ജനങ്ങളെ രോഗത്തിനു വിട്ടുകൊടുക്കാതെ രോഗനിയന്ത്രണ നടപടികള്‍ക്കാണ് മിക്ക രാജ്യങ്ങളും മുന്‍തൂക്കം നല്‍കിയത്. തുടക്കത്തില്‍, പല രാജ്യങ്ങളും ഇത് ഞങ്ങളെ ബാധിക്കില്ല എന്ന മട്ടിലായിരുന്നു. മറ്റു ചില രാജ്യങ്ങള്‍ വൈറസ് ബാധയ്ക്കു കാരണം പല രാജ്യങ്ങളേയും കുറ്റപ്പെടുത്തി. ജീവിതരീതിയും അത്യാവശ്യം നിയന്ത്രണങ്ങളുമായാല്‍ നിയന്ത്രിക്കാനാവുമെന്ന അഹംഭാവവും ചില ഭരണാധികാരികള്‍ പ്രകടിപ്പിച്ചു. എന്നാല്‍, ഏവരേയും ഞെട്ടിച്ചുകൊണ്ട ാണ് രോഗബാധ വന്‍കരകളില്‍ നിയന്ത്രണാതീതമായത്. വന്‍മതിലിനകത്തെ വൈറസ് വന്‍കരകളിലേക്ക് പടര്‍ന്നു. 180-ലധികം രാജ്യങ്ങളില്‍, കോടിക്കണക്കിനു ജനങ്ങളുടെ ജീവിതം താറുമാറാകുമെന്ന യാഥാര്‍ത്ഥ്യം അവതരിപ്പിക്കപ്പെട്ടു. സാമ്പത്തികമായും സാമൂഹ്യമായും കൊറോണ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കു മുന്നില്‍ ജനങ്ങളുടെ നിയന്ത്രണമല്ലാതെ ഭരണാധികാരികള്‍ക്ക് മറ്റു വഴിയില്ലാതായി. ഭരണകര്‍ത്താക്കളുടെ നിസ്സഹായതയില്‍ ജനങ്ങളില്‍ ചിലര്‍ക്കെങ്കിലും നിരാശ തോന്നിത്തുടങ്ങി. ദേശീയതയുടെ ഐക്യദാര്‍ഢ്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രരക്ഷയ്ക്കായി ജനതയുടെ സഹായം അഭ്യര്‍ത്ഥിക്കപ്പെട്ടു.
മതിലുകളില്‍ ബന്ധിതര്‍
നിര്‍ബ്ബന്ധിതമായി തീര്‍ത്ത മതിലുകള്‍ക്കകത്താണ് മിക്ക രാജ്യങ്ങളും. ആദ്യ നാളുകളില്‍ ഈ തന്ത്രം പയറ്റിയ ചൈനയുടെ മാതൃകയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത്. മിക്ക സമൂഹങ്ങളും ഒറ്റപ്പെട്ടു. നഗരങ്ങളെല്ലാം വിജനമായി. കൊറോണയ്ക്കു മുന്‍പും ശേഷവും എന്ന രീതിയില്‍ ജീവിതം നിര്‍ണ്ണയിക്കപ്പെട്ടു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. നമ്മളൊരു യുദ്ധത്തിലാണെന്നാണ് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്. വൈറസിനെതിരെ പൊരുതാന്‍ ആയുധങ്ങളൊന്നും ശേഷിക്കാതിരിക്കെ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകളും വെന്റിലേറ്ററുകളും സജ്ജീകരിച്ചതാണ് ഫ്രാന്‍സിന്റെ യുദ്ധതന്ത്രം. സ്പെയിനില്‍ നാലരക്കോടിയിലധികം ജനങ്ങള്‍ സഞ്ചാരനിയന്ത്രണത്തിലാണ്. പ്രയാസകരവും വേദനാജനകവുമാണ്, വേറെ നിവൃത്തിയില്ലെന്നു വ്യക്തമാക്കിയാണ് ജര്‍മനി അതിര്‍ത്തികള്‍ അടച്ചത്. സ്വിറ്റ്സര്‍ലന്റ്, ഓസ്ട്രിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു. കാനഡയും അതിര്‍ത്തികള്‍ അടച്ചു. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മാത്രമാണ് യാത്രായിളവ്.
കണക്കില്‍പ്പെടാത്ത നഷ്ടക്കണക്കുകള്‍
നഷ്ടം കണക്കുകൂട്ടാനാകില്ല, ഊഹക്കണക്ക് മാത്രമാണ്. ഫെബ്രുവരി പകുതി മുതല്‍ കണക്കിലെടുത്താല്‍ ആഗോളവിപണിയിലെ നഷ്ടം 23 ട്രില്യണ്‍ ഡോളറാണ്. കോപ്പ അമേരിക്കയടക്കമുള്ള കായികമേളകള്‍ റദ്ദാക്കപ്പെട്ടു. ആപ്പിളും നൈക്കും വരെ സ്റ്റോറുകള്‍ അടച്ചിട്ടു. ഫോഡും ഫോക്സ് വാഗണും യൂറോപ്പിലേയും അമേരിക്കയിലേയും ഫാക്ടറികള്‍ അടച്ചു. ക്രൂഡ് വില 25 ഡോളറിലേക്ക് വീണു. രണ്ട ു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. 38200 കോടി ഡോളറിന്റെ രക്ഷാപാക്കേജാണ് ബ്രിട്ടണ്‍ അവതരിപ്പിച്ചത്. ഒരു ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് അമേരിക്കയും. എന്നാല്‍, അതൊന്നുംകൊണ്ട ് നഷ്ടം നികത്താനാകില്ല. പല കമ്പനികളും പൂട്ടുന്ന അവസ്ഥയിലെത്തി. നോര്‍വീജിയന്‍ വിമാനക്കമ്പനി എയര്‍ ഷട്ടില്‍ 90 ശതമാനം ജീവനക്കാരേയും പിരിച്ചുവിട്ടു. മാരിയറ്റ് ഹോട്ടല്‍ ശൃംഖല 10,000 പേരെയാണ് ഒറ്റദിവസംകൊണ്ട ് ഒഴിവാക്കിയത്.
തുരുത്തുകളുടെ വേദന
ഭൂമിയുടെ വടക്ക് ജനവാസമുള്ള അവസാന പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞ് നിറഞ്ഞുകിടക്കുന്ന പ്രദേശം. യാത്രാസൗകര്യങ്ങള്‍ കുറവ്. ഒറ്റപ്പെട്ട ദ്വീപുകള്‍. വിമാനങ്ങള്‍ ബന്ധിപ്പിക്കുന്ന ഈ തുരുത്തുകളില്‍വരെ രോഗം സ്ഥിരീകരിക്കപ്പെട്ടു. ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡിലും കടുത്ത നിയന്ത്രണങ്ങളാണ്. സ്‌കൂളുകളെല്ലാം അടച്ചു. രോഗം സ്ഥിരീകരിക്കാന്‍പോലും രണ്ട ാഴ്ച കാത്തിരിക്കേണ്ട അവസ്ഥ. സാംപിളുകള്‍ ബ്രിട്ടനിലെത്തിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഇതിന് കുറഞ്ഞത് പത്തുദിവസമെങ്കിലും എടുക്കേണ്ട ിവരുമെന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന ഒഴിവാക്കുന്നു. യാത്ര ചെയ്തിട്ടില്ലെങ്കില്‍ പരിശോധന വേണ്ടെ ന്നും നിയന്ത്രണങ്ങള്‍ മതിയെന്നുമാണ് ഇവരുടെ വാദം. ദക്ഷിണധ്രുവത്തോട് ചേര്‍ന്നുകിടക്കുന്ന ഫാക്ക് ലാന്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ളത് 29 കിടക്കകള്‍. മുതിര്‍ന്നവര്‍ക്കായി ഏഴെണ്ണം മാറ്റിവച്ചിരിക്കുന്നു. രണ്ടെ ണ്ണം ഐസിയുവിലേക്കും. ചികിത്സ ആവശ്യമെങ്കില്‍ ബ്രിട്ടനേയോ ദക്ഷിണ അമേരിക്കയിലോ പോകേണ്ട ിവരും.
റോം ചരിത്രത്തിലെ ശ്മശാനമൂകത
റോം ശൂന്യമായ നഗരമാണ്. ഏകാന്തതയുടെ നീളമളക്കുന്ന തെരുവുകള്‍. ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ നിറഞ്ഞ നഗരമാകെ നിശ്ശബ്ദമാണ്. ഭയത്തില്‍ ജീവിക്കുന്ന ജനത. വിദേശ സഞ്ചാരികളുടെ പറുദീസയായിരുന്നു റോം. ഇറ്റലിയില്‍ ആദ്യം കൊറോണ സ്ഥിരീകരിക്കുന്നത് ഈ പുരാതന നഗരത്തിലാണ്. രോഗബാധിതരായ ചൈനീസ് ദമ്പതികള്‍ സുഖം പ്രാപിച്ചെങ്കിലും അതുകൊണ്ട ് ആശ്വാസമായില്ല. യൂറോപ്പില്‍ ഏറ്റവുമധികം മുതിര്‍ന്നവരുള്ള രാജ്യം ഇറ്റലിയാണ്. അതാണ് മരണസംഖ്യ കൂടാന്‍ ഒരു കാരണവും. രണ്ടാം ലോകയുദ്ധത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത് എന്നാണ് പ്രധാനമന്ത്രി ജുസാപേ കോന്‍ഡെ പറഞ്ഞത്. മരണഭയത്തോടെ ഓരോ മണിക്കൂറും തള്ളിനീക്കുന്ന ഇറ്റലിയില്‍ ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മോര്‍ച്ചറികളില്‍ മൃതശരീരങ്ങള്‍ കൂടിക്കിടക്കുന്നു. സെമിത്തേരികളില്‍ ഊഴം കാത്തിരിക്കുന്ന ശവപ്പെട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ലൊംബാര്‍ഡിയിലാണ് സ്ഥിതി രൂക്ഷം.
രോഗത്തില്‍ മുറുകിയ തര്‍ക്കം
വ്യാപാരയുദ്ധത്തിന്റെ താല്‍ക്കാലിക വിരാമത്തിനുശേഷം മറ്റൊരു തര്‍ക്കം ചൂടുപിടിക്കുന്നു. കോവിഡ് 19-ന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഈ തര്‍ക്കം. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നു തുടങ്ങിയ മഹാമാരിയെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ട ്. ചൈനയുടെമേല്‍ അമേരിക്ക പ്രയോഗിച്ച ജൈവായുധമാണെന്നും അതല്ല ചൈനയുടെ തന്നെ ഗവേഷണശാലയില്‍നിന്ന് ചോര്‍ന്നതാണ് കൊറോണയെന്നും കഥകളുണ്ട ായി. മഹാവ്യാധി പടര്‍ന്നപ്പോഴും ചൈനയെ കുറ്റപ്പെടുത്താനായിരുന്നു യു.എസിനു താല്പര്യം. ചൈനീസ് വൈറസ് എന്ന ട്രംപിന്റെ പ്രയോഗം തന്നെ അതാണ് ലക്ഷ്യമിട്ടതും. എന്നാല്‍, ഒക്ടോബറില്‍ വുഹാനില്‍ നടന്ന ലോക സൈനിക മത്സരത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികരാണ് രോഗത്തിനു നിദാനമെന്നാണ് ചൈനയുടെ ആരോപണം. തെളിവൊന്നുമില്ലെങ്കിലും ചൈന അതില്‍ ഉറച്ചു വിശ്വസിക്കുന്നു. അടുത്തകാലത്ത് യു.എസിലുണ്ട ായ ചില പകര്‍ച്ചവ്യാധികള്‍ അങ്ങനെ വിശ്വസിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. പ്രശ്നം ഇതുകൊണ്ട ും തീര്‍ന്നില്ല. വോള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ യു.എസ് പത്രങ്ങളുടെ ലേഖകരെ ചൈന പുറത്താക്കി. പകരത്തിനു പകരമെന്നവണ്ണം യു.എസും ചൈനീസ് പത്രക്കാരുടെ എണ്ണം കുറച്ചു. ഇതാദ്യമല്ല വിദേശ പത്രപ്രവര്‍ത്തകരെ ചൈന വിലക്കുന്നത്. ലോകത്തിനുതന്നെ വ്യാധി നല്‍കിയതിന്റെ പേരില്‍ പ്രതിക്കൂട്ടിലാകുമ്പോള്‍ ഇനി മയപ്പെടുത്തേണ്ട തില്ല കാര്യങ്ങള്‍ എന്ന മട്ടിലാണ് ചൈന.
ക്യൂബ മാനവവിപ്ലവത്തിന്റെ സഹായഹസ്തം
ഞങ്ങളാരും അതിമാനുഷികരല്ല, പക്ഷേ, വിപ്ലവം ഞങ്ങളില്‍ ജീവിക്കുന്നു. ഇറ്റലിയിലെ മരണനിലമായ ലൊംബാര്‍ഡിയിലേക്ക് ക്യൂബയില്‍ നിന്നെത്തിയ ആരോഗ്യരക്ഷാപ്രവര്‍ത്തകരിലെ ആദ്യസംഘത്തിലൊരാള്‍ പറഞ്ഞതാണ് ഇത്. കൂപ്പുകൈകളോടെ സ്വാഗതം ചെയ്ത ഇറ്റലിക്കാരുടെ മുന്നില്‍ മനുഷ്യത്വത്തിന്റെ ദൈവങ്ങളായി ഇവര്‍ അവതരിക്കുകയായിരുന്നു. ഡോക്ടര്‍മാരും നേഴ്സുമാരുമടക്കം 52 പേരാണ് ആദ്യ സംഘത്തിലുണ്ട ായിരുന്നത്. ഇതാദ്യമല്ല, ക്യൂബ രോഗങ്ങളോട് പൊരുതാന്‍ വിദേശരാജ്യങ്ങളിലേക്ക് സംഘത്തെ അയക്കുന്നത്. ഹെയ്ത്തിയില്‍ കോളറയും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോളയും തുരത്തിയ ചരിത്രമുണ്ട ് അവര്‍ക്ക്. പക്ഷേ, അതൊക്കെ ദരിദ്രരാജ്യങ്ങളായിരുന്നു. ഇത്തവണയാകട്ടെ, ഏറ്റവും സമ്പന്നമായ രാജ്യത്തേക്കാണ് അവര്‍ ക്ഷണിക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എക്കാലവും ഡോക്ടര്‍മാരെ സേവനത്തിനായി വിട്ടുകൊടുക്കുന്ന രാജ്യമാണ് ക്യൂബ. അതിന് അവരെ പ്രാപ്തരാക്കിയത് ജീവനും മരണത്തിനുമിടയിലെ കഷ്ടതകളാണ്. അമേരിക്കയുടെ ഉപരോധത്തെത്തുടര്‍ന്ന് സ്വന്തം ജനതയുടെ ജീവന്‍ നിലനിര്‍ത്താനായാണ് ക്യൂബ കുറ്റമറ്റ ആരോഗ്യസംവിധാനം ഒരുക്കിയത്. ചരിത്രത്തിലെ അപൂര്‍വ്വതകള്‍ ചിലപ്പോള്‍ ഇങ്ങനേയും സംഭവിക്കുമെന്നതിന് മറ്റൊരു ഉദാഹരണം കൂടി. കൊറോണ ബാധിച്ച രോഗികളുമായി കരീബിയന്‍ കടലില്‍ വലഞ്ഞ എം.എസ്. ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനു കരയ്ക്കടുക്കാന്‍ ക്യൂബ അനുവാദം നല്‍കിയിരുന്നു. കരീബിയന്‍ കടല്‍ത്തീരത്ത് ബ്രിട്ടണിന്റെ ഒട്ടേറെ സൗഹൃദരാജ്യങ്ങളുണ്ട ായിട്ടും എല്ലാവരും മുഖം തിരിച്ചപ്പോഴാണ് ക്യൂബയുടെ ഈ നടപടി. 35 ലധികം കേസുകളാണ് ക്യൂബയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (മാര്‍ച്ച് 22 വരെ).
യു.എസ് അവഗണനയുടെ തിരിച്ചടി
ആദ്യഘട്ടത്തിലെ അവഗണനയാണ് യു.എസിനു തിരിച്ചടിയായത്. ഒപ്പം എന്തും നേരിടുമെന്ന ആത്മവിശ്വാസവും. സ്വയം സൃഷ്ടിക്കാത്ത പ്രതിസന്ധിയായിരുന്നു ട്രംപിനു കൊറോണ ബാധ. ആദ്യഘട്ടത്തില്‍ തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായിട്ടാണ് അദ്ദേഹം ഇത് കണ്ട ത്. ഡെമോക്രാറ്റുകളുടെ വ്യാജപ്രചരണമാണ് വിദേശ വൈറസെന്നായിരുന്നു ആദ്യ പ്രതികരണങ്ങളൊന്ന്. സെനോഫോബിയ നിറഞ്ഞ നടപടികള്‍ ഇതാദ്യമല്ല. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിന് അനുമതി കൊടുത്ത ട്രംപ് ചൈനയെ കുറ്റപ്പെടുത്താനാണ് സമയം കണ്ടെ ത്തിയത്. രോഗവ്യാപനത്തെ നിസ്സാരമായി കണ്ട ുവെന്നതാണ് ട്രംപിനെതിരെ ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. പുതുവര്‍ഷത്തുടക്കത്തിലാണ് രോഗവ്യാപനം ചൈന ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വുഹാനിലേക്ക് യാത്ര ചെയ്തയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെ ത്തിയത് 20 ദിവസങ്ങള്‍ക്കു ശേഷം. ജനുവരി 30-ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമാണ് ചൈനയിലേക്കുള്ള യാത്രപോലും ട്രംപ് ഭരണകൂടം നിയന്ത്രിച്ചത്. അപ്പോഴേക്കും ലോകത്താകമാനം 9,800 പേര്‍ രോഗബാധിതരായിക്കഴിഞ്ഞു. 213 പേര്‍ മരിക്കുകയും ചെയ്തു. ഫെബ്രുവരി 24-ന് 34 കേസുകളായതോടെ വൈറസിനെ നേരിടാന്‍ 125 കോടി ഡോളര്‍ അനുവദിക്കണമെന്ന് വൈറ്റ്ഹൗസ് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു. നാലു ദിവസത്തിനുശേഷം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ ട്രംപ് തയ്യാറായത്. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.എസില്‍ മാത്രം മുപ്പതിനായിരത്തിലധികം രോഗബാധിതരുണ്ട ്. 390 പേര്‍ മരിച്ചുകഴിഞ്ഞു. ന്യൂയോര്‍ക്കിലാണ് രോഗം ഏറ്റവുമധികം നാശം വിതച്ചത്.
തായ്‌വാന്റെ, സിംഗപ്പൂരിന്റേയും മാതൃക
കൂടുതല്‍ നിരീക്ഷണ സമ്പ്രദായങ്ങളും നിയന്ത്രണങ്ങളും ഉള്ള വ്യവസ്ഥിതിക്കു താരതമ്യേന എളുപ്പത്തില്‍ വൈറസിനെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുമെന്ന് റഷ്യയുടെയും ഒരു പരിധിവരെ ചൈനയുടേയും സൂചനകളിലൂടെ വ്യക്തമാക്കപ്പെടുന്നു. ചൈനയുടെ ഈ മാതൃക പിന്തുടര്‍ന്നാണ് ഏഷ്യന്‍ രാജ്യങ്ങളായ തായ്‌വാനും സിംഗപ്പൂരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിശോധന മൂന്നുമടങ്ങ് കൂട്ടിയതോടെ രോഗബാധിതരേയും അല്ലാത്തവരേയും വേര്‍തിരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിഞ്ഞു. 2019-ല്‍ 27 ലക്ഷം ചൈനക്കാരാണ് തായ് വാനിലെത്തിയത്. അങ്ങനെ നോക്കിയാല്‍ മഹാവ്യാധി ഏറ്റവുമധികം നാശം വിതയ്ക്കേണ്ട രാജ്യമായിരുന്നു തായ്വാന്‍. എന്നാല്‍, മരണനിരക്ക് കൂടാതിരിക്കാനും കൂടുതല്‍ രോഗബാധ ഉണ്ട ാകാതിരിക്കുന്നതിലും അവര്‍ വിജയിച്ചു. സ്‌കൂളുകളും ഓഫീസുകളും ആദ്യം തുറന്നെങ്കിലും പതിയെ നിയന്ത്രണം കൊണ്ട ുവന്നു. സാമൂഹ്യമായ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കി. സ്‌കൂളുകളടച്ച് പഠനം ഓണ്‍ലൈനിലൂടെയാക്കി. സിംഗപ്പൂരാകട്ടെ, ഒരു പടികൂടി മുന്നിലെത്തി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണ്‍വിവരങ്ങളടക്കം പൊലീസിനു ലഭ്യമാക്കി. ലൊക്കേഷനുകളില്‍നിന്നു മാറിയാല്‍ അഞ്ചുനിമിഷത്തിനകം പൊലീസ് അവരുടെ വീട്ടിലെത്തി. യാത്രാരേഖകളും ഇന്‍ഷ്വറന്‍സ് ഫയലുകളും ഭരണസംവിധാനങ്ങള്‍ക്കും കൂടി ലഭ്യമാക്കി. കര്‍ക്കശമായ നിരീക്ഷണം. ഇതോടെ ഫലം കണ്ട ു. രോഗവ്യാപനം കുറയുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates