സീതാറാം യെച്ചൂരി ഫയല്‍
Malayalam Vaarika

ഞങ്ങള്‍ ആരെയും സുഖിപ്പിക്കുന്നില്ല; സീതാറാം യെച്ചൂരി അഭിമുഖം

സതീശ് സൂര്യന്‍

ആര്‍ക്കും അടുക്കാവുന്നയാള്‍ അഥവാ 'ആക്‌സസബിള്‍' എന്ന ഒറ്റവാചകം മതി സീതാറാം യെച്ചൂരി എന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ വിശേഷിപ്പിക്കാന്‍. ഏതുവഴിയിലും ഏതു ചോദ്യത്തിനും ഏതു ചാനല്‍മൈക്കിനും യെച്ചൂരി ഉത്തരം പറയും. മൈക്കില്ലാതെ വഴിയില്‍ നില്‍ക്കുന്നവര്‍ക്കും ചോദിക്കാം. പ്രത്യയശാസ്ത്രപ്രശ്‌നം മുതല്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ വരെയുള്ള ചോദ്യങ്ങളോടു വിമുഖത കാണിക്കാത്ത ആദ്യത്തെ ജനറല്‍ സെക്രട്ടറിയെന്നും വിശേഷിപ്പിക്കാം. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ മുഖം കനപ്പിച്ച് ചോദ്യങ്ങളെ നേരിടുമ്പോള്‍ യെച്ചൂരിക്ക് ഉത്തരം പറയുക എന്നതു ഹരമാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ യെച്ചൂരിയുമായി 2016ല്‍ സതീശ് സൂര്യന്‍ നടത്തിയ അഭിമുഖം.

താങ്കളുടെ പാര്‍ട്ടി നയിക്കുന്ന മുന്നണി വന്നാല്‍ എല്ലാം ശരിയാകുമെന്നാണ് പറയുന്നത്. എല്ലാം ശരിയാക്കാന്‍ എന്താണ് മുന്നണിയുടെ കര്‍മ്മപദ്ധതി?

വളരെ കൃത്യമായ ചോദ്യം. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടിത്തന്നെ പരിഹാരം കണ്ടെത്തുന്ന ജനാധിപത്യരീതിയാണ് ഞങ്ങള്‍ എല്ലായ്‌പോഴും അവലംബിച്ചുവരാറുള്ളത്. എന്നാല്‍ ഈ പ്രക്രിയ, ഈ നടപടിക്രമം യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ഉപേക്ഷിക്കപ്പെട്ടിരിക്കയാണ്. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന, പരാതിയുള്ള ആളുകളുടെ പ്രശ്‌നത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒരിക്കലും കണക്കിലെടുക്കപ്പെടുന്നില്ല എന്നതാണ് ഇപ്പോഴുള്ള സ്ഥിതി. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുക അതനുഭവിക്കുന്ന ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും. അങ്ങനെയാണ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകുക. ആത്മാര്‍ത്ഥമായ ഒരുറപ്പു നല്‍കലാണ് ഈ മുദ്രാവാക്യം. അതിന്റെ പിന്നിലെ പ്രതീക്ഷയേയും ആത്മാര്‍ത്ഥതയേയുമാണ് കാണേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതേപ്പറ്റി ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ജനങ്ങളോടു പ്രതികരിക്കുകയും ഒക്കെ ചെയ്യലാണ് ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം. എന്തായാലും ഞങ്ങള്‍ അധികാരത്തില്‍ വരുന്നപക്ഷം പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിനു ചുരുങ്ങിയപക്ഷം ഞങ്ങള്‍ മുന്‍കൈയെടുക്കുകയെങ്കിലും ചെയ്യും.

വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം കേന്ദ്രത്തില്‍ പ്രതിപക്ഷം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാമോ? തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഒന്നാം യു.പി.എ. പരീക്ഷണം പോലെ ഒരു ബി.ജെ.പി. വിരുദ്ധമുന്നണിയുടെ ആവിര്‍ഭാവം ഉണ്ടാകുമെന്നു താങ്കള്‍ മുന്‍കൂട്ടിക്കാണുന്നുണ്ടോ? അത്തരമൊരു മുന്നണി ഉണ്ടാക്കുന്നതിന് സി.പി.ഐ (എം) മുന്‍കൈയെടുക്കുമോ?

നോക്കൂ... വിവിധ രാഷ്ര്ടീയകക്ഷികള്‍ക്കിടയില്‍ ഇപ്പോള്‍ മോദി ഗവണ്‍മെന്റ് പിന്തുടരുന്ന തരത്തിലുള്ള നയങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഐക്യം വേണമെന്ന അവബോധം വളര്‍ന്നുവരുന്നുണ്ട്. അല്ലാത്തപക്ഷം, നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ നിലനിന്നുവെന്നു വരില്ല. അവര്‍ തുടക്കമിട്ട വ്യാപകമായ വര്‍ഗീയവല്‍ക്കരണവും സാമ്പത്തികരംഗത്തെ ഇടപെടലുകളും രാജ്യത്തെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലെത്തിക്കും. പല പാര്‍ട്ടികള്‍ക്കും ഈ ബോധ്യം ഉണ്ടായിവരുന്നുണ്ട്. എന്നാല്‍ ഇതുവരെയും അഖിലേന്ത്യാതലത്തില്‍ ഒരു ബി.ജെ.പി വിരുദ്ധ ഐക്യമുന്നണി ഉണ്ടാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞുവന്നിട്ടില്ല. എന്തായാലും പല പാര്‍ട്ടികളിലും ഈ വികാരം വളരുന്നുണ്ട്. യൂണിയന്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ വളരുന്ന ജനകീയ പ്രതിരോധത്തെ അടിസ്ഥാനമാക്കി ഇതു കൂടുതല്‍ വളര്‍ച്ച നേടും. എന്തായാലും ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു മുന്നണി ഉണ്ടാകുന്ന അവസ്ഥ ഇല്ല. ഇപ്പോള്‍ നടക്കുന്നതു പ്രത്യേക വിഷയങ്ങളെ മുന്‍നിര്‍ത്തി ഉണ്ടാകുന്ന പ്രക്ഷോഭങ്ങളില്‍ വിശാലമായ യോജിപ്പും ഏകീകരണവുമാണെന്നു പറയാം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ബി.ജെ.പി ഗവണ്‍മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ തീര്‍ച്ചയായും ഇടതുപക്ഷം മുന്നോട്ടുവന്നു. എന്നാല്‍ ഇടതുപക്ഷം മാത്രമല്ല, കോണ്‍ഗ്രസും ജനതാദള്‍ (യു)വും ആം ആദ്മി പാര്‍ട്ടിയുമൊക്കെ അവിടെ പ്രക്ഷോഭത്തിനൊപ്പം നിന്നു. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്റെ പ്രശ്‌നം വന്നപ്പോള്‍ എല്ലാ മതേതരപ്പാര്‍ട്ടികളുടെയും പ്രധാന പ്രവര്‍ത്തകര്‍ രാഷ്ര്ടപതിയുടെ അടുത്തേക്ക് ഒരുമിച്ചു പോയി. ചില പ്രത്യേക വിഷയങ്ങളില്‍ ഐക്യം ഉണ്ടായിവരുന്നുണ്ട്. എന്നാല്‍ അഖിലേന്ത്യാതലത്തില്‍ ഒരു ബി.ജെ.പി വിരുദ്ധ ഐക്യമുന്നണി എന്ന നിലയിലേക്ക് ഇനിയും അതു വളര്‍ന്നിട്ടില്ല.

പശ്ചിമബംഗാളില്‍ താങ്കളുടെ പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? താങ്കളുടെ പാര്‍ട്ടി കാലങ്ങളായി കൈക്കൊള്ളുന്ന കോണ്‍ഗ്രസ് വിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് ബാന്ധവത്തെക്കുറിച്ചു താങ്കള്‍ എങ്ങനെയാണ് വിശദീകരിക്കുന്നത്?

ഒരു സവിശേഷ സാഹചര്യത്തിലാണ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്‌സുമായി ചിലയിടങ്ങളില്‍ നീക്കുപോക്കുണ്ടാക്കിയിരിക്കുന്നത്. വടക്കന്‍ ബംഗാളില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു പരീക്ഷണം നടത്തിയതാണ്. അത് ഇപ്പോള്‍ ആവര്‍ത്തിക്കുന്നുവെന്നു മാത്രം. അനൗപചാരികമായി രൂപപ്പെട്ടതാണ് ഈ ധാരണ. അതിനുവേണ്ടി ഏതെങ്കിലും ചര്‍ച്ചകള്‍ ഉയര്‍ന്ന തലങ്ങളില്‍ നടന്നിട്ടില്ല. തൃണമൂല്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി സഖാക്കളെ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. ഇതുവരെ 200-ഓളം സഖാക്കള്‍ കൊല്ലപ്പെട്ടു. അറുപതിനായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ വീടുകളില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. സാധാരണ പൗരന്‍മാരുടെ ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് തൃണമൂല്‍ ഭരണം. 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ കൈവരിച്ച നേട്ടങ്ങളെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെടുന്നു. ഭൂപരിഷ്‌കരണത്തിന്റെ പ്രത്യാഘാതമനുഭവിച്ച ഭൂസ്വാമിമാര്‍ ഇപ്പോള്‍ തൃണമൂലിന്റെ കൂടെയാണ്. നഷ്ടപ്പെട്ട ഭൂമി പാവപ്പെട്ടവരില്‍നിന്നു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലുമാണ്. ഒരുകാലത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നു കൊല്‍ക്കൊത്ത. ഇപ്പോള്‍ എന്താണ് സ്ഥിതി? നയങ്ങളെയും നിലപാടുകളെയും അടിസ്ഥാനപ്പെടുത്തിയാണ് രാഷ്ര്ടീയകൂട്ടുകള്‍ രൂപപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ്റ് ദിശയിലുള്ള നടപടികളെ പിന്തുണച്ച സി.പി.ഐ.എം അടിയന്തരാവസ്ഥാക്കാലത്തു ജനാധിപത്യവ്യവസ്ഥയുടെ പുന:സ്ഥാപനത്തിനായി ഇന്ദിരാഗാന്ധിക്കെതിരെ എല്ലാ തരത്തിലുമുള്ള പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കാന്‍ തയാറായി. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ നിലപാടില്‍ വെള്ളം ചേര്‍ത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി എന്ന് അപഹസിക്കുന്ന ബി.ജെ.പിയുടെ സ്ഥിതിയെന്താണ്? ആരുമായും അവര്‍ ചേരും. ഒരാദര്‍ശവും പ്രശ്‌നമല്ല. കശ്മീരില്‍ മെഹ്ബൂബാ മുഫ്തിയുടെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്നു. അഫ്‌സല്‍ ഗുരുവിന്റെ തൂക്കിക്കൊലയെ അപലപിച്ച പാര്‍ട്ടിയാണ് പി.ഡി.പി. എന്തായിരുന്നു ആ കാര്യത്തില്‍ രാജ്യസ്‌നേഹത്തിന്റെ കുത്തകയേറ്റെടുത്ത ബി.ജെ.പിയുടെ നിലപാട് എന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ എങ്ങനെയാണ് ബി.ജെ.പി, പി.ഡി.പിയുമായി കൂട്ടുചേരുക? രാഷ്ര്ടീയ അവസരവാദത്തിന്റെ മൂര്‍ത്തിഭാവമായ ബി.ജെ.പിക്ക് സി.പി.ഐ.എം. കോണ്‍ഗ്രസ്‌സുമായി സഖ്യമുണ്ടാക്കി എന്നു പറഞ്ഞു വിമര്‍ശിക്കാന്‍ എങ്ങനെയാണ് കഴിയുക?

ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും കര്‍ഷകരാണെന്നിരിക്കേ, കാര്‍ഷിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ സഭകളെ സുഖിപ്പിച്ചു വോട്ടുകള്‍ ആകര്‍ഷിക്കാനാണ് താങ്കളുടെ പാര്‍ട്ടി ശ്രമിക്കുന്നതായി കാണുന്നത്. താങ്കളുടെ പാര്‍ട്ടി പടുത്തുയര്‍ത്തിയിട്ടുള്ള രാഷ്ര്ടീയത്തെ തകര്‍ക്കാനല്ലേ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ സഹായിക്കൂ?

ഒരുനിലയ്ക്കുമുള്ള സുഖിപ്പിക്കലിനു ഞങ്ങളുടെ പാര്‍ട്ടി തയാറായിട്ടില്ല. കാര്‍ഷികരംഗത്തെ വിലയിടിവ് അടക്കമുള്ള പ്രശ്‌നങ്ങളെ ഞങ്ങള്‍ കൃത്യമായി സമയാസമയങ്ങളില്‍ അഭിസംബോധന ചെയ്യാറുണ്ട്. ഇടപെടുന്നുമുണ്ട്. ഇതെല്ലാം നാട്ടുകാര്‍ക്കറിയാം. എന്നാല്‍, ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാര്‍ക്കര്‍ വിചാരധാരയില്‍ ഹിന്ദുരാഷ്ര്ടം എന്ന സങ്കല്പത്തിന്, അത് വിജയമാകുന്നതിന് മൂന്ന് ആഭ്യന്തര ശത്രുക്കളുള്ളതായി പറയുന്നുണ്ട്. ആരൊക്കെയാണ് ഈ ആഭ്യന്തര ശത്രുക്കള്‍? മുസ്‌ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരാണ് ഈ ആഭ്യന്തര ശത്രുക്കള്‍. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഒരുമിച്ചു നിന്നാലും നിന്നില്ലെങ്കിലും ആര്‍.എസ്.എസ് ഐക്യത്തോടെ നില്‍ക്കും. അങ്ങനെയൊരു സ്ഥിതിവിശേഷത്തില്‍ ആര്‍ക്കാണ് നേട്ടം? അതുകൊണ്ട് ആര്‍.എസ്.എസിനെതിരെ ഇവരുടെ ഐക്യം അനിവാര്യമാണ്. കന്ധമാലില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളാണ് അവിടെ ആദ്യം ഓടിയെത്തിയത്. ഞാന്‍ നേരിട്ട് അവിടം സന്ദര്‍ശിച്ചു. ഈ രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അന്തസേ്‌സാടെയും സമത്വത്തോടെയും ജീവിക്കാനുള്ള അവസരം ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒരു സഭയെയും സുഖിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. വ്യത്യസ്ത ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസ്റ്റുകാര്‍ അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണെന്ന ബോധ്യം ഉണ്ടായിവരുന്നുണ്ട്. അതില്‍ നിന്നാണ് ഈ അടുപ്പം സംജാതമാകുന്നത്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള സുഖിപ്പിക്കലിന്റെ ഭാഗമായിട്ടല്ല.

പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തുള്ള വികസനത്തിനു വേണ്ടിയാണ് താങ്കളുടെ പാര്‍ട്ടി നിലകൊള്ളുന്നത് എന്നാണ് അവകാശവാദം. എന്നിട്ടും അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെപ്പോലുള്ളവ നടപ്പാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി വാചാലമാകുകയും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. ഈ പൊരുത്തമില്ലായ്മ താങ്കള്‍ എങ്ങനെയാണ് വിശദീകരിക്കുക?

അതിരപ്പിള്ളി... ഞാന്‍ മനസ്‌സിലാക്കുന്നത് ഇതെല്ലാം പ്രാദേശിക വികസനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടുകയും തീരുമാനമെടുക്കേണ്ടതുമായ പ്രശ്‌നമാണെന്നാണ്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ ഞങ്ങളെടുത്തിട്ടുള്ളത് വ്യക്തമായ നിലപാടാണ്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി കിടപ്പാടവും തൊഴിലിടവുമൊക്കെ നഷ്ടപ്പെടുന്ന ജനങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കപ്പെടണം. പശ്ചിമഘട്ട സംരക്ഷണത്തിനു നടപടികളെടുക്കേണ്ടതു ജനങ്ങളുമായി ചര്‍ച്ച ചെയ്തായിരിക്കണം. അതുവരെ ആ നടപടികളുമായി മുന്നോട്ടു പോകാന്‍ പാടില്ല. ഇതാണ് പാര്‍ട്ടി നിലപാട്. ഈ നിലപാടിന് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് എന്ന വസ്തുതയോടുള്ള എതിര്‍പ്പ് എന്നര്‍ത്ഥമില്ല. അതു നടപ്പാക്കുന്ന രീതിയോടാണ് ഞങ്ങളുടെ എതിര്‍പ്പ്. മനുഷ്യനെയും പ്രകൃതിയെയും വിരുദ്ധധ്രുവങ്ങളായി പ്രക്ഷേപിക്കാത്ത ഒരേ ഒരു പാര്‍ട്ടി ഞങ്ങളുടേതാണ്. മറ്റെന്തിനെയും പോലെ, മനുഷ്യനെ പ്രകൃതിയുടെ സമഗ്രതയില്‍ത്തന്നെ കാണുന്ന, അതിന്റെ ഭാഗമായി കാണുന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. പാരിസ്ഥിതികമായ നിലനില്‍പ്പുതന്നെയാണ് മനുഷ്യന്റെ നിലനില്‍പ്പും സാധ്യമാക്കുന്നത് എന്നതുതന്നെയാണ് ഞങ്ങളുടേയും ബോധ്യം. പ്രകൃതിയിലെ ഓരോ ഘടകങ്ങളുടെ താല്പര്യങ്ങള്‍ എങ്ങനെ നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നതാണ് പ്രശ്‌നം. മനുഷ്യനെ പുറത്താക്കിക്കൊണ്ട് ഒരു പ്രകൃതിസംരക്ഷണം സാധ്യമല്ല. അതുപോലെ ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ട് മനുഷ്യന്റെ നേട്ടങ്ങളും സാധ്യമല്ല. പ്രകൃതിയും പ്രകൃതിയിലെ വിവിധ ഘടകങ്ങളും തമ്മിലുള്ളത് ഒരുതരം സിംബയോട്ടിക് ബന്ധം ആണ്. ഇതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നോക്കൂ... ഇന്ത്യയിലാദ്യമായി ഒരു ഗവണ്‍മെന്റിന് പരിസ്ഥിതിവകുപ്പ് ഉണ്ടാകുന്നത് പശ്ചിമബംഗാളിലെ ഇടതുപക്ഷസര്‍ക്കാരിലാണ്. സാമൂഹ്യവനവല്‍ക്കരണം എന്നത് ആദ്യം തുടങ്ങിവെയ്ക്കുന്നതും ബംഗാളിലെ സര്‍ക്കാരാണ്.

താങ്കളുടെ പാര്‍ട്ടിയുടെ ചില നേതാക്കള്‍ തമ്മിലുള്ള പോര് പാര്‍ട്ടിക്കും പാര്‍ട്ടിയുടെ രാഷ്ര്ടീയത്തിനും ദോഷം ചെയ്തുവെന്നാണ് മിക്ക കേരളീയരും കരുതുന്നത്. അതുമൂലമുണ്ടായ സാഹചര്യം സംഘ്പരിവാര്‍ പോലുള്ള വലതുപക്ഷ രാഷ്ര്ടീയശക്തികളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പാര്‍ട്ടിക്കുള്ളിലെ ഇത്തരം സംഭവവികാസങ്ങളോടുള്ള പ്രതികരണം വളരെ സാവധാനത്തിലായത്?

പ്രതികരണം മന്ദഗതിയിലായെന്നോ? നോക്കൂ... തെരഞ്ഞെടുപ്പുവേദിയില്‍ ഞങ്ങളുടെ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്.. ഒറ്റക്കെട്ടായാണ് പാര്‍ട്ടിയാകെയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേതാക്കളെയെല്ലാം ഒന്നിച്ചുകൊണ്ടുവരാന്‍ തെരഞ്ഞെടുപ്പിന്റെ നിമിഷംവരെ കാത്തിരിക്കേണ്ടിവന്നു?പ്രശ്‌നം ഉണ്ടാകുമ്പോഴല്ലേ പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാകേണ്ടതുള്ളൂ... എപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഇടപെട്ടിട്ടുണ്ട്. സംഘടനാപരമായ തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് അവ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ കേരളത്തില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ട്രേഡ് യൂണിയനുകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. നമ്മുടെ സ്ത്രീസമൂഹത്തെപ്പോലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും കാര്യമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥിപ്പട്ടികകളില്‍ ഉണ്ടായില്ല. എന്താണ് പ്രതികരണം?ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം പറയാം. ഏറെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഞങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കിയത്. മറ്റൊരു പാര്‍ട്ടിയിലും ഇതുപോലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉണ്ടാകില്ല. ആദ്യം പ്രാദേശികതലത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒരു നിര്‍ദേശം ഉണ്ടാകുന്നു. അത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനതലത്തിലുള്ള പരിഗണനകള്‍ പിന്നീടു ജില്ലാതലത്തിലേക്കും പ്രാദേശികതലത്തിലേക്കും അയച്ചുകൊടുക്കുന്നു. മറ്റൊരു പാര്‍ട്ടിയിലും ഇത്തരത്തില്‍ സകല തലങ്ങളെയും സ്പര്‍ശിക്കുന്ന കളക്ടീവ് ആയ പ്രക്രിയ ഉണ്ടാകില്ല. എല്ലാ വിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഒരു അന്തിമപ്പട്ടിക തയാറാക്കപ്പെടുന്നത്.

പാര്‍ലമെന്റ് പോലുള്ള നമ്മുടെ നിയമനിര്‍മാണസഭകളില്‍ കോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നത് കൂടി ഈ പരാതിയുടെ പശ്ചാത്തലത്തില്‍ കാണണം?

ശരിയാണ്. അതുകൊണ്ടാണ് ജനാധിപത്യത്തെ പണപരമായ സ്വാധീനം വളച്ചൊടിക്കുന്നു, വികൃതമാക്കുന്നുവെന്നു ഞങ്ങള്‍ കൂടെക്കൂടെ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ ഒരു പ്രതികരണത്തില്‍ കേരളാമാതൃക മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചു താങ്കള്‍ സംസാരിച്ചു. ഏതായാലും ഒരു മണി ഓര്‍ഡര്‍ ഇക്കോണമിയായ കേരളത്തില്‍ ഇക്കാര്യം നടപ്പാക്കാന്‍ അഞ്ചുകൊല്ലം മതിയാകില്ല. പക്ഷേ, താങ്കളുടെ പാര്‍ട്ടി നയിക്കുന്ന ഗവണ്‍മെന്റിന് ആ ദിശയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും. എന്നാല്‍ ഇതിനു രാഷ്ര്ടീയമായ ഇച്ഛാശക്തിയും ശക്തമായ ഒരു സംഘടനയും അനിവാര്യമല്ലേ? ഇതിന്റെ അഭാവം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷത്തെ താങ്കള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്?

ഞങ്ങളുടെ സംഘടനാപഌനം ഇതു വിശദമായി ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. എന്തെല്ലാം നടപടികളാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷത്തെ നേരിടാന്‍ സംഘടനയെ പ്രാപ്തമാക്കാന്‍ വേണ്ടത് എന്നതിലും തീരുമാനമായിട്ടുണ്ട്. സംഘടനാപഌനത്തിനു ശേഷമാണ് തെരഞ്ഞെടുപ്പു വരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ തീരുമാനങ്ങള്‍ ഞങ്ങള്‍ നടപ്പാക്കും. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നവോത്ഥാനപ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളെ ഒരുപരിധിവരെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. എന്നാല്‍ ജ്യോതിറാവു ഫൂലേയെപ്പോലുള്ള നവോത്ഥാന നായകര്‍ പലയിടത്തുമുണ്ടായിട്ടും കേരളത്തില്‍ മാത്രമല്ലേ ഫലപ്രദമായി നവോത്ഥാന ആശയങ്ങളെ രാഷ്ര്ടീയസമരങ്ങളുമായി വിളക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞത്? മറ്റിടങ്ങളില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു?ഞങ്ങള്‍ പരാജയപ്പെട്ടിട്ടൊന്നുമില്ല. ബംഗാളില്‍ ഞങ്ങളിതു മുന്നോട്ടുകൊണ്ടുപോയി. മഹാരാഷ്ര്ടയടക്കം രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും നവോത്ഥാനപ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ ഇതു സ്വാഭാവികമായും ഏറ്റെടുക്കേണ്ടിയിരുന്ന അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നു നോക്കൂ. അത് പല കഷണങ്ങളായി ചിതറി. അതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് അവരുടെകൂടെ മുന്നോട്ട് പോകുക അസാധ്യമായി. എന്നാല്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കും അംബേദ്കറൈറ്റുകള്‍ക്കുമിടയില്‍ ഒരു ഒന്നിച്ചുപോകല്‍ സാധ്യമായി വരുന്നുണ്ട്.

ദളിത് ചിന്തകനായ കാഞ്ച ഇളയ്യ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഹിന്ദുത്വശക്തികള്‍ക്കെതിരെ പോരാടാനുള്ള ശേഷി കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമേയുള്ളൂവെന്നാണ്. പക്ഷേ, ലാറ്റിന്‍ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ ചെയ്തതുപോലെ സി.പി.ഐ.എം ഇതുവരെ കമ്യൂണിസ്റ്റ് ഇതര, വ്യവസ്ഥാവിരുദ്ധശക്തികളെ അതിന്റെ രാഷ്ര്ടീയത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും സന്നിവേശിപ്പിക്കാന്‍ തയാറായിട്ടില്ല. എന്തുകൊണ്ടാണ് ഇപ്പോഴും താങ്കളുടെ പാര്‍ട്ടി അംബേദ്കറെപ്പോലുള്ള ദളിത് ബിംബങ്ങളെയും അതിന്റെ രാഷ്ര്ടീയത്തെയും ഉപയോഗിക്കാന്‍ മടിക്കുന്നത്?

അംബേദ്കറുടെയും മറ്റ് ദളിത് ചിന്തകരുടെയും ആശയങ്ങള്‍ പിന്‍പറ്റുന്നവരുമായുള്ള ഞങ്ങളുടെ സഹകരണം മുന്‍പെങ്ങുമില്ലാത്ത തോതില്‍ വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ചും ഹൈദരാബാദ് സര്‍വകലാശാലയിലേയും ജെ.എന്‍.യുവിലെയും സംഭവങ്ങള്‍ക്കു ശേഷം. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്ന ഹിന്ദുത്വശക്തികളുടെ ഇരകളിലൊന്നാണ് ദളിത് ജനതയും. സംഘ്പരിവാര്‍ രാഷ്ര്ടീയത്തിനെതിരെ ഒരു ദളിത്-ന്യൂനപക്ഷ-കമ്യൂണിസ്റ്റ് ഐക്യം പതിയേ രൂപംകൊള്ളുന്നുണ്ട്. ഹൈദരബാദിലെ രോഹിത് വെമുലയുടെ ആത്മഹത്യ കേവലം ഒരു ആത്മഹത്യയായിരുന്നില്ല. അതു സ്ഥാപനവല്‍ക്കരിക്കപ്പെട്ട കൊലയായിരുന്നു. രോഹിത് ഒരു അംബേദ്കറൈറ്റായിരുന്നു, മാര്‍ക്‌സിസ്റ്റുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടു യോജിച്ചും വിയോജിച്ചും എന്നോടുതന്നെ രോഹിത് സംസാരിച്ചിട്ടുണ്ട്. രോഹിതിനെപ്പോലുള്ള അംബേദ്കറൈറ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമിടയില്‍ നിലവിലുള്ളത് പരസ്പര വിമര്‍ശനാത്മകമായ സഹകരണമാണ്. രചനാത്മകമായ സംവാദമാണ്. സംവാദം മാത്രമല്ല, സഹകരണവും വളരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ഞങ്ങള്‍ ഒരു ബിന്ദുവില്‍ ഒന്നിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ലാല്‍സലാം എന്നും ജയ്ഭീം എന്നും മുദ്രാവാക്യം മുഴക്കുന്നു. പക്ഷേ നാളെ ഈ രണ്ടു മുദ്രാവാക്യങ്ങളും ഒരുമിച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നായി മാറുമെന്ന് ഉറപ്പാണ്. ഹിന്ദുത്വശക്തികള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരവും ജാതിവിരുദ്ധവുമായ ഘടനയെ തകിടം മറിക്കാനുള്ള ശ്രമത്തിലാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അംബേദ്കറൈറ്റുകളുടെയും കമ്യൂണിസ്റ്റുകാരുടെയും ഐക്യത്തിനു വലിയ പ്രസക്തിയുണ്ട്. അങ്ങനെയൊരു ഐക്യം വളര്‍ന്നുവരുന്നുമുണ്ട്. ദളിത് പ്രശ്‌നത്തില്‍ സി.പി.ഐ.എം എടുത്ത സമീപനത്തില്‍ അസംതൃപ്തരായ ചിലര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പാര്‍ട്ടി വിട്ട് മഹാരാഷ്ര്ടയില്‍ സത്യശോധക് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചില്ലേ..?ദളിത് പ്രശ്‌നങ്ങളോടു കൂടുതല്‍ ആഭിമുഖ്യമുള്ള ഇടതു ചിന്താഗതിക്കാരായ ചിലരാണ് സത്യശോധക് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. അല്ലാതെ സി.പി.ഐ.എം നയത്തില്‍ അസംതൃപ്തരായ കേഡര്‍മാരല്ല. ഒരുപക്ഷേ പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും ചിലരൊക്കെ വിട്ടുപോയിട്ടുണ്ടാകാം. ആ പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന ശരത്പാട്ടീല്‍ സി.പി.ഐ.എമ്മിന്റെ ഒരു ജില്ലാഘടകത്തിന്റെ സെക്രട്ടറിയായിരുന്നുവെന്നതു ശരിയാണ്. മഹാത്മാ ജ്യോതിറാവു ഫൂലേയുടെ സത്യശോധക് സമാജാംഗങ്ങളായിരുന്നു ഇവരിലധികവും. എന്തായാലും ഇപ്പോള്‍ അംബേദ്കറൈറ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമിടയില്‍ സഹകരണം കൂടുതല്‍ കൂടുതല്‍ സാധ്യമായി വരുന്നുണ്ട്. ദളിത് പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനും ഒരു ബിന്ദുവില്‍ ഒന്നിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. ഇങ്ങനെ ഒന്നിച്ചുപോകാനുള്ള പ്രവണത ഹൈദരാബാദ്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലകളിലെ സംഭവവികാസങ്ങള്‍ക്കുശേഷം ശക്തിപ്പെട്ടുവരികയാണ്. ഏതായാലും നേരത്തെ പറഞ്ഞതു ഞാനാവര്‍ത്തിക്കുന്നു. ലാല്‍സലാം, ജയ്ഭീം എന്നീ മുദ്രാവാക്യങ്ങള്‍ താമസിയാതെ ഒന്നിച്ചുചേര്‍ന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യമായി മാറും, തീര്‍ച്ച.

(2016 മെയ് 9ന് മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT