നമ്മുടെ രാജ്യത്തെ ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തവര്‍ക്ക് ഇന്നത്തെ തെരഞ്ഞെടുപ്പുകള്‍ കാണുമ്പോള്‍ സങ്കടവും നിരാശയുമാണ് അനുഭവപ്പെടുക. ചുരുക്കിപ്പറഞ്ഞാല്‍ ജനാധിപത്യ സമ്പ്രദായത്തിന്റെ മൊത്തത്തിലുള്ള അധ:പതനമാണ് ഏഴു പതിറ്റാണ്ടുകാലത്തെ നമ്മുടെ സമ്പാദ്യം. പൊതുവെ ജനാധിപത്യ മര്യാദകള്‍ പുറംതള്ളപ്പെട്ടതോടെ, വോട്ടിംഗ് എന്ന പ്രക്രിയയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ ഇല്ലാതായിരിക്കുകയാണ്. വോട്ടു ഞെക്കുന്ന യന്ത്രത്തില്‍ തിരിമറികള്‍ നടത്താമെന്ന ധാരണ, സി.ബി.ഐ മുതലായ സംവിധാനങ്ങളിലൂടെ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി അവയുടെ സഖ്യം സമ്പാദിക്കാന്‍ ഭരണകക്ഷിക്കു സാധിക്കുന്നു എന്ന ധാരണ, ഇലക്ഷന്‍ കമ്മിഷനെപ്പോലും വരുതിക്കു നിര്‍ത്തുവാന്‍ വേണ്ട നിയമനങ്ങള്‍ നടത്തുന്നു എന്ന ധാരണ-ഇതൊക്കെ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ ഇളക്കിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഈ ഇന്ത്യയും ടി.എന്‍. ശേഷന്റെ ഇന്ത്യയും തമ്മിലുള്ള അന്തരം വര്‍ണ്ണനാതീതമാണ്. ഒരു സാധാരണ ഐ.എ.എസ്. ആഫീസറായിരുന്ന ഈ പാലക്കാടന്‍ അയ്യര്‍ 1990-ല്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആയി സ്ഥാനമേറ്റു. പിന്നെയുള്ള ദിവസങ്ങളില്‍ ഇന്ത്യ കണ്ടത് അടിസ്ഥാനപരമായ ഒരു വിപ്ലവമായിരുന്നു. വാസ്തവത്തില്‍, നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുക മാത്രമാണ് ശേഷന്‍ ചെയ്തത്. മോഡല്‍ കോഡ് ഓഫ് കോണ്‍ഡക്ട് എന്ന ചട്ടങ്ങള്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ശേഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതോടെ രാഷ്ട്രീയക്കാര്‍ക്ക് 'ദൈവത്തേയും ശേഷനേയും മാത്രമാണ് പേടി' എന്ന അവസ്ഥ ഉണ്ടായി. 1996-ല്‍ വിരമിച്ച ശേഷന്‍ ഇന്ന് ഒരു വൃദ്ധസദനത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അധാര്‍മ്മികതയിലേക്ക്, ഒരു തടസ്സവുമില്ലാതെ നിലം പതിച്ചിരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ (1951-1952) ഞാന്‍ ബോംബെയില്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുകയാണ്. അന്ന് ബോംബെ ഒരു സംസ്ഥാനമായിരുന്നു. (മഹാരാഷ്ട്ര പിറക്കുന്നത് 1956-ലാണ്). അന്നത്തെ പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗസ്സിനു വളരെ പിന്നിലായിരുന്നു-സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി, ഭാരതീയ ജനസംഘ്, കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി, അഖില ഭാരതീയ ഹിന്ദു മഹാസഭ, പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി ഇത്യാദി.
നോര്‍ത്ത് ബോംബെയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി കൃഷ്ണമേനോന്‍ പ്രത്യക്ഷപ്പെട്ടതോടെ (1957), ഇലക്ഷന്‍ ഒരു ഇതിഹാസമായി. കൃഷ്ണമേനോനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു വന്‍ ജാഥയുടെ മുന്‍പില്‍, അലങ്കരിച്ച ലോറിയുടെ തുറന്ന ബോഡിയില്‍ ദിലീപ് കുമാറും രാജ് കപൂറും ദേവ് ആനന്ദും മുന്നേറുന്നത് കാണാന്‍ എന്തൊരു ഹരമായിരുന്നു. സിനിമ സ്റ്റാറുകള്‍ക്ക് കൃഷ്ണമേനോന്‍ ഒരു ഹീറോ ആയിരുന്നു.
മേനോന്റെ മീറ്റിങ്ങുകളില്‍ ഞാന്‍ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. മൂവരുടെ പ്രസംഗ ചാതുര്യം മാത്രമല്ല ജനങ്ങളെ ആകര്‍ഷിച്ചത്. ഒരുപക്ഷേ, ജവഹര്‍ലാല്‍ നെഹ്‌റു ഒഴിച്ച് മറ്റാരും കാണിക്കാതിരുന്ന ഇലക്ഷന്‍ മര്യാദ കൃഷ്ണമേനോന്റെ ഒരു ട്രേഡ്മാര്‍ക്ക് ആയിരുന്നു. എന്നുവച്ചാല്‍, തന്റെ പ്രതിയോഗിയേയോ ഇതര പാര്‍ട്ടികളേയോ വിമര്‍ശിച്ചുകൊണ്ട് മേനോന്‍ ഒരക്ഷരം പറയുമായിരുന്നില്ല. പറയുന്നതെല്ലാം ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളേയും ലോകശക്തികളുടെ പെരുമാറ്റങ്ങളേയും കുറിച്ചായിരുന്നു. അതേസമയം എതിരാളികള്‍ കൃഷ്ണമേനോനെ വ്യക്തിപരമായി കടന്നാക്രമിക്കുക എന്ന തന്ത്രമാണ് എക്കാലത്തും ഉപയോഗിച്ചിരുന്നത്.
കോണ്‍ഗ്രസ്സിനകത്തുള്ള എതിരാളികള്‍ മേനോനെ ബോംബെയില്‍നിന്ന് നിഷ്‌കാസനം ചെയ്യാനുള്ള പരിപാടികള്‍ നടപ്പിലാക്കി. അറുപതുകളില്‍ അവര്‍ ജയിച്ചു. താമസിയാതെ നെഹ്‌റു യുഗവും അവസാനിച്ചു. ജയം ഉറപ്പുവരുത്താന്‍ വേണ്ടി എന്തും ചെയ്യാം എന്ന രീതി പൊതുവെ അംഗീകരിക്കപ്പെട്ടു. നെഹ്രുവിന്റെ ആദ്യകാലത്തെ രണ്ടുമൂന്നു തെരഞ്ഞെടുപ്പുകളും റ്റി.എന്‍. ശേഷന്റെ ആറു കൊല്ലവും ഒഴിച്ചാല്‍ ജനാധിപത്യത്തെ അവഹേളിക്കുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ് നമ്മുടെ രാജ്യം അനുഭവിച്ചിട്ടുള്ളത്.
ആ രാഷ്ട്രീയം ഒരു ലജ്ജയുമില്ലാതെ, ഒരു മറയും ഇല്ലാതെ ഇന്ന് അരങ്ങുതകര്‍ക്കുന്നു. കേരള മോഡല്‍ കൊലപാതക രാജ്യസേവ തെരഞ്ഞെടുപ്പുകാലത്തുപോലും സജീവം. ബ്രാഹ്മണ്യത്തെ തിരസ്‌കരിച്ച് തമിഴ് സംസ്‌കാരത്തിന്റെ പേരില്‍ ജനപ്രീതി നേടിയ പാര്‍ട്ടി, ഹിന്ദി സംസ്‌കാരത്തിനുവേണ്ടി പോരാടുന്ന ബ്രാഹ്മണ്യ പാര്‍ട്ടിക്കു കീഴടങ്ങുന്ന കാഴ്ച നാം കാണുന്നു. ചന്ദ്രബാബു നായിഡു എന്ന എലിയെ വകവരുത്താന്‍ ഇല്ലം ചുടുന്ന കാഴ്ചയാണ് തെലങ്കാനയുടെ സര്‍വ്വാധിപതിയായ ചന്ദ്രശേഖരറാവു അവതരിപ്പിക്കുന്നത്. ഇന്നലെ വരെ തെറിവിളിച്ചുകൊണ്ടിരുന്ന ബി.ജെ.പിയെ ഇന്ന് ശിവസേന ആലിംഗനം ചെയ്യുന്നു. ഈ ലോകത്തും പരലോകത്തും ബദ്ധശത്രുവായി അടിച്ചു മാറ്റിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിനു തയ്യാറെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിക്കുന്നു, അസാധ്യമായതെല്ലാം സാധ്യമാക്കുന്ന സര്‍ക്കസ്സാണ് തെരഞ്ഞെടുപ്പ്.
സര്‍ക്കസ്സിന് ഒരു കോമാളി വേഷക്കാരന്‍ വേണമല്ലോ, ഒരു വിദൂഷകന്‍. ആ വേഷം കെട്ടാന്‍ പാര്‍ട്ടികളും നേതാക്കന്മാരും രംഗത്തിറക്കിയ ബലിമൃഗമാണ് വോട്ടര്‍. റ്റി.എന്‍. ശേഷന്റെ കാലത്ത് മുടിചൂടിയ മന്നനായിരുന്ന വോട്ടര്‍ ഇന്ന് വോട്ടു യന്ത്രത്തിനുള്ള പ്രസക്തിപോലും ഇല്ലാതെ നിസ്സഹായനായി പുറംതള്ളപ്പെട്ടിരിക്കുന്നു.
സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായിരുന്ന ലീക്വാന്‍ യൂവിന് തന്റെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി എല്ലാ സീറ്റുകളും പിടിച്ചടക്കണമെന്ന് നിര്‍ബ്ബന്ധമായിരുന്നു. പക്ഷേ, ഒരു സീറ്റില്‍ മാത്രം പ്രതിപക്ഷം ജയിച്ചു. ജെ.ബി. ജെയരത്‌നം എന്ന ബാരിസ്റ്റര്‍ പാര്‍ലമെന്റിലെ ഒരേഒരു ഓപ്പസിഷന്‍ മെമ്പറായി. ജനാധിപത്യത്തിന്റെ ഉത്തമോദാഹരണമായി പാശ്ചാത്യ ശക്തികള്‍ കൊണ്ടാടിയ ലീ എന്താണ് ചെയ്തത്? ജെയരത്‌നത്തിനു വോട്ടു ചെയ്ത നിയോജകമണ്ഡലത്തിലേക്കുള്ള വിദ്യുച്ഛക്തി വിതരണം കുറേ ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഒന്നിനു പുറകെ ഒന്നായി ജെയരത്‌നത്തിനെതിരെ കേസുകള്‍ കൊടുത്തു. ഭരണകക്ഷി ഒരിക്കലും തോല്‍ക്കാത്ത സിംഗപ്പൂര്‍ ജസ്റ്റിസ് സമ്പ്രദായത്തില്‍, ജെയരത്‌നം തോറ്റുതോറ്റു ഗതിയില്ലാതായി. അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയും നിയമപ്രകാരം ബാങ്ക്‌റപ്റ്റാക്കിയും ഉത്തരവുകള്‍ ഉണ്ടായി. പാര്‍ലമെന്റില്‍നിന്ന് ജെയരത്‌നം പുറത്താക്കപ്പെട്ടു. ബാരിസ്റ്ററായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നായി. ജീവിക്കാനുള്ള വഴികളെല്ലാം അടഞ്ഞെങ്കിലും റോഡരികില്‍ നിന്നുകൊണ്ട് ഭരണകക്ഷിയെ എതിര്‍ക്കാനുള്ള തന്റേടം മരണം വരെ ജെയരത്‌നത്തിനുണ്ടായി.
ലീക്വാന്‍ യൂവിന്റെ ഡെമോക്രസി ഡെമോക്രസിയായി ലോകം ആദരിച്ചു. അതായിരിക്കുമോ ഭാരതീയ ഡെമോക്രസിയുടേയും ഭാവി?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates