന്ധപ്പെടുത്തണമെന്ന  കെ.പി.സി.സി. പ്രസിഡന്റിന്റെ ആവശ്യം മുന്നില്‍ കണ്ടാണ് ഒരു രൂപരേഖ തയ്യാറാക്കിയത്. പ്രമുഖരായ എഴുത്തുകാരെ നേരില്‍ ചെന്നു കണ്ടു വാരികയുമായി സഹകരിക്കണമെന്ന്  അഭ്യര്‍ത്ഥിക്കണമെന്ന്  തീരുമാനമെടുത്തു.  ആദ്യം ഓഫീസില്‍നിന്നും കത്തയക്കണം. പിന്നെ നേരില്‍ കാണണം.  ഇതായിരുന്നു നിര്‍ദ്ദേശം. എഴുത്തുകാരെ കാണാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. തിരുവനന്തപുരത്തു ചെന്ന് അയ്യപ്പപ്പണിക്കര്‍, എം. കൃഷ്ണന്‍നായര്‍, പെരുമ്പടവം ശ്രീധരന്‍, ജി.എന്‍. പണിക്കര്‍, പി.കെ. ബാലകൃഷ്ണന്‍ എന്നിവരെ കണ്ടു. എന്നോടൊപ്പം തുമ്പമണ്‍ തോമസും ഉണ്ടായിരുന്നു. കൊല്ലത്തുനിന്നും കെ.പി. അപ്പന്‍, ആലപ്പുഴനിന്ന് തകഴി എന്നിവരേയും കണ്ടു. പിന്നീട് തൃശൂരില്‍ ചെന്ന് സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, ആറ്റൂര്‍ രവിവര്‍മ്മ, ജി. കുമാരപ്പിള്ള എന്നിവരേയും  കോഴിക്കോട്ട് ചെന്ന് അക്കിത്തം, തിക്കോടിയന്‍,  യു.എ. ഖാദര്‍, ഡോ. എം.ജി.എസ്. നാരായണന്‍, പി. വത്സല, വടകരയില്‍ ചെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരേയും കണ്ടു.  നേരില്‍ കണ്ടവരെല്ലാം  വാരികയുമായി സഹകരിക്കാമെന്ന്  ഉറപ്പു നല്‍കി.  വാരികയുടെ ആദ്യ ലക്കത്തില്‍ തന്നെ ജി. ശങ്കരക്കുറുപ്പിന്റെ  കവിത പ്രഥമ കവിതയായി ചേര്‍ക്കണമെന്നും തീരുമാനമെടുത്തു.  അദ്ദേഹത്തെ കണ്ടു കവിത വേണമെന്ന് ആവശ്യപ്പെടാമെന്ന് കെ.പി.സി.സി. പ്രസിഡന്റ് അറിയിച്ചു. പ്രസിഡന്റിന്റെ  അദ്ധ്യാപകന്‍ കൂടിയാണല്ലോ ജി. കാരിക്കാമുറിയിലെ ഭദ്രാലയത്തില്‍ ചെന്നു കവിത വാങ്ങുന്നതിനു എന്നെയും ചുമതലപ്പെടുത്തി. എനിക്കതില്‍ സന്തോഷം.  കാരിക്കാമുറിയിലൂടെ കടന്നുപോവുമ്പോള്‍ പലവട്ടം  ജി. വീട്ടിലുണ്ടോ  എന്ന് ഞാന്‍ തിരക്കിയിട്ടുണ്ട്.  ചിലപ്പോള്‍ അദ്ദേഹത്തിന്റെ ശുഭ്രനിറമാര്‍ന്ന തല മുറ്റത്തെ പൂക്കള്‍ക്കിടയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സില്‍ പറഞ്ഞിട്ടുണ്ട്: 'വെളുത്തൊരു സൂര്യകാന്തിപ്പൂവ്'. കവിത വാങ്ങാന്‍ വേണ്ടി ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ജി. വരാന്തയിലെ  ചാരുകസേരയിലിരിക്കുകയായിരുന്നു.  വന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം അകത്തേക്ക് നോക്കി നീട്ടി വിളിച്ചു:
''രാധേ...'' എന്നിട്ട് പറഞ്ഞു:
''മേശപ്പുറത്തൊരു കവറുണ്ട്. അതെടുത്തു കൊണ്ടുവരൂ...''

മറ്റൊരന്വേഷണവുമില്ല. ഞാന്‍ ഒന്നും പറയാനും പോയില്ല.  രാധ അദ്ദേഹത്തിന്റെ മൂത്ത മകളാണെന്ന് പിന്നീട് മനസ്സിലായി. പ്രശസ്ത നിരൂപകന്‍ എം. അച്യുതന്‍ മാസ്റ്ററുടെ ഭാര്യയാണ് രാധ. ഒരു കവറെടുത്ത് അദ്ദേഹത്തിന്റെ  കയ്യില്‍ കൊടുത്തു. കവര്‍ എന്റെ  നേരെ നീട്ടി.  അതു വാങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ  വളരെ ആദരവോടെ വന്ദിച്ചു.  എനിക്ക്  ഏറെ ആദരവുള്ള കവിയാണ് അദ്ദേഹം.  എന്റെ സാഹിത്യ ജീവിതത്തില്‍ ആദ്യമായി ഒരു സമ്മാനം വാങ്ങാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ  'പെരുന്തച്ചന്‍' എന്ന കവിതയാണ്. അഞ്ചാം ക്ലാസ്സില്‍ എന്റെ അദ്ധ്യാപകനായ കെ.ടി. ഗോപാലന്‍ മാഷ് ഒരു കവിതയുടെ ആദ്യവരികള്‍ ചൊല്ലിത്തന്നു. എന്നിട്ട് പറഞ്ഞു ഇത് ആരെക്കുറിച്ചാണെന്ന് പറഞ്ഞാല്‍ നൂറ് പേജിന്റെ ഒരു നോട്ട്ബുക്ക് സമ്മാനം തരാം. അദ്ദേഹം നോട്ട് ബുക്ക് ഉയര്‍ത്തിക്കാട്ടി. അത്തരമൊരു നോട്ടുബുക്ക് കിട്ടുക എന്നത് അന്ന്  വലിയൊരു ഭാഗ്യമായിട്ടാണ്  കുട്ടികള്‍ കരുതിയിരിക്കുന്നത്.  വരികള്‍ ഒന്നുകൂടി ഞാന്‍ മനസ്സിലിട്ട്, എന്നിട്ട് ഉള്ളില്‍ തോന്നിയ  ഒരു ചിത്രം  വരുന്നതു വരട്ടെ എന്നു കരുതി ചാടിയെഴുന്നേറ്റു പറഞ്ഞു.
''അതൊരു ആശാരിയുടെ കഥയാണ്.''

മാഷ്‌ക്ക് സന്തോഷമായി. അദ്ദേഹം  പറഞ്ഞു: ''അതെ, ഇത് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പെരുന്തച്ഛന്‍ എന്ന കവിതയാണ്. അച്ഛന്റെ കയ്യബദ്ധം  കൊണ്ട് മരിക്കാനിടയായ മകന്റെ കഥ.'' മാഷ് ആ കവിത വളരെ ഭംഗിയായി ചൊല്ലിത്തന്നു.  അന്നുതൊട്ട്  ഞാന്‍  ജിയുടെ കവിതകളെ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു.  അദ്ദേഹത്തെ കാണാനും ആഗ്രഹിച്ചിരുന്നു. ആദ്യമായിട്ടാണ് അതിപ്രശസ്തനായ ഒരെഴുത്തുകാരന്റെ കയ്യെഴുത്തുപ്രതി എന്റെ കയ്യിലെത്തുന്നത്. അത് എന്റെ കയ്യില്‍ കിടന്നു വിറച്ചു. 'പരുന്തിന്റെ പാട്ട്' എന്ന കവിതയായിരുന്നു അദ്ദേഹം എനിക്ക് തന്നത്.
സാംസ്‌ക്കാരിക വാരികയുടെ ചുമതലക്കാരിലൊരാളായപ്പോള്‍ ചില തീരുമാനങ്ങള്‍ ഞാന്‍ എടുത്തിരുന്നു. ഒരെഴുത്തുകാരനോടും വിവേചനം കാണിക്കുകയില്ല.  എഴുത്തുകാരില്‍ കഴിവുകള്‍ കൂടിയും കുറഞ്ഞുമിരിക്കും.  എന്നാല്‍, എല്ലാ എഴുത്തുകാരിലും സിദ്ധിയുടെ ഒരംശമുണ്ടാകും. അത് മാനിച്ചേ മതിയാകൂ. അക്കാലത്ത് മാതൃഭൂമി ഒഴിച്ചുള്ള പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലെല്ലാം എന്റെ രചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ അത്രയൊന്നും വെല്ലുവിളി ഞാന്‍ അനുഭവിച്ചിട്ടില്ല.  എന്നാല്‍, പലരുടേയും അനുഭവം അതല്ല.  കഴിവുണ്ടായിട്ടും നിരന്തരമായി പുറന്തള്ളപ്പെട്ടവര്‍ ധാരാളമുണ്ട്.  എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കണമെന്നും ഞാന്‍ തീരുമാനിച്ചു. രചനകള്‍ അയയ്ക്കുന്നവര്‍ക്ക് കൃത്യമായ മറുപടി എഴുതും.  അര്‍ഹിക്കുന്ന പ്രതിഫലവും കൊടുപ്പിക്കും.  ആദ്യലക്കത്തിന്റെ മാറ്റര്‍ പ്രസ്സിലേക്ക്  പോവുമ്പോള്‍ എനിക്ക് ധാരാളം ഉല്‍ക്കണ്ഠകള്‍ ഉണ്ടായിരുന്നു.  വാരിക നടത്തി മുന്‍കാല അനുഭവമില്ല. പേജ് സംവിധാനത്തിലും പരിചയമില്ല.  വീക്ഷണം മാനേജ്മെന്റ് എന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. എന്നെ തിരുത്താന്‍ കഴിയുന്ന പത്രാധിപസമിതിയും ഇല്ല.  ഓരോ ആഴ്ചയ്ക്കും ആവശ്യമായ മാറ്ററുകള്‍ കണ്ടെത്തണം. പലരും  ഇതൊരു സാഹസികമായ കാര്യമാണെന്ന്  ചൂണ്ടിക്കാട്ടുകയുണ്ടായി.   വാരിക നടത്തിപ്പിന്റെ രാഷ്ട്രീയപശ്ചാത്തലം ചിലര്‍ പരാമര്‍ശിച്ചു,  ഇവര്‍ക്കിത് നടത്താന്‍ കഴിയില്ലെന്നും പ്രചാരണം നടത്തി. അതിന് കഴിയുമെന്ന് തെളിയിക്കേണ്ട ഒരു ബാദ്ധ്യത കൂടി എനിക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള പലതരം വെല്ലുവിളികളും അതിജീവിച്ചു വേണ്ടിയിരുന്നു വാരിക പുറത്തിറക്കാന്‍. എന്നിലുള്ള വിശ്വാസം വ്യര്‍ത്ഥമാക്കരുതെന്ന് കരുതി ഞാന്‍ അതീവ ജാഗ്രത പുലര്‍ത്തിക്കൊണ്ടിരുന്നു. ചെന്നു കണ്ട പ്രമുഖരായ പലരുടേയും പിന്തുണ എനിക്ക് ആത്മവിശ്വാസം  നല്‍കുന്നതായിരുന്നു. ആദ്യലക്കത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ കവിത മുഖകവിതയായി കൊടുത്തു.  മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ കവിത പുറത്തു വന്നതും ഈ ലക്കത്തിലായിരുന്നു. അയ്യപ്പപ്പണിക്കരുടെ മുത്തി എന്ന കവിത, എന്‍.പി. മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, കെ.പി. വിജയന്‍ എന്നിവരുടെ ലേഖനങ്ങള്‍, പെരുമ്പടവം ശ്രീധരന്‍, കെ.ജെ. നളിനി എന്നിവരുടെ കഥകള്‍. അതിനു പുറമെ സിനിമ, നാടകവേദി, വനിതാവേദി, ബാലവേദി തുടങ്ങിയ പംക്തികള്‍. ശംഖിന്റെ വര്‍ണ്ണ കവര്‍ചിത്രം. അന്നത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍നിന്നും ഒട്ടും പിറകിലല്ലാത്ത സ്ഥാനത്തു നില്‍ക്കാന്‍ കഴിയുന്ന പ്രത്യേകത വാരികയ്ക്ക് ഉണ്ടെന്ന് സ്വയം വിളിച്ചു പറയുന്നുണ്ടായിരുന്നു. അച്ചടിച്ചു ബൈന്‍ഡ് ചെയ്ത ആദ്യ ലക്കം കയ്യില്‍ കിട്ടിയപ്പോള്‍ വിവരിക്കാന്‍ കഴിയാത്ത ഒരു വികാരത്തിന്  വിധേയനായി ഞാന്‍.  ഒരു പരിചയവുമില്ലാത്ത എനിക്കതു ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു എന്ന ബോധ്യം എനിക്കുണ്ടായി. ആ വാരികയില്‍ ഒരിടത്തും  എന്റെ ദൃശ്യസാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്റെ പേര് പോലും ഇല്ല. എന്നാല്‍ ഈ പ്രസിദ്ധീകരണത്തിന്റെ പിറവിക്ക് പിന്നില്‍ ഞാന്‍ പൂര്‍ണ്ണനായി ഉണ്ടല്ലോ എന്ന ബോധം എനിക്ക് ഏറെ ആത്മാഭിമാനം തരുന്ന ഒന്നായിരുന്നു. സാംസ്‌ക്കാരിക വാരിക തുടങ്ങുന്ന കാര്യം അറിയിച്ചുകൊണ്ട് പ്രമുഖരായ എല്ലാ എഴുത്തുകാര്‍ക്കും കത്തുകളയച്ചിരുന്നു.  അവരുടെയെല്ലാം പ്രോത്സാഹനജനകങ്ങളായ മറുപടികളാണ് ലഭിച്ചത്. വൈലോപ്പിള്ളി, അക്കിത്തം, എം. മുകുന്ദന്‍, എം.കെ. സാനു, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, പത്മരാജന്‍, ഉണ്ണികൃഷ്ണന്‍ പുതൂര്‍, എം.പി. നാരായണപിള്ള, എം. ഗോവിന്ദന്‍, വി.ടി. കുമാരന്‍, വി.പി. ശിവകുമാര്‍, യു.എ. ഖാദര്‍ തുടങ്ങിയവരുടെ  കത്തുകള്‍ വാരികയില്‍ ചേര്‍ക്കുകയും ചെയ്തു. വാരിക അച്ചടിച്ചു കയ്യില്‍ കിട്ടിയിട്ടും  എന്റെ സങ്കല്പത്തിലുള്ള ഒരു പ്രസിദ്ധീകരണമായി അത് മാറിയില്ല എന്നൊരു തോന്നല്‍ എനിക്കുണ്ടായി. ഇനിയും ഏറെ നന്നാക്കാനുണ്ട്. എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ് അടക്കം എല്ലാവരും പൂര്‍ണ്ണതൃപ്തരായിരുന്നു. അത്തരത്തില്‍ എല്ലാ എഴുത്തുകാരേയും  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ ഒരു സാംസ്‌ക്കാരിക വാരിക പാര്‍ട്ടി ആവശ്യപ്പെട്ട് പുറത്തിറക്കിയതില്‍ അവര്‍ അഭിമാനം കൊണ്ടു.

മഹാകവി ജി. ശങ്കരക്കുറുപ്പ്  വാരികയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.  ''ഇന്നലെകള്‍ നല്‍കിയ അനുഭവങ്ങളുടെ വേവും ചൂടും സഹിച്ചു ഇന്നിന്റെ ലോകത്ത് ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ചു നല്ല നാളെകള്‍ക്ക് ജന്മം നല്‍കുന്നതാണ് സാഹിത്യകാരനും രാഷ്ട്രീയക്കാരനും യഥാര്‍ത്ഥത്തില്‍ ചെയ്യാനുള്ളതെന്ന്  അദ്ദേഹം പറഞ്ഞു. രാഷ്ട്രം ഇന്ന് ജനജീവിതത്തിന് നവചൈതന്യം പകരുന്ന അസാധാരണമായൊരു ധീരകൃത്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.''

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തെയാണ്  അദ്ദേഹം ഉദ്ദേശിച്ചതെന്നും  മനസ്സിലായി. അടിയന്തരാവസ്ഥയെക്കുറിച്ചു ആദ്യനാളുകളിലുണ്ടായിരുന്ന സങ്കല്പം തന്നെയാണ് അദ്ദേഹം പങ്കുവെച്ചത്. അനര്‍ഗ്ഗളമായ ഒരു മധുരപ്രവാഹമായിരുന്നു ജിയുടെ പ്രസംഗം.  വാരികയുടെ പുറംചട്ടയില്‍ അച്ചടിച്ച ശംഖിന്റെ ചിത്രത്തെ  ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു:
''ഇത് മുഴക്കുന്ന ശംഖൊലി ജനാധിപത്യസംസ്‌ക്കാരത്തിന് ഊര്‍ജ്ജം പകരുന്നതാകട്ടെ.'' ചടങ്ങ് ഭംഗിയായി സമാപിച്ചിട്ടും എന്റെ മനസ്സില്‍ ചെറിയൊരു വിങ്ങല്‍ ബാക്കിയായിരുന്നു. വാരിക ഇനിയും ഏറെ നന്നാകാനുണ്ട് എന്നുള്ള തോന്നല്‍ തന്നെ കാരണം. അത് എങ്ങനെയാണ് സാദ്ധ്യമാവുക. പുതിയ കാലത്തോട് കൃത്യമായി പ്രതികരിക്കുന്നതായിരിക്കണം വാരിക. അതിന് എന്താണ് വഴി? ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു. 

(തുടരും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?