വേനലും മഞ്ഞും ഇഴപിണഞ്ഞതായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്ര ജീവിതം. കാല്‍പ്പനികതയും യാഥാര്‍ത്ഥ്യവും ഒരുപോലെ ആവിഷ്‌കരിച്ചു. കാലത്തെ കലാത്മകമായി അഭിമുഖീകരിച്ചു. ചരിത്രത്തിലും സമൂഹത്തിലും ജീവിതത്തിലും ഊന്നിനിന്നുകൊണ്ടാണ് ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചത്. കാലത്തിന്റെ ഗതിക്രമങ്ങള്‍ തിരിച്ചറിഞ്ഞും ചരിത്രത്തിന്റെ സവിശേഷ സാന്നിധ്യം പുനഃസൃഷ്ടിച്ചും ജീവിത സംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തിയുമാണ് ചലച്ചിത്രലോകം നിര്‍മ്മിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ എന്നും ചരിത്രത്തോടൊപ്പം നടക്കാനാണ് ആഗ്രഹിച്ചത്. കലയിലും രാഷ്ട്രീയത്തിലും അതു സാക്ഷാല്‍ക്കരിക്കുകയും ചെയ്തു.
എഴുപതുകളിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ പൊതുജീവിതം ആരംഭിക്കുന്നത്. വലതുപക്ഷ അധികാര സ്ഥാപനങ്ങളുടെ തണലില്‍ വളര്‍ന്നുവന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ തീക്ഷ്ണമായി നേരിട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ കെട്ടിപ്പടുക്കുക എന്ന വലിയ രാഷ്ട്രീയദൗത്യമാണ് ലെനിനും സഖാക്കളും നിര്‍വ്വഹിച്ചത്. സാമ്പത്തികം ഉള്‍പ്പെടെയുള്ള നിരവധി പരിമിതികള്‍ അന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനം നേരിടുന്നുണ്ടായിരുന്നു. രാഷ്ട്രീയമായ പല പ്രതിസന്ധികളും ഉണ്ടായിരുന്നു. സി. ഭാസ്‌കരന്‍, ജി. ശക്തിധരന്‍ തുടങ്ങിയ നിരവധി സഖാക്കളോടൊപ്പം തോള്‍ചേര്‍ന്നുനിന്നാണ് ലെനിന്‍ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും ലെനിന്‍ ഉണ്ടായിരുന്നു. വിശപ്പിന്റെ ഊര്‍ജ്ജത്തില്‍ രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുകയും പകല്‍ സമയങ്ങളില്‍ സര്‍ഗ്ഗാത്മക പരിപാടികളുടെ സംഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളേജിലേക്ക് എഴുത്തുകാരുടേയും കലാകാരന്മാരുടേയും വലിയ നിരകളെ ആനയിച്ചത് ലെനിനും സഖാക്കളുമായിരുന്നു. കേരളത്തിലെ കലാലയങ്ങളില്‍ സര്‍ഗ്ഗാത്മകതയുടെ വസന്തം പടര്‍ന്നു തുടങ്ങുന്ന കാലമായിരുന്നു അത്. ആധുനികതയും ഇടതുപക്ഷ രാഷ്ട്രീയവും പരസ്പരം അഭിമുഖീകരിക്കുന്ന വലിയ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചത് കേരളത്തിലെ കാമ്പസുകളില്‍ നിന്നായിരുന്നു. ലെനിന്‍ രാജേന്ദ്രനും സഖാക്കളും അത്തരം സാംസ്‌കാരിക ദൗത്യം നിര്‍വ്വഹിക്കാന്‍ ശ്രമിച്ചിരുന്നു. തികഞ്ഞ വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തകരായിത്തന്നെ ലെനിന്‍ അക്കാലത്ത് കാമ്പസില്‍ ജീവിച്ചു. അക്കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ ലെനിന്റെ സമകാലികനായിരുന്ന സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ എന്നോട് പറഞ്ഞു, അന്നത്തെ ലെനിനെ കണ്ടാല്‍ ഒരു ചലച്ചിത്രകാരനായി മാറുമെന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. രാഷ്ട്രീയം തന്നെയായിരുന്നു മുഖ്യം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലെനിന്‍ രാജേന്ദ്രന്‍ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് നല്‍കിയ പേര് 'ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക്' എന്നായിരുന്നു. സത്യത്തില്‍ ആ ചുവന്ന കാലം ലെനിന്റെ കലാജീവിതത്തില്‍ എപ്പോഴും ഉണ്ടായിരുന്നു. അതിന്റെ ഊര്‍ജ്ജപ്രവാഹത്തിലൂടെയാണ് അന്ത്യം വരെ സഞ്ചരിച്ചതും.
ലെനിന് ചലച്ചിത്ര ജീവിതം തുടങ്ങുന്നത് പി.എ. ബക്കറിന്റെ സൗഹൃദ സദസ്സില്‍നിന്നായിരുന്നു. 'കബനീ നദി ചുവന്നപ്പോള്‍' എന്ന ചരിത്രപ്രധാന ചലച്ചിത്രം സൃഷ്ടിച്ച ബക്കര്‍, ഇടതുപക്ഷ ആശയങ്ങളുള്ള ചലച്ചിത്ര സ്‌നേഹികളുടെ സൗഹൃദകേന്ദ്രമായിരുന്നു. നവ സിനിമയുടെ ചക്രവാളങ്ങള്‍ പടരുമ്പോഴും രാഷ്ട്രീയ സിനിമയുടെ ഒറ്റപ്പെട്ട തുരുത്തുകള്‍ സൃഷ്ടിച്ചത് ബക്കറാണ്. അടിയന്തരാവസ്ഥക്കാലത്ത് കബനീനദിപോലൊരു ചിത്രം സൃഷ്ടിക്കുക എന്ന വിപ്ലവകരമായ ദൗത്യമാണ് ബക്കര്‍ നിര്‍വ്വഹിച്ചത്. അതുകൊണ്ട് സ്വാഭാവികമായും കാമ്പസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള യുവാക്കള്‍ക്ക് ബക്കര്‍ പ്രിയങ്കരനായി മാറി. ബക്കര്‍ തുടര്‍ന്ന് എടുത്ത ചിത്രങ്ങള്‍ രാഷ്ട്രീയ ആശയങ്ങള്‍ അടങ്ങിയതായിരുന്നു.
'കബനീ നദി'യുടെ തിരക്കഥ പുസ്തകമാക്കാന്‍ വേണ്ടിയുള്ള ആലോചനകള്‍ക്കുവേണ്ടിയാണ് ലെനിനും സുഹൃത്തുക്കളും ബക്കറെ സമീപിക്കുന്നത്. ഒരു പ്രസിദ്ധീകരണശാല ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ഒടുവില്‍ പ്രസാധന ചര്‍ച്ചകള്‍ ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിച്ചേര്‍ന്നു. 'ഉണര്‍ത്തു പാട്ട്' എന്ന ബക്കറിന്റെ ചലച്ചിത്രം രൂപപ്പെടുന്നത് അങ്ങനെയാണ്. ബക്കറും ലെനിന്‍ രാജേന്ദ്രനും കൂടിയാണ് എം. സുകുമാരന്റെ അടുത്തുനിന്ന് ആദിമധ്യാന്തം എന്ന കഥ കേള്‍ക്കുന്നതും ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുന്നതും. അന്നു തുടങ്ങിയ സൗഹൃദം ദീര്‍ഘകാലം നീണ്ടു. ബക്കറിന്റെ അടുത്ത ചിത്രങ്ങളിലും ലെനിന്‍ വിവിധ തരത്തില്‍ പങ്കാളിയായി. തികച്ചും വാണിജ്യവല്‍ക്കരിക്കപ്പെട്ട മലയാള ചലച്ചിത്രലോകത്ത് സാമൂഹിക മൂല്യങ്ങളും രാഷ്ട്രീയ പ്രതിബദ്ധതയും സൂക്ഷിച്ച ചലച്ചിത്രകാരനായിരുന്നു ബക്കര്‍. ബക്കറിന്റെ ആ പാരമ്പര്യം വിവിധ തലങ്ങളിലൂടെ ലെനിന്‍ രാജേന്ദ്രന്‍ തുടര്‍ന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ നൈതികതയുടെ പ്രകാശം പേറിയവരാണ് രണ്ടുപേരും. ബക്കര്‍ തുടങ്ങിവെച്ച കലയിലെ നവോത്ഥാന പ്രക്രിയകളെ സവിശേഷമായി പിന്തുടര്‍ന്നത് ലെനിന്‍ രാജേന്ദ്രനാണ്. അതുകൊണ്ടാണ് ബക്കറുമായി എന്നും ലെനിന്‍ രാജേന്ദ്രനെ ചേര്‍ത്തുവെയ്ക്കുന്നത്.
രാഷ്ട്രീയവുമായി കാമ്പസില്‍നിന്ന് പുറത്തുവന്ന ലെനിന്‍ സിനിമയുമായി ആദ്യം കടന്നുചെന്നതും കാമ്പസിലേക്കാണ്. എണ്‍പതുകളിലെ കാമ്പസുകളെ ഹരംപിടിപ്പിച്ച രണ്ട് ചിത്രങ്ങള്‍ ലെനിന്‍ സംവിധാനം ചെയ്തു. 'വേനല്‍' (1981), 'ചില്ല്' (1982) എന്നീ ചിത്രങ്ങള്‍ മലയാളി യുവതയെ ഏറെ സ്വാധീനിച്ചു. 'ആര്‍ട്ട് ഹൗസ്' സിനിമകള്‍ക്കും വാണിജ്യ സിനിമകള്‍ക്കുമിടയിലെ ഹരിതതീരമായിരുന്നു ലെനിന്റെ ആ സിനിമകള്‍. പ്രണയത്തിലും യൗവ്വന ബന്ധങ്ങള്‍ക്കും പുതിയ ആവിഷ്‌കാരം നല്‍കാനാണ് ലെനിന്‍ ശ്രമിച്ചത്. കവിതയും കലയും പ്രണയവും തമ്മില്‍ കൂടിക്കലര്‍ന്ന ഒരു ജീവിതവസന്തമായിരുന്നു അന്ന് കാമ്പസില്‍ നിറഞ്ഞുനിന്നത്. അതിന് വര്‍ണ്ണവും ഗന്ധവും താളവും നല്‍കിയത് ലെനിന്‍ രാജേന്ദ്രന്റെ സിനിമകളാണ്. ലെനിന്‍ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ച അയ്യപ്പപ്പണിക്കരുടെ 'പകലുകള്‍ രാത്രികള്‍' എന്ന കവിതയുടെ ഭാഗങ്ങള്‍ കാമ്പസിന്റെ മുദ്രാഗാനമായി മാറി. പ്രണയിനികളും വിരഹികളും ഒരുപോലെ ആ ഗാനം പാടിനടന്നു. ഒരു ആധുനിക കവിത ഇത്രമാത്രം പ്രചാരത്തിലാവുന്നത് ലെനിന്റെ ദൃശ്യവിദ്യാഭ്യാസത്തിലൂടെയായിരുന്നു. ഒ.എന്‍.വി. കുറുപ്പിന്റെ 'ഒരുവട്ടം കൂടിയെന്‍' എന്ന കവിതയും മലയാളിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനമായിത്തീര്‍ന്നു. ലെനിന്റെ സിനിമകള്‍ എല്ലാ കാലത്തും മലയാള കവിതയുമായി ചേര്‍ന്നുതന്നെയാണ് സഞ്ചരിച്ചത്. ഒ.എന്‍.വി., അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി, ഒ.വി. ഉഷ, റോസ്മേരി, വി. മധുസൂദനന്‍ നായര്‍ തുടങ്ങിയവരുടെ കവിതകള്‍ ലെനിന്റെ ചലച്ചിത്രലോകത്തിന്റെ തന്നെ മുദ്രകളായി മാറി. ചില്ലിലും വേനലിലും തുടങ്ങിയ പ്രണയ തീക്ഷ്ണത തുടര്‍ന്നുവന്ന ചലച്ചിത്രങ്ങളിലും വ്യത്യസ്ത തലങ്ങളിലൂടെ ആവിഷ്‌കരിച്ചു.
സ്വാതി തിരുന്നാളിലും മഴയിലും മകരമഞ്ഞിലും കുലത്തിലുമെല്ലാം അതിന്റെ വ്യത്യസ്ത അനുരണനങ്ങള്‍ കാണാം. ജീവിതത്തിനുള്ളിലെ സൂക്ഷ്മമായ കാല്‍പ്പനികധാര അതിന്റെ തീക്ഷ്ണതയോടെ തന്നെ ലെനിന്‍ ആവിഷ്‌കരിച്ചു. അതിഭാവുകത്വത്തിലേയ്ക്ക് പടരുന്ന കാല്‍പ്പനികതയല്ല, യാഥാര്‍ത്ഥ്യത്തിന്റെ ജീവിതസന്ധികളില്‍നിന്ന് പൂക്കാത്ത കാല്‍പ്പനികതയാണ് ലെനിന്‍ സൃഷ്ടിച്ചത്. അതുകൊണ്ടാണ് ചില്ലും വേനലും മഴയുമൊക്കെ ഇന്നും കാഴ്ചയിലെ ആഹ്ലാദങ്ങളാവുന്നത്.
ചരിത്രം ലെനിന്റെ പ്രചോദനസ്ഥലിയായിരുന്നു. രാഷ്ട്രീയത്തില്‍നിന്നും കലയിലേക്കു വരുന്ന ഒരാള്‍ക്ക് ചരിത്രം എന്നും പ്രകാശവും പ്രേരണയുമായിരിക്കും. ചരിത്രവും ചരിത്രത്തിനുള്ളിലെ മനുഷ്യരേയും സര്‍ഗ്ഗാത്മകമായി പുനഃസൃഷ്ടിക്കുകയാണ് ചെയ്തത്. ചരിത്രത്തിനുള്ളില്‍ കലാപകാരികളും പ്രതിഭാധനരുമായിരിക്കുമ്പോഴും അവര്‍ നേരിടുന്ന ഏകാന്തത, വിഹ്വലത, ഒറ്റപ്പെടലല്‍ എല്ലാം കണ്ടെത്താനായിരുന്നു ലെനിന്‍ ശ്രമിച്ചത്. രവിവര്‍മ്മ, സ്വാതി തിരുനാള്‍, കയ്യൂര്‍ സഖാക്കള്‍ തുടങ്ങി ഓരോരുത്തരേയും അവതരിപ്പിക്കുമ്പോള്‍, കലയ്ക്കും രാഷ്ട്രീയത്തിലുമുപരി അവരുടെ മനസ്സിന്റെ സൂക്ഷ്മ സംത്രാസങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. ഒരു ബയോപിക് ചെയ്യുമ്പോള്‍ നേരിടേണ്ട എല്ലാ സര്‍ഗ്ഗാത്മക പ്രതിസന്ധികളേയും അതിജീവിക്കാന്‍ ലെനിനു കഴിഞ്ഞു. സ്വാതിതിരുനാള്‍ എന്ന ചിത്രം അതിന്റെ സാക്ഷ്യമാണ്. സ്വാതി തിരുനാളിന്റെ ജീവിതം വ്യത്യസ്ത മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്തരം ജീവിതാഖ്യാനങ്ങളെ തിരസ്‌കരിക്കുകയും കലയും ജീവിതവും തമ്മിലുള്ള സംഘര്‍ഷത്തേയും പാരസ്പര്യത്തേയും സംഗീതംകൊണ്ട് വ്യാഖ്യാനിക്കുകയാണ് സ്വാതി തിരുനാളില്‍ ലെനിന്‍ ചെയ്തത്. ഒരു കലാകാരന്റെ ആത്മചോദനകളെ ദൃശ്യവല്‍ക്കരിക്കുകയായിരുന്നു. അധികാരം, രാജഭക്തി, സമ്പത്ത്, കുലം എന്നിവയ്ക്ക് അപ്പുറത്താണ് സ്വാതി തിരുനാള്‍ എന്ന് ലെനിന്‍ തെളിയിച്ചു.
മലയാളത്തിലെ ഏറ്റവും മികച്ച ബയോപിക്കുകളിലൊന്നാണ് സ്വാതി തിരുനാള്‍. ചിത്രമെഴുത്ത് രവിവര്‍മ്മയെ പുനഃസൃഷ്ടിച്ചത് മറ്റൊരു സമ്പ്രദായത്തിലൂടെയായിരുന്നു. മിത്തും ജീവിതവും ഇടകലര്‍ത്തിയാണ് 'മകരമഞ്ഞ്' സൃഷ്ടിച്ചത്. രവിവര്‍മ്മയുടെ മനസ്സിന്റെ അശാന്തതയും പുരൂരവസ്സിന്റെ കഥാഘടനയും ചേര്‍ന്നാണ് ചിത്രം സൃഷ്ടിച്ചത്. പൊതു പശ്ചാത്തലമുള്ള രണ്ട് ചരിത്രനായകരെ എങ്ങനെ വിഭിന്ന ആഖ്യാനതന്ത്രങ്ങളിലൂടെ ആവിഷ്‌കരിക്കാം എന്നതിന്റെ സാക്ഷ്യമാണ് സ്വാതി തിരുനാളും മകരമഞ്ഞും. ചരിത്രത്തെ ഇങ്ങനെ വ്യത്യസ്തമായി വ്യാഖ്യാനിക്കാന്‍ മലയാളത്തില്‍ അപൂര്‍വ്വം ചലച്ചിത്രകാരന്മാര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. ചരിത്രത്തെക്കുറിച്ച് വ്യക്തമായ അവബോധവും ചരിത്രവ്യക്തിത്വങ്ങളെക്കുറിച്ച് സൂക്ഷ്മമായ അറിവും ചലച്ചിത്രകലയെക്കുറിച്ചുള്ള ജാഗ്രതയുമാണ് ലെനിന്‍ രാജേന്ദ്രന്‍ എന്ന ചലച്ചിത്രകാരനെ വ്യത്യസ്തനാക്കുന്നത്. മാധവിക്കുട്ടിയെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നു. ചില സ്വകാര്യ സംഭാഷണങ്ങളിലൊക്കെ അത് പറഞ്ഞിട്ടുമുണ്ട്. ബാല്യകാല സ്മരണകളും നഷ്ടപ്പെട്ട നീലാംബരിയുമൊക്കെ മികച്ച ചലച്ചിത്ര സൃഷ്ടികളാക്കി മാറ്റിയ ലെനിന്‍ രാജേന്ദ്രന് മാധവിക്കുട്ടിയെക്കുറിച്ച് ഒരു സവിശേഷ ദൃശ്യാവിഷ്‌കാരം സാധ്യമായിരുന്നു. മനസ്സില്‍ അതിന് തയ്യാറെടുത്തിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിരുന്നു.
മൃണാള്‍സെന്നും ജോണ്‍ എബ്രഹാമും ഉപേക്ഷിച്ചിടത്തുനിന്നാണ് ലെനിന്റെ ചരിത്രാഖ്യാനങ്ങള്‍ ആരംഭിക്കുന്നത്. രണ്ട് ചലച്ചിത്ര പ്രതിഭകളും വ്യത്യസ്ത കാരണങ്ങളാല്‍ കയ്യൂര്‍ കയ്യൊഴിഞ്ഞപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ അതിനുള്ളില്‍ത്തന്നെ ജീവിച്ചു. വിശാലവും അഗാധവുമായ ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യം കേരളചരിത്രത്തില്‍ സൃഷ്ടിച്ച കയ്യൂര്‍ സമരം ചലച്ചിത്രമാക്കുക എന്നത് ലളിതമായ ഒരു ചലച്ചിത്ര പ്രക്രിയയല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച, രാഷ്ട്രീയ അതിജീവനം, വ്യക്തികളുടേയും കുടുംബങ്ങളുടേയും ജീവിതാവസ്ഥകള്‍, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അടങ്ങിയതാണ് കയ്യൂര്‍ സമരം. അതിനുള്ളില്‍നിന്ന് ഒരു ചലച്ചിത്രം രൂപപ്പെടുത്തുക എന്നത് ക്ലേശകരമായ സര്‍ഗ്ഗാത്മക ദൗത്യമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഇച്ഛാശക്തി മനസ്സില്‍ സൂക്ഷിക്കുന്ന ലെനിന് ആ ദൗത്യം സഫലമാക്കാന്‍ കഴിഞ്ഞു. 'മീനമാസത്തിലെ സൂര്യന്‍' എന്ന ചിത്രം നിരവധി പ്രതിസന്ധികളിലൂടെ കടന്നാണ് ജനങ്ങളുടെ മുന്‍പിലേക്ക് എത്തിയത്. സാമ്പത്തികമായ ക്ലേശങ്ങള്‍, അഭിനേതാക്കളുടെ അഭാവം തുടങ്ങി അനേകം കാര്യങ്ങള്‍ ആ ചലച്ചിത്ര നിര്‍മ്മിതിയില്‍ നേരിടേണ്ടിവന്നു. ലെനിന്‍ രാജേന്ദ്രന്‍ എന്ന ചലച്ചിത്രകാരന്റെ കലാജീവിതത്തിന് മറ്റൊരു ദിശാബോധം നല്‍കിയ ചലച്ചിത്രമാണ് 'മീനമാസത്തിലെ സൂര്യന്‍.' ഇത്തരം ചരിത്രസന്ധികളെ ആവിഷ്‌കരിക്കാന്‍ ലെനിന്‍ പിന്നീടും ആലോചിച്ചിരുന്നു എന്നറിയാം.
സമകാലിക സാമൂഹിക രാഷ്ട്രീയാവസ്ഥകളോടും ലെനിന്‍ പ്രതികരിച്ചിരുന്നു. 'വചനം' (1989) എന്ന ചിത്രം കാലത്തിനു മുന്‍പേ പിറന്ന ചിത്രമാണ്. ആള്‍ദൈവങ്ങളും കപട ആത്മീയതയും കേരളീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാലത്താണ് വചനം പുറത്തുവരുന്നത്. കേരളീയ സമൂഹത്തിലെ വരാനിരിക്കുന്ന സാംസ്‌കാരിക ആത്മീയ ജീര്‍ണ്ണതയെയാണ് ലെനിന്‍ പ്രവചിച്ചത്. സാമൂഹികമായ നിരവധി മാനങ്ങളുള്ള ഒരു ചലച്ചിത്രമാണത്. അന്യര്‍ (2003) കുറേക്കൂടി സമകാലികമാണ്. ജീര്‍ണ്ണതയുടെ രാഷ്ട്രീയവും സംസ്‌കാരവും കേരളീയ സമൂഹത്തില്‍ അഗാധമായി സ്വാധീനം ചെലുത്തിക്കഴിഞ്ഞശേഷമുള്ള അവസ്ഥകളാണ് അവതരിപ്പിച്ചത്. ഇങ്ങനെ ഓരോ കാലത്തേയും ഓരോ ചലച്ചിത്ര നിര്‍മ്മിതികളും കൃത്യമായ രാഷ്ട്രീയ അന്തര്‍ധാരകളിലൂടെയാണ് കടന്നുപോകുന്നതെന്നു കാണാം. ചുവന്ന കാലത്തിന്റെ ഓര്‍മ്മ ഓരോ ചിത്രങ്ങളുടെ നിര്‍മ്മിതിയിലും സൂക്ഷിച്ചു.
ലെനിന്‍ രാജേന്ദ്രന്‍ ചലച്ചിത്ര നിര്‍മ്മിതി ആരംഭിക്കുന്ന കാലത്ത് മലയാള സിനിമയില്‍ നിരവധി ധാരകള്‍ സജീവമായിരുന്നു. അടൂര്‍, അരവിന്ദന്‍ തുടങ്ങിയവര്‍ സൃഷ്ടിച്ച സമാന്തര ചലച്ചിത്രധാര അതിന്റെ ഉന്നതിയിലേക്ക് എത്തുന്ന കാലമായിരുന്നു അത്. ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് എന്നിവരുടെ മറ്റൊരു മധ്യവര്‍ത്തി ചലച്ചിത്ര സംസ്‌കാരം സജീവമായിരുന്നു. ഐ.വി. ശശി തുടങ്ങിയവര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കമ്പോള സിനിമയും ആഘോഷപൂര്‍വ്വം ഉണ്ടായിരുന്നു. ഇതിനിടയിലൂടെയാണ് ലെനിന്‍ സ്വന്തം ചലച്ചിത്രഭൂമിക സൃഷ്ടിച്ചത്. എണ്‍പതുകളില്‍ ഇത്തരമൊരു ചലച്ചിത്ര സംസ്‌കാരം തുടര്‍ന്നുകൊണ്ടു പോകുക എന്നത് ക്ലേശകരമായിരുന്നു. വമ്പിച്ച മൂലധനം, വിതരണം, സൂപ്പര്‍സ്റ്റാറുകളുടെ ആധിപത്യം, ജനപ്രിയത തുടങ്ങിയവയൊക്കെ സമര്‍ത്ഥമായി അതിജീവിക്കേണ്ടിയിരുന്നു. ലെനിന്‍ അതെല്ലാം സര്‍ഗ്ഗാത്മക ഇച്ഛാശക്തികൊണ്ടും കലാപ്രതിബദ്ധതകൊണ്ടും ആശയ സവിശേഷതകൊണ്ടും മറികടന്നു. വഴി മുറിഞ്ഞുപോകാവുന്ന ഒരു ചരിത്ര യാത്രയാണ് ലെനിന്‍ വിജയകരമാക്കിയത്.
]ലെനിന്‍ എന്നും എഴുത്തിനോടും വായനയോടും നിതാന്ത ജാഗ്രത പുലര്‍ത്തി. കാണുമ്പോഴൊക്കെയുള്ള ആദ്യം ചോദ്യം, ഇപ്പോള്‍ ഇറങ്ങിയ പുതിയ പുസ്തകം ഏതാ എന്നായിരിക്കും. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ലൈബ്രറിയിലെ കേരള ഗവേഷണപഠന വിഭാഗത്തിലെ നിത്യസന്ദര്‍ശകനായിരുന്നു ലെനിന്‍. അവിടെ ഉണ്ടായിരുന്ന വി. വേലപ്പന്‍ നായര്‍ എന്ന ലൈബ്രേറിയന്റെ മുന്‍പില്‍ മണിക്കൂറുകളോളം ഇരിക്കുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. സ്വാതി തിരുനാള്‍, പുരാവൃത്തം തുടങ്ങി ഓരോ സിനിമകളും രൂപം കൊണ്ടത്. ആ ലൈബ്രറിയുടെ ഉള്ളില്‍നിന്നായിരുന്നു. പി.കെ. ബാലകൃഷ്ണന്‍, ശ്രീവരാഹം ബാലകൃഷ്ണന്‍ തുടങ്ങിയവരുമായി നിത്യസമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ലെനിന്റെ വായനയേയും ചിന്തകളേയും വഴിതിരിച്ചു വിടുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. ലെനിന്‍ ജീവിതത്തില്‍ ഏറെ ആദരിച്ചിരുന്ന വ്യക്തികളിലൊരാള്‍ വേലപ്പന്‍ നായരായിരുന്നു.
'ഇടവപ്പാതി' എന്ന അവസാന ചിത്രം ഞാന്‍ കണ്ടത് ലെനിന്‍ രാജേന്ദ്രനോടൊപ്പമിരുന്നാണ്. ഒരു സ്വകാര്യ പ്രദര്‍ശനമായിരുന്നു അത്. സിനിമ കഴിഞ്ഞ് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. ആ ചലച്ചിത്ര നിര്‍മ്മിതിക്കിടയില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ പുതിയ സിനിമകളെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. എണ്‍പതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി തിരുവനന്തപുരത്ത് എത്തുന്ന കാലം മുതലുള്ള ബന്ധമാണ് ലെനിന്‍ രാജേന്ദ്രനുമായുള്ളത്, അത് വ്യത്യസ്ത തലങ്ങളിലൂടെ തുടര്‍ന്നു. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ചലച്ചിത്രമാക്കാത്തതിനെക്കുറിച്ച് സംസാരിച്ചതോര്‍ക്കുന്നു. പിന്നീടും നിരവധി സാഹിത്യകൃതികള്‍ ചലച്ചിത്രമാക്കുന്നതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. പുസ്തകത്തിന്റെ രണ്ടാംഭാഗം എഴുതാന്‍ തുടങ്ങുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞു. പക്ഷേ, ആരോഗ്യം അതിന് അനുവദിച്ചില്ല. മനസ്സില്‍ തുന്നിയിട്ട ഒരുപാട് ചലച്ചിത്ര രൂപങ്ങളുമായാണ് ലെനിന്‍ യാത്ര പറഞ്ഞത്. ലെനിന്‍ സഖാവും സുഹൃത്തും സഹയാത്രികനുമായിരുന്നു, എല്ലാവര്‍ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates