Poems

എം.എസ്. ബനേഷ് എഴുതിയ കവിത 'ജാലവിദ്യ'

എം.എസ്. ബനേഷ്

ശ്രീവിദ്യ നടിക്കുന്ന

സിനിമകൾ കാണുമ്പോൾ

സങ്കല്പഭാര്യാ-

മുഖം ദീപ്തമാകുന്നു.

എന്നും കുളിച്ച

പ്രഭാതങ്ങളാകുന്നു,

നിത്യതുളസി

കതിരു മണക്കുന്നു

കണ്ണുകൾ സാഗര

കാരുണ്യമാകുന്നു,

ഉണ്ണുവാനെല്ലാം

ഒരുക്കിവയ്ക്കുന്നൂ

എന്നും മദിച്ച

നിശാമുഖമാകുന്നു,

ലജ്ജ മുഖപടം

താഴ്ത്തിനിൽക്കുന്നു

സൗമ്യവാക്കോതും

സുഹാസമാകുന്നു,

കാൽതൊട്ടുണർത്തും

സുകൃതിയാകുന്നൂ...

പെട്ടെന്ന് ശ്രീവിദ്യ

പൊട്ടിത്തെറിക്കുന്നു,

ശ്രീവിദ്യ മൂക്കു

പിഴിഞ്ഞുചീറുന്നു

ശ്രീവിദ്യ ടോയ്‌ലറ്റിൽ

പോയിവരുന്നു,

ശ്രീവിദ്യ ബീഫ് ഫ്രൈക്ക്

ഓർഡർ കൊടുക്കുന്നു

ശ്രീവിദ്യ കൂർക്കം

വലിച്ചുറങ്ങുന്നൂ

ഘർഷണംകൊണ്ടു ഞാൻ

ഞെട്ടിവീഴുന്നൂ

പാത്രങ്ങൾ സിങ്കിൽ ഞാൻ

മോറി നിറയ്ക്കുന്നൂ,

പാത്രങ്ങൾ പെൺകഥാ

പാത്രങ്ങളാകുന്നു

ചാരത്തു ചാരു

കസേര വലിച്ചിട്ടു

‘ചായ താ’യെന്നു

മുരളുന്നു റോസി

പല്ലുതേക്കാനുള്ള

ബ്രഷ് ചോദിച്ചുടൻ

കർക്കശ നോട്ടം

തൊടുക്കുന്നു ശാരദ

“തോർത്തെങ്ങു കൊണ്ടുവാ

സോപ്പെങ്ങു കൊണ്ടുതാ”

ബാത്തുറൂമിൽനിന്നു

ക്രുദ്ധം ജലജയും

“ഉപ്പുമാവിൽ നിന്റെ

തന്ത പെടുക്കുമോ

ഉപ്പിനുമൂത്രം”

ക്ഷുഭിതയായ് ഭാരതി

“രാത്രിക്ഷീണത്തിനു

കാലുഴിയാൻ കുഴ-

മ്പെന്തിയേ തേച്ചുതാ”

കഠിനയായ് ലളിതയും

“മോറുന്ന പാത്രത്തി-

നയ്യ നൊന്തീടുമോ

തേച്ചുരച്ചങ്ങു

കഴുകെടോ” ശോഭന

“നായയ്ക്കു തിന്നാനോ

നായിന്റെ മോനേ നീ

ഉണ്ടാക്കിവച്ചതീ

കോപ്പെ”ന്നു മോനിഷ

ദു:ഖഭാരങ്ങൾ തൻ

ഈറൻ മുഖപടം

ഊരിയെറിഞ്ഞിതാ

പാത്രസംഘട്ടനം

മോറുന്നു മോറുന്നു

മോറുന്നു ഞാനിതാ

കോടാനുകോടിയാം

പാത്രങ്ങൾ പാത്രങ്ങൾ

ഭാര്യക്കു ഞാൻ ചായ

കൊണ്ടുകൊടുക്കുന്നു

ഭാര്യ പത്രം നോക്കി

മൊത്തിക്കുടിക്കുന്നു

‘എന്തൊരു രുചി’യെന്നു

കണ്ണിറുക്കുന്നൂ

തക്കത്തിൽ ഞാൻ ചെന്നു

കെട്ടിപ്പിടിക്കുന്നു

യാഥാർത്ഥ്യഭാര്യാ

മുഖംദീപ്തമാകുന്നോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

തിയറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; 23ന് സിനിമാ പണിമുടക്ക്

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

'ജനപങ്കാളിത്തത്തിലുള്ള ആശങ്ക; ആര് തടസ്സപ്പെടുത്തിയാലും തിരുനാവായയില്‍ മഹാമാഘ മഹോത്സവം നടത്തും'

SCROLL FOR NEXT