ഒന്ന്:
കുഞ്ഞിക്കാലുകള്‍കൊണ്ട്
കാടും കുന്നും കേറി
ഇലകള്‍ ശേഖരിക്കും.
കുഞ്ഞിക്കൈകള്‍കൊണ്ട്
കൂട്ടിക്കൊണ്ടുവരുന്ന
പൂവുകള്‍ പങ്കുവെക്കും.
അനുരാധ,
ആകാശത്തോളം
അഴകുള്ളവള്‍.
അതുകളിലിരിക്കും
ദൈവത്തെപ്പോലെ
അതിശയമായവള്‍
രണ്ട്:
ഇരുണ്ടുതീരാത്ത 
രാത്രിയില്‍ ഞങ്ങള്‍
തമ്മില്‍ ചേര്‍ന്നിരുന്നു.
പാടിയിട്ടും പാടിയിട്ടും
പതിയാത്ത പാട്ടുകള്‍
പറഞ്ഞുതീര്‍ത്തിരുന്നു.
പത്തൊന്‍പതിന്റെ 
പരിവേദനങ്ങളില്‍
പിടികിട്ടാതെയലഞ്ഞു.
ഇരുപതിന്റെ
ഇരുണ്ട വളവുകളില്‍
ഇണപിരിയാതെ കഴിഞ്ഞു.
മൂന്ന്:
ഇരുപത്തിയെട്ടില്‍
ഞങ്ങള്‍ അകന്നു.
ഇരുപത്തിയൊന്‍പതില്‍
പിരിഞ്ഞു.
പച്ചനിറമുള്ള
ഓര്‍മ്മകളെല്ലാം
ജലച്ചായത്തില്‍ പടര്‍ന്നു.
ഒറ്റവരിയുള്ള
ഈണങ്ങളെല്ലാം 
ഒറ്റയടിക്ക് മറന്നു.
നാല്:
മുതിര്‍ന്നപ്പോള്‍
അവള്‍ ചിത്രകാരിയായി.
ഞാന്‍ ഒറ്റുകാരിയും.
കുതിര്‍ന്നപ്പോള്‍
അവള്‍ വര്‍ണ്ണങ്ങള്‍ വിതറി
ഞാന്‍ പലതായി ചിതറി.
ജനാലയ്ക്കരികില്‍
അവള്‍ വരയ്ക്കുമ്പോള്‍
പുഴയൊഴുക്കില്‍
ഞാന്‍ മരിക്കുകയായിരുന്നു.
അവളുടെ ചിത്രത്തിനും
എന്റെ ശവത്തിനും
അങ്ങനെയാണ്
ജലം മാധ്യമമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates