Poems

'സൂര്യന്‍'- നൈല്‍ എഴുതിയ കവിത

സൂര്യന്‍ എന്റെ മുറിയിലുറങ്ങുന്നു.പകല്‍ മുഴുവനുംആകാശമുഴുതുമറിച്ച്തേരഴിച്ച്പടിക്കല്‍ നിഴല്‍ക്കുതിരയെ കെട്ടിസൂര്യന്‍എന്റെ മുറിയിലുറങ്ങുന്നു

Author : നൈല്‍

സൂര്യന്‍ എന്റെ മുറിയിലുറങ്ങുന്നു.
പകല്‍ മുഴുവനും
ആകാശമുഴുതുമറിച്ച്
തേരഴിച്ച്
പടിക്കല്‍ നിഴല്‍ക്കുതിരയെ കെട്ടി
സൂര്യന്‍
എന്റെ മുറിയിലുറങ്ങുന്നു.
മുറി പൂട്ടിത്താഴിട്ട്
കട്ടിലിന്‍ കാല്‍ക്കെ
ഞാന്‍ ഇരുന്നു
പൊരുന്നയിരിക്കുന്ന പക്ഷിപോലെ
ഉറങ്ങുന്ന സൂര്യന്റെ
മുഖം നോക്കി നോക്കി ഞാനിരുന്നു.
കുന്നില്‍ നിന്നൊരു തണുത്ത കാറ്റ് വന്ന്
സമയമായ് സമയമായ്
എന്ന് പറഞ്ഞിട്ടും
ഉറങ്ങട്ടുറങ്ങട്ടെ സൂര്യന്‍ എന്നോര്‍ത്തു
ഞാന്‍
വെയിലിന്റെ സ്വര്‍ണ്ണ ഉടുപ്പിഴകളില്‍ തൊട്ടും
തീക്കനലിന്റെ കൈവിരല്‍ത്തുമ്പത്ത് മുത്തിയും
തെറ്റിപ്പൂത്തീച്ചോപ്പ് കാല്‍വിരലില്‍ പിടിച്ചും
ഉറങ്ങട്ടുറങ്ങട്ടെ സൂര്യന്‍
എന്നോര്‍ത്ത്
ഞാന്‍
മുറിയുടെ പടിമേല്‍ ഇരുന്ന്
ഉറങ്ങിപ്പോയ്.
വെയില്‍ വാരിമൂടി
കനലെടുത്ത് ചൂടി
അരയില്‍ തീച്ചിറക് വിരിച്ച് കെട്ടി
സമയമടുത്തപ്പോള്‍
സൂര്യന്‍ ഇറങ്ങിപ്പോയ്.
ഉറങ്ങിപ്പോയല്ലോ എന്നോര്‍ത്ത്
ഞാന്‍
കടലിന്റെ വഴിയേപ്പോയ്
കുന്നിന്റെ നെറുകേ പോയ്
വെറും കയ്യോടു മടങ്ങി
വീട്ടുമുറ്റത്തിരുന്ന് വിതുമ്പി.
അതിരാവിലെ അവന്‍ വന്ന് മുട്ടി
ജനലിന്റഴി പൂട്ടി പിണങ്ങി
ഞാന്‍ തിരിഞ്ഞു കിടന്നു.
അത് കണ്ടവന്‍ വന്ന് തൊട്ടു
കട്ടിലില്‍ പൊട്ടിപ്പരന്ന്
എന്നെ കെട്ടിപ്പിടിച്ച്
നെറ്റിമേല്‍ മുത്തി
മുടിക്കെട്ടിലൂര്‍ന്നും
ജനല്‍പ്പടിമേല്‍ നടന്നും
വളര്‍ന്നുച്ചയായ്
നട്ടുച്ചക്കിരീടം വച്ചുതന്ന്
അന്തിക്കടപ്പുറത്തു കൈ പിടിച്ചോടി
പിടിവിട്ട്
എങ്ങോ മറഞ്ഞു.
വെറും കയ്യോടെ മടങ്ങി
ഞാന്‍
കടല്‍ മുറ്റത്തിരുന്ന് വിതുമ്പി
എന്നുമെന്നും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം