Poems

കളത്തറ ഗോപന്‍ എഴുതിയ കവിത: വിമാനത്തിലൊരു യക്ഷന്‍

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

Author : കളത്തറ ഗോപന്‍

വിമാനത്തിൽ പറക്കാൻ

പലനാൾ ആഗ്രഹിച്ചു.

ടെർമിനലിലേറെയായ്

കാത്തു ഞാനിരിക്കുന്നു.

മേഘങ്ങൾക്കകത്തൂടെ

പറക്കുന്നതിനായി

ടേക്കോഫ് ചെയ്യാനെന്റെ

ശരീരം തയ്യാറായി.

ആകാശത്തിരുന്നു ഞാൻ

ആകാശം തിരയുന്നു.

കൊമ്പുകുത്തി കളിക്കും

കൊമ്പൻ കാർമേഘത്തിനെ -

തിരഞ്ഞു വലഞ്ഞു ഞാൻ

വിന്റോസീറ്റിലിരിപ്പൂ.

മേഘങ്ങളനവധി

തൊട്ടും തൊടാതെയുമായ്

പായുന്നു, അവയ്ക്കൊപ്പം

മേഘമെന്നു തോന്നിച്ചു -

പക്ഷിക്കൂട്ടവും പാഞ്ഞു.

ഇവയിൽ നിന്നെങ്ങനെ

യക്ഷൻ സന്ദേശം ചൊന്ന

മേഘത്തെ കണ്ടെത്തും ഞാൻ.

എത്രയോ കാറ്റടിച്ചാ-

മേഘത്തെ മാറ്റിറ്റുണ്ടാം

ചിലപ്പോൾ കാർമേഘമായ്

ചിലപ്പോൾ വെൺമേഘമായ്

എന്റടുത്തൂടെ തന്നെ

പാറിപ്പറക്കുന്നുണ്ടാം

ആനയായ് രൂപം പൂണ്ട

ആ കാണും കാർമേഘമോ,

വെളുത്ത കുതിരയായ്

കുതിച്ചോടും മേഘമോ,

ചെമ്മരിയാടുകളായ്

മേയുന്ന മേഘങ്ങളോ!

കാറ്റിനോടെന്തേ കവി

സന്ദേശമൊന്നും ചൊല്ലാൻ

തുനിയാത്തതെന്നു ഞാൻ

ചിന്തിക്കാതിരുന്നില്ല.

അരൂപിയായതാകാം,

എന്നു സമാധാനിച്ചു

പിന്നെയുമന്വേഷിച്ചു

കൊമ്പുകുത്തിപ്പായുന്ന -

മേഘത്തെ, കാർക്കൊമ്പനെ.

പ്രാവിനോടെന്തേ യക്ഷൻ

ദൂതൊന്നും പറഞ്ഞില്ല

വിശ്വാസക്കുറവാണോ?

വിമാനം പറക്കുന്നു

താഴെ,യദൃശ്യമായി

മെസേജു തുരുതുരെ

വന്നുപോകുകയാകും.

താഴെയായൊരു മേഘം

കൂടുതൽ വെള്ളം പേറി

കുന്നിനെ മുട്ടി, പൊട്ടി -

ച്ചിതറി കാണാതായി.

അടുത്തിരിക്കുമൊരു

മിടുക്കൻ യുവാവെന്റെ

കണ്ണിൽനിന്നു മേഘത്തെ

വായിച്ചെടുക്കുന്നുവോ?

എത്തേണ്ട സ്ഥലമെത്തി.

അപ്പൊഴും തിരയുന്നാ-

കൊമ്പുകുത്തിക്കളിക്കും

മേഘത്തെ, സന്ദേശത്തെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം