Poems

കമറുദ്ദീൻ ആമയം എഴുതിയ കവിത 'ഫേസ്ബുക്കിലെ ഞാനേയല്ല വാട്ട്‌സ്ആപ്പിൽ'

Author : കമറുദ്ദീന്‍ ആമയം

പണ്ടേ ഞാനൊരു

പ്രായോഗികൻ

വല്ല്യുപ്പാടെ മുന്നിൽ

ഇ കെ സുന്നി

വല്ല്യമാമന് മുന്നിൽ

ഏ പി സുന്നി

നടുമാമന് മുന്നിൽ

ഹേപ്പി സുന്നി

ഒടുമാമന് മുന്നിൽ

നിരീശ്വരൻ, രജനീഷ്വരൻ

ചേകനൂര്, മടവൂര്

ഓരോ വിരുന്നുപോക്കിലും

പ്രാക്ടിക്കലാനന്ദ സ്വാമികൾ

മുതിർന്നിട്ടും മടുത്തില്ല

*ഷായുടെ നാടകത്തിലെ

ആ ശ്വാനജീവിതം

മൂത്താപ്പാടെ മുന്നിൽ

വലതുപക്ഷൻ

ഇളാപ്പാടെ മുന്നിൽ

ഇടതുപക്ഷൻ

ജേഷ്ഠന്റെ മുന്നിൽ

കെ വി എസ്

നാട്ടുകാർക്ക് മുന്നിൽ

സാക്ഷാൽ നിഷ‌്പക്ഷനുണ്ണി

ഓണത്തിനും വിഷുവിനും

വലത്തോട്ട് മുണ്ടുചുറ്റി

തെക്കോട്ട് ചുറ്റാൻ പോയി

അല്ലാത്തപ്പോഴാക്കെ

ഇടത്തോട്ട് മുണ്ടുചുറ്റി

വടക്കോട്ടു ചുറ്റാനും

പെന്നെടുത്താൽ

പെൺപക്ഷൻ

ഫോണെടുത്താലോ

പോൺനോട്ടക്കാരൻ

പാതിരയ്ക്കും

ഒരു പ്രശസ്തനെ കണ്ടുകിട്ടിയാൽ

ചാടിവീണൊരു സെൽഫി ഞാൻ

അകത്താക്കും

അവരെളുപ്പം തട്ടിപ്പോയാലത്

‘പ്രിയ സുഹൃത്തിന് വിട’

എന്നൊരു സങ്കട പോസ്റ്റാക്കും

കുടുംബ ഗ്രൂപ്പിൽ

‘ഞമ്മളായ് ‘ മസിലുപിടിക്കും

വായനശാല, സ്കൂൾ-

കോളേജ് ഗ്രൂപ്പുകളിൽ

‘നമ്മളായ്’ മസിലയക്കും

മുഖബുക്കിൽ

പലസ്തീനിലെ കുഞ്ഞുങ്ങളെച്ചൊല്ലി

വിലപിക്കും

മുഖദാവിൽ ഇസ്രയേലിന്റെ

ആയുധമികവിനെ,

കൃത്യതയെ പൊലിപ്പിക്കും

രണ്ടിന്റേയും

ഉടമയൊന്നാണെന്ന് കരുതി

തെറ്റിദ്ധരിക്കല്ലേ

ഫേസ്ബുക്കിലെ ഞാനേയല്ല വാട്ട്‌സ്ആപ്പിൽ

*John Bull’s Other Island എന്ന ബെർണാഡ് ഷായുടെ നാടകത്തിലെ ഒരു നായ. തന്നെ എത്ര കൂടുതൽ വേദനിപ്പിക്കുന്നോ അതിലും കൂടുതൽ യജമാനനെ തിരിച്ചു സ്നേഹിക്കുന്ന വിചിത്ര സ്വഭാവമുള്ള ഒരു നായ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

99 റണ്‍സെടുത്ത് ജോ റൂട്ട്; ഇന്ത്യക്ക് തോല്‍വി; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഈ സൈറ്റുകളില്‍ പരിശോധിക്കാം

നീറ്റ്-യുജി ഫലം: ബി നീരജ് കേരളത്തില്‍ ഒന്നാമത്‌, യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍