Poems

അസീം താന്നിമൂട് എഴുതിയ കവിത 'ആഖിറം'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അസീം താന്നിമൂട്

'പരലോകം മണ്ണാങ്കട്ട...' എന്നൊക്കെ

അറുത്തുമുറിച്ചു പറഞ്ഞ്

*ആഖിറത്തെ ആക്ഷേപിച്ചതിന്

കാരണോമ്മാരില്‍നിന്നും

കണക്കിനു കിട്ടിയതിന്റെ വേവുമായ്

അവര്‍ക്കൊപ്പം

ക്യൂവില്‍ നില്‍ക്കുകയായിരുന്നു.

മിണ്ടാട്ടം

മുട്ടിപ്പോയിരുന്നു.

വേണ്ടിയിരുന്നില്ല

എന്നൊരാത്മഗതം

ഇടയ്ക്കിടെ

വന്നുകൊണ്ടിരിക്കുകയായിരുന്നു.

ചില സംശയങ്ങള്‍ മാത്രം പക്ഷേ,

അപ്പോഴും

അലട്ടിക്കൊണ്ടിരുന്നു:

മരിച്ചുപോകുന്നവരൊക്കെ

പരലോകത്ത്

ജീവിതം പൂരിപ്പിക്കുന്നത്

എങ്ങനെയാകും?

സങ്കല്പിച്ച് സങ്കല്പിച്ച്

പ്രിയങ്കരമാക്കിയോരിടങ്ങളിലേയ്‌ക്കൊക്കെ

ഇടതടവില്ലാതെ സഞ്ചരിച്ച്

മതിമറന്നുറങ്ങുമ്പോള്‍

പാതിക്കാ സ്വപ്നം മുറിഞ്ഞ്

മരിച്ചുപോകുന്നവരൊക്കെ

എങ്ങനെയായിരിക്കും

അവിടെയെത്തുക?

പുതിയ ജീവിതം

പുനരാരംഭിക്കുക?

ഉറക്കമുണരുന്നത് അവിടേയ്ക്ക്

എന്നവിധമാകുമോ?

എഴുന്നേറ്റ് കോട്ടുവായിട്ട്,

മൂരിനിവര്‍ത്തി

കിനാക്കണ്ട ജീവിതത്തിലേയ്ക്കങ്ങു

പ്രവേശിക്കുകയാകുമോ?

ആതുരാലയത്തില്‍

മരിക്കുന്നവരൊക്കെ

അവിടെ

ചികിത്സയിലായിരിക്കുമോ?

ഭേദമായി പേരുവെട്ടി

പുതുപുത്തന്‍

ജീവിതത്തിലേയ്ക്കങ്ങു

പ്രവേശിക്കുമോ?

കെട്ടിത്തൂങ്ങുന്നവരെയൊക്കെ

കെട്ടഴിച്ചിറക്കാന്‍

പ്രത്യേകിച്ചൊരിടം തന്നെ

അവിടെയുണ്ടാകുമോ?

ജീവന്‍ മടക്കിക്കൊടുത്ത്,

പൃഷ്ഠത്തിലൊരു കൊട്ടുംകൊടുത്ത്

ജീവിതത്തിലേയ്ക്കങ്ങു

പറഞ്ഞുവിടുമോ?

എങ്ങോട്ടേയ്‌ക്കൊക്കെയോ

പരക്കംപാഞ്ഞ്,

ലക്ഷ്യത്തിലെങ്ങുമെത്താതെ

ഇടയ്ക്കുവച്ചു നിലച്ചുപോകുന്നവര്‍

അവരുടെ യാത്ര

അവിടെ തുടരുമോ?

വഴിയില്‍,

ഏതെങ്കിലുമൊരു തെരുവോരത്ത്

ആരെങ്കിലുമവരെ

കാത്തുനില്‍ക്കുന്നുണ്ടാകുമോ?

വാഹനം നിര്‍ത്തിയിറങ്ങി

പരിചിതരെയൊക്കെ സലാം വച്ച്

പ്രതീക്ഷിച്ച ജീവിതത്തിലേയ്ക്കങ്ങു

പ്രവേശിക്കുമോ?

നിലയില്ലാക്കയത്തിലേയ്ക്കു

മുങ്ങിപ്പോകുന്നവരൊക്കെ

പൊടുന്നനെ പൊന്തി

അവിടേയ്ക്കു നീന്തിക്കയറുമോ?

വീര്‍പ്പുമുട്ടി മരിക്കുന്നവരൊക്കെ

സുഗന്ധം ശ്വസിച്ച്

പൂന്തോട്ടങ്ങളില്‍

കുശലം പറഞ്ഞിരിക്കുന്ന

നിലയിലാകുമോ?

പറഞ്ഞിട്ടും പറഞ്ഞിട്ടും മുഴുക്കാതെ

കുഴഞ്ഞുവീണു

നിശ്ശബ്ദരായിപ്പോകുന്നവരൊക്കെ

അവരുടെ പ്രഭാഷണം

അവിടെ തുടരുമോ?

കേള്‍ക്കാന്‍

അവിടെയും ചെന്ന്

കുത്തിയിരിക്കേണ്ടിവരുമോ?

കൊന്നശേഷം,

ജീവനൊടുക്കുന്നവരൊക്കെ

അവിടെയുമത്

ആവര്‍ത്തിക്കാന്‍

ശ്രമിക്കുന്ന മട്ടിലാകുമോ?

അതോ...

ഒരെത്തും പിടിയും കിട്ടുന്നില്ല.

കുട്ടികളൊക്കെ

പുനര്‍ജ്ജനിക്കാനവിടെ

ക്യൂവിലായിരിക്കും?

വേര്‍പെട്ടു പോയതിനെയൊക്കെ

തുന്നിച്ചേര്‍ക്കാന്‍,

ജീവന്‍കൊടുത്ത്,

തോളില്‍ത്തട്ടി

എഴുന്നേല്‍പ്പിച്ചു വിടാന്‍

പ്രത്യേകിച്ചൊരിടം തന്നെ

അവിടെ ഉണ്ടായിരിക്കും?

കൊല്ലപ്പെടുന്ന കുട്ടികളുടെ

നെടുനീളന്‍ ക്യൂ

അവിടെയൊക്കെ

വളഞ്ഞുചുറ്റിപ്പിണഞ്ഞപോല്‍

കാണുമായിരിക്കും?

ചോദ്യങ്ങളൊക്കെ

അലട്ടിക്കൊണ്ടേയിരുന്നു.

അറിഞ്ഞതിലൊന്നും

ആ റൂട്ടുമാത്രമെന്തേ

ഇല്ലാഞ്ഞതെന്ന്

ചുമ്മാതെ ഓര്‍ത്തുകൊണ്ടിരുന്നു.

കാരണോമ്മാരോടു

ചോദിക്കാനുള്ള

മൂഡുമില്ലായിരുന്നു.

പൊടുന്നനെയാണ്

വയസായി,

വകയ്ക്കുകൊള്ളാതെ

മരിച്ചുപോകുന്നവരുടെ

അവസ്ഥയെക്കുറിച്ചുള്ള

ചിന്തകള്‍

വന്നുപിണഞ്ഞത്...

നെറ്റിചുളിഞ്ഞ്,

വല്ലാത്തൊരു

വ്യാക്ഷേപക ശബ്ദമപ്പോള്‍

തോന്നലിലെങ്ങോ

ഉണര്‍ന്നങ്ങുയര്‍ന്നു.

വൈകാതെ തന്നെയതു

ശബ്ദിച്ചടങ്ങി.

തോന്നലുകള്‍ക്ക്

ഒച്ചയില്ലാഞ്ഞതു

നന്നായി.

അവര്‍ക്കൊപ്പം

ഞാനിപ്പോഴും

ക്യൂവിലാണല്ലോ;

നേര്‍ച്ചപ്പങ്കിനായുള്ള

വലിയൊരു

ക്യൂവില്‍.

അതിന്റെയാ

ഒത്തമധ്യത്ത്.

*ആഖിറം: പരലോകം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT