കൃഷി ഒരു സംസ്‌കാരമാണ്, ആദിമസംസ്‌കാരത്തിന്റെ തിരുശേഷിപ്പ്. സ്വാഭാവികമായും കര്‍ഷകര്‍ക്കു ചൂഷകരാവുക സാദ്ധ്യമല്ല, എളുപ്പം ചൂഷിതരാവുകയാണ്. കടമെടുക്കുന്ന കര്‍ഷകന്‍ കയറെടുക്കുന്നതും കടമെടുക്കുന്ന വ്യവസായി കടല്‍ കടക്കുന്നതും പലപ്പോഴായി നാം കാണുന്നതാണ്. നീണ്ട അനുഭവങ്ങളെ വാറ്റിയെടുത്ത, പഴകുന്തോറും വീര്യം കൂടുന്ന, ചിന്തകളെ തൊട്ടുണര്‍ത്തുന്ന, പഴമൊഴികള്‍ ഒരോ സംസ്‌കാരത്തിന്റേയും സൗന്ദര്യമാണ്. കേരളത്തിലെ കാര്‍ഷിക മേഖല നമുക്കു സമ്മാനിച്ചത് പഴഞ്ചൊല്ലുകളുടെ ഒരു ഖനി തന്നെയാണ്. ഒരു സംസ്‌കാരത്തിനു മാത്രം ഭാഷയ്ക്ക് സംഭാവന ചെയ്യാനാവുന്നതാണ് പഴമൊഴികള്‍. വിത്തുഗുണം പത്തുഗുണമെന്ന കര്‍ഷകരുടെ ആര്‍ജ്ജിതമായ അറിവിനു ജീനുകളാണ് സ്വഭാവം ഏറെയും നിര്‍ണ്ണയിക്കുന്നതെന്നു കണ്ടെത്തി ശാസ്ത്രം അടിവരയിടുന്നത് പിന്നീടാണ്. ചില സ്വഭാവങ്ങള്‍ മുളയിലേ നുള്ളേണ്ടതാണെന്ന തിരിച്ചറിവും നമുക്കു സമ്മാനിച്ചത് കര്‍ഷകരാണ്. പതിരില്ലാത്ത കതിരില്ല, കളയില്ലാത്ത വിളയില്ല എന്ന ചൊല്ലിലുണ്ട് പൊതുസമൂഹത്തിന്റെ പരിച്ഛേദം. മലയാളിയുടെ ആര്‍ജ്ജിതമായ അറിവിനു പിന്നിലും മലയാളികളെ നമ്പര്‍ വണ്‍ ആക്കിയതിനു പിന്നിലും കര്‍ഷകരുടെ വിയര്‍പ്പാണ്, ബോധവും.
മനസ്സിന്റേയും ആത്മാവിന്റേയും വിശാലതയാണ് സംസ്‌കാരമെന്നും നമുക്കു ലോകത്തു മറ്റെന്തു കാര്യവും നീട്ടിവെയ്ക്കാം, പക്ഷേ കൃഷിയില്‍ മാത്രം അതു സാധ്യമല്ലെന്നും നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. കൃഷി ശാസ്ത്രമാണ്, നാട്ടറിവുമാണ്. എല്ലാവരും കൃഷിക്കിറങ്ങുന്നത് എല്ലാവരും ചികിത്സിക്കാനിറങ്ങുന്നതു പോലെയേ ഉള്ളൂ. എല്ലാവര്‍ക്കും ചെയ്യാവുന്നതേ ഉള്ളൂ കൃഷി എന്നൊക്കെയുള്ള പ്രചരണങ്ങള്‍ക്ക് അഭിലഷണീയമല്ലാത്ത ഒരു മറുവശമുണ്ട്. കൃഷി ആര്‍ക്കും ചെയ്യാവുന്ന ഒന്നായി നിസ്സാരവല്‍ക്കരിക്കപ്പെട്ടു പോവുകയാണ്. ആര്‍ക്കും ചെയ്യാവുന്ന ഒന്നാകുമ്പോള്‍ ബോധപൂര്‍വ്വമല്ലാതെ കര്‍ഷകരുടെ കഴിവിനെ കുറച്ചുകാണലുമാണത്. അടുക്കളത്തോട്ടമെന്നോ മട്ടുപ്പാവുതോട്ടം എന്നോ വിളിക്കാവുന്നതേയുള്ളൂ. ആധുനിക വൈദ്യശാസ്ത്രത്തെ നമുക്കു ബഹുമാനമാണ്, എന്നാല്‍ വീട്ടില്‍ സ്വന്തം ക്ലിനിക്കു തുടങ്ങി സ്വയം ചികിത്സിക്കാറില്ല. ഒരു സ്ട്രിപ്പ് ഡോളോ മേശപ്പുറത്തുണ്ടാവുന്നതു ക്ലിനിക്കാവാത്തതുപോലെ നാലു വെണ്ടയും രണ്ടു ചീരയും അടുക്കളപ്പുറത്തുണ്ടാവുന്നത് കൃഷിയാവുന്നുമില്ല. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍വരികള്‍. വാക്കുകളിലെ സൂക്ഷ്മത സംസ്‌കാരത്തെയാണ് നിര്‍മ്മിക്കുക. യഥാര്‍ത്ഥ കര്‍ഷകനെ അനുകരിക്കുന്നവര്‍ ഡോക്ടറെ അനുകരിക്കുന്ന വ്യാജന്‍ മാത്രമാവുകയേ ഉള്ളൂ.
ഒരു കവിത രചിക്കുന്നതിന്റെ അന്തസ്സുതന്നെ ഒരു പാടം ഉഴുകുന്നതിനും ഉണ്ടെന്ന തിരിച്ചറിവുണ്ടാകാത്ത കാലത്തോളം ഒരു സമൂഹവും അഭിവൃദ്ധി പ്രാപിക്കുകയില്ലെന്നു പറഞ്ഞുവെച്ചത് ബുക്കര്‍ ടി വാഷിങ്ടണാണ്. എല്ലാ തൊഴിലും മഹത്തരമാണെന്ന ഒരു തൊഴില്‍ സംസ്‌കാരം നമുക്കുണ്ടോ എന്നു വളരെ കാര്യമായി നമ്മള്‍ ആലോചിക്കേണ്ടതാണ്. നാലു മുരിങ്ങാത്തണ്ടുമായി റോഡരികില്‍ വില്‍ക്കാനിരിക്കുന്ന വൃദ്ധയോട് വിലപേശുന്ന നമ്മളില്‍ പലരും കടകളിലെ കവറടക്കിയ ഉല്പന്നത്തിന്റെ എം.എര്‍.പിയില്‍ തൃപ്തരാണ്, എം.ആര്‍.പിയെന്നാല്‍ നമ്മളെ സംബന്ധിച്ചിടത്തോളവും മിനിമം റീട്ടെയില്‍ പ്രൈസുമാണ്. ഇതെഴുതുമ്പോഴും ടണ്‍ കണക്കിന് പൈനാപ്പിളുമായി നമ്മുടെ കര്‍ഷകര്‍ അലമുറയിടുന്നുണ്ട്. കേരളത്തിലെ ഫ്‌ലാറ്റുകള്‍ മാത്രം വിചാരിച്ചാല്‍ അവരുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാവുന്നതാണ്. അവര്‍ വില്‍ക്കാന്‍ നിശ്ചയിച്ച വില തന്നെ കിലോവിന് 20 രൂപ മാത്രവും. കൃഷി ഓഫീസര്‍മാരുടെ കൂട്ടായ്മ തലകുത്തി മറിഞ്ഞു ശ്രമിക്കുന്നുമുണ്ട്. കൃഷി എന്നാല്‍, വെറും വിളകളുടെ ഉല്പാദനമല്ല. കൃഷിയില്ലാതെ മറ്റൊന്നുമില്ല. നാടില്ല, നഗരമില്ല, സ്റ്റോക് മാര്‍ക്കറ്റില്ല, ബാങ്കുകളില്ല, സര്‍വ്വകലാശാലകളില്ല, പള്ളികളില്ല, അമ്പലമില്ല, പട്ടാളവുമില്ല, ജീവിതത്തിന്റേതായ ലഹരികളൊന്നുമില്ല. നാഗരികതയുടെ അടിത്തറ കൃഷിയാണ്, സാമ്പത്തികസ്ഥിരതയുടേയും. കൃഷി ആദിമ സംസ്‌കാരമാവുന്നത്, അതില്‍നിന്നും മറ്റെല്ലാ സാംസ്‌കാരിക അടയാളങ്ങളും ഉടലെടുക്കുമ്പോഴാണ്. നമ്മുടെ ചിന്തകളില്‍ കര്‍ഷകരുടെ ജീവിതത്തിനും യാതനകള്‍ക്കും സ്ഥാനമില്ലാത്ത കാലത്തോളം നമ്മുടെ കൃഷിസ്‌നേഹം വെറും കാപട്യം മാത്രമാണ്. സംസ്‌കാരം ഒരുനാള്‍ രൂപപ്പെടുന്നതല്ല. പ്രവാഹം പാറക്കല്ലുകളെ തഴുകിയൊഴുകി വെണ്ണക്കല്ലുകളായി പരുവപ്പെടുത്തുന്നതുപോലെ, കാലപ്രവാഹം രൂപപ്പെടുത്തുന്നതാണ് സംസ്‌കാരം.
നഷ്ടമായ പ്രാദേശിക ഭക്ഷ്യസുരക്ഷ
ജനസംഖ്യ ഏറിയപ്പോള്‍ വനങ്ങളും പുഴകളും തടാകങ്ങളും തരുന്നതു മാത്രം തികയാത്ത ഘട്ടത്തിലാവണം മനുഷ്യന്‍ പ്രകൃതിയില്‍ ഉള്ളതു തേടി അലയുന്നതു മാറ്റി വേണ്ടതു പ്രകൃതിയില്‍ വിളയിച്ചെടുക്കുന്നതിനെ പറ്റി ചിന്തിച്ചത്. 18-ാം നൂറ്റാണ്ടിലെ ലോക ജനസംഖ്യ ഏതാണ്ടു 100 കോടി മാത്രമായിരുന്നു. മനുഷ്യരാശിയുടെ നിലനില്പുതന്നെ ജനസംഖ്യാ വര്‍ദ്ധനവിനെ അടിസ്ഥാനമാക്കി എന്നു ചിന്തിച്ച കാലത്തുനിന്നും നാമെത്തി നില്‍ക്കുന്നത് ജനസംഖ്യാ വര്‍ദ്ധനവ് മനുഷ്യരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാവുന്ന ഒരിടത്താണ്. രണ്ടു നൂറ്റാണ്ടു മുന്നേ 100 കോടി തികയാത്ത ജനസംഖ്യയാണ് ഇന്നു 760 കോടി കഴിഞ്ഞിരിക്കുന്നത്. പരിസ്ഥിതിക്കു കോട്ടം തട്ടാതെയുള്ള കൃഷിസങ്കല്പങ്ങളില്‍നിന്നുമായിരുന്നു എം.എസ്. സ്വാമിനാഥന്‍ വിഭാവന ചെയ്ത ഹരിതവിപ്ലവം.
സ്വയം പര്യാപ്തതയുടെ പ്രാദേശിക ലോകത്തുനിന്നും നാം ഏറെ മുന്നോട്ടുപോയി. പ്രാദേശികമായി അവരവരുടേത് കൃഷി ചെയ്ത കാലത്തുണ്ടായിരുന്ന സ്വയംപര്യാപ്തതയെ ഒരശ്ലീലമാക്കിയാണ് ആഗോളവല്‍ക്കരണം കടന്നുവന്നത്. കാരറ്റും ബീറ്റ്റൂട്ടും കാബേജും ബാക്കി ഇന്നു കാണുന്ന സകലതും മലയാളിയുടെ അടുക്കളയിലെത്തുന്നതും. എല്ലാവരും സ്വയം പര്യാപ്തരാവേണ്ടതില്ല, പല പര്യാപ്തതകളുടെ സംയോജനമാണ് തീന്‍മേശയിലെ സൗന്ദര്യം എന്നു വന്നു. ഭൂഗുരത്വ ബലത്തെ തള്ളിപ്പറയുന്നതു പോലെയാവും ഇനി ആഗോളീകരണത്തെ തള്ളിപ്പറയുക എന്നൊക്കെയുള്ള വാദങ്ങളില്‍നിന്നും എത്ര പെട്ടെന്നാണ് ഒരു വൈറസ് നമ്മുടെ ചിന്തകളുടെ ഭ്രമണപഥത്തെ തെറ്റിച്ചുകളയുന്നത്? അടഞ്ഞുകിടന്ന അതിര്‍ത്തികളേയും തുറന്നുകിടന്ന അതിര്‍ത്തികളേയും വൈറസ് കടന്നാക്രമിക്കുമ്പോള്‍, ലോകം തറവാടെന്ന് അഹങ്കരിച്ച ആഗോള മനുഷ്യനെ മുറിവിട്ടു പുറത്തിറങ്ങാനാവാത്ത പരിമിതികളിലേക്കു വൈറസ് ചവിട്ടിക്കൂട്ടുമ്പോള്‍ ഒരു കാര്യത്തില്‍ തീര്‍പ്പാവുന്നു - ഒരിടത്തെ കൃഷി നശിച്ചാല്‍ അവിടം മാത്രമല്ല, അതിനെ ആശ്രയിക്കുന്ന എല്ലാം അസ്തുവാകും. മലയാളിയുടെ ജീവിതം മാറിമറിയാന്‍ ഡാം പൊട്ടണ്ട, തമിഴന്റെ ഫാം പൂട്ടിയാല്‍ മതി എന്നു സാരം.
ലണ്ടനിലെ ഇംപീരിയല്‍ കോളിജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജറുസലേം പോസ്റ്റ് പറയുന്നതു ശരിയാവുകയാണെങ്കില്‍ കൊവിഡിനെ നിയന്ത്രണത്തിലാക്കാനുള്ള വഴി വ്യാപനം തടയുക മാത്രമാണ്, ഫ്‌ലാറ്റണ്‍ ദ കര്‍വ് പോളിസി മാത്രം. അതിനവര്‍ പറയുന്ന കാലയളവാകട്ടെ മിക്കവാറും 18 മാസത്തോളമുള്ള പോരാട്ടവും. ആരാണ് വ്യാപനകാര്യത്തില്‍ സത്യം പറയുന്നത്, ആരാണ് കളവു പറയുന്നത് എന്ന ചിന്തകള്‍ നയിക്കുന്നത് ലോകമേ തറവാടു വാദികളുടെ വാതിലുകള്‍ ഒന്നുകൂടി കൊട്ടിയടക്കപ്പെടുന്നതിലേക്കും അതിര്‍ത്തികള്‍ ഒന്നുകൂടി കെട്ടിയടക്കപ്പെടുന്നതിലേക്കുമാണ്. അത്തരം ഒരു ദുരവസ്ഥയില്‍ മാസങ്ങളോളമുള്ള ഭക്ഷണം എവിടെ നിന്നാണ് വരിക? നമ്മള്‍ മുല്ലപ്പെരിയാറിലെ വെള്ളം ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ എന്നു സശ്രദ്ധം വീക്ഷിച്ചാല്‍ മാത്രം മതി, രണ്ടു തോര്‍ത്തുമുണ്ട് ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത തമിഴരും കന്നടികരും നമുക്കു വേണ്ടി വിത്തിറിക്കിക്കോളും, നമ്മള്‍ അത്യാവശ്യം മാധ്യമ പ്രവര്‍ത്തകരെ അങ്ങോട്ടയച്ചു അവര്‍ കീടനാശിനി തളിക്കുന്നുണ്ടോയെന്നു നോക്കിയാല്‍ മാത്രം മതി എന്നിത്യാദി ബോധമാണ് ഇപ്പോള്‍ കൊവീഡിയന്‍ വിചാരണ നേരിടുന്നത്.
ലോകത്തിന്റെ ഏതോ കോണില്‍ നമുക്കു വേണ്ടത് ആരോ ഉണ്ടാക്കുന്നുണ്ടെന്ന വിശ്വാസത്തിന്റെ സുരക്ഷിതത്വത്തില്‍, മറ്റൊരു കോണിലിരുന്നുകൊണ്ട് എനിക്കറിയുന്നത് ഞാനും അവള്‍ക്കറിയുന്നത് അവളുമുണ്ടാക്കുന്ന ആഗോളചിന്തകളുടെ ഹൈവേയിലാണ് പ്രാദേശികമായ ബോധത്തിന്റെ പച്ചമണ്ണ് വീണ് ബ്ലോക്കായിട്ടുള്ളത്. ഇരുചക്രം മുതല്‍ ഒരു ഹര്‍ത്താലും ബന്ദും ബാധിക്കാത്ത ആകാശനൗകകള്‍ വരെ നിശ്ചലമാക്കി മനുഷ്യനു പുറത്തിറങ്ങാനാവാത്ത ഒരു കാലം സമ്മാനിച്ചുകൊണ്ട്, കൊവിഡ് നാടിനെ പിടിച്ചുലയ്ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഗതകാല കാര്‍ഷിക സംസ്‌കാരത്തിന്റെ ഗൃഹാതുരത നിറയുകയാണ്. ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മരണവെപ്രാളത്തില്‍ ഉദിക്കുന്നതാണ് മലയാളിയുടെ ഇപ്പോഴത്തെ കൃഷിസ്‌നേഹം. മലയാളി ജീവിക്കണമെങ്കില്‍ സ്‌നേഹിക്കേണ്ടത് കൃഷിയെയല്ല, കര്‍ഷകരെയാണ്. കൃഷി ഒരു സംസ്‌കാരമായി കൊണ്ടുനടന്ന കര്‍ഷകരെ കുളിപ്പിച്ചു കിടത്തിയത് നമ്മള്‍ തന്നെയാണ്. അന്യഗ്രഹജീവികളല്ല. ഒടുക്കത്തെ വയറാണ് ദിനോസറിന്റെ വംശനാശത്തിനു കാരണമായതെങ്കില്‍ മനുഷ്യന്റെ വംശനാശത്തിനു കാരണം ഒടുക്കത്തെ തലയാവാനാണ് സാധ്യത.
കണ്ടെത്തണം പ്രതിഭകളെ
ആദിയില്‍ നമുക്കൊരു മുരിക്കനുണ്ടായിരുന്നു. മുരിക്കിന്‍ മൂട്ടില്‍ ഔതയെന്ന ജോസഫ് മുരിക്കന്‍. മുരിക്കന്റെ നേതൃത്വവും ഒട്ടനവധി കര്‍ഷകരുടെ വിയര്‍പ്പും ജീവിതം തന്നെയും സമാസമം ചേര്‍ന്നപ്പോള്‍ നെല്ലു വിളഞ്ഞത് മൂന്നു കായലുകളിലാണ്. മനുഷ്യാധ്വാനവും മുതല്‍മുടക്കും ഒരുപോലെ ചെലവിട്ടു കായലുകള്‍ കുത്തിയെടുത്തു നെല്ലു വിളയിച്ച ഒരു കാര്‍ഷിക വിപ്ലവം എന്നു തന്നെ പറയാം.
ചിത്തിര തിരുനാള്‍ രാജാവ് മുരിക്കനു പതിച്ചുകൊടുത്തത് 2000-ത്തിലേറെ ഏക്കര്‍ കായല്‍ നിലമായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ട ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ പേരുകളിലായിരുന്നു കായലിടങ്ങള്‍ അറിയപ്പെട്ടത്. എന്തുകൊണ്ടോ മുരിക്കന്‍ എന്ന കര്‍ഷകന്‍ കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് ഇടത്തും വലത്തുമുള്ള രണ്ടു കണ്ണുകളിലൂടെ മാത്രമാണ്. അകക്കണ്ണിലൂടെ നോക്കിയാല്‍ കായല്‍ കൃഷിയെന്ന നൂതനമായ കാര്‍ഷികരീതിയെ ലോകത്തിനു പരിചയപ്പെടുത്തിയ ഒരു മുരിക്കനെ കാണാം, കയ്യും മെയ്യും ജീവനും മറന്നു അതു സാധ്യമാക്കിയ കര്‍ഷകത്തൊഴിലാളികളേയും കാണാം. എന്തുകൊണ്ടോ ആ വിജയഗാഥ പാടിപ്പതിഞ്ഞില്ല.
മുരിക്കനു കായല്‍ രാജാവ് പതിച്ചുകൊടുത്തു. കായല്‍ രാജപദവി പ്രജകളും. ചരിത്രത്തില്‍ പിന്നീടുള്ള നിയമങ്ങള്‍ കായല്‍ പരപ്പിനു മീതെയുള്ള അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്തു. പൊതുസ്വത്ത് കര്‍ഷകര്‍ക്കെല്ലാം അവകാശപ്പെട്ടതെന്ന പുരോഗമന വീക്ഷണത്തേയും അംഗീകരിച്ചേ പറ്റൂ. രാജാവിനെന്തു ജനത, എന്തു ജനാധിപത്യം? മുരിക്കന്‍ എന്നൊരാള്‍ക്കുമാത്രമായി കായല്‍ കൊടുക്കാതെ, ട്രസ്റ്റാക്കേണ്ട ബുദ്ധി രാജാവിനു ഉണ്ടായില്ലേ എന്നു ഇന്നു ചോദിക്കുന്നത് കായല്‍ കൃഷി നശിപ്പിച്ചത് സര്‍ക്കാരല്ലേ എന്നു ചോദിക്കുന്നതു പോലെ നിരര്‍ത്ഥകമാണ്. ഒരുപക്ഷേ, ആ സംഭവം കേരളത്തില്‍ ഇന്നാണെങ്കില്‍ ഈ വിഷയങ്ങളൊക്കെയും അംഗീകരിച്ചുകൊണ്ട്, സമവായത്തിലെത്തി ആ കൃഷി സംസ്‌കാരത്തെ സംരക്ഷിക്കാന്‍ നമുക്കു കഴിയുമായിരുന്നു. പക്ഷേ, ഒടുവില്‍ സംഭവിച്ചത് കായല്‍ കൃഷി മൈനസ് മുരിക്കന്‍ സമം സീറോ എന്നൊരു സൂത്രവാക്യം ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. മുരിക്കന്റെ ലീഡര്‍ഷിപ്പ് ഒരു പ്രധാന ഘടകമായിരുന്നു എന്നു തെളിയുന്നത് പിന്നീടുള്ള വര്‍ഷങ്ങളിലെ കായല്‍ കൃഷിയുടെ പരാജയമാണ്. മുരിക്കന്‍ ജനിച്ചത് ലോകത്തു മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ചുരുങ്ങിയത് കാര്‍ഷികമേഖലയുടെ അംബാസിഡര്‍ പദവിയെങ്കിലും നല്‍കി ആദരിക്കപ്പെടുമായിരുന്നു. ഇവിടെ ഇന്നാണെങ്കിലും. റിയല്‍ എസ്റ്റേറ്റ് കൈകളില്‍നിന്നും വീണ്ടെടുത്ത്, സര്‍ക്കാര്‍ മുന്‍കയ്യില്‍ നടത്തിയ മെത്രാന്‍ കായലിലെ സംരംഭം കായല്‍കൃഷി വ്യാപനത്തില്‍ എറെ പ്രതീക്ഷ നല്‍കുന്നതാണ്.
അങ്ങനെ വളര്‍ത്തിയെടുക്കാന്‍ പറ്റിയ എത്രയോ മുരിക്കന്‍മാര്‍ ഇന്നും നാട്ടിലുണ്ട്, ഒരുക്കേണ്ടത് അതിനുള്ള സാഹചര്യമാണ്. സര്‍ക്കാരിന്റെ എത്രയോ പദ്ധതികള്‍ ആ ലക്ഷ്യത്തിലേക്കുണ്ട്, എത്രയോ ഫണ്ടുകള്‍ അതിലേക്കൊഴുകുന്നുമുണ്ട്. ലക്ഷ്യത്തെ മൈക്രോലെവലില്‍ കണ്ടു വകുപ്പ് ഒട്ടേറെ പദ്ധതികളുമായി മുന്നോട്ടുപോവുമ്പോള്‍ അതത്രയും കാര്യക്ഷമമായി നടപ്പാവുന്നുണ്ടോ എന്നറിയാനുള്ള മൈക്രോലെവല്‍ നിരീക്ഷണ സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കപ്പെടേണ്ടതാണ്. ആദ്യ ഖണ്ഡികയില്‍ നെഹ്റു പറഞ്ഞ ഒട്ടും നീട്ടിവെയ്ക്കാന്‍ സമയമില്ലാത്ത ഒരേയൊരു സംരംഭം എന്ന ബോധ്യത്തിലൂടെ കാര്യങ്ങളെ കാണുമ്പോള്‍. കൃഷിഭവനുകളിലൂടെ കര്‍ഷകരെ സേവിക്കുന്ന ടെക്‌നിക്കല്‍ ജീവനക്കാരായ കൃഷി ഓഫീസര്‍മാരും കൃഷി അസിസ്റ്റന്റുമാരും പലരും മരിച്ചു പണിയുന്നവരുമാണ്. പരിശോധിക്കപ്പെടേണ്ടത് അതാണ്. എന്തുകൊണ്ടങ്ങിനെ സംഭവിക്കുന്നു?
കൃഷി ഓഫീസര്‍മാര്‍ മണ്ണിലുണ്ടാവണം, കടലാസിലാവരുത്
കച്ചവടരംഗത്തെ ചൂഷണം ഒഴിവാക്കുവാന്‍ കര്‍ഷകര്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം കര്‍ഷക കൂട്ടായ്മയകളിലൂടെ സ്വയം ബിസിനസ്സുകാരാവുകയാണ്. സംസ്‌കാരത്തില്‍ ലേശം വെള്ളം ചേര്‍ത്താലും നിലനില്പിന് അതത്യാവശ്യമാണ്. അല്ലെങ്കില്‍ സംഭവിക്കുക നമ്മുടെ പൈനാപ്പില്‍ കര്‍ഷകരുടെ അവസ്ഥയാണ്. ആദ്യ ചന്ദ്രയാത്രയ്ക്കുപയോഗിച്ച സ്പേസ് ഷട്ടിലിനെക്കാള്‍ സാങ്കേതിക മികവുറ്റതാണ് ഇന്നു പല ട്രാക്റ്ററുകളും. വിളവുകളുടെ നിരീക്ഷണച്ചുമതലയും വിലനിലവാര നിയന്ത്രണ സംവിധാനത്തിന്മേല്‍ ഒരു കണ്ണുമുള്ള ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ ട്രാക്റ്ററുകള്‍ തന്നെയുണ്ട്. സാദാ കൃഷിയില്‍നിന്നും അത്യന്തം സൂക്ഷ്മകൃഷിയിലേക്കുള്ള ലോകത്തിന്റെ ചുവടുമാറ്റം നാമുള്‍ക്കൊള്ളണം. കയ്യില്‍ കൂടുതല്‍ ഡേറ്റയുള്ളവന്‍ വിജയിക്കുന്നതാണ് ആധുനിക ലോകം. ഐ.ഐ.ഐ.ടി.എം. കേരളം വികസിപ്പിച്ച ഒരു മൊബൈല്‍ ആപ്പുവഴി മണ്ണിന്റെ പോഷകഘടന പരിശോധിക്കാനുള്ള സംവിധാനം ഒരു മൊബൈല്‍ ഫോണില്‍ സാധ്യമാവുന്ന കാലമാണിത്.
ശാസ്ത്രം അനുനിമിഷം വളര്‍ന്നു വികസിച്ച് അടിമുടി മാറുന്ന ലോകത്ത്, പഴഞ്ചന്‍ രീതിവച്ച് കൃഷി ചെയ്തുകളയാം എന്ന തോന്നല്‍ നഷ്ടസാധ്യത കൂട്ടുകയേ ഉള്ളൂ. ഇവിടെയാണ് കൃഷി ഓഫീസര്‍മാരുടെ, സാങ്കേതിക വിദഗ്ദ്ധന്മാരുടെ യന്ത്രസംവിധാനങ്ങളുടെ സുരക്ഷാവലയം കര്‍ഷകര്‍ക്കൊപ്പമുണ്ടാവേണ്ടത്. ചിലത് അക്കമിട്ടെഴുതണമെന്നു തോന്നുന്നു.
1. മുഴുവന്‍ സമയവും കര്‍ഷകര്‍ക്കൊപ്പം ഉണ്ടാവേണ്ട കൃഷി ഓഫീസര്‍മാരും കൃഷി അസിസ്റ്റന്റുമാരും മുഴുവന്‍ സമയവും കടലാസിലാവുന്നതാണ് സമകാലിക ദുരവസ്ഥ. അവര്‍ പെന്നെടുക്കുന്നുണ്ടെങ്കില്‍ അത് ഒപ്പിടാന്‍ മാത്രമാവുന്ന കാലം ഇല്ലാത്തിടത്തോളം സകല പദ്ധതികളും കടലാസില്‍ വന്‍ വിജയമാവുകയേ ഉള്ളു. സര്‍ക്കാര്‍ അവര്‍ക്കു മൊബൈല്‍ കണക്ഷന്‍ നല്‍കുമ്പോള്‍ അവരുടെ പ്രവര്‍ത്തനം സദാ കൃഷിക്കാരോടൊപ്പമാണെന്നും ഫീല്‍ഡിലാണെന്നും ജി.പി.എസ് സംവിധാനം വഴി ഉറപ്പു വരുത്താവുന്നതേയുള്ളൂ.
2. കര്‍ഷകര്‍ക്കു ഒഴിവില്ലാത്ത ദിനങ്ങളാണ്, കൃഷി ഓഫീസര്‍മാരും കൃഷി അസിസ്റ്റന്റുമാരും അങ്ങനെയാവട്ടെ. നിത്യവും കര്‍ഷകര്‍ക്ക് ലഭ്യമാവണം അവരുടെ സേവനം. പകരം തൊഴില്‍ തടസ്സമുണ്ടാവാത്തവിധം ഒഴിവു ദിവസങ്ങള്‍ അവര്‍ വിവേകപൂര്‍വ്വം ക്രമീകരിക്കട്ടെ.
3. പദ്ധതി നടത്തിപ്പു സംബന്ധമായ കടലാസുപണികളത്രയും ഒഴിവാക്കി എല്ലാം കാര്യക്ഷമമായും സുതാര്യമായും നിര്‍വ്വഹിക്കാന്‍ ഉതകുന്ന ഏതു പ്ലാറ്റ്ഫോമിലും ഓപ്പറേറ്റ് ചെയ്യാവുന്ന ഓണ്‍ ലൈന്‍ സംവിധാനങ്ങളും ആപ്പുകളും ഉണ്ടാവണം. അതു പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതികമായ പരിജ്ഞാനവും പരിശീലനവും ലഭിച്ച സ്ഥിരം ജീവനക്കാരെ നിയമിക്കണം.
4. ആറുമാസത്തേക്കുള്ള കരാര്‍ നിയമനങ്ങള്‍ തീര്‍ത്തും പ്രായോഗികമല്ലാത്ത ഒന്നായി കര്‍ഷകരും ഉദ്യോഗസ്ഥരും കാണുന്നു. പലയിടത്തും. ഓഫീസര്‍മാര്‍ അവരെ പഠിപ്പിക്കാന്‍ തന്നെ മാസങ്ങളെടുക്കും, അപ്പോഴേക്കും അവരുടെ കാലാവധിയും കഴിയും. അവരുടെ സര്‍വ്വീസ് ബുക്കുകളും മറ്റു രേഖകളും കൂടി അപഹരിക്കുന്നതും കൃഷി ഓഫീസറുടെ സമയമാണ്. നിയമനത്തിലെ സുതാര്യതയെ ആശ്രയിച്ചിരിക്കും വ്യക്തിയുടെ സംഭാവനകളും. അതുകൊണ്ടുതന്നെ വേണ്ടത് ഉത്തരവാദിത്വത്തോടെ ജോലി നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥരായ സ്ഥിരം ജീവനക്കാര്‍ ഭരണപരമായ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഉണ്ടാവുകയാണ്.
ലഘൂകരിക്കേണ്ട പ്രോസസുകള്‍ പരമാവധി ലഘൂകരിക്കണം. ലോകത്തു മറ്റൊരു മേഖലയിലുമില്ലാത്ത മാറ്റമാണ് കാര്‍ഷികമേഖലയില്‍ നടക്കുന്നത്. ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയും ബയോടെക്നോളജിയും റൊബോട്ടിക്‌സും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും പഴയ കാര്‍ഷികലോകത്തെ പുനര്‍നിര്‍വ്വചിക്കുകയാണ്. ചെറുതല്ലാത്ത മാറ്റമായതുകൊണ്ടാണ് ഭീമമായ ലോകജനസംഖ്യയെ തീറ്റിപ്പോറ്റാന്‍ ആഗോളകര്‍ഷക സമൂഹത്തിനു കഴിയുന്നത്. മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗവും കൃത്യമാവട്ടെ. പുതിയൊരു കാര്‍ഷികകേരളം ഉണരട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates