poem_2 
Poems

'ചങ്ങമ്പുഴ'- പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ കവിത

എന്നെ എന്തിനാണ്ചതിയുടെ പര്യായമാക്കിയത്?ചന്ദ്രിക ചോദിച്ചു.

പി.എന്‍. ഗോപീകൃഷ്ണന്‍

ന്നെ എന്തിനാണ്
ചതിയുടെ പര്യായമാക്കിയത്?
ചന്ദ്രിക ചോദിച്ചു.

പുഴ ഒന്നും പറഞ്ഞില്ല.
പകരം ഒഴുക്ക് നിര്‍ത്തി
അവളുടെ സുന്ദരമായ മുഖം
അവള്‍ക്ക് കാണിച്ചുകൊടുത്തു.
ഇടിമിന്നല്‍പോലെ ആ മുഖം
അവളില്‍ വന്നിടിച്ചു.

ചതിയാ
വീണ്ടും നീയെന്നെ പറ്റിച്ചു
എന്ന് പറഞ്ഞ്
അവള്‍ വീണു.

എന്നെ കൊല്ലാതെ വിടാമായിരുന്നില്ലേ?
മറ്റൊരു കടവില്‍ വന്ന്
രമണന്‍ ചോദിച്ചു.

പുഴ
ഒന്നും പറയാതെ
പാഞ്ഞൊഴുകാന്‍ തുടങ്ങി.
കഴുത്തില്‍ കുരുക്കിട്ടവന്‍
താഴേയ്ക്ക് പതിക്കുന്ന
കയറിന്റെ വേഗം
അയാള്‍ വീണ്ടും അനുഭവിച്ചു.

ആരാച്ചാരേ
നീ വീണ്ടുമെന്നെ കൊന്നു.
എന്ന് പറഞ്ഞ്
അവനും വീണു.

ഭാനുമതീ
പുഴ  വിളിച്ചു.
മറവി വരച്ച ഒരു ചിത്രം മാത്രമായ്
അവര്‍ അനങ്ങാതിരുന്നു
ചന്ദ്രികയുടെ വലിയ വീട്
അടിച്ചുവാരിയടിച്ചുവാരി കിട്ടിയ
കൈവെള്ളയിലെ തഴമ്പ്  മാത്രം
ആ വിളിയില്‍ തുടിച്ചു.

മദനന്‍ പുഴയോട്
പറഞ്ഞു.
എനിക്ക് ചന്ദ്രികയെ
എന്നന്നേയ്ക്കും കൊല്ലണമായിരുന്നു.
അതിനാല്‍
ഞാനവന്റെ മരണത്തിന് ഒരു അവതാരികയെഴുതി.
'അങ്കുശമില്ലാത്ത ചാപല്യമേ
മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍'
രക്തക്കറ മായ്ക്കാന്‍
അയാള്‍ പുഴയില്‍ കൈ കഴുകി.

പൊളിഞ്ഞ ഒരു തപ്പ് പോലെ
കുളിക്കാന്‍ വന്നവന്‍
ഗായകസംഘത്തില്‍ പെട്ടവനെന്ന്
പുഴയ്ക്ക് മനസ്സിലായില്ല.

നിലത്ത് വീണ് തകര്‍ന്ന
അവരുടെ ഗാനത്തെ
ആരോ അടിച്ചുവാരി
പുഴയിലിട്ടിട്ടും.

രാത്രിയായി.
മറിഞ്ഞ മണ്ണെണ്ണ വിളക്ക് പോലെ
കുടിയന്‍ ചന്ദ്രന്‍
ആകാശത്ത്
ഇടിഞ്ഞുപൊളിഞ്ഞു വീണു.
പഞ്ഞിക്കിടക്കപോലെ
മേഘങ്ങള്‍ ആളിക്കത്താന്‍ തുടങ്ങി.

അപ്പോള്‍
മലയാളത്തിലെ  നാല്‍പത്തി അഞ്ചാമത്തെ ആ പുഴ,
എണീറ്റു നിന്നു.
ജലം വെളുത്ത ജുബ്ബപോലെ തിളങ്ങി.
കണ്ണുകളെ വട്ടം ചുറ്റി
വട്ടക്കണ്ണടയുണ്ടാക്കി.

നാരായണഗുരു സ്ഥാപിച്ച
കണ്ണാടി പ്രതിഷ്ഠപോലെ
അത് ഗഹനമായ് തിളങ്ങി.

കേരളം പമ്മിപമ്മി വന്ന്
അതില്‍
മുഖം നോക്കി വായിച്ചു.

'ഒരു പകുതി പ്രജ്ഞയില്‍
നിഴലും നിലാവും
മറുപകുതി പ്രജ്ഞയില്‍
കരിപൂശിയ വാവും.'
 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT