Poems

കുരീപ്പുഴ ശ്രീകുമാർ എഴുതിയ കവിത: ബാനർജിപ്പെരുമ

Author : കുരീപ്പുഴ ശ്രീകുമാര്‍

ഡ്രാഗൺ ഫ്രൂട്ടി-

ന്നുൾച്ചുവപ്പിൽ

ബാനർജിപ്പാട്ട്

ചീട്ടെടുക്കും തത്തച്ചുണ്ടിൽ

ബാനർജിപ്പാട്ട്

അമ്മതുപ്പും

വെറ്റേമ്മാനിൽ ബാനർജിപ്പാട്ട്

ചെങ്കരിക്കിൽ

കോവൽപ്പൂവിൽ

ബാനർജിപ്പാട്ട്

താക തെയ്തക താക തെയ്തകതാക തെയ്തക തോം

പാൽമുലയിൽ

പച്ചതേച്ച

പപ്പായച്ചോട്ടിൽ

കാക്ക കൊത്തി-

ക്കൊണ്ടുവന്ന

തെച്ചിക്കമ്മലിൽ

കാട്ടുമൈന

കാവൽനിൽക്കും

മഞ്ചാടിക്കൊമ്പിൽ

ടോർച്ചടിക്കും വെട്ടമായി

ബാനർജിപ്പാട്ട്

കായലിൽ വീശുകാർ വള്ള-

പ്പടിയിൽ കൊട്ടും

ആദിമതാളത്തിലെത്തും

പെരുമീൻപോലെ

ഈർച്ചവാളിൻ

മൂർച്ചയുള്ള

വാക്കുതുള്ളിച്ച്

കാറ്റിനൊപ്പം

കത്തിരാകും

ബാനർജിപ്പാട്ട്

വാഴത്തോട്ടം

കണ്ടുകണ്ട്

ഞാൻ നടക്കുമ്പോൾ

താഴെയായ്

കാന്താരിപോലെ

താരകപ്പെണ്ണ്

കല്ലമാല മുറിച്ചിട്ട

പുല്‍പ്പരപ്പിന്മേൽ

വില്ലുവണ്ടി-

യേറിവന്ന

റൗക്കവെണ്മകൾ

നീലവാനിൽ വെള്ളിമേഘം

ചിന്തയും ചിരിയും

കൂട്ടി, കാർട്ടൂൺ

വരയ്ക്കുന്ന

മാർച്ചിൽ ഉച്ചയ്ക്ക്

പൂത്തുനിൽക്കും

കവുങ്ങിന്റെ

ഇത്തിരിച്ചോട്ടിൽ

ചാറ്റുപോലെ

ചലിക്കുന്നു

ബാനർജിപ്പാട്ട്

പാട്ടിലെല്ലാം

പച്ചമാംസം

മണക്കുന്നുണ്ട്

വേർപ്പു ചിന്തി-

പ്പോയകാലം

തകർക്കുന്നുണ്ട്

ചെണ്ടയിൽ

സഞ്ചാരമാർഗം

പൊലിക്കുന്നുണ്ട്

തൊണ്ടയിൽ

തീയുണ്ട് തേനുണ്ട്

ആർദ്രതയുണ്ട്

കണ്ടുനിൽക്കും

കാഞ്ഞിരത്തിൻ

ചില്ലകൾ തോറും

മിണ്ടിമിണ്ടിയിരിക്കുന്ന

പ്രാക്കളെ നോക്കി

മുന്തിരിപ്പന്ത കെട്ടുന്നു

ബാനർജിക്കൂട്ട്

ചിന്തയിൽ

കൂടൊരുക്കുന്നു

ബാനർജിപ്പാട്ട്

കണ്ണുരണ്ടും

അടയ്ക്കുമ്പോൾ

കുന്നിറങ്ങുന്നു

മഞ്ഞുറഞ്ഞ്

നെഞ്ചുടഞ്ഞ്

നന്തുണിപ്പാട്ട്

കണ്ണടച്ച് കാതടച്ച്

കണ്മണിപ്പാട്ട്

വക്കുടച്ച് ദിക്കിടിച്ച്

ബോബ്മാർലിപ്പാട്ട്

താക തെയ്തക താക തെയ്തക തെയ്തക തോം

താരകപെണ്ണാളേ, വില്ലുവണ്ടി തുടങ്ങിയ ഗ്രാമീണ ഗാനകവിതകൾ പാടിയ,

കൊവിഡ് കാലം അപഹരിച്ച പി.എസ്. ബാനർജിയെ ഓർമ്മിച്ചെഴുതിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം