Poems

ഭാവസഞ്ചാരി

ഇന്ദിരാ അശോക്

ആരു പറഞ്ഞതിന്നാരു പറഞ്ഞതീ-

യാനന്ദ മാർഗ്ഗങ്ങളെല്ലാമടഞ്ഞെന്ന്

ഓടിക്കിതയ്ക്കുമിടനേരമെങ്കിലും

പാടത്ത് നീര്‍ പരന്ന് നിറഞ്ഞിടം

പാറിപ്പറന്നു പോകുന്നെയ്ത്തുപക്ഷിയായ്

പാടേ വളക്കൂറകന്നയിടത്തിലു-

മാപാദചൂഡം തളിർപ്പിച്ച കാണ്ഡമായ്

ചൂടാതെ ഞാൻ കുട നിന്നു നനഞ്ഞൊരു

പേമാരി ധാരകോരുന്നു തൈലങ്ങളിൽ

തോട്ടിറമ്പത്തെ നനച്ചു കുളിക്കിടെ

കാട്ടാറുവന്നുകലർന്നുകലങ്ങുന്നു

കണ്ടില്ല കാടുകൾ സംവർദ്ധനത്തിന്റെ

പന്നകവേണി പുതച്ച പച്ചപ്പുകൾ

കണ്ടിന്നു നിർമ്മാണവിദ്യയാലാകാശ-

മുന്നതശ്രേണി പണിഞ്ഞ വിൺഗോപുരം

കണ്ടുനിന്നൂ കരവേലയാൽ ചീതുളി

ചിന്തേരിടും മൃദുമേഘരൂപങ്ങളും

കണ്ണുചിമ്മേയാവി വൻകോട്ട കെട്ടിയ

സുന്ദരഭീതമാമാഹർമ്മ്യസഞ്ചയം

ഏതേതു യാത്രിവരുമ്പോകുമാഭൗമ-

തീരങ്ങളിൽ, ആഴിമാർഗ്ഗങ്ങളിൽ

ശബ്ദമാനവിമാനങ്ങളേറുമിടങ്ങളേ-

ക്കാളെത്ര ധന്യമീ നാട്ടുസഞ്ചാരമെൻ.

“പൂഴി വിരൽകൊണ്ടെഴുതിയ മാമൊഴി

ചേരില്ല ചെന്നൊരു നാഗരസംസ്‌കൃതി

പാഴിലായ് പോകും പൊടിയെടുക്കും

ശബ്ദവാചാലമൗനമുടഞ്ഞ ഗ്രന്ഥാവലി”

ഭാഷയപ്പോൾ രൂപമില്ലാതെ നാദമായ്

വാശിച്ചിറകിൽ പറന്നു പതംഗമായ്

വാടുന്നു, വേട്ടാളഭാവമായ്, പുറ്റിലെ

ധ്യാനത്തിനായുള്ളറ തുറന്നാണ്ടുപോയ്

മൺതുളയിൽനിന്നുമൂളുമുറക്കമായ്

വെണ്ണ ചുമന്നുപോകുന്ന പുഴുക്കളായ്

ഉദ്ധൃതമാകുമുരഗസമാനമായ്

സ്വപ്ന വിഷം തീണ്ടി നീലിച്ച ദേഹമായ്

എന്നിൽമരിക്കെന്നുരയ്ക്കുംജലത്തിനാൽ

ചിന്നിത്തെറിക്കും ദ്രവത്തിന്റെ കൈവഴി!

വെള്ളവും വള്ളവുമായൊറ്റ സഞ്ചാര-

സങ്കല്പമക്കരെ ആമസൺ കാടുകൾ

വേഗനദിക്കരെവെൺമണൽക്കൂനകൾ

ആരു നീ പച്ചയെഴുതിച്ച കണ്ണുള്ള

പ്രേമാതുരയാമസൂയാലു?, മറ്റാര്?

ആരു നീ മെല്ലെ നടക്കുമ്പൊഴും

കേട്ടൊരോട്ടു ചിലമ്പു കിലുങ്ങുന്നതിൻ ധ്വനി

പാദങ്ങൾരണ്ടുംകുടഞ്ഞകത്തെങ്ങാനു-

മാരക് തവസ്ത്രമുലച്ചുലാത്തുന്നുവോ?

ആര്? കിനാവിലെ കണ്ണാടിയിൽത്തന്നെ

നേർക്കുനേർ കണ്ട് തിരിച്ചറിയുന്നുവോ?”

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT