ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Poems

സന്ധ്യ ഇ എഴുതിയ കവിത ' നക്ഷത്രങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍'

Author : സന്ധ്യ ഇ

രാവിലെയായെന്നും

പോകാനുള്ള വാഹനം വന്നിട്ടുണ്ടെന്നും പറഞ്ഞ്

വിളിച്ചെണീപ്പിച്ചപ്പോഴാണ്

മുടിപോലും ചീകാതെ

ധൃതിയില്‍ ഞാനെണീറ്റോടിയത്

പിറകെ അവളും.

അവളുടെ പുതിയ വെള്ളക്കുപ്പായത്തില്‍

തവിട്ടും കറുപ്പും ചേര്‍ന്ന ചിത്രങ്ങളവള്‍

തലേന്നേ തുന്നിപ്പിടിപ്പിച്ചിരുന്നു

ഞാനാകട്ടെ, ഇരുട്ടില്‍ വെളുപ്പെന്നു കരുതി ഇട്ട

എന്റെ കറുത്ത കുപ്പായത്തിന്റെ തൊങ്ങല്‍

അടര്‍ന്നുവീണുകൊണ്ടിരുന്നത്

വെറുതെ ഒട്ടിച്ചു ചേര്‍ക്കാന്‍ ശ്രമിച്ചു.

സത്യത്തില്‍ ബാക്കിയൊക്കെ നേരായിരുന്നു

രാത്രിയെയവള്‍ പകലെന്നു തെറ്റിദ്ധരിച്ചതൊഴികെ.

അതെങ്ങോട്ടു പോകുന്ന വണ്ടിയായിരുന്നു

എന്നു ഞാന്‍ തിരക്കിയില്ല

മറ്റിരിപ്പിടങ്ങളിലൊന്നും യാത്രക്കാരില്ലല്ലോ

എന്നും ഞാന്‍ വ്യാകുലപ്പെട്ടില്ല

അവളേയും ഇതൊന്നും ബാധിച്ചതേയില്ല

ഞാന്‍ നോക്കുമ്പോഴൊക്കെ

വെറുതെ കൈപ്പടം തുടച്ചുനക്കി

അവള്‍ നേരം പോക്കിക്കൊണ്ടിരുന്നു.

വെറുതെയിങ്ങനെ പോകാന്‍ നല്ല രസമല്ലേ?

ചിലതൊക്കെ ഉണ്ടെന്നത് ഇല്ലെന്നറിഞ്ഞും

മറിച്ചും

പ്രത്യേകിച്ചും ഒറ്റയായ രണ്ടു പേരാണ് സഹയാത്രികരെങ്കില്‍.

പൊടുന്നനേ

വണ്ടി നിന്നു.

മഞ്ഞച്ചെമ്പകപ്പൂക്കളുടെ മണം മൂക്കിലിരച്ചുകയറി

ഞങ്ങള്‍ മോസ്കോയിലെത്തിയെന്ന്

എനിക്കു തോന്നി

*ചുക്കും ഗെക്കും അവരുടെ അമ്മയും

അപ്പോള്‍ത്തന്നെ കയറിവരുമെന്നും

അതൊരു തോന്നലായിരുന്നില്ല,

മഞ്ഞുതുള്ളികള്‍ പാതിമറച്ച ജനലിനപ്പുറം

തിളങ്ങുന്ന ഉടുപ്പിട്ട നക്ഷത്രങ്ങള്‍

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനെന്നപോലെ

നിരന്നതും

ഞങ്ങളുടെ വണ്ടിയപ്പോള്‍ നിന്നിരുന്ന

നീലത്തടാകത്തിനുള്ളിലേക്ക്

നാരങ്ങാമിഠായി പോലൊരു ചന്ദ്രക്കല വന്നുവീണതും

അന്നേരം തെറിച്ച ഒന്നുരണ്ടു വെള്ളത്തുള്ളികള്‍

എന്റെ നെറ്റിയില്‍ തൊട്ടതും

എനിക്കു നിന്നെ കാണാന്‍ തോന്നിയതും

എങ്ങനെ തോന്നലാവാന്‍!

* പ്രശസ്തമായ റഷ്യന്‍ ബാലസാഹിത്യ കഥ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നിച്ച് ഓണാഘോഷം, ബത്ലഹേം സിനിമ ഒരുമിച്ച് കണ്ടു, മൂവരും ഉറ്റസുഹൃത്തുക്കൾ; കൊലപാതകത്തിൽ ദുരൂഹത, യുവതി കസ്റ്റഡിയില്‍

പ്രതിശ്രുത വധു അണിയിച്ച മോതിരം വിരലില്‍ കുടുങ്ങി, വേദന സഹിക്കാനാകാതെ യുവാവ്; ഒടുവില്‍

എല്‍പിജി ഇ-കെവൈസി, ബോര്‍ഡിങ് പാസ്, ഐടിആര്‍ റിട്ടേണ്‍...; സെപ്റ്റംബര്‍ ഒന്നുമുതല്‍ നിരവധി മാറ്റങ്ങള്‍

വിവാഹത്തിനു കരുതി വെച്ച 50 പവൻ മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ ഗതാഗത നിയന്ത്രണം