പുതിയകാലത്തെ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളില്‍നിന്നു പഴയകാലത്തുള്ളവരെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പഴയകാലത്തുള്ളവര്‍ നിര്‍ലോഭം കത്തുകള്‍ എഴുതിയിരുന്നു എന്നുള്ളതാണ്. ഇന്നാകട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ദേശീയ നേതാക്കളെല്ലാം അവര്‍ക്കു പറയാനുള്ളത് ലോകത്തെ അറിയിക്കാന്‍ ഉപയോഗിക്കുന്നത് ട്വിറ്റര്‍ എന്ന സാമൂഹ്യമാധ്യമമാണ്. ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കും പരിമിതിയും നിയന്ത്രണവുമുള്ള ഈ മാധ്യമത്തില്‍ പരമാവധി ശ്രദ്ധയോടേയും നിബന്ധനകള്‍ പാലിച്ചും മാത്രമേ പ്രധാനമന്ത്രിയായാലും സാധാരണ പൗരനായാലും പറയാനുള്ളത് പറയാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ ആത്മശൂന്യമായ വിവരക്കൈമാറ്റത്തിനപ്പുറം ഒന്നും ട്വിറ്ററില്‍നിന്നു പ്രതീക്ഷിക്കേണ്ടതില്ല.
അതേസമയം മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സി. രാജഗോപാലാചാരി തുടങ്ങിയ ആദ്യകാല നേതാക്കളോ? അവര്‍ പരസ്പരം ദീര്‍ഘമായ കത്തുകള്‍ എഴുതി. ക്ഷേമാന്വേഷണങ്ങള്‍ക്കുള്ള എഴുത്തുകള്‍ മാത്രമായിരുന്നില്ല അവ. വ്യക്തിബന്ധങ്ങള്‍ക്കപ്പുറം വ്യാപിക്കുന്ന, ചരിത്രപരമായ പ്രസക്തിയുള്ള രേഖകള്‍ കൂടിയായിരുന്നു. ആ കാലത്തിന്റെ ചിന്തകളിലേയ്ക്കും രാഷ്ട്രീയ സങ്കല്പങ്ങളിലേയ്ക്കുമുള്ള താക്കോല്‍പ്പഴുതുകള്‍, ഒരു സങ്കല്പമായി സ്വാതന്ത്ര്യം രൂപപ്പെട്ടതും യാഥാര്‍ത്ഥ്യമായി പരിണമിച്ചതും അടയാളപ്പെടുത്തിയ നാള്‍വഴികള്‍, സ്വാതന്ത്ര്യത്തിന്റെ മഹാപ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വളര്‍ന്നതിന്റെ സാക്ഷ്യപത്രങ്ങള്‍ എന്നെല്ലാം ആ കത്തുകളെ അവയുടെ സമഗ്രതയില്‍ വിശേഷിപ്പിക്കാം. ഈ വിഭാഗത്തില്‍, പുനര്‍വായനയില്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നതാണ് മഹാത്മാഗാന്ധിയുടെ കത്തുകള്‍. മോത്തിലാല്‍ നെഹ്‌റു, മുഹമ്മദലി ജിന്ന, രവീന്ദ്രനാഥ ടാഗോര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, അംബേദ്ക്കര്‍ തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി ഗാന്ധിക്കുള്ള വിമര്‍ശനാത്മകമായ സമീപനങ്ങളെപ്പറ്റിയും ഈ എഴുത്തുകള്‍ സംസാരിക്കുന്നുണ്ട്, ഇന്ത്യ ഇപ്പോള്‍ എത്തിനില്‍ക്കുന്ന രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അകപ്പെട്ടിരിക്കുന്ന നേതൃത്വ പ്രതിസന്ധിയില്‍, നേതാക്കള്‍ ഈ കത്തുകള്‍ വായിച്ചിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിച്ചുപോകും. അത്രയ്ക്ക് സുതാര്യവും മാനുഷികവും ജനാധിപത്യപരവുമാണ് ഗാന്ധിയുടെ എഴുത്തുകള്‍.
ഇന്നത്തെപ്പോലെ, കോണ്‍ഗ്രസ്സില്‍ അനൈക്യവും നേതൃത്വപ്രശ്‌നവും രൂക്ഷമാവുകയും ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വസ്ഥാനത്തേയ്ക്ക് വരണമെന്ന ചിന്തയും ശക്തമായപ്പോള്‍, 1927 ജൂണ്‍ 19-ന് മോത്തിലാല്‍ നെഹ്‌റുവിനു ഗാന്ധി എഴുതി:
പ്രിയപ്പെട്ട മോത്തിലാല്‍ജി,
കോണ്‍ഗ്രസ്സിനകത്ത് കാര്യങ്ങള്‍ രൂപപ്പെട്ടുവരുന്ന രീതി ജവഹര്‍ലാല്‍ ഭാരം ഏറ്റെടുക്കാന്‍ സമയമായില്ല എന്ന അഭിപ്രായം ശരിവെക്കുന്നു. പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്നതായി കാണുന്ന അരാജകത്വവും തെമ്മാടിത്തവും (hooliganism) സഹിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന ആത്മീയ നിലവാരമാണ് അയാള്‍ക്കുള്ളത്. ഈ കാലുഷ്യത്തിനിടയില്‍ കാര്യങ്ങള്‍ വ്യവസ്ഥയാക്കാനും ക്രമം സൃഷ്ടിക്കാനും അയാള്‍ക്ക് കഴിയും എന്നു പ്രതീക്ഷിക്കുന്നത് ക്രൂരതയാണ്. ഈ അരാജകത്വം ഉടന്‍ അവസാനിക്കുമെന്നും കര്‍ശനമായി അച്ചടക്കം നടപ്പാക്കുന്ന ഒരാള്‍ ആവശ്യമാണെന്ന് തെമ്മാടികള്‍ ആവശ്യപ്പെടുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
ജവഹര്‍ലാല്‍ അപ്പോള്‍ വന്നാല്‍ മതി. തല്‍ക്കാലം നമുക്ക് ഡോ. അന്‍സാരിയെ ചുമതലയേല്‍ക്കാന്‍ നിര്‍ബ്ബന്ധിക്കാം. തെമ്മാടികളെ നിയന്ത്രിക്കാന്‍ അയാള്‍ക്കു കഴിയില്ല. അയാള്‍ അവരെ അവരുടെ പാട്ടിനുവിടും. അതേസമയം ഹിന്ദു-മുസ്ലിം വിഷയത്തില്‍ അയാള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും. പരിഹാരമില്ലാത്ത ഈ വിഷയം പരിഹരിക്കാന്‍ അയാള്‍ക്ക് ഈ സമയം വേണ്ടത്രയാണ്.
ഗാന്ധിയുടെ മനസ്സിലിരിപ്പ് ഈ എഴുത്തില്‍ വ്യക്തമാണ്. കോണ്‍ഗ്രസ്സിനെ മാത്രമല്ല, രാജ്യത്തെത്തന്നെ വിഭാഗീയതയിലേയ്ക്കും പിളര്‍പ്പിലേക്കും നയിക്കാന്‍ സാധ്യതയുള്ള ഹിന്ദു-മുസ്ലിം പ്രശ്‌നം പരിഹരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനു കഴിയില്ല. അതേസമയം, ജവഹര്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനായി വരികയും വേണം. ആ വഴിയൊരുക്കാന്‍ അന്‍സാരിക്കേ കഴിയൂ. അന്‍സാരി പാതയൊരുക്കിയാല്‍ ജവഹര്‍ നയിച്ചുകൊള്ളും. അതുവരെ, ഉന്നതമായ ആത്മീയനിലവാരമുള്ള ജവഹര്‍ കാത്തിരുന്നേ പറ്റൂ.
തന്റെ മുതുമുത്തശ്ശന് മാഹാത്മാഗാന്ധി, തൊണ്ണൂറ് വര്‍ഷം മുന്‍പ് എഴുതിയ ഈ കത്ത് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗങ്ങള്‍ വായിച്ചിട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധി വായിച്ചിട്ടുണ്ട്. എന്നുവേണം, അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള ഒഴിഞ്ഞുമാറലും അധികാരത്തോടുള്ള അനാസക്തിയും കാണുമ്പോള്‍ മനസ്സിലാക്കാന്‍.
ജവഹര്‍ലാലിനോടുള്ള സ്‌നേഹവും വാത്സല്യവും അഭിപ്രായ വ്യത്യാസം നിശിതമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നതില്‍നിന്ന് ഗാന്ധിയെ പിന്‍തിരിപ്പിക്കുന്നില്ല. പുതിയകാല നേതാക്കള്‍ വായിക്കേണ്ടതാണ്. 1945, ഒക്ടോബര്‍ അഞ്ചിന് ഗാന്ധി നെഹ്‌റുവിനു അയച്ച കത്ത്. ഗാന്ധി എഴുതി:
ചിരഞ്ജീവി ജവഹര്‍ലാല്‍,
ഏറെ നാളായി താങ്കള്‍ക്ക് എഴുതണമെന്നു വിചാരിക്കുന്നു. പക്ഷേ, ഇന്നേ അതിനു കഴിഞ്ഞുള്ളൂ. ഹിന്ദുസ്ഥാനിയില്‍ എഴുതണോ അതോ ഇംഗ്ലീഷില്‍ വേണോ എന്നു ഞാന്‍ സംശയിക്കുകയായിരുന്നു. ഒടുവില്‍, ഹിന്ദുസ്ഥാനിയില്‍ത്തന്നെ എഴുതാന്‍ ഞാന്‍ തീരുമാനിച്ചു.
നമ്മള്‍ക്കിടയിലുണ്ടായ നിശിതമായ അഭിപ്രായ വ്യത്യാസം തന്നെ ആദ്യം പരിഗണിക്കട്ടെ. അങ്ങനെയൊരു അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍, ജനങ്ങള്‍ അത് അറിയണം. അത് ഇരുട്ടിലായിപ്പോയാല്‍ സ്വരാജിനുവേണ്ടിയുള്ള നമ്മുടെ ശ്രമങ്ങളായിരിക്കും തകരുക. ഹിന്ദുസ്വരാജില്‍ ഞാന്‍ വിശദീകരിച്ചിട്ടുള്ളതരം ഭരണസംവിധാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അതു വാക്കില്‍ മാത്രമല്ല. 1909-ല്‍ ഞാന്‍ എഴുതിയത് സത്യമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അങ്ങനെ വിശ്വസിക്കുന്ന ഒരേയൊരാള്‍ ഞാനായാലും എനിക്കു ഖേദമില്ല. കാരണം, എനിക്കു അനുഭവപ്പെട്ട രീതിയിലെ സത്യം എന്തെന്ന് എനിക്കു സാക്ഷ്യപ്പെടുത്താന്‍ കഴിയൂ...
ആദര്‍ശഗ്രാമം, ഗ്രാമസ്വരാജ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയോട് സ്വീകരിക്കേണ്ട സമീപനം, പുരോഗതിയെപ്പറ്റിയുള്ള വീക്ഷണം, കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയെപ്പറ്റി നിരീക്ഷണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ദീര്‍ഘമായി എഴുതിയ ശേഷം ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെ:
125 വര്‍ഷം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഞാനൊരു വൃദ്ധനായി മാറിയിരിക്കുന്നു. താങ്കളോ താരതമ്യേന ചെറുപ്പവും. അതുകൊണ്ടാണ് താങ്കളാണ് എന്റെ പിന്‍തുടര്‍ച്ചാവകാശി എന്നു ഞാന്‍ പറഞ്ഞത്. അതുകൊണ്ട്, എന്റെ പിന്‍തുടര്‍ച്ചാവകാശിയെ ഞാനും എന്നെ എന്റെ പിന്‍തുടര്‍ച്ചാവകാശിയും അറിയുക എന്നത് ഉചിതമായ കാര്യമാണ്. അപ്പോള്‍ എനിക്കു സമാധാനം ലഭിക്കും... ഈവക കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കേണ്ടതുണ്ടെങ്കില്‍ നമുക്കു കാണാന്‍ സമയം കണ്ടെത്താം. താങ്കള്‍ വളരെ കഠിനമായി ജോലി ചെയ്യുന്നു. താങ്കളുടെ ആരോഗ്യം നന്നായിരിക്കുന്നുവെന്നും ഇന്ദു (ഇന്ദിരാ ഗാന്ധി) സുഖമായിരിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു.
അനുഗ്രഹത്തോടെ
ബാപ്പു.
വസ്തുതകള്‍ തുറന്നെഴുതാന്‍ ഗാന്ധിക്ക് സ്വന്തം പക്ഷക്കാരനെന്നോ എതിര്‍ പക്ഷക്കാരനെന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല. അതിനു ഉദാഹരണമാണ് പാകിസ്താന്‍ വാദം ഉന്നയിച്ചുകൊണ്ട് മുഹമ്മദലി ജിന്ന ലഖ്നോവില്‍ നടത്തിയ പ്രസംഗത്തിനു മറുപടിയായി 1937 ഒക്ടോബര്‍ 19-ന് എഴുതിയ കത്ത്:
പ്രിയ സുഹൃത്തേ,
താങ്കള്‍ ലഖ്നോവില്‍ നടത്തിയ പ്രസംഗം ഞാന്‍ സശ്രദ്ധം വായിച്ചു. എന്റെ നിലപാടുകളെ തെറ്റിദ്ധരിച്ചതില്‍ എനിക്ക് അഗാധമായ ഖേദമുണ്ട്; താങ്കള്‍ എനിക്കയച്ച ഒരു സ്വകാര്യ സന്ദേശത്തിനുള്ള പ്രതികരണമായിരുന്നു ഞാന്‍ നേരത്തെ എഴുതിയ കത്ത്. എന്റെ ആഴത്തിലുള്ള വികാരങ്ങളുടെ പ്രകാശനമായിരുന്നു അത്. തികച്ചും വ്യക്തിപരമായ ഒരു കത്ത്. അതു പരസ്യമാക്കുക ശരിയോ? തീര്‍ച്ചയായും, താങ്കളുടെ പ്രസംഗം ഒരു പരസ്യമായ യുദ്ധ പ്രഖ്യാപനമായാണ് അതു വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. ഹിന്ദുവിനേയും മുസ്ലിമിനേയും ബന്ധിപ്പിക്കുന്ന ഒരു പാലമായി താങ്കള്‍ എന്നെ പരിഗണിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. താങ്കള്‍ക്ക് പാലം വേണ്ടെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ദുഃഖമുണ്ട്, ഒരു സമാധാനകാംക്ഷിയായിപ്പോലും താങ്കള്‍ എന്നെ കാണുന്നില്ല. ഇതു പ്രസിദ്ധീകരണത്തിനല്ല. താങ്കള്‍ക്ക് മറിച്ചുതോന്നുകയാണെങ്കില്‍ അങ്ങനെ ചെയ്യാം. വേദനിക്കുന്ന ഒരു ഹൃദയം ഉത്തമവിശ്വാസത്തില്‍ എഴുതുന്നതാണ് ഇത്.
ആത്മാര്‍ത്ഥതയോടെ
എം.കെ. ഗാന്ധി.
മുഹമ്മദലി ജിന്നയോടു മാത്രമല്ല, സുഭാഷ് ചന്ദ്രബോസിനോടും കണിശമായിരുന്നു ഗാന്ധിയുടെ നിലപാട്. സുഭാഷ് ചന്ദ്രബോസിനെഴുതിയ കത്തുകളിലും ഗാന്ധിയുടെ ഈ വ്യക്തിത്വം തെളിഞ്ഞു കാണാം. 1930 ജനുവരി 30-ന് ബോസിന് ഗാന്ധി എഴുതി:
പ്രിയ സുഭാഷ് ബാബു,
താങ്കള്‍ കൂടുതല്‍, കൂടുതല്‍ പ്രഹേളികയായിക്കൊണ്ടിരിക്കുകയാണ് എന്റെ കാഴ്ചപ്പാടില്‍. താങ്കളെപ്പറ്റി ദേശബന്ധു എന്നോടു പറഞ്ഞതനുസരിച്ച് താങ്കള്‍ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. താങ്കള്‍ ബുദ്ധമാനും ദൃഢനിശ്ചയമുള്ളവനും ഉദ്ദേശ്യശുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവനുമായ ഒരു യുവാവാണ് എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പക്ഷേ, കല്‍ക്കത്തയിലെ താങ്കളുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു. എങ്കിലും ആ അപരിചിതത്വത്തോട് ഞാന്‍ പൊരുത്തപ്പെട്ടു. പക്ഷേ, ലാഹോറില്‍ താങ്കളുടെ രീതികള്‍ എനിക്കു ദുര്‍ഗ്രാഹ്യമാണ്. അതില്‍ കുറച്ച് അസൂയ നിറഞ്ഞിരുന്നില്ലേ എന്നും ഞാന്‍ സംശയിക്കുന്നു. ഉറച്ച എതിര്‍പ്പുകള്‍ എനിക്കു വിഷയമല്ല. അതാണ് എന്നെ വളര്‍ത്തുന്നത്, സുഹൃത്തുക്കളില്‍നിന്ന് എന്നതിനേക്കാള്‍ എതിരാളികളില്‍നിന്നാണ് ഞാന്‍ പഠിക്കുന്നത്. അതുകൊണ്ട്, ബുദ്ധിപൂര്‍വ്വവും ആത്മാര്‍ത്ഥവുമായ എതിര്‍പ്പുകളെ ഞാന്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. പക്ഷേ, ലാഹോറില്‍ താങ്കള്‍ ഒരു തടസ്സവാദിയായിരുന്നു...
ആത്മാര്‍ത്ഥതയോടെ.
മോഹന്‍ദാസ് ഗാന്ധി, മോഹന്‍ദാസ്, എം.കെ. ഗാന്ധി, ബാപ്പു എന്ന് എഴുതി ഒപ്പിട്ടിട്ടാണ് ഗാന്ധിജി എല്ലാ കത്തുകളും അവസാനിപ്പിക്കാറുണ്ടായിരുന്നത്. വ്യക്തികളോടുള്ള അടുപ്പത്തിനനുസരിച്ചായിരുന്നു ഈ പേരുമാറ്റങ്ങള്‍. പക്ഷേ, സുഭാഷ് ചന്ദ്രബോസിനുള്ള ഈ കത്തില്‍ മാത്രം ഒന്നും എഴുതിയിട്ടില്ല. വാര്‍ദ്ധ ആശ്രമത്തില്‍ വെച്ചാണ് എഴുതിയത് എന്നുമാത്രം കാണാം.
സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, രൂപപ്പെട്ടുവരുന്ന ആശയങ്ങള്‍, അവയ്ക്കു പരിഹാരം തേടിയുള്ള അന്വേഷണങ്ങള്‍, ആ അന്വേഷണങ്ങളില്‍ വന്നുചേരുന്ന സംശയങ്ങള്‍ ഇവയെല്ലാം മഹാന്മാരായ ജനനേതാക്കള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്റെ രേഖകളാണ് അവര്‍ പരസ്പരം എഴുതിയ കത്തുകള്‍. പകല്‍വെളിച്ചത്തിന്റെ സുതാര്യതയുണ്ട് അവരുടെ ചിന്തകള്‍ക്കും സമീപനത്തിനും. വര്‍ത്തമാന രാഷ്ട്രീയരംഗത്ത് നഷ്ടമായതും ഈ പകല്‍വെളിച്ചമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates